വി സജീവ് ശാസ്‌താരം
പമ്പയിൽ നിന്ന് പരമ്പരാഗത പാതയായ നീലിമല വഴിയോ അൽപ്പം ആയാസം കുറഞ്ഞ സ്വാമി അയ്യപ്പൻ റോഡ് വഴിയോ മരക്കൂട്ടത്തെത്തുമ്പോൾ വഴി വീണ്ടും രണ്ടായി പിരിയുന്നു. വലത്തേയ്ക്കുള്ള പരമ്പരാഗത വഴി ശരംകുത്തിയിലേയ്ക്കുള്ളതാണ്. മുൻപ് ഈ വഴി ചെന്നെത്തുന്നതും ഒരു കയറ്റത്തിലേയ്ക്കായിരുന്നു. (ഭക്തരുടെ ആയാസം കുറയ്ക്കുവാൻ 1998 ൽ ശരംകുത്തി ഇടിച്ചു താഴ്ത്തുകയുണ്ടായി) മരക്കൂട്ടത്തുനിന്ന് ഇടത്തേയ്ക്ക് കാണുന്ന വഴിയാണ് സന്നിധാനത്തിന് താഴെ ജ്യോതി നഗർ വരെയുള്ള ചന്ദ്രാനന്ദൻ റോഡ്. ഈ റോഡിന് അപ്രകാരം പേര് വന്നത് എങ്ങനെയാണെന്ന് നോക്കാം.
നിരീശ്വരവാദിയും പുന്നപ്ര വയലാർ സമര സേനാനിയും സിപിഎം നേതാവുമായ പി.കെ.ചന്ദ്രാനന്ദൻ മുന്‍കൈയെടുത്ത് വെട്ടിയ റോഡാണ് ഇന്നും ചന്ദ്രാനന്ദൻ റോഡ് എന്നറിയപ്പെടുന്നത്. മണ്ഡല – മകരവിളക്ക് ഉത്സവകാലത്ത് അഭൂതപൂർവ്വമായ ജനത്തിരക്കിൽ ഒരു വശത്ത് അപകടകരമായ ചെംകുത്തുള്ള ശരംകുത്തി വഴി ഭക്തർ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നതിന്റെ വൈഷമ്യം കുറയ്ക്കുക, സന്നിധാനത്തേയ്ക്കുള്ള ചരക്കു നീക്കം സുഗമമാക്കുക തുടങ്ങി വിവിധ ഉദ്ദേശ്യങ്ങൾ സാദ്ധ്യമാക്കുകയായിരുന്നു ഈ റോഡ് വെട്ടുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകങ്ങൾ. അതിനായി വനംവകുപ്പിനോടും, നിയമ – റവന്യൂ വകുപ്പുകളോടും വളരെ മല്ലടിച്ചാണ് അനുമതി തരപ്പെടുത്തിയത്.
അങ്ങനെ ചന്ദ്രാനന്ദൻ റോഡ് ഉണ്ടായിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു. 1967 കാലഘട്ടത്തിൽ ദേവസ്വം ബോര്‍ഡ് മെമ്പറായിരിക്കെയാണ് നിലവിലെ കാനന പാതയ്ക്ക് സമാന്തരമായി റോഡ് വെട്ടാൻ ചന്ദ്രാനന്ദൻ മുന്‍കൈയെടുത്തത്. അക്കാലത്ത് ചാലക്കയം വരെ മാത്രമേ നല്ല റോഡ് ഉണ്ടായിരുന്നുള്ളൂ. പമ്പയിലേയ്ക്ക് ജീപ്പ് സര്‍വീസായിരുന്നു ആശ്രയം. അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന ശ്രീമതി കെ.ആർ ഗൗരി അമ്മയെ സമീപിച്ച് ചന്ദ്രാനന്ദൻ റോഡിന് സ്ഥലം ആവശ്യപ്പെട്ടു. നിരന്തരമായ സമ്മർദ്ദങ്ങൾക്കൊടുവിൽ പമ്പയിൽ 60 ഏക്കറും സന്നിധാനത്ത് 40 ഏക്കറും മന്ത്രി റോഡിനായി വിട്ടു നില്‍കി. തുടര്‍ന്ന് നടന്ന ശ്രമഫലമായാണ് ചന്ദ്രാനന്ദൻ റോഡ് സന്നിധാനത്ത് ഉണ്ടായത്. താൻ തീരുമാനിച്ച കാര്യങ്ങൾ നടപ്പാക്കാനുള്ള ഇച്ഛാശക്തി ആ
വ്യക്തിക്കുണ്ടായിരുന്നു. തന്റെ ലക്ഷ്യത്തിലെത്താൻ ഏതറ്റം വരെയും പോകാനും അദ്ദേഹം തയ്യാറായി. പുതിയ പാതവെട്ടാൻ ദേവസ്വം ബോര്‍ഡ് ജീവനക്കര്‍ക്ക് പുറമെ ആലപ്പുഴയിൽ നിന്ന് സ്വന്തം നിലയ്ക്ക് ആള്‍ക്കാരെ അദ്ദേഹം രംഗത്തിറക്കി. ബോര്‍ഡ് അംഗം എന്ന നിലയിലുള്ള പ്രതിഫലവും മറ്റ് അലവന്‍സും ഈ ജോലിക്കായി അദ്ദേഹം വിനിയോഗിച്ചു. ഒടുവിൽ പാത യാഥാര്‍ത്ഥ്യമായതോടെ ശബരിമലയിലേക്കുള്ള തിരക്ക് നിയന്ത്രിക്കാൻ അത് വലിയൊരളവ് വരെ പ്രയോജനപ്പെട്ടു. ചന്ദ്രാനന്ദൻ ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ പുതിയ പാത ‘ചന്ദ്രാനന്ദൻ റോഡ്’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
ദർശനം കഴിഞ്ഞിറങ്ങുന്ന വരെ ആണ് മുമ്പ് ഈ പാതയിലൂടെ വിട്ടിരുന്നത്. ഇന്ന് മാസപൂജാ കാലത്ത് അധികം ആൾക്കാരും സന്നിധാനത്തേക്ക് പോകുന്നതും മടങ്ങുന്നതും ഈ വഴിക്കാണ്.
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Story of Chandranadan Road in Sabarimala