Wednesday, December 10, 2025
Wednesday, December 10, 2025
Home » ചോറ്റാനിക്കര ഭഗവതിയെ അമ്മേ നാരായണ എന്ന് സ്തുതിക്കുന്നതെന്തു കൊണ്ട് ?

ചോറ്റാനിക്കര ഭഗവതിയെ അമ്മേ നാരായണ എന്ന് സ്തുതിക്കുന്നതെന്തു കൊണ്ട് ?

by NeramAdmin
0 comments

ഗൗരി ലക്ഷ്മി
ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ വളരെ പ്രശസ്തവും വ്യത്യസ്തവുമായ ദേവീ സ്തുതിയാണ് അമ്മേ നാരായണ. ഈ വ്യത്യസ്തത അതിൽ സ്ത്രീലിംഗവും പുല്ലിംഗവും ചേർന്നു വരുന്നതാണ്. അമ്മേ എന്നത് ദേവീ സ്തുതിയും നാരായണ എന്നത് ഭഗവാൻ വിഷ്ണു സ്തുതിയുമാണ്. ചോറ്റാനിക്കരയിൽ സങ്കല്പം ദേവിയാകുമ്പോൾ അമ്മേ നാരായണീ എന്നല്ലേ സ്തുതിക്കേണ്ടതെന്നു ചോദിക്കാം.

ചോറ്റാനിക്കര ദേവീ ചൈതന്യത്തിന്റെ ആന്തരിക രഹസ്യമറിഞ്ഞ് വിളിച്ചതാണ് അമ്മേ നാരായണ. കാരണം ഇവിടുത്തെ ബിംബചൈതന്യം ശംഖ്ചക്രാങ്കിതമാണ്. കൈകളിൽ വരാഭയങ്ങളും. മൂകാംബിക ദേവീ സ്വരൂപവും ഏതാണ്ടിതു തന്നെയാണ്. ഇപ്രകാരമുള്ള ദേവീരൂപം വൈഷ്ണവതത്വമാണെന്ന് വ്യക്തം.

മേൽക്കാവിൽ ലക്ഷ്മീ നാരായണനാണ് മൂർത്തി. സ്വയംഭൂ സങ്കൽപ്പം. വിശേഷാൽ ആകൃതി ഇല്ലാത്ത രുദ്രാക്ഷ ശിലയാണിത്. നിർമ്മാല്യ വേളയിൽ മാത്രമേ ഇത് കാണാനാകൂ. അല്ലാത്തപ്പോൾ സ്വർണ്ണഗോളക ചാർത്തിയ രൂപത്തിലാണ് ദർശനം. ഒന്നരക്കോൽ ഉയരമുണ്ട് ഇതിന്. ശ്രീരത്നാങ്കിതമായ പീഠത്തിൽ കാൽ രണ്ടും താഴോട്ടിട്ടിരിക്കുന്ന ചതുർബാഹുവായ ദേവീ രൂപമാണിത്. പിന്നിലെ വലത് കൈയിൽ ശ്രീചക്രവും ഇടതു കൈയിൽ ശംഖും ധരിച്ച ദേവി. മുന്നിലെ ഇടതുകൈ കൊണ്ട് അനുഗ്രഹിക്കുകയും വലതുകൈ കൊണ്ട് ഭക്തഹൃദയങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു.

ഈ ലക്ഷ്മീ നാരായണ വിഗ്രഹത്തെ ലക്ഷ്മിയായും സരസ്വതിയായും ദുർഗ്ഗയായും സങ്കൽപ്പിക്കുന്നു. എങ്കിലും അധികവും പൂജ നടത്തുന്നത് ദേവിക്കാണ്. ദേവിക്ക് രാവിലെ വെളുപ്പും ഉച്ചയ്ക്ക് ചുവപ്പും വൈകിട്ട് നീലയും പട്ട് ചാർത്തുന്നു. ഇത് യഥാക്രമം സരസ്വതി, ഭദ്രകാളി, ദുർഗ എന്നീ സങ്കൽപ്പത്തിലാണ് ചെയ്യുന്നത്. ദേവീവിഗ്രഹത്തിന്റെ വലതുവശത്ത് കൃഷ്ണശിലയിൽ തീർത്ത ചെറിയ ശ്രീനാരായണ വിഗ്രഹമുണ്ട്. ഇതിനാൽ ആണ് പ്രത്യക്ഷത്തിൽ

അമ്മേ നാരായണാ
ദേവീ നാരായണാ
ലക്ഷ്മീ നാരായണാ
ഭദ്രേ നാരായണാ

എന്ന് ചോറ്റാനിക്കര ഭഗവതിയെ തൊഴുന്ന ഭക്തർ സ്തുതിക്കുന്നത്. ശ്രീകോവിലിനകത്ത് ബ്രഹ്മാവ്, ശിവൻ, സുബ്രഹ്മണ്യൻ, ഗണപതി, ശാസ്താവ് എന്നിവരുടെ പ്രതിഷ്ഠകളുണ്ട്. ഈ മൂർത്തികൾക്കും ചോറ്റാനിക്കര മേൽക്കാവിലെ ശ്രീകോവിലിനുള്ളിൽ പൂജ നടത്തുന്നു.

ALSO READ

മുപ്പത്തിമുക്കോടി ദേവതകൾക്കും ഒരോ രൂപഭാവങ്ങൾ ലഭിച്ചത് ഭഗവതിയുടെ മാതൃസ്വരൂപങ്ങളിൽ നിന്നാണ്. പ്രധാനമായും എട്ട് മാതൃക്കളിൽ നിന്നുമാണ് പ്രപഞ്ച പാലനത്തിന് പുരുഷദേവന്മാർ ആവിർഭവിച്ചത്. അഥവാ ഈ എട്ട് അമ്മമാരും അവരവരുടെ ചിഹ്‌നങ്ങളോടെ പുരുഷരൂപത്തെ പ്രാപിച്ചിരിക്കുന്നതാണ് ത്രിമൂർത്തികൾ പോലും എന്നുവരും. അതായത് ബ്രാഹ്മി എന്ന മാതാവ് ബ്രഹ്മാവായും മാഹേശ്വരി ശിവനായും കൌമാരി സുബ്രഹ്മണ്യനായും വൈഷ്ണവീ വിഷ്ണുഭഗവാനായും
ഇന്ദ്രാണി ഇന്ദ്രനായും വിരാജിക്കുന്നു.

ഈ തത്വത്തിൽ നിന്നും ഇനി അമ്മേ നാരായണയുടെ സാരസ്യം വേർതിരിച്ചെടുക്കാം. ആറു മാതൃക്കളിൽ നാലമത്തേതായ വൈഷ്ണവിയാണ് വിഷ്ണു എന്ന് പറഞ്ഞല്ലോ. ഇവിടെ അമ്മേ എന്ന ശബ്ദം മാതൃക്കളുടെ ഭാഷാന്തരീകരണമാണ്. വൈഷ്ണവീ എന്ന വിഷ്ണു തേജസിനെ നാരായണ രൂപത്തിലും അറിയപ്പെടുന്നത് കൊണ്ട് അങ്ങനെയും സ്വീകരിച്ചു. അങ്ങനെ വൈഷ്ണവീ മാതൃ എന്നത് അമ്മേ നാരായണ എന്നായി മനോഹരമായി ഭാഷാന്തരീകരണം നടന്നു. ഇതാണ് വാസ്തവത്തിൽ ചോറ്റാനിക്കര ദേവീ ചൈതന്യത്തിന്റെ ആന്തരിക തത്ത്വ രഹസ്യം.

ഗൗരി ലക്ഷ്മി, + 91 8138015500
Story Summary : Amme Narayana: Significance of Chottanikkara Devi Sthuti

Copyright 2021 riyoceline.com/projects/Neram/. All rights reserved


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?