Wednesday, December 10, 2025
Wednesday, December 10, 2025
Home » വശ്യസിദ്ധിക്ക് ഭുവനേശ്വരിയെ ധ്യാനിക്കാം; ചന്ദ്രദോഷങ്ങളും നശിപ്പിക്കും

വശ്യസിദ്ധിക്ക് ഭുവനേശ്വരിയെ ധ്യാനിക്കാം; ചന്ദ്രദോഷങ്ങളും നശിപ്പിക്കും

by NeramAdmin
0 comments

ദശ മഹാവിദ്യ 4

ഭൗതിക ലോകത്തിന്റെ ഈശ്വരിയായ ഭുവനേശ്വരി ആദിപരാശക്തിയുടെ ദശമഹാവിദ്യകളിലെ നാലാം ഭാവമാണ്. സർവ്വശക്തി സ്വരൂപിണിയാണ് ഹ്രീം എന്ന ബീജാക്ഷരത്താൽ സ്തുതിക്കുന്ന ഭുവനേശ്വരി ദേവി. പ്രകൃതി പ്രതിഭാസങ്ങളെ നിയന്ത്രിക്കുന്നത് ഈ ദേവിയാണ്. ഈ മഹാദേവിയുടെ ചുമതലയാണ് പ്രജകളുടെ സുഖവും ഐശ്വര്യവും സംരക്ഷിക്കുക. ഭുവനേശ്വരി ദേവിയെ ഭജിച്ചാൽ ചന്ദ്രഗ്രഹദോഷവും ചന്ദ്രദശാകാല ദോഷങ്ങളും ഇല്ലാതാകും.

ഭുവനേശ്വരിയെ പരദേവതയായി പല കുടുംബങ്ങളിലും ആരാധിക്കപ്പെടുന്നു. തോട്ടിയും പാശവും ചന്ദ്രക്കലയും ധരിച്ച് അഭയ വരമുദ്രയോടെ ധരിച്ച് ഉദയസൂര്യ ശോഭയോടെ മൂന്നു കണ്ണുകളോടെ ദേവിവിളങ്ങുന്നു. ഭുവനേശ്വരൻ എന്ന ശിവന്റെ ശക്തിയാണ് ഭുവനേശ്വരി. വിദ്യാസ്വരൂപിണിയും ശക്തിസ്വരൂപിണിയുമായതിനാൽ നവരാത്രിയിൽ പൂജിക്കുന്നു. ത്രിഭുവനങ്ങളുടെയും ഈശ്വരിയത്രെ ഭുവനേശ്വരി. അനന്തമായ ഈ ഭുവനം ദേവിയുടെ ശരീരമായി കരുതുന്നു. ഭുവനത്തിലെ ജീവജാലങ്ങൾ ദേവിയുടെ ആഭൂഷണങ്ങളാണ്. തന്നിൽ നിന്ന് വിടരുന്ന സുന്ദരമായ പൂവ് എന്നപോലെ ദേവി ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു. കാലവും ദേശവും ദേവിയിൽ നിലനിൽക്കുന്നു. കാളി ക്രിയാശക്തിയാണ്; ത്രിപുരസുന്ദരി ജ്ഞാനശക്തിയാണ്. ഭുവനേശ്വരി പ്രേമസ്വരൂപമായ ഇച്ഛാശക്തിയാണ്. അതുകൊണ്ടാണ് വശ്യസിദ്ധിക്ക് ഭുവനേശ്വരിയെ ധ്യാനിക്കുന്നത്.

കാലത്തിന്റെ നിയതാവ് കാളിയെങ്കിൽ ദേശത്തിന്റെ അധിപ ഭുവനേശ്വരിയത്രെ. കാളി കാലത്തിൽ സംഭവപരമ്പരകൾ സൃഷ്ടിക്കുമ്പോൾ ഭുവനേശ്വരി വസ്തുക്കളെ സൃഷ്ടിക്കുന്നു. ഭുവനേശ്വരിയുടെ സൃഷ്ടിയായ ലോകവസ്തുക്കളുടെ മേൽ കാളി നൃത്തം ചെയ്യുന്നു. പ്രപഞ്ചത്തിലെ എല്ലാം ഭുവനേശ്വരിയുടെ ദേഹത്തിലെ അലകൾ മാത്രമാണ്. ത്രിപുരസുന്ദരിയോട് സാമ്യമുള്ള രൂപമാണ് ഭുവനേശ്വരിയുടേത്. ഉദയ സൂര്യന്റെ നിറം, നെറ്റിയിൽ ചന്ദ്രക്കല, നാലു കൈകൾ, ത്രിനേത്രം. നാല് കൈകളിൽ പാശം, അങ്കുശം, അഭയം, വരദം. ഭുവനേശ്വരിദേവിയെ ‘ശ്രീമാതാ’ മന്ത്രത്താൽ ഉപാസിക്കാം. ദേവിയുടെ ലളിതവും സ്വാഭാവികവും ദിവ്യവുമായ മന്ത്രമാണ് ദേവീ സഹസ്രനാമത്തിലെ ആദ്യത്തെ നാമമായ ഓം ശ്രീമാത്രേ നമഃ. വളരെ ശക്തിയുള്ള മന്ത്രമാണ്. ഓം ഹ്രീം നമഃ എന്ന ഭുവനേശ്വരി മന്ത്രം, ഗുരുവിന്റെ ഉപദേശം നേടി മാത്രമേ ജപിക്കാവൂ. അല്ലെങ്കിൽ തിരിച്ചടിയുണ്ടാകാൻ ഏറെ സാദ്ധ്യത ഉണ്ടെന്ന് ആചാര്യന്മാർ പറയുന്നു. തിരിച്ചടിയുടെ സൂചന കണ്ടാൽ പ്രായശ്ചിത്തമായി 108 തവണ ഓം ജപിക്കണം. പിന്നെ ഭുവനേശ്വരി മന്ത്രം ജപിക്കാൻ പാടില്ല.


Pic Design: Prasanth Balakrishnan
+91 7907280255 dr.pbkonline@gmail.com


Story Summary: Dashamaha Vidya 4: Significance of Bhuvaneshwari

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?