Wednesday, December 10, 2025
Wednesday, December 10, 2025
Home » കാളി മരണഭയം അകറ്റും

കാളി മരണഭയം അകറ്റും

by NeramAdmin
0 comments

ദശമഹാവിദ്യ 1

ആദിപരാശക്തിയുടെ, ശ്രീലളിതാംബികാ ദേവിയുടെ വ്യത്യസ്ത ഭാവങ്ങളാണ് ദശ മഹാവിദ്യകൾ. ഈ ദേവതാ സങ്കല്പങ്ങൾ സൃഷ്ടി, സ്ഥിതി, സംഹാര, തിരോധാന ഭാവങ്ങളെ പ്രതിനിധീകരിക്കുന്നു. കാളിക, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി, ബഗളാമുഖി, ഛിന്നമസ്ത, ധൂമാവതി, മാംതംഗി, കമല എന്നീ ഭാവങ്ങളാണ് ദശ മഹാവിദ്യയ്ക്കുള്ളത്. ദേവീ ഭക്തർ നവരാത്രികാലത്ത് ദശമഹാ വിദ്യകളെ അതിവിപുലമായി ആരാധിക്കുന്നത് പതിവാണ്. ഈ പത്ത് ഭാവങ്ങൾ സാക്ഷാൽ ലളിതാ പരമേശ്വരിയുടെ, മഹാദേവിയുടെ പൂർണ്ണതയായി വാഴ്ത്തപ്പെടുന്നു.

താന്ത്രിക ജ്യോതിഷത്തിൽ ദശമഹാവിദ്യകളെ നവഗ്രഹങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതനുസരിച്ച് സൂര്യന്റെ പ്രതീകം ഭുവനേശ്വരിയാണ്. ചന്ദ്രൻ ഷോഢശി അഥവാ ത്രിപുരസുന്ദരിയെ സൂചിപ്പിക്കുന്നു. ചൊവ്വ ബഗളാമുഖിയെയും ബുധൻ മാതംഗിദേവിയെയും വ്യാഴം താരാദേവിയെയും സൂചിപ്പിക്കുന്നു. ശുക്രൻ പ്രതിനിധാനം ചെയ്യുന്നത് കമലാദേവിയെയാണ്. ശനി കാളികയുടെ പ്രതീകവും കേതു ഛിന്നമസ്താ ദേവിയെയും ധൂമാവതിയെയും പ്രതിനിധീകരിക്കുന്നു.

നവരാത്രിയുടെ അധിദേവതയായി ആരാധിക്കുന്നത് കാളിയെയാണ്. കാളീദേവിയെ ആരാധിച്ചാൽ ഒട്ടും തന്നെ അരക്ഷിതാവസ്ഥ ഉണ്ടാകില്ല. ആരാധിക്കുന്നവനെ നിർവ്വാണപദത്തിൽ ദേവി എത്തിക്കുന്നു. ക്രിയാശക്തി ആയതിനാൽ പ്രവർത്തി വിജയത്തിന് ദേവിയെ ഭജിക്കണം. അതുകൊണ്ട് തന്നെയാണ് കാളി നവരാത്രിയുടെ അധിദേവത ആകുന്നത്.

ശിവന്റെ മഹാകാലൻ എന്ന അവതാരത്തിന്റെ ശക്തിയാണ് മഹാകാളി. ശക്തി നമ്മളിലേക്ക് പകർന്നു നൽകുന്ന ദേവതാ സങ്കല്പമാണിത്. മരണഭയത്തെ ഒഴിവാക്കാൻ മഹാകാളിയെ ഭജിക്കണം. കല്പാന്തത്തിൽ ചരാചരാത്മകമായ അഖില ബ്രഹ്മാണ്ഡത്തെയും ദേവി തന്നിൽ ലയിപ്പിക്കുന്നു. ശാന്തസ്വരൂപിണിയായും രൗദ്രസ്വരൂപിണിയായും ദേവി വിരാജിക്കുന്നു. പുനർസൃഷ്ടിയുടെ ദേവതയും കാളിതന്നെയാണ്. ശനിദോഷം അനുഭവിക്കുന്നവർ കാളിയെ ഭജിക്കുന്നതിലൂടെ ദോഷങ്ങൾ നിശേഷം മാറും.

ഭാരതമെങ്ങും കാളിയെ വിവിധ രൂപങ്ങളിൽ, വിവിധ ആചാരങ്ങളോടെയും അനുഷ്ഠാനങ്ങളോടെയും ആരാധിക്കുന്നു. കേരളത്തിൽ ഏറ്റവുമധികം ആരാധിക്കപ്പെടുന്ന ദേവത ഭദ്രകാളിയാണ്. നാമരൂപ ഭാവങ്ങൾ വ്യത്യസ്തമെങ്കിലും മൂകാംബികയിലും, ആറ്റുകാലും ചോറ്റാനിക്കരയിലുമെല്ലാം കുടി കൊള്ളുന്നത് കാളി തന്നെയാണ്. ഭക്തി മാർഗ്ഗത്തിൽ ഏതു ഭാവത്തിൽ വേണമെങ്കിലും മഹാമായയെ ഉപാസിച്ച് ഫലം നേടാം. എന്നാൽ സിദ്ധി ലാഭത്തിന് വീര ഭാവത്തിലാണ് ദേവിയെ ഉപാസിക്കേണ്ടത്. സാധനയിൽക്കൂടി അഹംഭാവം, മമത, ഭേദബുദ്ധി ഇതെല്ലാം നശിച്ച് സാധകനിൽ പൂർണ്ണമായും ശിശു പ്രകൃതം ഉദയം ചെയ്യും. അപ്പോൾ കാളിയുടെ ശ്രീ വിഗ്രഹം സാധകന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നു. ആ സമയത്ത് കാളീ ദേവിയുടെ തേജസ് അവർണ്ണനീയമാണ്. താന്ത്രീകമാർഗ്ഗത്തിൽ മന്ത്രദീക്ഷയോടു കൂടി കാളിയുടെ ഉപാസന ചെയ്യുമ്പോൾ അനന്യ ശരണാഗതയായി ദേവിയുടെ കാരുണ്യം ആർക്കും ലഭിക്കും.

ALSO READ

ഭദ്രകാളീ ധ്യാനം
1
ശംഭുസ്ഥാ ശശഖണ്ഡ ലക്ഷ്മവിലസത്
കോടീരചൂഡോജ്ജ്വലാ
ബിഭ്രാണാകര പങ്കജൈർഗ്ഗുണസൃണീ
ഖഡ്ഗം കപാലം തഥാ
മുണ്ഡസ്രക് പരിമണ്ഡിതാ ത്രിനയനാ
രക്താംഗരാഗാംശുകാ
സർവ്വാലങ്കരണോജ്ജ്വലാ ശിതിനിഭാ
ന: പാതു നിത്യം ശിവ

(ശിവന്റെ മടിത്തട്ടിൽ ഇരിക്കുന്നവളും ചന്ദ്രക്കലാ മുദ്രിതമായ കിരീടത്താൽ ഉജ്ജ്വലമായി
ശോഭിക്കുന്നവളും കര പങ്കജങ്ങളിൽ കയർ, തോട്ടി, വാൾ, കപാലം എന്നിവ ധരിച്ചവളും മൂന്ന് കണ്ണുകൾ ഉള്ളവളും രക്ത വസ്ത്രവും കുറിക്കൂട്ടുകളും അണിഞ്ഞവളും സർവ്വാലങ്കാര
ശോഭിതയും നീല നിറമുള്ളവളുമായ ശിവാ നമ്മെ രക്ഷിക്കട്ടെ )

2
കാളീ മേഘസമപ്രഭാം ത്രിനയനാം
വേതാളകണ്ഠസ്ഥിതാം
ഖഡ്‌ഗ ഖേട കപാല ദാരിക ശിര: കൃത്വാ
കരാഗ്രേഷു ച
ഭൂത പ്രേത പിശാച മാതൃ സവിതാം
മുണ്ഡസ്ര ജാലംകൃതാം
വന്ദേ ദുഷ്ട മസൂരികാദിവിപദാം
സംഹാരിണീമീശ്വരീം

(കാർ മേഘ നിറമുള്ളവളും ത്രിനയനങ്ങളോട് കൂടിയവളും വേതാളത്തിന്റെ കണ്ഠത്തിൽ ഇരിക്കുന്നവളും വാൾ, പരിച, തലയോട്ടി, ദാരിക ശിരസ് എന്നിവ ധരിച്ചവളും ഭൂതങ്ങൾ, പ്രേതങ്ങൾ, പിശാചുകൾ, മാതൃക്കൾ എന്നിവയോട് കൂടിയവളും മനുഷ്യ ശിരസുകൾ കോർത്ത മാല അണിഞ്ഞവളും വസൂരി മുതലായ മഹാമാരികളെ നശിപ്പിക്കുന്നവളും ഈശ്വരിയുമായ ഭദ്രകാളിയെ നമിക്കുന്നു)

മൂലമന്ത്രം
ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമ:

പ്രാർത്ഥനാ മന്ത്രങ്ങൾ
1
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ
2
നമ: ത്രൈലോക്യ ജനനി നമ: ത്രൈലോക്യ വാസിനി
സംരക്ഷ മാം മഹാകാളി ജഗദാനന്ദദായിനി

Story Summary: Desha Mahavidya: Significance of Kalika

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?