Wednesday, December 10, 2025
Wednesday, December 10, 2025
Home » ഈ നക്ഷത്രക്കാർ പഞ്ചദുര്‍ഗ്ഗാ മന്ത്രാർച്ചന നടത്തിയാൽ സർവ്വകാര്യ സിദ്ധി

ഈ നക്ഷത്രക്കാർ പഞ്ചദുര്‍ഗ്ഗാ മന്ത്രാർച്ചന നടത്തിയാൽ സർവ്വകാര്യ സിദ്ധി

by NeramAdmin
0 comments

മംഗള ഗൗരി
നല്ല വിവാഹ ബന്ധം ലഭിക്കുന്നതിനും, ജീവിതത്തിൽ പുരോഗതി കൈവരിക്കുന്നതിനും സദ്ഗുണങ്ങൾ കൂടുതൽ ലഭിക്കുന്നതിനും ദുരിത, ദോഷ ശാന്തിക്കും പഞ്ചാദുർഗ്ഗാ മന്ത്രം ജപിക്കുന്നത് ഉത്തമമാണ്. ഒപ്പം ദുർഗ്ഗാ ക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്ര പുഷ്‌പാഞ്‌ജലി നടത്തുന്നത് അനുഭവഗുണം വർദ്ധിക്കാൻ അത്യുത്തമമാണ്. പഞ്ചദുര്‍ഗ്ഗ മന്ത്രത്തെ ദുര്‍ഗ്ഗാസൂക്തം എന്നും അറിയപ്പെടുന്നു. ഭഗവതിസേവയില്‍ വലിയ വിളക്കിലെ 5 തിരികൾ കത്തിക്കുന്നത് പഞ്ചദുർഗ്ഗാ മന്ത്രത്തിലെ ഓരോ മന്ത്രവും ജപിച്ചു കൊണ്ടാണ്. ദുര്‍ഗ്ഗാദേവിക്ക് അഭിഷേക സമയത്ത് ദുര്‍ഗ്ഗാസൂക്തം ജപിക്കും. എല്ലാ കാര്യസാദ്ധ്യത്തിനും ദുര്‍ഗ്ഗാസൂക്തം ജപിച്ചുള്ള പുഷ്പാഞ്ജലി വളരെ നല്ലതാണ്.

ചന്ദ്രദശയും ചന്ദ്രാപഹാരവും ഉള്ളവരും, രോഹിണി, അത്തം, തിരുവോണം എന്നീ നക്ഷത്രക്കാരും, കര്‍ക്കടകക്കൂറിൽ അതായത് പുണര്‍തം നാലാം പാദം, പൂയം, ആയില്യം നക്ഷത്രജാതരും ചന്ദ്രന്‍ നീചരാശിയായ വൃശ്ചികത്തില്‍ നില്‍ക്കുന്നവരും അതായത് വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട, ഒമ്പതാം ഭാവത്തിന്റെ അധിപനായ ചന്ദ്രന്‍ അനിഷ്ടഭാവത്തില്‍ നില്‍ക്കുവരും സ്ഥിരമായി പഞ്ചാദുർഗ്ഗാ മന്ത്രം ജപിക്കുന്നതും ദുർഗ്ഗാ ക്ഷേത്ര ദർശനം നടത്തി പുഷ്‌പാഞ്‌ജലി കഴിപ്പിക്കുന്നതും
വളരെ നല്ലതാണ്. ദു:സ്വപ്നം കാണുന്ന കുട്ടികളുടെയും, രാത്രിയില്‍ ഭയന്ന് നിലവിളിക്കുന്ന കുഞ്ഞുങ്ങളുടെയും തലയില്‍ കൈവെച്ച് അച്ഛനോ അമ്മയോ ഭക്തിയോടെ ഇതിലെ ആദ്യ മന്ത്രം മാത്രമായോ അല്ലെങ്കില്‍ അഞ്ച് മന്ത്രങ്ങള്‍ പൂര്‍ണ്ണമായോ 11 തവണ ജപിക്കുന്നത് വളരെ ഗുണപ്രദമായിരിക്കും. പേരു പോലെ തന്നെ പഞ്ചദുര്‍ഗ്ഗാ മന്ത്രത്തില്‍ 5 മന്ത്രങ്ങളുണ്ട്. ഇതിൽ ആദ്യത്തേതിനെ ത്രിഷ്ടുപ്പ്‌ മന്ത്രം എന്ന് അറിയപ്പെടുന്നു. രോഗശമനം, ഭൂത, പ്രേതബാധാശമനം, ശത്രുനാശം, ദീര്‍ഘായുസ് ഇവയ്ക്ക് ത്രിഷ്ടുപ്പ്‌ മന്ത്ര ജപം അത്യുത്തമമാണ്. ഇതിലെ രണ്ടാം മന്ത്രത്തിലെ ‘ദുര്‍ഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ’ എന്ന ഭാഗം മാത്രം നിത്യവും ജപിക്കുന്നവർ ധാരാളമുണ്ട്. ഇത് മനസ്സിന്‍റെ പിരിമുറുക്കം കുറയ്ക്കാൻ നല്ലതാണ്. ഈ മന്ത്രം നിത്യവും സ്വയം ജപിക്കാൻ കഴിയാത്തവർ തിങ്കൾ, പൗർണ്ണമി , ജന്മനക്ഷത്രം തുടങ്ങിയ ദിവസങ്ങളിൽ ദുർഗ്ഗാ ക്ഷേത്ര ദർശനം നടത്തി പഞ്ചദുര്‍ഗ്ഗാമന്ത്രത്താൽ പുഷ്‌പാഞ്‌ജലി കഴിപ്പിച്ച് ഭജിച്ചാൽ അത്ഭുതകരമായ കാര്യസിദ്ധി അനുഭവിച്ചറിയാം.

പഞ്ചദുര്‍ഗ്ഗാമന്ത്രം

1
ജാതവേദസേ സുനവാമ
സോമമരാതീയതോ നിദഹാതി വേദ:
സ ന: പര്‍ഷദതി ദുര്‍ഗ്ഗാണി
വിശ്വാ നാവേവ സിന്ധും ദുരിതാത്യഗ്നി:

2
താമഗ്നി വര്‍ണ്ണാം തപസാ ജ്വലന്തീം
വൈരോചനീം കര്‍മ്മ ഫലേഷു ജൂഷ്ടാം
ദുര്‍ഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ
സുത – രസിത – രസേ നമ:

3
അഗ്നേ ത്വം പാരയാ നവ്യോ അസ്മാന്‍
സ്വസ്തിഭിരതി ദുര്‍ഗ്ഗാണി വിശ്വാ
പൂശ്ച പൃഥ്വി ബഹുലാ ന ഉര്‍വ്വീ ഭവാ
തോകായ തനയായ ശംയോ:

ALSO READ

4
വിശ്വാനീ നോ ദുര്‍ഗ്ഗഹാ ജാതവേദ സിന്ധും ന
നാവാ ദുരിതാതിപര്‍ഷി
അഗ്നേ അത്രിവന്മനസ്സാ ഗൃണാനോസ്മാകം
ബോധ്യവിതാ തന്തൃനാം

5
പൃതനാ ജിതം സഹമാനമുഗ്ര മഗ്നിം
ഹുവേമ പരമാഥ് സധസ്ഥാത്
സ ന: പര്‍ഷദതി ദുര്‍ഗ്ഗാണി വിശ്വാ
ക്ഷാമദ്ദേവോ അതി ദുരിതാത്യഗ്നി:

ക്രിയാശക്തിയുടെ പ്രതീകമായ അഗ്നിയെയാണ് ദുർഗ്ഗാ സൂക്തത്തിൽ പ്രകീർത്തിക്കുന്നത് ജീവിതദുരിതങ്ങളിൽ നിന്നും തടസങ്ങളിൽ നിന്നും രക്ഷിക്കണേയെന്ന് അഗ്നിയോട് പ്രാർത്ഥിക്കുന്നത് ശക്തി ദേവതാ മന്ത്രമായി പരിണമിച്ചു എന്നാണ് ആചാര്യന്മാർ പറയുന്നത്. വേദങ്ങൾ ഉത്ഭവിച്ച ജാതവേദ, അഗ്നിയുടെ ഇരിപ്പടമായ ദുർഗ്ഗാദേവി, സോമരസം കടഞ്ഞ് നേദിക്കാം ജീവിതമാകുന്ന കഠിനമായ ദുരിത സാഗരത്തിലെ തടസങ്ങളിൽ നിന്നും ദുഷ്ടരിൽ നിന്നും ഒരു തോണിക്കാരൻ യാത്രക്കാരെ സുരക്ഷിതമായി മറുകരയിൽ എത്തിക്കും പോലെ ഞങ്ങളെ തെറ്റുകുറ്റങ്ങൾ പൊറുത്ത് കാത്തു രക്ഷിക്കണെ എന്നാണ് ആദ്യ മന്ത്രത്തിന്റെ പൊരുൾ. ശുഭകാരിണിയായ ദേവീ, ഈ പ്രപഞ്ചം മുഴുവൻ മംഗളം ചൊരിഞ്ഞ്, പ്രകൃതി മുഴുവൻ ഫലഭൂയിഷ്ഠമാക്കി ആ ശക്തി സാന്നിദ്ധ്യമറിയിച്ച് അമ്മയുടെ സന്തതികളായ ഞങ്ങളെ അനുഗ്രഹിക്കണേ എന്ന് രണ്ടാം മന്ത്രത്തിന്റെ
പെരുൾ. ഞങ്ങളെ ദുരിതങ്ങൾ അകറ്റി ഐശ്വര്യത്തിന്റെ പാതയിൽ എത്തിച്ച് ഞങ്ങൾക്കും സന്തതികൾക്കും അവരുടെ പരമ്പരകൾക്കും സന്തോഷം നൽകണേ എന്നാണ് മൂന്നാം മന്ത്രത്തിന്റെ ചുരുക്കം. നടുക്കടലിൽ മുങ്ങിപ്പോകുന്ന ഒരുവനെ തോണിയിലേറ്റി രക്ഷിക്കും പോലെ ഞങ്ങളെ ദുഃഖം അകറ്റി കാത്തുകൊള്ളണെ. എല്ലാത്തിനെയും അഗ്നി സംഹരിക്കുമ്പോലെ ഞങ്ങളുടെ ശത്രുക്കളെ നശിപ്പിച്ച് രക്ഷിക്കണെ എന്നാണ് അവസാന മന്ത്രത്തിൽ പറയുന്നത്.

മംഗള ഗൗരി

Story Summary: Significance and Benefits of Pancha Durga Mantra (Durga Suktam) recitation and Pushpanjali


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?