Wednesday, December 10, 2025
Wednesday, December 10, 2025
Home » കാപ്പുകെട്ട് എന്നാല്‍ എന്താണ് ?

കാപ്പുകെട്ട് എന്നാല്‍ എന്താണ് ?

by NeramAdmin
0 comments

ഗൗരി ലക്ഷ്മി
സാധാരണ ക്ഷേത്രങ്ങളില്‍ ഉത്സവത്തിന് മുൻപ് കൊടിയേറ്റ് നടക്കുന്നതു പോലെ ചില ദേവീക്ഷേത്രങ്ങളില്‍ നടക്കുന്ന ചടങ്ങാണ് കാപ്പുകെട്ട്. ആറ്റുകാലില്‍ കുംഭത്തിലെ പൂരം നക്ഷത്രവും പൗർണ്ണമിയും ഒത്തുവരുന്ന ദിവസമാണ് പൊങ്കാല നടക്കുന്നത്. അതിന് ഒൻപത് ദിവസം മുമ്പ് കാർത്തിക നാളില്‍ നടക്കുന്ന ഒരു പ്രത്യേക ചടങ്ങാണ് കാപ്പുകെട്ട്. ക്ഷേത്രത്തിനു മുന്നില്‍ പച്ച ഓലകൊണ്ട് തൽക്കാലത്തേക്ക് ഒരു പന്തല്‍ കെട്ടും. ഈ പന്തലിലിരുന്നു തോറ്റം പാട്ടുകാര്‍ കണ്ണകീചരിതം പാടും. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ വരവിന് വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് പാട്ട് ആരംഭിക്കുന്നത്. തോറ്റംപാട്ടിലൂടെ ഈ ഒരുക്കങ്ങള്‍ വർണ്ണിച്ചു ഭഗവതിയുടെ വരവിനായി പാട്ടിലൂടെ ആശാന്‍ (ഭക്തരും) പ്രാർത്ഥിക്കുന്നു. പാട്ടിനിടയില്‍ ആശാന്‍ ഇടയ്ക്കിടയ്ക്ക് ഇടതുകണ്ണടച്ചു വലതിലൂടെയും, വലതുകണ്ണടച്ചു ഇടതിലൂടെയും ശ്രീകോവിലിലേയ്ക്ക് നോക്കും. അന്തരീക്ഷത്തില്‍ നിന്ന് ശ്രീകോവിലിനുള്ളിലേയ്ക്ക് ഒരു ദിവ്യപ്രകാശം പ്രവേശിച്ചതായി കണ്ടാല്‍ കൊടുങ്ങല്ലൂര്‍ ഭഗവതി വന്നതായി ആശാന്‍ പാട്ടിലൂടെ അറിയിക്കും. ഇതറിയുന്ന നിമിഷം കൂട്ടക്കതിനവെടിയും, കുരവയും, ദേവീസ്തുതിയും നാമജപവും കൊണ്ട് അന്തരീക്ഷം മുഴങ്ങും. ഈ സമയത്ത് ആറ്റുകാല്‍ ഭഗവതിയുടെ വാളിലേയ്ക്ക് ക്ഷേത്രം തന്ത്രി കൊടുങ്ങല്ലൂര്‍ ഭഗവതിയെ ആവാഹിക്കുന്നു. ഇതിനുശേഷം ദേവിയുടെ ഉടവാളില്‍ പഞ്ചലോഹം കൊണ്ടുള്ള ഒരുമോതിരം ബന്ധിക്കുകയും. മറ്റൊന്ന് മേൽശാന്തി ധരിക്കുകയും, ഒപ്പം ഒരു നേര്യത് കിരീടം പോലെ ഞൊറിഞ്ഞ് വിഗ്രഹത്തില്‍ ധരിപ്പിക്കുകയും ചെയ്യും. ഇതാണ് കാപ്പുകെട്ട്. കൊടുങ്ങല്ലൂര്‍ ഭഗവതിയെ എഴുന്നള്ളിച്ചു ആറ്റുകാല്‍ ക്ഷേത്രത്തില്‍

കൊണ്ടുവരുന്നതു മുതല്‍ പാണ്ഡ്യരാജാവിന്റെ വധം വരെയാണ് പൊങ്കാലയ്ക്ക് മുമ്പ് ഒൻപത് ദിവസങ്ങളിലായി തോറ്റംകാര്‍ പാടിത്തീർക്കുന്നത്. ഏഴാം ഉത്സവ ദിവസമായ ഫെബ്രുവരി 15 ന് രാവിലെ 7 മണിക്കേ നട തുറക്കൂ. കോവലന്റെ മരണത്തിന്റെ ദുഃഖ സുചകമായാണ് അന്നേ ദിവസം നടക്കുന്നത് താമസിച്ചാക്കിയത്. ഒൻപതാം ഉത്സവ ദിവസം രാവിലെ പാണ്ഡ്യവധം പാടിത്തീരുമ്പോള്‍ പൊങ്കാല അടുപ്പില്‍ തീപകരും. അതിന് തലേദിവസം അതായത് മകം നാളില്‍ ആണത്രേ കണ്ണകി മധുരാപുരി ചുട്ടെരിച്ചിട്ട്‌ ആറ്റുകാലില്‍ തിരിച്ചെത്തിയത്‌. അപ്പോള്‍ കണ്ണകിയെ സ്ത്രീകള്‍ പൊങ്കാലയിട്ടു സ്വീകരിച്ചെന്ന് വിശ്വാസം.

പൊങ്കാല കഴിയുന്ന രാത്രിയില്‍ കൊടുങ്ങലൂരമ്മ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. പിറ്റേദിവസം (ഉത്രം നാളില്‍) പതിനൊന്നു മണിയോടെ തിരിച്ചെത്തുന്നു. തുടർന്ന് ശുഭമുഹൂർത്തത്തില്‍ കാപ്പഴിക്കല്‍ ചടങ്ങ് നടക്കും. അതായത് അമ്മയെ തിരികെ യാത്രയാക്കി ആചാരവിധികളോടെ കൊടുങ്ങല്ലൂരില്‍ എത്തിക്കുന്ന ചടങ്ങ്. കാപ്പഴിക്കുന്നതിനു മുൻപ് പാട്ടുകാര്‍ പൊലിപ്പാട്ടു പാടി ദേവിയെ വാഴ്ത്തുന്നു. ഭൂമിയിലെ സകല ചരാചരങ്ങൾക്കും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകാന്‍ വേണ്ടിയാണ് പാട്ടുകാര്‍ പ്രാർത്ഥിക്കുന്നത്. പൊലിപ്പാട്ട് പാടുമ്പോള്‍ ക്ഷേത്രം തന്ത്രി ആറ്റുകാല്‍ ഭഗവതിയുടെ ഉടവാളില്‍ ബന്ധിച്ചു വച്ച കാപ്പ് അഴിച്ചു മാറ്റുന്നു. ഒപ്പം മേൽശാന്തിയുടെ കയ്യില്‍ നിന്നും കാപ്പ് അഴിക്കും. പിന്നെ തന്ത്രി ദേവിയുടെ മൂലവിഗ്രഹത്തില്‍ ഞൊറിഞ്ഞിട്ട നേര്യത് അഴിച്ച് ആചാരപ്രകാരം മടക്കി, പഞ്ചലോഹ നിർമ്മിതമായ കാപ്പുകള്‍ സഹിതം ആശാനെ ഏല്പിക്കുന്നു. അങ്ങനെ കാപ്പഴിക്കല്‍ കഴിയും. പിന്നെ കുടിയിളക്കലും, ഗുരുതി സമർപ്പണവും നടത്തിയാൽ ആറ്റുകാല്‍ ഉത്സവം സമാപിക്കും.

ആറ്റുകാൽ പൊങ്കാല മഹോത്സവം ഒറ്റ നോട്ടത്തിൽ
കാപ്പുകെട്ട് 2022 ഫെബ്രുവരി 9 രാവിലെ 10:50
പൊങ്കാല 2022 ഫെബ്രുവരി 17 രാവിലെ 10:50
നിവേദ്യം 2022 ഫെബ്രുവരി 17 ഉച്ചയ്ക്ക് 1: 20
കാപ്പഴിപ്പ് 2022 ഫെബ്രുവരി 18 രാത്രി 9: 45

ഗൗരി ലക്ഷ്മി, + 918138015500
Story Summary : Kappukettu, the beginning of Attukal Devi Temple annual Festival

Copyright 2021 riyoceline.com/projects/Neram/. All rights reserved

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?