Wednesday, December 10, 2025
Wednesday, December 10, 2025
Home » ശബരിമല തീർത്ഥാടനത്തിൽ അയ്യപ്പന്മാർ പാലിക്കേണ്ട ചിട്ടകൾ

ശബരിമല തീർത്ഥാടനത്തിൽ അയ്യപ്പന്മാർ പാലിക്കേണ്ട ചിട്ടകൾ

by NeramAdmin
0 comments

ജ്യോതിഷരത്നം ശ്രീനിവാസ ശർമ്മ
മഹാദേവന്റെ ആജ്ഞയനുസരിച്ച് പരശുരാമ മുനി കൈലാസത്തില്‍നിന്നും കൊണ്ടുവന്ന 12 ധര്‍മ്മശാസ്താ വിഗ്രഹങ്ങളിൽ ഒന്ന് ശബരിമലയില്‍ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. ഈ ശാസ്താവിഗ്രഹത്തിൽ വിലയം പ്രാപിച്ച അയ്യപ്പസ്വാമി ബ്രഹ്മചാരിയാണ്. കലിദോഷ ദുരിതങ്ങളെല്ലാം അകറ്റുന്ന അയ്യപ്പ സ്വാമിയെ ദര്‍ശിക്കണമെങ്കില്‍ 41 ദിവസത്തെ വ്രതമെടുക്കണം.

മാലയിട്ട് വേണം വ്രതം
വ്രതം തുടങ്ങുന്ന ദിവസം ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് ദിനചര്യകള്‍ കഴിഞ്ഞ് ഏതെങ്കിലും ക്ഷേത്രത്തിൽ വച്ച് മാലയിട്ട് വ്രതം ആരംഭിക്കണം. ശംഖ്, പവിഴം, സ്ഫടികം, മുത്ത്, തുളസി, താമരക്കായ്, സ്വര്‍ണ്ണം, രുദ്രാക്ഷം ഇവയില്‍ ഏതെങ്കിലും മണിമുത്തുകളുളള മാല പൂജിച്ച് ധരിക്കണം. ഏതു ദിവസവും മാല ധരിക്കാം എങ്കിലും ഉത്രം നക്ഷത്രവും ശനിയാഴ്ച ദിവസവും ആണ് ഉത്തമം.

മാലയിടുമ്പോൾ ചൊല്ലേണ്ട മന്ത്രം
ജ്ഞാനമുദ്രാം, ശാസ്തൃമുദ്രാം,
ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം, ശുദ്ധമുദ്രാം,
രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം, തസ്യമുദ്രാം,
വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേനമുദ്രാം
പാതുസദാപി മേം ഗുരുദക്ഷിണയാ
പൂര്‍വ്വം തസ്യാനുഗ്രഹകാരണേ
ശരണാഗത മുദ്രാഖ്യം
തന്മുദ്രം ധാരയാമ്യഹം
ശബര്യാചല മുദ്രായൈ നമോഃ

മാലയിട്ടു കഴിഞ്ഞാല്‍ മുദ്ര (മാല) ധരിക്കുന്ന ആള്‍ ഭഗവാന് തുല്യന്‍. ‘തത്ത്വമസി’. വേദമഹാകാവ്യങ്ങളില്‍ ഇതിന് അര്‍ത്ഥം, ‘അത് നീയാകുന്നു’ എന്നാണ്.

മാലയിട്ടു കഴിഞ്ഞാൽ
മത്സ്യ മാംസാദികൾ, ലഹരി വസ്തുക്കൾ, സ്ത്രീസംഗം, ക്ഷൗരം, ഹിംസ, കോപം, പരുഷ വചനം, നുണ പറയൽ എന്നിവ ഉപേക്ഷിക്കണം. ശവസംസ്ക്കാരം, ചോറൂണ് തുടങ്ങിയവയിൽ പങ്കെടുക്കരുത്. ചെരുപ്പുകൾ ഉപയോഗിക്കാവുന്നതാണ്
അൽപ്പ മാത്ര ഭക്ഷണവും ദിവസേന രണ്ടുനേരം സ്‌നാനവും ശരണംവിളിയും ധ്യാനവും മന്ത്രജപവും വേണം. കൈയില്‍ ശുദ്ധജലം എടുത്ത്.

  1. ഓം ആത്മശുദ്ധി രം,
  2. ഓം ദേഹശുദ്ധി കം,
  3. മന്ത്രശയുദ്ധി വം.,
  4. കര്‍മ്മശുദ്ധി യം,
  5. സകലശുദ്ധി സ്വാഹാഃ

ALSO READ

എന്ന് ജപിച്ച് അഞ്ചുപ്രാവശ്യം സേവിക്കണം. ശേഷം തുളസിയില ചന്ദനത്തില്‍ തൊട്ട് കൈയില്‍വച്ച് അയ്യപ്പനെ ഇനി പറയുന്ന ധ്യാന ശ്ലോകം ജപിച്ച് ഭജിക്കണം.

ഓം സ്നിഗ്ദ്ധാരള വിസാരികുന്തള ഭരം
സിംഹാസനാദ്ധ്യാസിനം
സ്ഫുർജ്ജത്പത്ര സുക്നുപ്ത
കുണ്ഡല മഥേഷ്വിഷ്വാസഭൃദ്ദോർ ദ്വയം
നീലക്ഷൌമവസം നവീന ജലദ ശ്യാമാം
പ്രഭാസത്യക സ്വപുത്ര പാർശ്വയുഗം
സുരക്ത സകലാ കല്പം സ്മരേദാര്യകം

എന്ന് ജപിച്ച് തുളസിയിലയും പൂവും ചന്ദനവും നിലവിളക്കിന് മുന്നില്‍ അര്‍പ്പിക്കണം. അതിന് ശേഷം മൂലമന്ത്രം ചൊല്ലണം.

മൂലമന്ത്രം
ഓം ഘ്രൂം നമ പരായ ഗോപ്‌ത്രേ!”

ശരണ മന്ത്രം
ഋഷിപ്രോക്തം തു പൂര്‍വ്വാണം
മഹാത്മാനാം ഗുരോര്‍മതം
സ്വാമി ശരണമിത്യേവം
മുദ്രാവാക്യം പ്രകീര്‍ത്തനം

ഇതാണ് ശരണ മന്ത്രത്തിന്റെ പൊരുള്‍ :
മനുഷ്യന്റെ ഉള്ളിലെ വായുവിനെ ക്ഷോഭിപ്പിക്കുന്നതും വായുവിന്റെ സ്വതന്ത്രമായ പോക്കു വരവിനെ തടയുന്നതുമായ ദോഷങ്ങളെ ശരണംവിളി ഇല്ലായ്മ ചെയ്യും. ഉള്ളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടും. കൂട്ടത്തോടെ ശരണംവിളിക്കുന്നതു കൊണ്ട് അന്തരീക്ഷത്തില്‍ സവിശേഷമായ ആത്മീയ ശബ്ദ പ്രപഞ്ചം ഉണ്ടാകുകയും ചെയ്യും. അത് നാദബ്രഹ്മ ത്തിലുണ്ടാക്കുന്ന ചലനം സവിശേഷമാണ്.

ശരണത്തിലെ ‘ശ’ എന്ന അക്ഷരം ശത്രു ശക്തികളെ ഇല്ലാതാക്കുന്നു. ‘ര’ അറിവിന്റെ അഗ്‌നിയെ ഉണര്‍ത്തുന്നു. ‘ണ’ ശാന്തിയെ പ്രദാനം ചെയ്യുന്നു. ശരണംവിളി കാട്ടില്‍ ദുഷ്ടമൃഗങ്ങളെ അകറ്റുന്നതുപോലെ മനസ്സിലെ ദുഷ്ട ചിന്തകളേയും അകറ്റുന്നു.

കെട്ടുനിറയ്ക്കേണ്ട ചിട്ട
കെട്ടുനിറ സമയത്ത് പന്തലില്‍ ഗണപതി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍, ഇങ്ങനെ മൂന്ന് വിഗ്രഹങ്ങളോ ഫോട്ടോയോ ഉണ്ടായിരിക്കണം. ഗുരുസ്വാമിയുടെ നിര്‍ദ്ദേശ പ്രകാരം മുന്‍കെട്ടില്‍ നെയ്യ്, തേങ്ങ, കര്‍പ്പൂരം കാണിക്ക, മലര്‍, കദളിപ്പഴം, കല്‍ക്കണ്ടം, മുന്തിരിങ്ങ, വെറ്റില, പാക്ക്, പടിക്കല്‍ ഉടക്കുവാനുള്ള നാളികേരം, മഞ്ഞള്‍പ്പൊടി, തേന്‍, പനിനീര്, ശര്‍ക്കര ഉണ്ട, ഉണക്കലരി, കുരുമുളക് ഇവയും, പിന്‍കെട്ടില്‍ ഭക്തനാവശ്യമായവയും, എരുമേലി ഗണപതിക്കുള്ള തേങ്ങ, മാളികപ്പുറത്ത് ഉരുട്ടുവാനുള്ള തേങ്ങ ഇവയും നിറയ്ക്കണം. എരുമേലിയില്‍ പോകാത്ത ഭക്തര്‍ പമ്പയില്‍ ആ വഴിപാട് നടത്താം.

പാമ്പാ ഗണപതിയെ തൊഴുത് യാത്ര
പമ്പാഗണപതിയെയും പമ്പയിലെ മറ്റ് മൂർത്തികളെയും വണങ്ങി അയ്യപ്പന്റെ ഭൂതഗണങ്ങളോട് അനുവാദം തേടി വേണം മല കയറ്റം. പമ്പയില്‍ പന്തളത്ത് രാജാവിനേയും കാണണം. ശബരിപീഠത്തില്‍ കര്‍പ്പൂരം കത്തിക്കണം. കന്നിക്കാര്‍ അപ്പാച്ചിക്കുഴിയില്‍ അരിയുണ്ട എറിയണം. ശരംകുത്തിയില്‍ ശരം നിക്ഷേപിക്കണം. സന്നിധാനത്ത് എത്തി ദര്‍ശനം കിട്ടുന്ന മാത്രയില്‍ ഭക്തരും ഭഗവാനും ഒന്നാകുന്നു. അതാണ് തത്ത്വമസി. നെയ് അഭിഷേകത്തോടെ തീർത്ഥയാത്ര പൂർണ്ണമാകുന്നു.

ഊരുന്ന മാല പൂജാമുറിയിൽ സൂക്ഷിക്കാം

ശബരിമല ദർശനം കഴിഞ്ഞു തിരിച്ചെത്തിയാൽ വ്രതം അവസാനിപ്പിക്കാം. കുടുംബാംഗങ്ങൾ നിലവിളക്ക് കൊളുത്തി ശരണം വിളിയോടെ എതിരേൽക്കണം . പൂജാമുറിയിൽ കെട്ടിറക്കിയിട്ട് കുളിച്ച ശേഷം മാല ഊരണം. ആ മാല പൂജാമുറിയിൽ സൂക്ഷിക്കണം.

അപൂര്‍വ്വമചലാരോഹ
ദിവ്യദര്‍ശന കാരണ
ശാസ്തൃ മുദ്രാത്വകാദേവ
ദേഹിമേ വ്രതമോചനം

എന്ന് ജപിച്ചു കൊണ്ട് വേണം മാല ഊരേണ്ടത്.
മണ്ഡലകാലം എല്ലാവർക്കും ഭക്തിനിർഭരമാകട്ടെ
എന്ന് പ്രാർത്ഥിക്കുന്നു. സ്വാമിയേ ശരണമയ്യപ്പാ.

ജ്യോതിഷരത്നം ശ്രീനിവാസ ശർമ്മ, +91 9961033370

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?