ടി.എല്‍.ജയകാന്തന്‍
ഭക്തര്‍ക്കു അനുഗ്രഹങ്ങളും വരങ്ങളും വാരിക്കോരി നൽകുന്നന്നതിനാല്‍ വേദങ്ങൾ സുബ്രഹ്മണ്യഭഗവാനെ ധൂര്‍ത്തനായി ചിത്രീകരിക്കുന്നു. ഋഗ്വേദം, അഥര്‍വ്വവേദം രാമായണം, മഹാഭാരതം, ചിലപ്പതികാരം എന്നിവയിൽ സുബ്രഹ്മണ്യനെക്കുറിച്ച് വിവരണങ്ങളുണ്ട്. ഋഗ്വേദം ഏകാഗ്‌നികാണ്ഡത്തിലാണ് സുബ്രഹ്മണ്യനെക്കുറിച്ചുള്ള ആദ്യസൂചന. അഥര്‍വ്വവേദത്തില്‍ സുബ്രഹ്മണ്യകുമാരന്‍ അഗ്‌നിയുടെ പുത്രനാണ് എന്നു പറയുന്നു. അഗ്‌നിയുടെ സവിശേഷഭാവമായ രുദ്രന്റെ പുത്രനാണ് സുബ്രഹ്മണ്യന്‍ എന്നു ശതപഥബ്രാഹ്മണം അറിയിക്കുന്നു. കാര്‍ത്തിക നക്ഷത്രത്തില്‍ നിന്നും പുറപ്പെട്ട ഒരു അഗ്‌നികിരണം ഭൂമിയില്‍ പതിച്ചു മനുഷ്യരൂപമെടുത്തു എന്നാണ് ശ്രീ കാര്‍ത്തികേയനെപ്പറ്റി ഇതിൽ പറയുന്നു.

ഋഗ്വേദത്തില്‍ സുബ്രഹ്മണ്യ എന്ന പദം മൂന്നുതവണ കാണുന്നുണ്ട്. തൈത്തിരീയാരണ്യകത്തിലുള്ളതാണ് സുബ്രഹ്മണ്യ ഗായത്രി:
തത്പുരുഷായ വിദ്മഹേ
മഹാസേനായ ധീമഹി
തന്ന: ഷണ്‍മുഖപ്രചോദയാത്
എന്ന സുബ്രഹ്മണ്യഗായത്രി തൈത്തിരീയാരണ്യകത്തിൽ അവതീര്‍ണ്ണമായി. അഥര്‍വ്വ വേദത്തില്‍ സ്‌കന്ദനെ മയിലുമായി ബന്ധപ്പെടുത്തുന്നു: യം വഹന്തി മയൂരാ:
രാമായണം ബാലകാണ്ഡത്തില്‍ മിഥിലയിലേക്കുള്ള യാത്രക്കിടെ വിശ്വാമിത്രന്‍ രാമലക്ഷ്മണന്‍മാര്‍ക്കു പറഞ്ഞു കൊടുക്കുന്നത് സ്‌കന്ദന്‍ അഗ്‌നിക്കു ഗംഗാദേവിയിലുണ്ടായ പുത്രനാണെന്നാണ്. മഹാഭാരതം ആരണ്യപര്‍വത്തിലെ സ്‌കന്ദോപാഖ്യാനത്തില്‍ അഗ്‌നി ദേവനു ദക്ഷപുത്രി സ്വാഹയിൽ ജനിച്ച പുത്രനാണ് സ്‌കന്ദന്‍ എന്നു കാണുന്നു. ആറു മഹര്‍ഷിമാരുടെ ഭാര്യമാരും ഈ കഥയിലുണ്ട്. പിന്നീട് എഴുതപ്പെട്ട പുരാണങ്ങളിലാണ് ശിവപാര്‍വ്വതിമാരുടെ പുത്രനും ഗണപതിയുടെ അനുജനുമാണ് മുരുകനെന്ന സങ്കല്‍പ്പം കാണുന്നത്. ഈ കഥകള്‍ പരസ്പര വിരുദ്ധങ്ങളല്ല. ശ്രീകാര്‍ത്തികേയന്റെ വിവിധ സൂക്ഷ്മഭാവങ്ങളെ വിവരിക്കുന്ന പ്രതീകാത്മകഥകളാണ് അവ. അവയെല്ലാം വേദസത്യങ്ങളുടെ കഥാരൂപങ്ങളാണ്.
ക്‌ളാസിക്കല്‍ തമിഴ് സാഹിത്യത്തിന്റെ പിതാവായി മുരുകന്‍ പരിഗണിക്കപ്പെടുന്നു. ജ്യോതിഷത്തിന്റെ പരമാചാര്യനും മുരുകന്‍ തന്നെ. ക്രിസ്തുവിന് മുൻപ് രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നക്കീരന്‍ തുടങ്ങിയ നിരവധി പ്രാചീന തമിഴ്കവികളും കവയിത്രികളും മുരുകഭക്തരായിരുന്നു.
“ഭയം നിങ്ങളെ മൂടുമ്പോള്‍ ആശ്വാസത്തിന്റെയും കരുതലിന്റെയും മുഖം അവൻ നിങ്ങളെ കാണിക്കുന്നു”. തുടങ്ങിയ നക്കീരന്റെ മുരുക സ്തുതികള്‍ ഇന്നും പ്രാർത്ഥിക്കപ്പെടുന്നു. കേരളമടങ്ങുന്ന പ്രാചീന തമിഴകത്തില്‍ മുരുകാരാധന വ്യാപകമായിരുന്നു. എട്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ചിലപ്പതികാരം മഹാകാവ്യത്തില്‍ കുറവരും വേടരും മുരുകനെ ആരാധക്കുന്നതായി പറയുന്നു. ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം, വെളിയം സുബ്രഹ്മണ്യക്ഷേത്രം, ചങ്ങനാശേരി, പെരുന്ന സുബ്രഹ്മണ്യക്ഷേത്രം, നന്ദിയോട് പച്ച മുരുകന്‍ കോവില്‍, തിരുവനന്തപുരം തമ്പാനൂര്‍ മുരുകന്‍ കോവില്‍ എന്നിവ അതീപ്രാചീനമായ സ്‌കന്ദാരാധനാലയങ്ങളാണ്.
ടി.എല്‍.ജയകാന്തന്‍,
ALSO READ
91 8197313982
Story Summary: References of Subramanya Swamy in Vedic Texts
Copyright 2022 riyoceline.com/projects/Neram/.
All rights reserved