Wednesday, December 10, 2025
Wednesday, December 10, 2025
Home » പൗർണ്ണമി നാളിൽ ഭുവനേശ്വരിയെ പൂജിച്ചാൽ ധനം കുമിഞ്ഞ് കൂടും

പൗർണ്ണമി നാളിൽ ഭുവനേശ്വരിയെ പൂജിച്ചാൽ ധനം കുമിഞ്ഞ് കൂടും

by NeramAdmin
0 comments

സരസ്വതി ജെ. കുറുപ്പ്
പൗർണ്ണമിവ്രതം, പൗർണ്ണമിപൂജ, ഭുവനേശ്വരി പൂജ, ഭുവനേശ്വരി മന്ത്രജപം എന്നിവ പതിവാക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും ധനാഭിവൃദ്ധിക്കും ഉത്തമമാണ്. വരവും ചെലവും പൊരുത്തപ്പെടുത്തി ജീവിക്കാൻ പതിവായി കണക്കിലധികം വരുമാനം ലഭിക്കുന്നവർ പോലും എപ്പോഴും ബുദ്ധിമുട്ടാറുണ്ട്. ചെലവിനൊപ്പമോ അതിൽ അധികമോ ധനം സമ്പാദിക്കുക മാത്രമാണ് ഈ പ്രശ്നത്തിനുള്ള പോംവഴി. ധനാഭിവൃദ്ധിക്കും സാമ്പത്തിക ദുരിതങ്ങൾ തീർക്കുന്നതിനുമുള്ള അനുഷ്ഠാനപരമായ മാർഗ്ഗങ്ങളാണ് പൗർണ്ണമിപൂജയും ഭുവനേശ്വരി പൂജയും. ഐശ്വര്യപൂജ എന്നാണ് ഇതിനെ പറയുന്നത്.

ശ്രീരാമദേവന്റെ കിരീടധാരണ സമയത്ത് വിശ്വാമിത്രൻ പറഞ്ഞു: അല്ലയോ രാമാ ദരിദ്രരെ സമൂഹം അവഗണിക്കും. ബന്ധുക്കൾപോലും മാനിക്കില്ല. ഒരു ധനികനെ അയാൾക്ക് പരിചയമില്ലാത്തവർ പോലും യഥാവിധി അംഗീകരിക്കും. ഗൃഹസ്ഥനായാലും വ്യാപാരി ആയാലും രാജാവായാലും ധനം എപ്പോഴും ഒരാളെ ശ്രേഷ്ഠനാക്കും. ധനമില്ലാതെ ശ്രേഷ്ഠ പദവി നേടുന്നത് സന്ന്യാസികൾ മാത്രമാണ്. അതിനാൽ നീ ഭുവനേശ്വരി പൂജയും പൗർണ്ണമിവ്രതവും എപ്പോഴും അനുഷ്ഠിക്കണം. ശ്രീഭുവനേശ്വരി പൂജയോളം ഐശ്വര്യപ്രദമായ മറ്റൊരു പൂജയും ഇല്ല.വിശ്വാമിത്രന്റെ വാക്കുകൾ ശിരസാ വഹിച്ച ശ്രീരാമൻ യഥാവിധി വ്രതം അനുഷ്ഠിച്ച് ഐശ്വര്യത്തിന്റെ കേദാരമായ രാമരാജ്യം പടുത്തുയർത്തി. ശ്രീകൃഷ്ണ ഭഗവാനും ദ്വാരകാപുരിയിൽ ഈ വിധം ഭുവനേശ്വരി സാധന അനുഷ്ഠിച്ചതായി പറയുന്നുണ്ട്.

ജാതകപ്രകാരം ദരിദ്രനാകാൻ വിധിയുണ്ടെങ്കിൽ പോലും ഭുവനേശ്വരി മന്ത്രം ജപിച്ചാൽ ധനികരാകും എന്ന് ശ്രീ പരമേശ്വരൻപോലും അരുളി ചെയ്തിട്ടുണ്ട്. ഭദ്രകാളിയുടെ പത്ത് അവതാരങ്ങളിൽ ഒന്നാണ് ശ്രീഭുവനേശ്വരി. ഹ്രീം എന്ന ബീജാക്ഷരം ഭുവനേശ്വരിയെ പ്രതിനിധീകരിക്കുന്നു. ഭുവനേശ്വരി, താര, കാളി, ഭൈരവി, ഛിന്നമസ്ത, ധൂമാവതി, ബഹളാമുഖി, കമല, മാതംഗി, ഷോഡശി എന്നിവരാണ് പത്ത് അവതാരങ്ങൾ. നവഗ്രഹങ്ങളിൽ ചന്ദ്രന്റെ അധിദേവതായി ഭുവനേശ്വരിയെ കണക്കാക്കുന്നു. അതിനാലാണ് ചന്ദ്രന് പൂർണ്ണബലമുള്ള പൗർണ്ണമി ദിവസം ഭുവനേശ്വരിയെ പൂജിക്കണമെന്നു പറയുന്നത്.

പുത്രവത്സലയായ മാതാവാണ് ഭുവനേശ്വരി. ഈ ഭുവനത്തിലുള്ള ഏതൊന്നിന്റെയും ഈശ്വരിയായി ഭുവനേശ്വരി വിളങ്ങുന്നു. അമ്മയ്ക്ക് നാലുകൈകളുണ്ട്. അഭയ, വര മുദ്രയും, തോട്ടിയും കയറുമാണ് നാലുകൈകളിൽ. ഉദയസൂര്യന്റെ പ്രഭയോടെ ചന്ദ്രക്കലയാൽ അലങ്കരിക്കപ്പെട്ട കിരീടത്തോടെ, ഉയർന്ന മാറിടത്തോടെ പുഞ്ചിരി വിടരുന്ന മുഖത്തോടെ, തൃക്കണ്ണുള്ളവളായാണ് അമ്മയെ ധ്യാനിക്കേണ്ടത്. പല കുടുംബക്ഷേത്രങ്ങളിലും ഭുവനേശ്വരി പ്രതിഷ്ഠയുണ്ട്. പൗർണ്ണമിവ്രതം അനുഷ്ഠിക്കുന്നവർക്ക് നല്ല കുടുംബജീവിതം ലഭിക്കും. മാന്യതയും സ്വീകാര്യതയും വർദ്ധിക്കും. ഏതു മേഖലയിലും തേജസോടെ വിളങ്ങും. എപ്പോഴും ദേവി അവരെ സംരക്ഷിക്കും. ആരോഗ്യവും സമ്പത്തും നൽകും.

പൗർണ്ണമി വ്രതം നോൽക്കുന്നവർ തലേന്ന് വൈകിട്ട് വ്രതം തുടങ്ങണം. സന്ധ്യാ വേളയിൽ ദുർഗ്ഗ, കാളീ മന്ത്രങ്ങളോ സ്തോത്രങ്ങളോ ജപിക്കണം. ദേവിക്ഷേത്രദർശനം നടത്തണം. പൗർണ്ണമിദിവസം പകലുറക്കം പാടില്ല. ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കരുത്. യഥാശക്തി ദേവിനാമമോ മന്ത്രമോ ജപിക്കണം. വൈകിട്ട് ദേവീക്ഷേത്രദർശനം നടത്തണം. ഒരുനേരമേ ആഹാരം പാടുള്ളൂ. രാത്രിയിൽ ആഹാരം ഒഴിവാക്കണം. സന്ധ്യക്കുശേഷം പൂർണ്ണചന്ദ്രനെ ദർശിക്കുക. പൂജാമുറിയിൽ മഞ്ഞവസ്ത്രം ധരിച്ച് വടക്ക് ദർശനമായിരുന്ന് ദേവീധ്യാനം ചെയ്യുക. ക്ഷേത്രങ്ങളിൽ
ഐശ്വര്യ പൂജയിൽ പങ്കെടുക്കുന്നത് നല്ലതാണ്.

ഭുവനേശ്വരി ധ്യാനം
ഉദയദ് ദിന ദ്യുതം ഇന്ദു കിരീടാം
തുംഗ കുചാം നയന ത്രയ യുക്താം
സ്‌മേര മുഖീം വരദാ അങ്കുശ പാശം
അഭീതി കരാം പ്രഭജേ ഭുവനേശീം
(സാരം : ഉദയസൂര്യന്റെ തേജസോടെ വിളങ്ങുന്ന, ശിരസിൽ ചന്ദ്രക്കല കിരീടമായി ധരിച്ച, ഉന്നതമായ മാറിടമുള്ള, സൂര്യ ചന്ദ്രന്മാരെയും അഗ്നിയെയും കണ്ണുകളിൽ ആവാഹിച്ച, സുസ്മേര വദനയായ, അഭയ, വര മുദ്രകളും കയറും തോട്ടിയും കൈകളിൽ ഏന്തിയ ദേവി ഭുവനേശ്വരിയെ ഞാൻ സാഷ്ടാംഗം നമിക്കുന്നു)

ALSO READ

ഭുവനേശ്വരി മന്ത്രം
ഓം ഹ്രീം നമ:

സരസ്വതി ജെ. കുറുപ്പ്, +91 907 458 0476

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?