Wednesday, December 10, 2025
Wednesday, December 10, 2025
Home » ബാബയിൽ ഭക്തിയുമുള്ളവർ ആഗ്രഹിക്കുന്നുതെന്തും നടക്കും

ബാബയിൽ ഭക്തിയുമുള്ളവർ ആഗ്രഹിക്കുന്നുതെന്തും നടക്കും

by NeramAdmin
0 comments

മംഗള ഗൗരി
1918 ഒക്ടോബർ 15 ന് വിജയദശമി നാളിലാണ് ഈ ലോകത്ത് നിന്നും ഷിർദ്ദി സായിബാബ ഭൗതിക ദേഹം ഉപേക്ഷിച്ച് പോയത്. അതായത് 103 സംവത്സരങ്ങൾ മുൻപ്.ശരീരം ഉപേക്ഷിച്ച് പോയാലും എപ്പോഴും തന്റെ ഭക്തരുടെ കൂടെയുണ്ടാകുമെന്ന് അരുളി ചെയ്ത ബാബയുടെ മഹാസമാധിക്ക് ഏഴു ദിവസം മുൻപ് ഷിർദ്ദിയിൽ ഒരു വിസ്മയാവഹമായ സംഭവം നടന്നു. ആ അത്ഭുത സംഭവം ശ്രീസായി സത്ചരിതത്തിൽ ഹേമദ് പാന്ത് വിവരിച്ചിട്ടുണ്ട്:

അന്ന് ഒരു കാളവണ്ടി വന്ന് മസ്ജിദ്ദിന് മുന്നിൽ നിന്നു. ഒരു പുലിയെ ചങ്ങലയ്ക്കിട്ട് കെട്ടിയതായിരുന്നു വണ്ടിക്കുള്ളിൽ. അതിന്റെ ഭീകരമായ മുഖം വണ്ടിക്ക് പിൻവശത്തേക്ക് തിരിച്ചായിരുന്നു അത് കിടന്നിരുന്നത്. അത് എന്തോ അസഹ്യമായ വേദന അനുഭവിക്കുന്ന് ഉണ്ടായിരുന്നു. അതിന്റെ സൂക്ഷിപ്പുകാരായ മൂന്നു മുസ്ലിങ്ങൾ അതിനെ പല സ്ഥലത്തും കാെണ്ടു നടന്ന് കാഴ്ചവസ്തുവായി പ്രദർശിപ്പിച്ചു പണം സമ്പാദിച്ചു വരികയായിരുന്നു. അവരുടെ ഉപജീവനമാർഗ്ഗം ഈ പുലിയായിരുന്നു. അതിന്റെ സുഖക്കേട് മാറ്റാൻ അവർ പലതും പരീക്ഷിച്ചു നോക്കിയിട്ടും വിഫലമായി. അവർ ബാബയുടെ പ്രശസ്തി കേട്ടു മൃഗവുമായി അവിടെ എത്തിയതാണ്. അവർ അതിനെ ചങ്ങല പിടിച്ച് വണ്ടിയിൽ നിന്നിറക്കി വാതില്കൽ നിർത്തി. സ്വതവെ ഭയങ്കര മൃഗം. പോരെങ്കിൽ സുഖക്കേടും. അതു കാരണം അത് അത്യധികം വെപ്രാളപ്പെട്ടു കൊണ്ടിരുന്നു. ജനങ്ങൾ അതിനെ ഭയത്തോടും അതിശയത്താേടും കൂടി നോക്കിക്കൊണ്ടിരുന്നു . സൂക്ഷിപ്പുകാർ അകത്തു പോയി, ബാബയോട് പുലിയുടെ വിവരങ്ങളെല്ലാം പറഞ്ഞ് അനുവാദം വാങ്ങി. പുലിയെ ബാബയുടെ മുന്നിൽ കൊണ്ടുവന്നു. മസ്ജിദിന്റെ ഒതുക്കിന്റെ അടുത്ത് എത്തിയപ്പോൾ ബാബയുടെ പ്രഭ കണ്ടതോടെ ആ ജീവി പരിഭ്രമിച്ച് തലതാഴ്ത്തി നിന്നു. ബാബയും പുലിയും അന്യോന്യം കണ്ടതോടെ അത് ഒതുക്കിൻ മേൽ കയറി ബാബയെ സ്നേഹഭാവത്തോടെ നോക്കി നിന്നു. ഉടൻ അത് വാലിന്റെ കൊടി പൊക്കി നിലത്ത് മൂന്നടിയടിച്ച് താഴോട്ട് ചത്തുവീണു. പുലി ചത്തു പോയതു കണ്ടപ്പോൾ സൂക്ഷിപ്പുകാർക്ക് ആദ്യം നിരാശ തോന്നിയെങ്കിലും പിന്നീട് അവർ ബുദ്ധിപൂർവം ആലോചിച്ചു. ആ മൃഗം സുഖക്കേട് പിടിച്ച് അവശനായ സ്ഥിതിക്ക് ബാബയുടെ പാദങ്ങളിൽ വച്ച് അന്ത്യശ്വാസം വലിച്ചത് വളരെ നന്നായി എന്നവർക്ക് ബോദ്ധ്യപ്പെട്ടു. ആ പുലി അവരുടെ കടക്കാരനായിരുന്നു. മുജ്ജന്മത്തെ ആ കടം കൊടുത്തു വീട്ടിയതോടെ അതിന് ബാബയുടെ പാദങ്ങളിൽ വച്ച് ജീവിതം അവസാനിപ്പിക്കാനായി. ഏത് ജീവജാലം ആയാലും ഋഷീശ്വരൻമാരുടെ മുന്നിൽ കുമ്പിട്ട് ജീവിതം അവസാനിച്ചാൽ അവർക്ക് സത്ഗതിയാണ് ഫലം. മുജ്ജന്മ സുകൃതം കൊണ്ടല്ലാതെ അവർക്കിങ്ങനെ സന്തോഷകരമായ അവസാനം കൈവരുന്നതല്ല.

നമ്മുടെ അന്ത്യ നിമിഷങ്ങളിൽ എന്ത് സദ് വിചാരമാണ് ഉണ്ടാകാൻ പോകുന്നത് എന്നതിനെപ്പറ്റി നമുക്ക് ഒരു രൂപവും കാണില്ല. പലരും ആ നേരത്ത് ഭയപ്പെടാനും ഭീകരത അനുഭവിക്കാനുമാണ് സാദ്ധ്യത. അതിനാൽ അന്ത്യ നിമിഷങ്ങളിൽ സദ് വിചാരങ്ങളിലേക്ക് നയിക്കാൻ ചിരകാല പരിശ്രമം തന്നെ വേണ്ടി വരുന്നതാണ്. അതുകൊണ്ടാണ് എല്ലാ ഋഷിമാരും അന്ത്യ നിമിഷങ്ങളെ നേരിടാൻ സദാ സമയവും നാമം ജപിച്ച് മനസിനെ സജ്ജമാക്കാൻ ആവശ്യപ്പെടുന്നത്. ബാബയും അങ്ങനെ തന്നെയായിരുന്നു. കരുണാമയനും സ്നേഹസമ്പന്നനും ആയ ബാബ മസ്ജിദിൽ വച്ച് പറയുമായിരുന്നു:
എന്നെ ഏറ്റവും അധികം സ്നേഹിക്കുന്നവർ, എന്നെ സദാ കാണുന്നു. ഞാനില്ലാത്ത ലോകം അവർക്ക് കേവലം ശൂന്യമാണ്. അവർക്ക് എന്റെ അപദാനങ്ങളല്ലാതെ മറ്റൊരു കഥയും പറയുവാൻ കാണില്ല. അവർ നിരന്തരം എന്നിൽ ധ്യാനനിരതനായി സദാ എന്റെ നാമം ജപിക്കും. എല്ലാം എന്നിൽ സമർപ്പിച്ച് എന്നെ സ്മരിക്കുന്നവരോട് ഞാൻ സ്വയം കടപ്പെട്ടവനായിത്തീരും. ഞാൻ അവരുടെ കടം വീട്ടുന്നത് അവർക്ക് മുക്തി പ്രദാനം ചെയ്താണ്. എന്നെ സ്മരിച്ച് എന്റെ പിന്നാലെ കൂടി എനിക്ക് തന്ന് ഭക്ഷണം കഴിക്കുന്നവനിൽ ഞാൻ ആശ്രിതനാകുന്നു. ഇങ്ങനെ ആര് എന്നെ സമീപിക്കുന്നുവോ അവർ ഞാനുമായി താദാത്മ്യം പ്രാപിച്ച് ഐക്യം സംഭവിച്ച് നദി സമുദ്രത്തിൽ ലയിക്കും പോലെ എന്നിൽ ലയിക്കുന്നു.

അതുകൊണ്ട് ഭക്തരെ ഒരു ചരടുകൊണ്ടെന്ന പോലെ തന്നിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന ഷിർദ്ദി സായി ബാബയുടെ കരുതലും കാരുണ്യവും ലഭിക്കാൻ നമ്മൾ ഒരു കാര്യം മാത്രം ചെയ്താൽ മതി: അഹങ്കാരത്തിന്റെ ലാഞ്ചന പോലും ഉപേക്ഷിച്ച് ബാബയെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുക. പൂർണ്ണമായും ബാബയിൽ ശരണം പ്രാപിക്കുക. പിന്നെയെല്ലാം ബാബ നോക്കിക്കൊള്ളും. എല്ലാ ഭക്തരുടെയും അനുഭവമാണിത്. കരുണയുടെ കടലായ ബാബയിൽ ഉറച്ച വിശ്വാസവും ഭക്തിയുമുള്ളവർ ആഗ്രഹിക്കുന്നുതെന്തും നടക്കും.

ഓം സായി നമോ നമ:
ശ്രീസായി നമോ നമ:
ജയ് ജയ് സായി നമോ നമ:
സദ്ഗുരു സായി നമോ നമ:

മംഗള ഗൗരി

ALSO READ


Story Summary: Miracles of Shirdi Saibaba


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?