Wednesday, December 10, 2025
Wednesday, December 10, 2025
Home » തടസം, കണ്ണേറ്, കടം, രോഗം, ഗ്രഹപ്പിഴ മാറാൻ 20 വഴിപാടുകൾ, ഫലങ്ങൾ

തടസം, കണ്ണേറ്, കടം, രോഗം, ഗ്രഹപ്പിഴ മാറാൻ 20 വഴിപാടുകൾ, ഫലങ്ങൾ

by NeramAdmin
0 comments

ജ്യോതിഷരത്നം വേണുമഹാദേവ്
ഗണപതി ഭഗവാന് പതിനൊന്ന് ചൊവ്വാഴ്ചകളിൽ പുഷ്പാഞ്ജലി നടത്തി പ്രാർത്ഥിച്ചാൽ ജീവിതത്തിൽ അനുഭവിച്ചു വരുന്ന എല്ലാത്തരം തടസങ്ങളും ദുരിതങ്ങളും അകലുന്നതോടൊപ്പം കേതുദോഷങ്ങളും മാറി സദ്ഫലങ്ങളുണ്ടാകും.

ചൊവ്വാഴ്ചതോറും സന്ധ്യയ്ക്ക് നരസിംഹ മൂർത്തിക്ക് ക്ഷേത്രത്തിൽ പാനകം നേദിച്ച് വീട്ടിൽ നിലവിളക്ക് കത്തിച്ചു വച്ച് പ്രാർത്ഥിച്ചാൽ എല്ലാ ഋണബാദ്ധ്യതകൾക്കും രോഗദുരിതങ്ങൾക്കും ശാന്തി ലഭിക്കും.

സ്വയംവര പാർവ്വതി മന്ത്രത്താൽ 7 തിങ്കളാഴ്ച ഗണപതി ഹോമം നടത്തിയാൽ തടസങ്ങൾ മാറി ശീഘ്രഗതിയിൽ വിവാഹ പ്രാപ്തിയുണ്ടാവും.

ചൊവ്വാഴ്ചതോറും രാവിലെയോ വൈകിട്ടോ നിലവിളക്ക് കത്തിച്ചു വച്ച് അംഗാരക മംഗളസ്‌തോത്രം ജപിച്ച് പ്രാർത്ഥിച്ചാൽ ചൊവ്വാദോഷം മൂലം നേരിടുന്ന ദോഷങ്ങൾക്ക് ശമനം കിട്ടും.

ഷഷ്ഠിതിഥി ദിവസങ്ങളിലും വിശാഖം, കാർത്തിക നക്ഷത്ര ദിവസങ്ങളിലും മുരുകുന് ചുവന്ന വർണ്ണത്തിലുള്ള പുഷ്പങ്ങൾ സമർപ്പിച്ച് ശർക്കരപ്പായസം നേദിച്ച് സ്‌കന്ദഷഷ്ഠി കവചം പാരായണം ചെയ്താൽ സന്താനലാഭം ഉണ്ടാകും എന്നാണ് വിശ്വാസം.

പൗർണ്ണമി ദിവസങ്ങളിൽ ഗുരുഭഗവാന് നെയ് വിളക്ക് കത്തിച്ച് ഗുരു മംഗളസ്‌തോത്രം ജപിച്ച് പ്രാർത്ഥിച്ചാൽ ഗുരുകടാക്ഷം നേടാം. ഗുരു അനുഗ്രഹിച്ചാൽ ലക്ഷം ദോഷങ്ങൾ ഒഴിയുമെന്ന് വിശ്വാസം. അതിനൊപ്പം വിവാഹസംബന്ധമായ തടസങ്ങളും മാറും. ഉപ്പ്, കടുക്, മുളക് (കുരുമുളക്) എന്നിവ കൂട്ടി ഉച്ചാടന മന്ത്രം ജപിച്ച് വീട്ടിലെ കത്തുന്ന അടുപ്പിൽ ശിരസിന് 3 തവണ പ്രദക്ഷിണമായും 3 പ്രാവശ്യം അപ്രദക്ഷിണമായും ഉഴിഞ്ഞ് ഊതിയിട്ടാൽ കണ്ണേറ് ദോഷത്തിന് പരിഹാരമുണ്ടാകും. മന്ത്രം ചുവടെ ചേർത്തിട്ടുണ്ട്.

ALSO READ

നരസിംഹ ക്ഷേത്രത്തിൽ ദർശനം നടത്തി പാനകം വഴിപാട് കഴിച്ച് അവിടെ നിന്ന് ചരട് ജപിച്ചു കെട്ടിയാൽ നാവു ദോഷങ്ങൾ മാറിക്കിട്ടും.

കാലഭൈരവനോ, കിരാത ശിവനോ സന്നിധി ഉള്ള ക്ഷേത്രത്തിൽ അഘോരമന്ത്രം ജപം നടത്തി പ്രാർത്ഥിക്കുന്നത് ദൃഷ്ടിദോഷങ്ങൾ മാറാൻ നല്ലതാണ്.

അഘോരയന്ത്രം, നരസിംഹയന്ത്രം, മഹാശൂലിനിയന്ത്രം ഇവയിലൊന്ന് ധരിക്കുന്നത് ദൃഷ്ടി, നാവുദോഷം മാറാൻ ഉത്തമമാണ്.

കാടാമ്പുഴയിൽ മുട്ടറുക്കുന്നതും ഗുരുവായൂരപ്പന് കയർ കൊണ്ട് തുലാഭാരം നടത്തുന്നതും ഉദര സംബന്ധമായ രോഗങ്ങൾ മാറാൻ നല്ലതാണ്.

തിരുവനന്തപുരം ശംഖുമുഖം ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി തൊട്ടിയും കയറും സമർപ്പിക്കുന്നത് ശ്വാസം മുട്ടൽ മാറാൻ നല്ലതാണ് ധാരാളം ഭക്തർ വിശ്വസിക്കുന്നു.

ധന്വന്തരി ക്ഷേത്രത്തിൽ മുക്കുടി നിവേദ്യം നടത്തുന്നത് ശ്വാസന സംബന്ധമായ വിഷമങ്ങൾ മാറാൻ സഹായിക്കും.

വിഷ്ണുവിൻ്റെ അവതാര മൂർത്തികളായ ശ്രീകൃഷ്ണൻ, ശ്രീരാമൻ തുടങ്ങിയ ദേവതകളുടെ ക്ഷേത്രങ്ങളിൽ ഇളനീർ കൊണ്ട്
തുലാഭാരം നടത്തിയാൽ നീർദോഷങ്ങൾ മാറും.

ജന്മനക്ഷത്ര ദിവസം ഗണപതിക്ക് വസ്ത്രവും കറുകമാലയും സമർപ്പിച്ച് പുഷ്പാഞ്ജലി നടത്തി പ്രാർത്ഥിച്ചാൽ ഗ്രഹദോഷ കാഠിന്യം കുറയും.

ചേന കൊണ്ട് തുലാഭാരം നടത്തിയാൽ ത്വക്ക് രോഗങ്ങൾ അകലും.

ഗുരുവായൂരിൽ കളഭം ചാർത്തുന്നത് ശിരോരോഗങ്ങൾ മാറാൻ വളരെ നല്ലതാണ്.

ശിവക്ഷേത്രത്തിൽ ദക്ഷിണാമൂർത്തിക്ക് നെയ് വിളക്കും നിവേദ്യവും നടത്തുന്നത് ബുദ്ധിശക്തി തെളിയാൻ നല്ലതാണ്.

ശിവന് ധാരയും രുദ്ര സൂക്താർച്ചനയും കാര്യസിദ്ധിക്ക് ഗുണം ചെയ്യും.

പൂജാമുറിയിൽ കുലദേവതയെ (മിക്കവർക്കും ഭദ്രകാളി ദേവിയായിരിക്കും) ധ്യാനിച്ച് വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചാൽ കുടുംബത്തിൽ സൗഖ്യവും ആഭിചാരദോഷശമനവും ലഭിക്കും.

(ഇത്തരത്തിൽ പരിഹാരം ചെയ്യുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ആദ്യം അവരവരുടെ പരദേവതയെ കണ്ടെത്തണം. അവിടെ ആദ്യം ദർശനം നടത്തി വഴിപാട് സമർപ്പിക്കണം. കുടുംബ
ദേവതയെ തൃപ്തിപ്പെടുത്തിയാലേ എന്ത് പരിഹാരവും വേഗം ഫലിക്കൂ. പരദേവതയെ മറന്നാൽ ജീവിതം തന്നെ നഷ്ടമാകും.)

അംഗാരക മംഗളസ്‌തോത്രം
ധരണീ ഗർഭസംഭൂതം
വിദ്യുത് കാന്തി സമപ്രഭം
കുമാരം ശക്തി ഹസ്തം തം
മംഗളം പ്രണമാമ്യഹം

ഗുരു മംഗളസ്‌തോത്രം
ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചന സന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം

കൺദോഷം മാറാൻ കാളീ മന്ത്രം
ഓം ഹ്രീം കാളികേ കാളികേ
ദേവീ സർവ ലോക ശങ്കരീ
വേദതത്വാർത്ഥ രൂപീ ച
നിത്യാനന്ദ പ്രദായനീ
പാദാബ്ജം തേ നമോ നമ:

ജ്യോതിഷരത്നം വേണുമഹാദേവ്, +91 9847475559

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?