Wednesday, December 10, 2025
Wednesday, December 10, 2025
Home » മല്ലിശ്ശേരിയുടെ ഓണപ്പുടവ സമർപ്പണവും ഗുരുവായൂരപ്പന്റെ ലീലാ വിലാസവും

മല്ലിശ്ശേരിയുടെ ഓണപ്പുടവ സമർപ്പണവും ഗുരുവായൂരപ്പന്റെ ലീലാ വിലാസവും

by NeramAdmin
0 comments

രാമയ്യർ പരമേശ്വരൻ

ഗുരുവായൂരപ്പന് ചിങ്ങത്തിലെ തിരുവോണ നാളിൽ തിരുവോണം നമസ്കാരം എന്ന പൗരാണികമായ ചടങ്ങുണ്ട്. ഇതിനുപുറമെ തിരുവോണദിവസം ഉഷനിവേദ്യ ശേഷം നടക്കുന്ന ചടങ്ങാണ് ഓണപ്പുടവ സമർപ്പണം. 2012 മുതലാണ് ഭക്തർക്കും ഇതിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരിയാണ് വാമനമൂർത്തിയായ ഗുരുവായൂരപ്പന് എല്ലാ വർഷവും രണ്ടു നാക്കിലയിൽ രണ്ടു പാവുമുണ്ടുകൾ സോപാനത്ത് സമർപ്പിച്ച് ചടങ്ങ് നിർവഹിക്കുക. ഇതിന് പിന്നിൽ ഒരു ചരിത്ര കഥയും ഐതിഹ്യവും നിലനിൽക്കുന്നു. അതിങ്ങനെ:

ചിങ്ങമാസത്തിലെ തിരുവോണനാളിൽ ഭാഗവതോത്തമനും, ഗുരുവായൂരപ്പന്റെ പരമഭക്തനും,വിശിഷ്യാ ഗുരുവായൂർ ക്ഷേത്രത്തിന്റെ ഊരാളനുമായ മല്ലിശ്ശേരി നമ്പൂതിരി ചെറിയ കുട്ടികൾക്ക് പാവുമുണ്ട്, ഓണപ്പുടവ നൽകുക പതിവുണ്ടായിരുന്നു. സന്താന സൗഭാഗ്യം ലഭിക്കുമെന്ന വിശ്വാസമാണ് ഈ ചടങ്ങിന് അടിസ്ഥാനം. തന്റെ ഇല്ലത്ത് വലിയ ആട്ടുകട്ടിലിലിരുന്ന് വലിയ നീളത്തിലുള്ള പാവുമുണ്ട് മടക്കി വെക്കാവുന്ന ഒരു “പീശാംകത്തി” കൊണ്ട് സ്വയംമുറിച്ച്, മുറിച്ച് കുറെയധികം ചെറിയ കുട്ടികൾക്ക് കൊടുക്കും. . ഒരവസരത്തിൽ കുട്ടികൾക്ക് ഇത്തരത്തിൽ മുറിച്ചു കൊടുക്കുന്നതിനിടയിൽ ഓണപ്പുടവ വാങ്ങാൻ വന്ന കുട്ടികളുടെ കൂട്ടത്തിൽ സുമുഖനും,ചുറുചുറുക്കുള്ളവനും, വാചാലനുമായ കൗതുകമേറിയ ഒരു കുസൃതിയുമായ കുട്ടിയുമുണ്ടായിരുന്നു.

മല്ലിശ്ശേരി ഒരു ഓണക്കോടിയെടുത്ത് ആ കുസൃതിയുടെ വലം കയ്യിൽ വെച്ചുകൊടുത്തു. സന്തോഷഭാവത്തോടെ,ആ മുണ്ട് സ്വീകരിച്ചശേഷം ചിരിച്ചുകൊണ്ട് ഒരു കയ്യിൽ മുണ്ട് വാങ്ങിയശേഷം മറ്റേക്കയ്യിലും വേണമെന്ന് പറഞ്ഞുവത്രേ. മല്ലിശ്ശേരിക്ക് കുട്ടികളെ വളരെ ഇഷ്ടമായിരുന്നു. ഞാൻ ഒരു മുണ്ട് തന്നൂലോ ..ഉണ്ണിക്ക് പിന്നെന്താ…എന്ന് ചോദിച്ചപ്പോൾ” നിയ്ക്ക് രണ്ടു കയ്യിലും വേണം” എന്ന് ഉണ്ണി കൊഞ്ചിക്കൊണ്ട് മല്ലിശ്ശേരി നമ്പൂതിരിയോട് പറഞ്ഞു. മല്ലിശ്ശേരിയുടെ മനസ്സലിഞ്ഞു. പീശാംകത്തികൊണ്ട് ഒരു മുണ്ടും കൂടി മുറിച്ച് ആ കുസൃതിയുടെ മറ്റേക്കയ്യിലും കൊടുത്തു. മുണ്ട് കിട്ടിയതും, ആ പീശാംകത്തികൂടി “നിക്ക് തര്വോ..എന്നായി അടുത്ത ചോദ്യം. മല്ലിശ്ശേരിക്ക് ആ കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യം ഹൃദയത്തിൽ തട്ടി. അദ്ദേഹം അതുവരെ മുണ്ട് മുറിച്ചിരുന്ന ആ പീശാംകത്തികൂടി മടക്കി തെല്ലൊരു പരിഭ്രമത്തോടെയാണെങ്കിലും ആ കുഞ്ഞുകയ്യിൽ വെച്ചുകൊടുത്തു.

രാത്രിയായിട്ടും ആ കുസൃതിയുടെ മുഖഭാവവും ചോദ്യങ്ങളും മനസ്സിൽ നിന്നു മാഞ്ഞില്ല. എന്നാലും ആ ഉണ്ണി ആരായിരിക്കും? ആലോചിച്ചാലോചിച്ച് മല്ലിശ്ശേരി നിദ്രയിലാണ്ടു. പിറ്റേന്ന് തിരുവോണത്തിന് മേൽശാന്തി ശ്രീകോവിൽ തുറന്ന് നിർമ്മാല്യം ദർശന ശേഷം മാലകളും തിലകങ്ങളും മാറ്റുമ്പോൾ ഗുരുവായൂരപ്പന്റെ തൃക്കൈകളിൽ ഓരോ പാവുമുണ്ടുകൾ കണ്ട് ആശ്ചര്യഭരിതനായി. ഇതെന്താ കഥ! തലേദിവസം ഉച്ചപ്പൂജയ്ക്ക് അലങ്കാരസമയത്ത് താനിങ്ങനെ മുണ്ടുകൾ ഗുരുവായൂരപ്പന്റെ തൃക്കയ്യിൽ വച്ചില്ലല്ലോ. അത്താഴ പൂജയ്ക്കും ശേഷവും ഇത്തരമൊരു പാവുമൂണ്ട് ചാർത്തിയില്ലല്ലോ? ഇതാര് വിഗ്രഹത്തിൽ വച്ചു? മറ്റുപൂജ കഴിക്കാൻ വന്നവരോടും അന്വേഷിച്ചു. ആരും അങ്ങനെയൊരു മുണ്ട് ഭഗവാന് ചാർത്തിയതായി പറഞ്ഞില്ല. ഇക്കാര്യങ്ങൾ സംസാരവിഷയമായി.

മല്ലിശ്ശേരിയും വിവരം അറിഞ്ഞു. അദ്ദേഹത്തിന് പരിഭ്രമം കലശലായി. അതിനും കാരണമുണ്ട്. രാത്രി തൃപ്പുക കഴിഞ്ഞ് മേശ്ശാന്തി രാത്രി ശ്രീകോവിലടച്ചു പൂട്ടിയാൽപിന്നെ മറ്റാർക്കും പ്രവേശനവുമില്ല. ഇതെന്തൊരവസ്ഥ! മേൽശാന്തി വിഗ്രഹത്തിൽ നിന്നും ലഭിച്ച പാവുമുണ്ടുകൾ ഊരാളനായ മല്ലിശ്ശേരിയെ നേരിൽ കാണിച്ചു. സമയം നീങ്ങി. അഭിഷേകാദി ചടങ്ങുകൾ തുടങ്ങണം. മല്ലിശ്ശേരിയും,പരുങ്ങലിലായി. “ഗുരുവായൂരപ്പാ….എന്തിനീ പരീക്ഷണം ?” മനംനൊന്ത് പ്രാർത്ഥിക്കവേ ശ്രീലകത്ത് നിന്ന് ഒരശരീരിരൂപേണ “ഇത് എന്റെ ഭക്തനായ മല്ലിശ്ശേരി എനിക്ക് സമ്മാനിച്ച ഓണപ്പുടവയാണ്…എന്റെ …രണ്ടു കയ്യിലും ഓരോ പുതിയ പാവുമുണ്ട് തന്നു. മുണ്ട് മുറിച്ച കത്തിയും തന്നു. ”
അപ്പോഴാണ് മല്ലിശ്ശേരിക്ക് തീർത്തും, ബോദ്ധ്യമായത്, ഇന്നലെ തന്നോട് രണ്ടു കയ്യിലും മുണ്ട് ചോദിച്ചതും പിന്നീട് പീശാംകത്തി ചോദിച്ചതും കരുണാമയനായ, ബാലഗോപാലനായ ഗുരുവായൂരപ്പനാണെന്ന്. മല്ലിശ്ശേരിയുടെ മനസ്സിടറി…ആനന്ദാശ്രു പൊഴിച്ചു കൊണ്ട് മല്ലിശ്ശേരി ഭക്തപ്രിയനായ ഗുരുവായൂരപ്പന്റെ പാദങ്ങളിൽ സാഷ്ടാംഗം നമസ്കരിച്ചു.

ALSO READ

അവിടെയുണ്ടായിരുന്ന മേൽശാന്തിയും,ക്ഷേത്രപരിചാരകരും ഭക്തരുമെല്ലാം അത്ഭുത സ്തബ്ധരായി. മല്ലിശ്ശേരി നമ്പൂതിരിക്ക് ലഭിച്ച മഹാഭാഗ്യത്തെ മുക്തകണ്ഠം പ്രശംസിച്ച് ഹരേ കൃഷ്ണാ, ഗുരുവായൂരപ്പാ,നാരായണ,എന്നീ നാമോച്ചാരണത്തോടെ അവർ മല്ലിശ്ശേരിയെ വണങ്ങി.

ഗുരുവായൂരിൽ ഐതിഹ്യത്തെ അടിസ്ഥാനപ്പെടത്തി ഇന്നും പല സവിശേഷാചാരങ്ങളും നടന്നുവരുന്നുണ്ട്. അന്നുമുതൽ എല്ലാ വർഷവും ചിങ്ങത്തിലെ തിരുവോണദിവസം മല്ലിശ്ശേരി നമ്പൂതിരിയുടെ വകയായി രണ്ട് ഓണപ്പുടവ ഗുരുവായൂരപ്പന് സമർപ്പിക്കുകയും, മേൽശാന്തി ഭഗവദ് വിഗ്രഹത്തിൽ ചാർത്തുകയും പതിവായി.

ഈ സന്നിധിയിൽ , ഗുരുവായൂരപ്പന്റെ അനുഗ്രഹത്തിന് പാത്രീഭൂതരായ മഹാത്മാക്കൾ അനവധിയാണ്. മേൽപ്പത്തൂർ ഭട്ടതിരിപ്പാട് നാരായണീയം കൊണ്ട് ഉപാസിച്ച് നമ്മളെ പഠിപ്പിച്ചതും വിചിത്രരൂപസ്തവഖല്വനുഗ്രഹ” എന്നല്ലേ, ഗുരുവായൂരപ്പൻ ആരെ, എപ്പോൾ, ഏതു വിധത്തിലാണ് അനുഗ്രഹിക്കുന്നത് എന്നത് ആർക്കറിയാം. ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ ചടങ്ങുകൾക്കും ഓരോരോ അനുഭവങ്ങൾ സാക്ഷിയാകുന്നു.

ഗുരുവായൂർ ദേവസ്വം ഗുരുവായൂരപ്പന്റെ അനുഗ്രഹത്തിന് കഴിഞ്ഞ 9 വർഷമായി ഭക്തർക്കും ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പിക്കാൻ സൗകര്യമൊരുക്കി. അനവധി ഭക്തജനങ്ങൾ ഈ സുദിനത്തിൽ പ്രാർത്ഥനയോടെ ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പിക്കാറുണ്ട്. തിരുവോണത്തിന് ഉഷപ്പൂജ, പൂജയ്ക്കു ശേഷം രണ്ടുനാക്കിലയിൽ ഓരോന്നിലും ഓരോ ഓണപ്പുടവ (ചെറിയ പാവുമുണ്ട്) മല്ലിശ്ശേരി നമ്പൂതിരി സോപാനത്ത് ഭക്തിപൂർവ്വം സമർപ്പിക്കും. അതിനുശേഷം ദേവസ്വം അധികൃതരും അനവധി ഭക്തജനങ്ങളും ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പിക്കും. ഈ വർഷത്തെ തിരുവോണമായ 2021 ആഗസ്റ്റ് 21 നാണ് ഓണപ്പുടവ സമർപ്പണം.

രാമയ്യർ പരമേശ്വരൻ,
(റിട്ട. മാനേജർ, ഗുരുവായൂർ ദേവസ്വം)

Story Summary: Lord Guruvayoorrappan: The myth of Onappudava offering


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?