Wednesday, December 10, 2025
Wednesday, December 10, 2025
Home » അത്ഭുതകരമായ പുരോഗതിക്ക് നിത്യവും ഇത് ശീലമാക്കൂ

അത്ഭുതകരമായ പുരോഗതിക്ക് നിത്യവും ഇത് ശീലമാക്കൂ

by NeramAdmin
0 comments

ടി.എസ് ഉണ്ണി, പാലക്കാട്

ഭക്തിപൂർവം മനം നൊന്ത് വിളിച്ചാൽ അതിവേഗം ആരെയും അനുഗ്രഹിക്കുന്ന വാത്സല്യ നിധിയാണ് ശ്രീ സുബ്രഹ്മണ്യസ്വാമി. ദുഃഖദുരിതങ്ങൾ അകറ്റുന്നതിനും ആഗ്രഹസാഫല്യത്തിനും സുബ്രഹ്മണ്യ ഉപാസന എപ്പോഴും സഹായിക്കും. അത്ഭുത ശക്തിയുള്ളതാണ് മുരുകന്റെ മൂലമന്ത്രം:

ഓം വചത്ഭുവേ നമ:

എല്ലാ ദിവസവും സുബ്രഹ്മണ്യസ്വാമിയുടെ ധ്യാനശ്ലോകം ചൊല്ലി രൂപം ധ്യാനിച്ച് മൂലമന്ത്രം ജപിച്ചു നോക്കൂ. ക്രമേണ അത്ഭുതകരമായ പുരോഗതി ജീവിതത്തിലുണ്ടാകുന്നത് അനുഭവിച്ച് അറിയാനാകും. കഴിയുമെങ്കിൽ രാവിലെയും വൈകിട്ടും ജപിക്കുന്നത് നല്ലതാണ്. 108 തവണയാണ് ജപിക്കേണ്ടത്. കുളിച്ച് ശുദ്ധമായി കിഴക്കും പടിഞ്ഞാറും തിരയിട്ട് നെയ് വിളക്ക് കത്തിച്ച് വച്ച് ജപിക്കുക. നിത്യ ജപത്തിന് വ്രതനിഷ്ഠകൾ പാലിക്കേണ്ടതില്ല. പതിവായി ജപിച്ചാൽ എല്ലാ വിഷമങ്ങളും ഒഴിഞ്ഞു പോകും. പ്രത്യേക കാര്യസാദ്ധ്യത്തിന് തുടർച്ചയായി 36 ദിവസം ജപിക്കണം.
സ്ത്രീകൾ അശുദ്ധിയുള്ളപ്പോൾ ജപിക്കരുത്. അശുദ്ധി മാറിക്കഴിഞ്ഞ് 36 ദിവസം പൂർത്തിയാക്കിയാൽ മതി.
പുലയും വാലായ്മയും ഉള്ളവർ ജപിക്കാൻ പാടില്ല. നിത്യജപം നടത്തുന്നവർ 18 ദിവസത്തിൽ കൂടുതൽ ജപം മുടക്കരുത്. കാര്യസിദ്ധി ആഗ്രഹിക്കുന്നവർ ജപ ദിവസങ്ങളിൽ സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തുന്നതും വഴിപാടുകൾ കഴിക്കുന്നതും നല്ലതാണ്. സുബ്രഹ്മണ്യസ്വാമിക്ക് വിശേഷപ്പെട്ട ഷഷ്ഠി, ചൊവ്വ
ദിവസങ്ങളിലാണ് വഴിപാട് നടത്തേണ്ടത്. ഭസ്മാഭിഷേകം, നാരങ്ങാ മാല, പനിനീരഭിഷേകം, മഞ്ഞപ്പട്ടു ചാർത്തൽ , കളഭം ചാർത്തൽ എന്നിവയാണ് സുബ്രഹ്മണ്യ പ്രീതിക്കുള്ള ഉത്തമ വഴിപാടുകൾ. ഇവയിൽ ഏതെങ്കിലും സ്വന്തം കഴിവിനൊത്ത വിധം നടത്താം.

ചിലർക്ക് എത്ര പ്രാർത്ഥിച്ചാലും ഫലം ലഭിച്ചെന്ന് വരില്ല. അതിനു കാരണം കടുത്ത ശാപ ദോഷങ്ങളും മുജ്ജന്മ ദുരിതങ്ങളുമാകാം. ഇവർ ഉപാസനകൾക്കൊപ്പം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കദളിപ്പഴ നിവേദ്യം, പാലഭിഷേകം എന്നിവ നടത്തിയാൽ അതി ശക്തമായ ദോഷങ്ങൾ പോലും മാറും. ഇത്തരത്തിൽ ദോഷക്കൂടുതൽ ഉള്ളവർ ഉത്തമ ഗുരുവിനെ സമീപിച്ചാൽ മികച്ച മറ്റ് പരിഹാരങ്ങൾ നിർദ്ദേശിച്ചു തരും.

അപാരമായ ഈശ്വരാനുഗ്രഹവും വിശിഷ്ട ഫലങ്ങളും ആഗ്രഹിക്കുന്നവർ സുബ്രഹ്മണ്യ മൂലമന്ത്രം 8 ലക്ഷം തവണ ഉരുവിട്ടു കഴിയുമ്പോൾ മന്ത്രശക്തി പൂർണ്ണമായും ഉണരുന്നത് അനുഭവിച്ചറിയാം. ഇപ്രകാരം ജപിക്കുന്നവർ ജപസംഖ്യ കണക്കാക്കാൻ അരിമണി, നെല്ല്, പൂവ് തുടങ്ങിയവ ഉപയോഗിക്കണം. അല്ലെങ്കിൽ രുദ്രാക്ഷം, രക്ത ചന്ദനം തുടങ്ങിയവയുടെ ജപമാല ഉപേയാഗിക്കണം. ഈ ജപമാല വാങ്ങി ശുദ്ധമാക്കി ഗുരുവിനെ ഏല്പിച്ച് പുജിച്ച് വാങ്ങി സ്വീകരിക്കണം.

ALSO READ


സുബ്രഹ്മണ്യ ധ്യാനം

സ്ഫുരന്മകുട പത്രകുണ്ഡലവിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗേന ശക്തിം പവിം
ദധാനമഥവാ കടീകലിത വാമഹസ്‌തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സ്മരതു പീതവാസോവസം

( തിളങ്ങുന്ന മകുടങ്ങൾ, പത്രകുണ്ഡലങ്ങൾ എന്നിവയാൽ അലങ്കരിക്കപ്പെട്ടവനും ചമ്പകമാലകളാൽ അലങ്കരിക്കപ്പെട്ട കഴുത്തോടു കൂടിയവനും ഇരുകൈകളിൽ വേലും വജ്രായുധവും ധരിച്ചവനും അല്ലെങ്കിൽ ഇടതുകൈ അരയിൽ ചേർത്ത് വലത്
കൈ കൊണ്ട് വരമുദ്ര ധരിച്ചവനും സിന്ദൂര വർണ്ണം പോലെ ശോഭിക്കുന്നവനും മഞ്ഞപ്പട്ടു ധരിച്ചവനുമായ സുബ്രഹ്മണ്യനെ ധ്യാനിക്കണം)

സുബ്രഹ്മണ്യ സ്വാമിയുടെ ഈ രൂപം സങ്കല്പിച്ച്
കഴിവിനൊത്ത വിധം നിത്യവും പ്രാർത്ഥിച്ചാൽ പോലും
ഭഗവാന്റെ അനുഗ്രഹത്താൽ മന:ശാന്തി ലഭിക്കും.


ടി.എസ് ഉണ്ണി, പാലക്കാട്, + 91 9847118340

Summary: The most powerful Lord Muruka Mantra for success

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?