Wednesday, December 10, 2025
Wednesday, December 10, 2025
Home » ഏഴരശനിയെ അടുത്തറിയൂ, ദുരിത ദോഷങ്ങൾക്ക് പരിഹാരം ഇതാ….

ഏഴരശനിയെ അടുത്തറിയൂ, ദുരിത ദോഷങ്ങൾക്ക് പരിഹാരം ഇതാ….

by NeramAdmin
0 comments

ജോതിഷി പ്രഭാ സീന സി.പി

എല്ലാ ജീവിതത്തിലും കാണും ഒരു ദുരിതകാലം; കഷ്ടപ്പാടുകൾ ഒഴിയാതെ പിന്തുടരുന്ന സമയം. ദൈവമേ ഇങ്ങനെ ദുരിതമനുഭവിക്കാൻ എന്തു തെറ്റാ ഞാൻ ചെയ്തത് എന്ന് പലരും ചോദിക്കുന്നത് കേട്ടിട്ടില്ലേ? ഇങ്ങനെ ദുരിതച്ചുഴിയിൽപ്പെട്ട് ആളുകൾ ഉഴലുന്ന കാലം മിക്കവാറും ഏഴരശനി സമയമായിരിക്കും.

ഈശ്വരവിശ്വാസികൾ ഏറ്റവും ഭയക്കുന്ന ഒന്നാണ് ഏഴരശനി. മാനസികവും ശാരീരികവും സാമ്പത്തികവും ആയ ക്ലേശങ്ങൾ ഏഴരശനിക്കാലത്ത് ഒഴിയില്ല. മടിയും മന:സംഘർഷവും തർക്കങ്ങളും വിട്ടു മാറില്ല. ശത്രുദോഷം, അഗ്നിഭയം, തസ്കരശല്യം കുടുംബത്തിലെ മുതിർന്നവരുടെ വിയോഗം തുടങ്ങിയവ അനുഭവിക്കും.

എന്താണ് ഈ ഏഴരശനി ?

ശനി ഗോചരാൽ 12,1, 2 രാശിയിൽ നിലകൊള്ളുന്ന ഏഴരവർഷത്തെയാണ് ഏഴരശനിയെന്ന് വിളിക്കുന്നത്. ഒരു ഉദാഹരണം കൊണ്ടിത് വ്യക്തമാക്കാം.

നിങ്ങളുടെ ചന്ദ്രരാശി തുലാം എന്നു കരുതുക. ശനി കന്നിയിലെത്തുമ്പോൾ അതായത് 12 ൽ എത്തുമ്പോൾ ഏഴരശനി ആരംഭിക്കും. ഏകദേശം രണ്ടരക്കൊല്ലം കഴിയുമ്പോൾ ശനി തുലാം രാശിയിലാകും. ഇതിനെ ജന്മ ശനി എന്നു പറയുന്നു. വീണ്ടും രണ്ടര വർഷം കഴിഞ്ഞ് ശനി അവിടെ നിന്ന് വൃശ്ചികത്തിലേക്കു മാറും. ഇതിനെ രണ്ടിലെ ശനി എന്നു പറയും .

ALSO READ

പന്ത്രണ്ടിലെ ശനി ചെലവ് വർദ്ധിപ്പിക്കും. കൈയ്യിൽ വരുന്ന പണം എങ്ങനെ പോയെന്ന് അറിയാനാകില്ല. യാത്രാ ദുരിതവും വേണ്ടപ്പെട്ടവരുടെ വിയോഗദുഃഖവും ഇക്കാലത്ത് അനുഭവിക്കേണ്ടിവരും.

ജന്മ ശനി ഏറെയും ബാധിക്കുന്നത് ആരോഗ്യത്തെ ആണ്. അതു പോലെ തന്നെ വ്യക്തിത്വത്തെയും ചുറ്റുപാടുകളുടെ സ്വാധീനം ഏറെ ദോഷകരമായി ഈ സമയത്ത് അനുഭവപ്പെടും. പെരുമാറ്റ ദൂഷ്യം ഉണ്ടാകും. അഗ്നിബാധയും സ്വജനനഷ്ടവും കരുതിയിരിക്കേണ്ട സമയമാണ്.

ചന്ദ്രരാശിയുടെ രണ്ടിൽ ശനി വരുന്നത് കുടുംബത്തെ ദോഷകരമായി ബാധിക്കും. ആഹാരം, സമ്പത്ത് എന്നിവയ്ക്ക് വേണ്ടി കഷ്ടപ്പെടും. ശുഭാപ്തി വിശ്വാസം ചോർന്നു പോകും, ആത്മാഭിമാനം തകർന്നു പോകും.

ഇപ്പോൾ മകരം രാശിയിലാണ് ശനി. അതിനാൽ ഉത്രാടം അവസാന മൂന്ന് പാദം, തിരുവോണം, അവിട്ടം ആദ്യ രണ്ടു പാദം നക്ഷത്രങ്ങളിൽ ജനിച്ച മകരക്കൂറുകാർക്ക് ഇപ്പോൾ ജന്മ ശനിയാണ്. ധനുക്കൂറിലെ മൂലം, പൂരാടം, ഉത്രാടം ആദ്യ കാലിലെ നക്ഷത്രക്കാർക്ക് രണ്ടിലാണ് ശനി. അവിട്ടം 3, 4 ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങളിൽ ജനിച്ച കുംഭക്കൂറിന് പന്ത്രണ്ടിലാണ് ശനി. 2022 ഏപ്രിൽ 28 നാണ് കുംഭം രാശിയിലേക്ക് ശനി മാറുന്നത്. അപ്പോൾ ധനുക്കൂറിന് ഏഴര ശനിദോഷം ഒഴിയും. മകരക്കൂറിന് ശനി രണ്ടിൽ ആകും. കുംഭക്കൂറിന് ജന്മശനി തുടങ്ങും. പൂരൂരുട്ടാതി അവസാന പാദം, ഉത്തൃട്ടാതി, രേവതി നക്ഷത്രങ്ങൾ ഉൾപ്പെടുന്ന മീനക്കൂറിന് ഏഴര ശനി തുടങ്ങും.

സാധാരണ ഒരു ആയുസിൽ ഏഴരശനി മൂന്നുതവണ ബാധിക്കും. ഓരോ തവണയും ഇത് ചെലുത്തുന്ന സ്വാധീനം വ്യത്യസ്തമായിരിക്കും. സാധാരണ ഗതിയിൽ ഒരു ആയുസിൽ ആദ്യമായി അനുഭവപ്പെടുന്ന ഏഴരശനി അതി കഠിനമായിരിക്കും. എല്ലാ തരത്തിലും ഇക്കാലത്ത് തടസ്സവും ദുരിതവും അനുഭവിക്കേണ്ടിവരും.

ജീവിതത്തിൽ രണ്ടാം തവണ അനുഭവിക്കേണ്ടി വരുന്ന ഏഴരശനിയുടെ സ്വാധീനം ആദ്യത്തേതുമായി താരതമ്യം ചെയ്യുമ്പോൾ അത്ര കടുത്തതായിരിക്കില്ല. കഠിനമായ അദ്ധ്വാനത്തിലൂടെ ഈ കാലഘട്ടത്തിൽ പല ദുരിതങ്ങളും തരണം ചെയ്യാൻ സാധിക്കും. മാനസികമായി വല്ലാതെ കഷ്ടപ്പെടുമെങ്കിലും ഭൗതിക മുന്നേറ്റത്തിന് തടസം ഉണ്ടാകില്ല. മാതാപിതാക്കളെയും കുടുംബത്തിലെ മറ്റ് മുതിർന്നവരെയും ഇക്കാലത്ത് വേർപിരിയും.

ഏഴരശനി മൂന്നാമതായി അനുഭവിക്കേണ്ടി വരുന്ന കാലം അങ്ങേയറ്റം ദുരിതമായിരിക്കും. ശാരീരിക അവശത വല്ലാതെ ബുദ്ധിമുട്ടിക്കും. രോഗദുരിതവും മരണ ഭയവും ഇക്കാലത്ത് വേട്ടയാടും. ഏറ്റവും ഭാഗ്യം ഉള്ളവർക്കു മാത്രമേ മൂന്നാമത്തെ ഏഴരശനിക്കാലം അതിജീവിക്കാനാകൂ. മൊത്തത്തിൽ ഏഴരശനി കാലത്ത് നിർഭാഗ്യങ്ങൾ പിന്നാലെ സദാ സഞ്ചരിക്കും. തെറ്റായ തീരുമാനങ്ങൾ തുടർച്ചയായി കൈക്കൊള്ളും. നമ്മളെയും ചുറ്റുമുള്ളവരെയും രോഗവും ദുരിതങ്ങളും വേട്ടയാടും. ഉറ്റവരുടെ അപ്രതീക്ഷിതമായ വിയോഗം ഉണ്ടാകും.

എന്നാൽ ശനി ശക്തമായ സ്വാധീനം ചെലുത്തുന്ന ജാതകമുള്ളവരെ ഏഴരശനിദോഷം അത്ര ശക്തമായി ബാധിക്കില്ല. ജ്യോതിഷ പണ്ഡിതൻമാരുടെ നിർദ്ദേശം സ്വീകരിച്ച് ശനിദോഷ പരിഹാരങ്ങൾ അനുഷ്ഠിച്ചാൽ ദുരിതങ്ങൾ ലഘൂകരിക്കാൻ കഴിയും. ആചാര്യൻമാർ നിർദേശിച്ചിട്ടുള്ള പരിഹാര മാർഗ്ഗങ്ങൾ നമ്മിലുള്ള നല്ല ഊർജം വർദ്ധിപ്പിച്ച് മന:ശക്തി കൂട്ടിയാണ് ശനിദോഷം കുറയ്ക്കുന്നത്.

മനസ്സിനെ നിയന്ത്രിക്കുന്നത് ചന്ദ്രനാണ്. മനോബലം ഇല്ലാത്തതു കാരണമാണ് പലപ്പോഴും ഏഴരശനിക്കാലം ദുരിതമയമാകുന്നത്. പ്രാർത്ഥന, ആചാരാനുഷ്ഠാനം എന്നിവയിലൂടെയും മന:ശക്തി വർദ്ധിപ്പിച്ചാൽ നിർഭാഗ്യം അകറ്റുന്നതിനൊപ്പം ഏഴരശനി ദുരിതം തടയാനുമാകും.

എപ്പോഴും ഒരു കാര്യം മനസിൽ വയ്ക്കണം. ശനി കഠിന സ്വഭാവമുള്ള ക്രൂര ഗ്രഹമാണ്. അതിനാൽ എത്ര പ്രാർത്ഥിച്ചാലും ആചാരാനുഷ്ഠാനങ്ങൾ നടത്തിയാലും പരിഹാര കർമ്മങ്ങൾ ചെയ്താലും ശനിദോഷം കുറയ്ക്കാമെന്നേയുള്ളൂ. ഒഴിവാക്കാനാകില്ല. ഒരപകടത്തിൽ കൈ നഷ്ടപ്പെടുന്നതിനു പകരം ഒരു വിരൽ മാത്രം പോകുമെന്നർത്ഥം. ശനീശ്വര രഹസ്യമന്ത്രജപം, ഹനുമത് പ്രീതി, ഗണപതി പ്രീതി , കാലഭൈരവ പ്രീതി, ശാസ്താ പ്രീതി ഇവക്കായി ജപം, വഴിപാട് , സന്മാർഗ്ഗ ജീവിതം ഇവയാണ് ശാന്തി കർമ്മങ്ങൾ. ശനീശ്വര, ശാസ്താ കവച യന്ത്ര ധാരണം, കുതിരലാടം കർമ്മ സ്ഥാനത്ത് സൂക്ഷിക്കുക, കാലഭൈരവ യന്ത്ര ധാരണം, ജാതകാൽ ശനിയോഗകാരകനാണെങ്കിൽ മാത്രം ഇന്ദ്രനീല ധാരണം ഇവയും ഗുണപ്രദം.

  • ജോതിഷി പ്രഭാ സീന സി.പി
    +91 9961 442256, 989511 2028

(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email ID: prabhaseenacp@gmail.com)

Story Summary: Ezhara Shani: Effects and Remedies

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?