Wednesday, December 10, 2025
Wednesday, December 10, 2025
Home » ശ്രീ അന്നപൂർണ്ണേശ്വരിയെ നിത്യവും ഭജിച്ചാൽ ദാരിദ്ര്യദുഃഖം ഒഴിയും

ശ്രീ അന്നപൂർണ്ണേശ്വരിയെ നിത്യവും ഭജിച്ചാൽ ദാരിദ്ര്യദുഃഖം ഒഴിയും

by NeramAdmin
0 comments

ശ്രീകുമാർ ശ്രീ ഭദ്ര

പ്രപഞ്ചപാലകനാണ് ശിവഭഗവാൻ. ഈ ലോകം നിർമ്മിക്കുന്നതും അനുദിനം മാറ്റങ്ങൾ വരുത്തുന്നതും ശിവനാണ്. ഈശ്വര സങ്കല്പത്തിലെ അവസാനത്തെ വാക്കാണ് ശിവനെങ്കിലും കൈലാസ ശൈലത്തിൽ ഭാര്യ പാർവ്വതിയും മക്കളായ ഗണേശനും കുമാരനുമൊത്ത് കഴിയുന്ന ഗൃഹസ്ഥാശ്രമിയായും ഭഗവാനെ സങ്കല്പിക്കുന്നു. ഇതനുസരിച്ച് ഭിക്ഷ യാചിച്ചു കിട്ടുന്ന സാമഗ്രികൾ കൊണ്ടാണ് ശിവൻ ഭാര്യയെയും മക്കളെയും പോറ്റുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം ശിവൻ കൊണ്ടുവന്ന ആഹാരം ഗണപതിയുടെ വാഹനമായ എലിയും
സുബ്രഹ്മണ്യന്റെ വാഹനമായ മയിലും സൂത്രത്തിൽ തട്ടിയെടുത്തു. അതിനാൽ പാർവ്വതിക്കും മക്കൾക്കും അന്ന് പട്ടിണി കിടക്കേണ്ടിവന്നു. ഈ സമയത്ത് കൈലാസത്തിൽ എത്തിയ നാരദമുനി ശിവനോട് രഹസ്യമായി പറഞ്ഞു: ഭർത്താവും കുഞ്ഞുങ്ങളും പട്ടിണി കിടക്കേണ്ടി വരുന്നത് ഭാര്യയുടെ കുഴപ്പം കൊണ്ടാണ്. ഭാര്യയ്ക്ക് ഐശ്വര്യം ഇല്ലാത്തതാണ് വിഷമങ്ങൾക്കെല്ലാം കാരണം. ഇത് ശരിയാണെന്ന് തോന്നിയ ശിവൻ ആ നിമിഷം മുതൽ പാർവ്വതിയോട് മിണ്ടാതായി.

ഇതേ നാരദൻ പാർവ്വതിയോട് പറഞ്ഞു: ഒരു ജോലിയുമില്ലാതെ നടക്കുന്ന ഈ ഭർത്താവിന്റെ കൂടെ ദേവിയല്ലാതെ മറ്റാരെങ്കിലും പൊറുക്കുമോ? ഇത് കേട്ടതും പാർവ്വതി മക്കളെയും കൂട്ടി പിതാവായ ഹിമവാന്റെ അടുത്തേക്ക് പുറപ്പെട്ടു. സംഗതി കരുതിയതിലും ഗുരുതരമായ പ്രശ്‌നം ആകുമെന്ന് ഭയന്ന നാരദർ പാർവ്വതിയെ വഴിയിൽ വച്ച് തടഞ്ഞു. മാത്രമല്ല പട്ടിണി ബാധിക്കാതിരിക്കാൻ ഒരു വഴിയും പറഞ്ഞു കൊടുത്തു. അതിരാവിലെ ശിവൻ ഉറക്കം ഉണരും മുൻപ് എഴുന്നേറ്റ് ശിവൻ പോകാറുള്ള എല്ലാ സ്ഥലങ്ങളിലും ചെന്ന് ഭിക്ഷയാചിക്കുക.

പാർവ്വതി നാരദൻ പറഞ്ഞതു പോലെ ചെയ്തു. അന്നും പതിവു പോലെ ശിവൻ ഭിക്ഷാടനത്തിനിറങ്ങിയെങ്കിലും എങ്ങു നിന്നും ഒന്നും കിട്ടിയില്ല. ശൂന്യമായ ഭിക്ഷാപാത്രം
കൈയ്യിലേന്തി വീട്ടിൽ തിരിച്ചെത്തിയ ശിവന് പാർവ്വതി വയറുനിറയെ ആഹാരം കൊടുത്തു. മൃഷ്ടാന്നമുണ്ട് സംതൃപ്തനായ ശിവൻ പാർവ്വതിയെ ആലിംഗനം ചെയ്തു. അപ്പോൾ ദേവിയുടെയും ദേവന്റെയും ശരീരം ഒന്നായി. അങ്ങനെ ശിവൻ അർദ്ധനാരീശ്വരൻ ആയി. അന്നുമുതൽ പാർവ്വതി അന്നപൂർണ്ണേശ്വരിയായി അറിയപ്പെട്ടു.

അന്നപൂർണ്ണേശ്വരി മൂലമന്ത്രവും ശ്ലോകവും നിത്യേന ജപിച്ചാൽ ദാരിദ്ര്യദുഃഖവും പട്ടിണിയും മാറി ഐശ്വര്യം ലഭിക്കും എന്നാണ് വിശ്വാസം. എല്ലാ ദിവസവും ജപിക്കാൻ കഴിയാത്തവർ പൗർണ്ണമി നാളിലെങ്കിലും മുടങ്ങാതെ ജപിക്കുക.

മൂലമന്ത്രം

ALSO READ

ഓം ഹ്രീം ശ്രീം നമോ ഭഗവതി മഹേശ്വരി
അന്നപൂർണ്ണേ സ്വാഹാ

അന്നപൂർണ്ണേശ്വരി ശ്ലോകം

അന്നപൂർണ്ണാം സദാ പൂർണ്ണാം
പാർവ്വതീർപർവ്വ പൂജിതാം
മഹേശ്വരീരം ഋഷഭാരൂഢാം വന്ദേ
ത്വം പരമേശ്വരീം

(സമൃദ്ധമായി ആഹാരം തരുന്ന ദേവീ, സുഖ ഭോഗങ്ങളിൽ വിരാജിക്കുന്ന ദേവീ, പർവതരാജന്റെ മകളേ, പൗർണ്ണമി നാളിൽ വണങ്ങുന്ന ദേവീ, മഹേശ്വന്റെ പത്നീ, ഋഷഭവാഹനത്തിൽ സഞ്ചരിക്കുന്ന ദേവീ ദേവാദിദേവന്മാരെ നയിക്കുന്ന ദേവീ, അമ്മേ, ദേവിയെ വണങ്ങുന്നേൻ )

അന്നപൂർണ്ണേശ്വരി സ്തുതി

നിത്യാനന്ദകരീ വരാഭയകരീ
സൗന്ദര്യരത്നാകരീ
നിര്‍ദ്ധൂതാഖില ഘോരപാപനികരീ
പ്രത്യക്ഷമാഹേശ്വരീ
പ്രാലേയാചലവംശ പാവനകരീ
കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ
മാതാന്നപൂര്‍ണ്ണേശ്വരീ

അന്നപൂര്‍ണ്ണേ സദാ പൂര്‍ണ്ണേ
ശങ്കരപ്രാണവല്ലഭേ!
ജ്ഞാനവൈരാഗ്യസിദ്ധ്യര്‍ത്ഥം
ഭിക്ഷാംദേഹി ച പാര്‍വ്വതി!

ഓം അന്നദായൈ നമഃ

ശ്രീകുമാർ ശ്രീ ഭദ്ര ,

+ 91 9447223407

Story Summary: Annapoorneswari Upasana for removing poverty

Copyright 2021 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?