Wednesday, December 10, 2025
Wednesday, December 10, 2025
Home » ഈ 3 നക്ഷത്രക്കാര്‍ സർപ്പദേവതകളെ ആരാധിച്ചാൽ ഭാഗ്യാനുഭവങ്ങള്‍ തേടി വരും

ഈ 3 നക്ഷത്രക്കാര്‍ സർപ്പദേവതകളെ ആരാധിച്ചാൽ ഭാഗ്യാനുഭവങ്ങള്‍ തേടി വരും

by NeramAdmin
0 comments

ജ്യോതിഷന്‍ ഗോപാകുമാരന്‍ പോറ്റി

തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാര്‍ നിത്യവും സർപ്പദേവതകളെ ആരാധിക്കുകയും രാഹു പ്രീതി കൂടി വരുത്തുകയും ചെയ്താൽ ഇവരുടെ ജീവിതത്തില്‍ വലിയ ഭാഗ്യാനുഭവങ്ങള്‍ വന്നെത്തും. ജ്യോതിഷത്തിൽ രാഹുവിന്റെ അധിദേവതയാണ് സർപ്പങ്ങൾ. തിരുവാതിര, ചോതി, ചതയം എന്നീ നക്ഷത്രങ്ങളുടെ അധിപൻ രാഹു ആയതിനാലാണ് ഇക്കൂട്ടർ നിത്യവും സർപ്പദേവതകളെ ആരാധിക്കുന്നതും സർപ്പസന്നിധിയിൽ ആയില്യം പൂജ, നൂറും പാലും തുടങ്ങിയ വഴിപാടുകൾ നടത്തുന്നതും ശ്രേയസ്കരമാകുന്നത്. സര്‍പ്പദേവത അനുകൂലമായത് കൊണ്ടാണ് ഇവർ രാഹുപ്രീതി കൂടി വരുത്തിയാല്‍ വൻ നേട്ടമുണ്ടാകുന്നത്.

രോഹിണി, അത്തം, തിരുവോണം, ഭരണി, പൂരം, പൂരാടം, ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രക്കാർ രാഹുദശയിൽ നിര്‍ബന്ധമായും രാഹുപ്രീതി വരുത്തേണ്ടവരാണ്. രാഹു ദശ, രാഹുവിന്റെ അപഹാരം എന്നീ സമയത്ത് എല്ലാവരും സർപ്പപ്രീതി വരുത്തേണ്ടത് അനിവാര്യമാണ്.

സർപ്പദോഷം കാരണം വിവാഹതടസം, ത്വക്‌രോഗങ്ങള്‍, സന്താന ഭാഗ്യമില്ലായ്മ, മാനസിക പ്രശ്‌നങ്ങള്‍, തൊഴിൽ തടസം എന്നിവ പലർക്കും നേരിടാറുണ്ട്. നൂറുംപാലും, അഷ്ടദ്രവ്യാഭിഷേകം, കമുകിന്‍ പൂക്കുല സമർപ്പണം, കിരീടധാരണം, മഞ്ഞള്‍പ്പൊടി തൂവിക്കല്‍ ഇവ ഇതിന് പരിഹാരമാണ്. പൂര്‍വ്വികമായുള്ള സര്‍പ്പക്കാവുകളുടെ നാശം, കുടുംബപരമായ സര്‍പ്പദോഷം, സര്‍പ്പശാപം, എന്നിവയാണ് മറ്റ് പ്രധാനപ്പെട്ട സർപ്പദോഷങ്ങൾ. ഇവയ്ക്ക് ശ്രീ പദ്മനാഭ സന്നിധിയിലുള്ള അനന്തന്‍കാട് നാഗരാജക്ഷേത്രത്തില്‍ അഷ്ടനാഗപൂജ, ശൈവനാഗം എങ്കില്‍ മണ്ണാറശാലയില്‍ നാഗരാജന് കിരീടധാരണം, നൂറും പാലും, പയ്യന്നൂര്‍ സുബ്രഹ്‌മണ്യ പെരുമാള്‍ക്ക് നെയ്യമൃത് സമര്‍പ്പിച്ച് സര്‍പ്പപൂജ എന്നിവ പരിഹാരമാണ്.

കാളസര്‍പ്പയോഗം അനുഭവിക്കുന്നവരും ജാതകത്തില്‍ സര്‍പ്പന്‍, കേതു എന്നിവര്‍ ആദിത്യന്‍, ചന്ദ്രന്‍, ലഗ്നം ഇവയോട് ചേര്‍ന്നുവരുന്നവരും സര്‍പ്പദോഷ പരിഹാരം നടത്തേണ്ടവരാണ്. കാളസര്‍പ്പയോഗത്തിന് വലിയ പ്രാധാന്യമുണ്ട്. ജാതകത്തിലുള്ള പ്രധാന ഭാഗ്യ യോഗങ്ങള്‍ അനുഭവത്തില്‍ വരാതിരിക്കുക, എത്ര കഴിവുണ്ടായാലും അത് വേണ്ടപ്പോള്‍ പ്രയോജനപ്പെടാതിരിക്കുക, വിവാഹ തടസം, സന്താനമില്ലായ്മ, ദാമ്പത്യദു:ഖം, ഒരു ജോലിയിലും ഉറയ്ക്കാതിരിക്കുക, വലിയ ഭാഗ്യാനുഭവങ്ങള്‍ അടുത്തു വന്നിട്ട് നഷ്ടമാകുക, ധനം കയ്യിൽ നില്‍ക്കാതിരിക്കുക ഇതെല്ലാമാണ് കാളസര്‍പ്പ യോഗത്തിന്റെ ലക്ഷണങ്ങൾ. ശരിയായ രീതിയിൽ രാഹു – കേതു പ്രീതി വരുത്തിയാല്‍ ദോഷങ്ങൾക്ക് ശമനമുണ്ടാക്കാം.

രാഹു ജാതകത്തില്‍ പൊതുവില്‍ 3, 6, 11 ഭാവങ്ങളില്‍ രാഹു നിന്നാല്‍ ഗുണമെന്നും മറ്റ് ഭാവങ്ങള്‍ രാഹുവിന് നന്നല്ല എന്നുമാണ് പറയാറ്. രാഹുവിന്റെ ദേവതകള്‍ ദുര്‍ഗ്ഗ, ഛിന്നമസ്താ ദേവിമാരാണ്. നാഗങ്ങള്‍ക്കൊപ്പം ദുര്‍ഗ്ഗാപ്രീതി, ശിവപ്രീതി, ഛിന്നമസ്താപ്രീതി ഇവ ഉള്ളവരെ രാഹുഗ്രഹ ദോഷം അത്രകണ്ട് ബാധിക്കില്ല. മഹിഷാസുരമര്‍ദ്ദിനി സ്‌തോത്രം, ദുര്‍ഗ്ഗാസൂക്തം, ദുര്‍ഗ്ഗാഗായത്രി, ശിവസ്തുതികള്‍ ഇവ ചൊല്ലുന്നത് ഗുണകരം. രാഹുകാല ദുര്‍ഗ്ഗാപൂജയും രാഹുദോഷങ്ങൾ ശമിക്കുന്നതിന് വളരെ നല്ലതാണ്.

ALSO READ

ജ്യോതിഷന്‍ ഗോപാകുമാരന്‍ പോറ്റി,

+916282434247
(മേല്‍ശാന്തി, അന്തന്‍കാട് നാഗരാജാക്ഷേത്രം)

Story Summary: Rahu Benific birth Stars and how to reduce malefic effects

Copyright 2021 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?