Wednesday, December 10, 2025
Wednesday, December 10, 2025
Home » ഈ ശനിയാഴ്ച സന്ധ്യയ്ക്ക് ശിവനെ പൂജിക്കൂ, എല്ലാം ആഗ്രഹവും സഫലമാകും

ഈ ശനിയാഴ്ച സന്ധ്യയ്ക്ക് ശിവനെ പൂജിക്കൂ, എല്ലാം ആഗ്രഹവും സഫലമാകും

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
പാര്‍വ്വതിയെ സന്തോഷിപ്പിക്കുന്നതിനായി ശിവന്‍ നടരാജഭാവത്തില്‍ നൃത്തം ചെയ്യുന്ന സമയമാണ് എല്ലാ മാസത്തെയും രണ്ടു ത്രയോദശി പ്രദോഷ സന്ധ്യാവേളകൾ. ഒന്ന് കൃഷ്ണപക്ഷത്തിൽ; മറ്റേത് ശുക്ലപക്ഷത്തിൽ. ഇങ്ങനെ കറുത്തവാവിനും വെളുത്തവാവിനും മുമ്പ് വരുന്ന ത്രയോദശികളെയാണ് പ്രദോഷം എന്ന് പറയുന്നത്. പരമശിവന്‍റെയും ശ്രീപാർവതിദേവിയുടെയും ക്ഷേത്രദർശനത്തിനും അനുഗ്രഹത്തിന് പ്രാർത്ഥിക്കാനും മറ്റ് അനുഷ്ഠാനങ്ങൾക്കും ഇതിലും മഹത്തായ ദിവസം വേറെയില്ല. മാസത്തില്‍ 2 പക്ഷത്തിലെയും പ്രദോഷ ദിവസം വ്രതമെടുക്കണം.

പ്രദോഷത്തിന്റെ തലേദിവസം വ്രതം തുടങ്ങുന്നതാണ് ഉത്തമം. മത്സ്യമാംസാദി ഭക്ഷണം 3 ദിവസങ്ങളില്‍ ഉപേക്ഷിക്കണം. പ്രദോഷദിവസം ഉദയത്തില്‍ തന്നെ വ്രതത്തിന്റെ പൂര്‍ണ്ണചിട്ട തുടങ്ങണം. ഭസ്മം ധരിച്ച് പരമാവധി ശിവഭജനം ചെയ്യുക. സന്ധ്യാവേളയില്‍ ശിവക്ഷേത്രദര്‍ശനം നടത്തി പ്രസാദം സ്വീകരിച്ച് വ്രതം പൂര്‍ത്തിയാക്കണം. അന്ന് പകല്‍ യാതൊരു ഭക്ഷണവും കഴിക്കരുത്. ചില ചിട്ടകളില്‍ സന്ധ്യയോടെ വ്രതം മുറിക്കുന്നു. ചില സമ്പ്രദായത്തില്‍ പിറ്റേദിവസം രാവിലെ തീര്‍ത്ഥം സേവിച്ച് പൂര്‍ത്തിയാക്കണം.
സൗകര്യപ്രദമായത് സ്വീകരിക്കാം. പഞ്ചാക്ഷരമന്ത്രം വ്രതദിനങ്ങളില്‍ എല്ലായ്‌പ്പോഴും ജപിക്കണം. ശിവപുരാണം, അഷേ്ടാത്തര ശതനാമാവലി, സഹസ്രനാമം എന്നിവ പാരായണം ചെയ്യുന്നത് ഉത്തമം. ശിവക്ഷേത്രദര്‍ശനം നടത്തി ധാര, കൂവളമാല, പിന്‍വിളക്ക് എന്നീ വഴിപാടുകള്‍ സമർപ്പിക്കുന്നതും പുണ്യപ്രദമാണ്. ജന്മജന്മാന്തരമായുള്ള പാപങ്ങള്‍ തീരുന്നതിനും, ദുരിതങ്ങള്‍ മാറി ശാന്തിയും സമാധാനവും ലഭിക്കുന്നതിനും ഏറെ ഉത്തമം.

കറുത്ത പക്ഷത്തില്‍ ശനിയാഴ്ച ദിവസം വരുന്ന പ്രദോഷം ഏറെ ശക്തിവിശേഷമുള്ളതാണ്. ശനിയാഴ്ച ദിവസത്തെ പ്രദോഷ വ്രതാചരണം അതി വിശേഷമാണ്. അതിനാൽ ഇത് ശിവഭക്തരുടെ മാഹാത്മ്യമേറിയ പുണ്യദിനമാകുന്നു. 2020 ഡിസംബർ 12 ന് അതിവിശേഷസുദിനമായ ശനി പ്രദോഷം വരുന്നുണ്ട്. ഡിസംബർ 12 ന് വൈകിട്ട് 5.38 മുതൽ 8.19 വരെയാണ് പ്രദോഷ വേള. ഈ സമയത്ത് വ്രതശുദ്ധിയോടെ ഭക്തർ ക്ഷേത്രങ്ങളിലുണ്ടാകണം.

വൈകുന്നേരം അഞ്ചു മണിക്ക് ശേഷമാണ് പ്രദോഷ
സന്ധ്യവേള പുണ്യകാലം. ഈ സമയത്തുതന്നെ ക്ഷേത്രങ്ങളിൽ ആരാധനയും അഭിഷേകങ്ങളും നടത്തണം. ശിവലിംഗത്തോളം തന്നെ ശക്തി അതിനു മുന്നിൽ ശിവനെ നോക്കി ശയിക്കുന്ന നന്ദിദേവനുണ്ട്. നന്ദിദേവന്‍റെ അനുമതിയില്ലാതെ ശിവലിംഗ പ്രതിഷ്ഠയുള്ള ശ്രീകോവിലിലേക്ക് ആർക്കും പ്രവേശിക്കുവാൻ കഴിയില്ല; ആരാധിക്കുവാനും സാധിക്കില്ല. അതിനാൽ നന്ദിയെ തൊഴുത് വേണം ശ്രീകോവിലിലേക്ക് പ്രവേശിക്കാൻ. നന്ദിദേവന്റെ മുന്നിൽ ഭക്ത്യാദരപൂർവ്വം പ്രാർത്ഥിച്ച് നിങ്ങൾക്ക് ശ്രീപരമേശ്വരനോട് പറയുവാനുള്ള സങ്കടങ്ങൾ നന്ദിദേവനോടും പറയുക. അത്‌ മതി; അതിവേഗം ശിവഭഗവാൻ പ്രസാദിച്ചിരിക്കും. കാര്യസാദ്ധ്യത്തിന് വേണ്ടിയുള്ള അപേക്ഷ ആത്മാർത്ഥമാണെങ്കിൽ ഉടൻ ശിവ പ്രസാദമുണ്ടാകും. കാര്യസാദ്ധ്യത്തിന് പിന്നീട് ഒട്ടും തന്നെ താമസമുണ്ടാകില്ല.

പരമശിവൻ സദാനേരവും സങ്കടഹരനാണ്. പ്രദോഷകാലങ്ങളിൽ സങ്കടഹരൻ സർവ്വശക്തനായി അനുഗ്രഹമൂർത്തി ഭാവം കൈകൊള്ളും. അതിനാൽ പ്രദോഷ വേളയിൽ എന്ത് ആവശ്യപ്പെട്ടാലും ഭഗവാൻ തരും. അടുത്ത പ്രദോഷം 2020 ഡിസംബർ 27 ന് ഞായറാഴ്ചയാണ്. എല്ലാ പ്രദോഷങ്ങളും ഭക്തരുടെ ഭാഗ്യദിനങ്ങളാണ്. സർവ്വഭീഷ്ടസിദ്ധിക്കായി ഈ പുണ്യദിനങ്ങൾ മറക്കാതിരിക്കുക.

മൂലമന്ത്രം
ഓം നമ: ശിവായ

ALSO READ

പ്രാർത്ഥനാ മന്ത്രങ്ങൾ
1
ഓം ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവ മാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
2
വന്ദേ ശംഭുമുമാപതിം
സുരഗുരും വന്ദേ ജഗൽകാരണം
വന്ദേ പന്നഗഭൂഷണം മൃഗധരം
വന്ദേ പശൂനാം പതിം
വന്ദേ സൂര്യ ശശാങ്കവഹ്നിനയനം
വന്ദേ മുകുന്ദ പ്രിയം
വന്ദേ ഭക്തജനാശ്രയം ച വരദം
വന്ദേ ശിവം ശങ്കരം

സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 944 702 0655

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?