Wednesday, December 10, 2025
Wednesday, December 10, 2025
Home » തിരുവില്വാമല ഏകാദശി നോറ്റാൽ ശത്രുക്കളും വെല്ലുവിളികളും ഒഴിയും

തിരുവില്വാമല ഏകാദശി നോറ്റാൽ ശത്രുക്കളും വെല്ലുവിളികളും ഒഴിയും

by NeramAdmin
0 comments

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

എല്ലാത്തരത്തിലുള്ള ശത്രുദോഷങ്ങളിൽ നിന്നും വെല്ലുവിളികളിൽ നിന്നും മോചനം നേടാൻ ഉത്തമമായ ദിവസമാണ് ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ വിജയ ഏകാദശി. ഈ ദിവസം ഉപവസിച്ച് വിഷ്ണു ഭഗവാനെ ആരാധിക്കുകയും വൈഷണവ ദേവതകളെ പ്രീതിപ്പെടുത്തുന്ന വഴിപാടുകൾ നടത്തുകയും ചെയ്താൽ എല്ലാ പാപങ്ങളിൽ നിന്നും മോചനം ലഭിക്കുകയും ആഗ്രഹസാഫല്യമുണ്ടാകുകയും ചെയ്യും. 2022 ഫെബ്രുവരി 27 നാണ് വിജയ ഏകാദശി. എല്ലാ മാസവും വെളുത്തപക്ഷത്തിലും കറുത്ത പക്ഷത്തിലും ഏകാദശി തിഥികളുണ്ട്. ഇതിൽ ഫാൽഗുനം കറുത്ത പക്ഷത്തിൽ (കുംഭം – മീനം) മാസത്തിൽ വരുന്ന വിജയ ഏകാദശി ശ്രീരാമ ഭഗവാന് ഏറെ വിശേഷമാണ്.


കേരളത്തിൽ ഈ ഏകാദശി തിരുവില്വാമല ഏകാദശി എന്ന പേരിലാണ് അറിയപ്പെടുന്നത്. തൃശ്ശൂരിൽ തലപ്പിള്ളിയിലാണ് ചിരപുരാതനമായ തിരുവില്വാമല ശ്രീവില്വാദ്രിനാഥക്ഷേത്രം. ശ്രീരാമചന്ദ്രനും അനന്തശേഷ നാഗത്തിന്റെ അവതാരമായ അനുജൻ ലക്ഷ്മണനുമാണ് മുഖ്യപ്രതിഷ്ഠകൾ. കേരളത്തിലെ പ്രധാന ശ്രീരാമക്ഷേത്രങ്ങളിലൊന്നും അപൂർവ്വം ലക്ഷ്മണ ക്ഷേത്രങ്ങളിലൊന്നും ആണിത്. തിരുവില്വാമല കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നദിയായ , ക്ഷേത്രത്തിന് 3 കിലോമീറ്റർ വടക്കായി ഭാരതപ്പുഴ ഒഴുകുന്നു. ക്ഷേത്രം ഒരു കുന്നിന്റെ മുകളിലായതിനാൽ താഴോട്ട് നോക്കിയാൽ പുഴ കാണാം. തിരുവില്വാമലയിലെ പ്രധാന ഉത്സവം കുംഭമാസത്തിലെ കറുത്ത പക്ഷ ഏകാദശിയാണ്. വില്വാദ്രിനാഥനിൽ ശൈവചൈതന്യവും കുടിയിരിക്കുന്നതു കാരണമാണ് കറുത്തപക്ഷ ഏകാദശി ആഘോഷിക്കുന്നത്. തൃപ്രയാർ ഏകാദശിയും കൃഷ്ണ പക്ഷത്തിലാണ്. തിരുവില്വാമല ഏകാദശി ഉത്സവത്തിന് അഷ്ടമിനാളിൽ ചുറ്റുവിളക്ക് തുടങ്ങും. തുടർന്ന് നാലുദിവസങ്ങളിൽ ഈ ദേശമാകെ മഹോത്സവമാണ്. സദ്യ, നാഗസ്വരം, തായമ്പക, കേളി, സംഗീതോത്സവം തുടങ്ങിയവയെല്ലാം ഉണ്ടാകും. ദശമി നാളിൽ പൂജ, ദീപാരാധന സമയങ്ങൾ ഒഴികെ എല്ലാ സമയവും ക്ഷേത്രനട തുറന്നിരിക്കും. ഏകാദശിനാളിൽ ഭക്തർ ഉപവാസിക്കും. എന്നാൽ മൂർത്തികൾക്ക് അന്നും സാധാരണ പോലെ നിവേദ്യങ്ങളുണ്ട്. അന്ന് ഉച്ചയോടെ ഏകാദശി പൂജകൾ കഴിയും. അന്ന് അത്താഴപൂജ നടത്തുന്നത് ഇന്ദ്രാദി ദേവകളാണെന്നാണ് വിശ്വാസം. അതിനാൽ ശ്രീകോവിലുകൾക്കടുത്ത് ഒരു താത്കാലിക പന്തൽ പണിയും. അത് തുറന്നുവച്ചിട്ടുണ്ടാകും. ദ്വാദശി നാളിൽ പുലർച്ചെ 5 മണി വരെ വിളക്കാചാരം കാണും. ദേവന്മാർ ശ്രീലകങ്ങളിലേക്ക് എഴുന്നള്ളുമ്പോൾ ഏകാദശി മഹോത്സവത്തിന് പരിസമാപ്തിയാകുന്നു.

വിജയ ഏകാദശി വ്രതാചരണം ദശമി, ഏകാദശി, ദ്വാദശി ദിവസങ്ങളിലാണ്. ഈ മൂന്ന് ദിവസവും ഉദയത്തിന് മുൻപ് ഉറക്കമുണർന്ന് കുളിച്ച് ശുദ്ധമായി വിഷ്ണുപൂജയും വൈഷ്ണവക്ഷേത്രം ദർശനവും നടത്തി പ്രാർത്ഥിക്കണം. ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ, ഓം രാം രാമായ നമ: എന്നീ മന്ത്രങ്ങൾ ഭക്തിപൂർവം കഴിയുന്നത്ര ജപിക്കണം. വിഷ്ണു ദ്വാദശ മന്ത്രങ്ങൾ, അഷ്‌ടോത്തരം, വിഷ്ണു സഹസ്രനാമം ആദിത്യഹൃദയം ഇവ ജപിക്കുന്നത് നല്ലതാണ്. വിജയ ഏകാദശി ദിവസമായ ഫെബ്രുവരി 27 ന് പൂര്‍ണ്ണമായും ഉപവസിക്കണം. പകലുറക്കം പാടില്ല. ബ്രഹ്മചര്യനിഷ്ഠ പാലിക്കുക. ദശമി, ദ്വാദശി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഊണ് കഴിക്കാം. മറ്റ് നേരങ്ങളില്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാം. തികഞ്ഞ ചിട്ടയോടെ ഈ വ്രതം പാലിക്കണം. ഫെബ്രുവരി 28 ന് രാവിലെ പാരണ വിടാം. ഫെബ്രുവരി 27 ന് വെളുപ്പിന് 2 :50 മണി മുതൽ പകൽ 1:36 വരെയാണ് ഹരിവാസരം.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559
Story Summary: Importance Of Thiruvilwamala Ekadeshi or Vijaya Ekadeshi

ALSO READ


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?