Wednesday, December 10, 2025
Wednesday, December 10, 2025
Home » കൊടുക്കുന്നതെല്ലാം ഇരട്ടിയായി തിരിച്ചു കിട്ടുന്ന പുണ്യദിനം ഇതാ

കൊടുക്കുന്നതെല്ലാം ഇരട്ടിയായി തിരിച്ചു കിട്ടുന്ന പുണ്യദിനം ഇതാ

by NeramAdmin
0 comments

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

കൊടുക്കുന്നതെന്തും ഇരട്ടിയായി തിരിച്ചു കിട്ടുന്ന പുണ്യ ദിനമാണ് അക്ഷയതൃതീയ. കൃതയുഗത്തിന്‍റെ ആരംഭ ദിവസമായും ഈ ദിനത്തെ കരുതിവരുന്നു. വൈശാഖ മാസത്തിലെ ശുക്ളപക്ഷ തൃതീയ തിഥിയാണ് അക്ഷയതൃതീയ ആയി ആചരിക്കുന്നത്. ബലരാമനും പരശുരാമനും അവതരിച്ചതും ശ്രീശങ്കരാചാര്യ സ്വാമികള്‍ കനകധാരാസ്തവം ചൊല്ലി സ്വര്‍ണ്ണമഴ പെയ്യിച്ചതും അക്ഷയതൃതീയയിൽ ആയിരുന്നു. ദാനധര്‍മ്മാദികള്‍ നടത്തുവാൻ ശ്രേഷ്ഠമായ ഈ ദിവസം ഇത്തവണ 2021 മേയ് 14, മേടം 31 വെള്ളിയാഴ്ച മകയിരം നക്ഷത്രത്തിലാണ് വരുന്നത്. അന്ന് പകല്‍ മുഴവന്‍ തൃതീയ തിഥിയുണ്ട്. വെളുപ്പിന് 5:40ന് തുടങ്ങുന്ന തൃതീയ തിഥി മേയ് 15 രാവിലെ 8:1 മണി വരെ ഉണ്ടാകും.

തൃതീയ എന്നാല്‍ ഇവിടെ അര്‍ത്ഥം മുന്നാമത്തെ ചന്ദ്രദിനം എന്നാണ്. അക്ഷയം ക്ഷയം ഇല്ലാത്തത് എന്ന് അർത്ഥം. അതായത് ഒരിക്കലും നശിക്കാത്തത് . അതിനാല്‍ ഈ ദിവസം ചെയ്യുന്ന ഒരു മന്ത്രജപവും പ്രാര്‍ത്ഥനയും വെറുതെയാകില്ലെന്ന് തന്നെയല്ല അതിന് ഇരട്ടി പുണ്യവുമുണ്ടാകും. ജപം പോലെ തന്നെയാണ് ഈ ദിവസത്തെ പൂജകളുടെയും യജ്ഞങ്ങളുടെയും ദാനങ്ങളുടെയും ഫലം. അക്ഷയ തൃതീയ ദിവസത്തെ ദാനങ്ങളുടെയും സല്‍ക്കര്‍മ്മങ്ങളുടെയും ഫലം അത് അനുഷ്ഠിക്കുന്നവര്‍ക്കൊപ്പം എക്കാലവും നിലനില്‍ക്കും. അവരുടെ ജീവിതത്തില്‍ ഭാഗ്യവും ഐശ്വര്യവും നിറയും എന്നാണ് വിശ്വാസം.

ഈ ദിവസം സ്വര്‍ണ്ണം വാങ്ങുന്നത് കുടുംബത്തില്‍ ഐക്യവും സമാധാനവും കൊണ്ടുവരുമെന്നും കരുതപ്പെടുന്നു. അന്ന് വീട്ടില്‍ വന്നുകയറുന്ന സ്വര്‍ണ്ണം കൈവിട്ടു പോകില്ലെന്ന് തന്നെയല്ല അതിന്‍റെ മൂല്യം വര്‍ദ്ധിച്ചു കൊണ്ടേ ഇരിക്കും എന്നാണ് പരമ്പരാഗതമായ വിശ്വാസം. വീടു വാങ്ങുന്നതിനും ഗൃഹപ്രവേശത്തിനും പുതിയ വാഹനം വാങ്ങുന്നതിനുമൊപ്പം മറ്റെല്ലാ മംഗള കര്‍മ്മങ്ങള്‍ക്കും ഈ ദിവസം ശ്രേഷ്ഠമാണ്.
അവിവാഹിതകളായ പെണ്‍കുട്ടികള്‍ അക്ഷയതൃതീയ നാളിൽ ഉപവസിച്ച് ഉമാമഹേശ്വരന്മാരെ ഉപാസിച്ച് ഫലമൂലാദികള്‍ ദാനം ചെയ്താല്‍ മികച്ച മംഗല്യ ഭാഗ്യമുണ്ടാകും.

വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമ ജയന്തിയോട് അനുബന്ധിച്ചാണ് അക്ഷയതൃതീയ ദിനം വരുന്നത്. ഒന്നുകിൽ അക്ഷയതൃതീയ ദിവസം അല്ലെങ്കില്‍ അതിന്റെ തലേന്നായിരിക്കും ജയന്തി. ഇത്തവണ പരശുരാമ ജയന്തി അക്ഷയതൃതീയ ദിവസം തന്നെയാണ്. പുരാണത്തില്‍ പല സന്ദര്‍ഭങ്ങളിലും അക്ഷയതൃതീയയെ കുറിച്ച് പരാമര്‍ശമുണ്ട്. കുബേരന് തന്‍റെ സമ്പത്ത് തിരികെ ലഭിച്ച ദിനമായും ശ്രീകൃഷ്ണന്‍ സുദാമാവിന് (കുചേലന്‍) എല്ലാ ഐശ്വര്യങ്ങളും നല്‍കി അനുഗ്രഹിച്ച ദിവസമായും പാര്‍വതി അന്നപൂര്‍ണ്ണാ ദേവിയായി അവതരിച്ച നാളായും വേദവ്യാസന്‍ മഹാഭാരതം എഴുതിയെടുക്കാന്‍ ഗണപതി ഭഗവാന് വര്‍ണ്ണിച്ചു കൊടുത്ത ആദ്യ ദിവസമായും ദ്രൗപതിക്ക് ശ്രീകൃഷ്ണന്‍ അക്ഷയ പാത്രം സമ്മാനിച്ച ദിവസമായും ഭഗീരഥന്‍ ഗംഗയെ ഭൂമിയിലേക്ക് ആനയിച്ച ദിവസമായും അക്ഷയതൃതീയ സങ്കല്പമുണ്ട്.

ശിവപാര്‍വ്വതിമാരെയും മഹാലക്ഷ്മിയെയും മഹാ വിഷ്ണുവിനെയുമാണ് ഈ ദിവസം പ്രധാനമായും ആരാധിക്കേണ്ടത്. വീട്ടില്‍ പൂജാമുറിയില്‍ നെയ് വിളക്ക് കൊളുത്തിവച്ച് ലക്ഷ്മി, വിഷ്ണു, പാര്‍വതി, ശിവ, കുബേര പ്രീതികരമായ മന്ത്രങ്ങള്‍ ജപിക്കണം. വിഷ്ണുവിന് വെള്ളത്താമരയോ വെള്ള റോസയോ സമര്‍പ്പിച്ച് അക്ഷയ തൃതീയ ദിവസം പ്രാര്‍ത്ഥിച്ചാല്‍ മനം നിറയുന്ന തരത്തില്‍ ഭാഗ്യവര്‍ദ്ധനവ് ഉണ്ടാകും. ലക്ഷ്മിക്ക് മുന്നില്‍ ചുവന്ന പൂക്കളും കുങ്കുമപ്പൂക്കളും ചുവന്ന പട്ടും വച്ച് പ്രാര്‍ത്ഥിച്ചാല്‍ എല്ലാ സാമ്പത്തിക ദുരിതങ്ങളും ഒഴിയും. വിഷ്ണുവിനും ലക്ഷ്മിക്കും തുളസിയില സമര്‍ച്ചിച്ച് പൂജിച്ചാല്‍ ഐശ്വര്യവും ഭാഗ്യവും വര്‍ദ്ധിക്കും. ശിവപാര്‍വ്വതിമാരെ പൂജിച്ചാല്‍ ഗൃഹത്തില്‍ ഐശ്വര്യം നിറയും. ഈ ദിവസം അന്നദാനം നടത്തുന്നതും ധാന്യങ്ങളും വസ്ത്രങ്ങളും അഗതികള്‍ക്ക് ദാനം ചെയ്യുന്നതും അത്യുത്തമമാണ്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ക്ഷേത്രത്തില്‍ പോയി ആരാധന നടത്താന്‍ കഴിഞ്ഞില്ലെങ്കിലും ആരും വിഷമിക്കേണ്ട . വീട്ടിലിരുന്നു തന്നെ ആത്മാര്‍ത്ഥമായി ഭജിക്കുക. ലക്ഷ്മീ നാരായണനും ശിവ പാര്‍വ്വതിയും തീര്‍ച്ചയായും നമ്മെ അനുഗ്രഹിക്കും.

ALSO READ

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

Story Summary: Significance of Akshaya Thridiya


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?