Wednesday, December 10, 2025
Wednesday, December 10, 2025
Home » ഇത് പിണങ്ങിപ്പിരിഞ്ഞവരെ ഒന്നിപ്പിക്കും; അഭിപ്രായ ഭിന്നതകൾ പരിഹരിക്കും

ഇത് പിണങ്ങിപ്പിരിഞ്ഞവരെ ഒന്നിപ്പിക്കും; അഭിപ്രായ ഭിന്നതകൾ പരിഹരിക്കും

by NeramAdmin
0 comments

മംഗള ഗൗരി
ജീവിതത്തിൽ സന്തോഷവും ശാന്തിയും വിജയവും ആഗ്രഹിക്കുന്നവർ ബന്ധങ്ങളിൽ ഇഴയടുപ്പം നഷ്ടമാകാതെ ശ്രദ്ധിക്കും. കുടുംബവും സമൂഹവും ഇല്ലാതെ ഒരാൾക്കും ജീവിക്കാനാകില്ല. സമൂഹത്തിന് വ്യക്തിയും വ്യക്തിക്ക് സമൂഹവും അനിവാര്യമാണ്. എല്ലാത്തരം ബന്ധങ്ങളിലും എന്തെങ്കിലും വൈകാരിക ആഭിമുഖ്യമുണ്ടാകും. അത് നിലനിറുത്താൻ ശ്രമിക്കുന്നത് മനുഷ്യ സ്വഭാവമാണ്. നമുക്ക് വേണ്ടപ്പെട്ട ഒരാൾ ഒരു തെറ്റു ചെയ്താൽ തിരുത്താനും രക്ഷിക്കാനും ശ്രമിക്കുന്നത് അതിനാലാണ്. ഇത് ബന്ധങ്ങൾ ശക്തമാക്കും. പരസ്പര ധാരണ ദൃഢമാക്കും. ഭാര്യയും ഭർത്താവും അച്ഛനും മക്കളും അമ്മയും മക്കളും സഹോദരങ്ങൾ തമ്മിലും സുഹൃത്തുക്കൾക്കിടയിലും ഇത്തരം പരസ്പര ധാരണ നിലനിൽക്കുന്നില്ലെങ്കിൽ ജീവിതം ദുരിതമയവും ഒരു പക്ഷേ ദുരന്തവുമായി മാറും.

വെറും നിസാര കാരണം കൊണ്ട് എത്ര അടുത്ത ബന്ധവും നിമിഷാർദ്ധം കൊണ്ട് ആടിയുലയുകയും ചിലപ്പോൾ തകർന്ന് തരിപ്പണമാകുകയും ചെയ്യുന്നത് ഇക്കാലത്ത് പതിവാണ്. ദാമ്പത്യബന്ധം മാത്രമല്ല സഹോദരങ്ങൾ തമ്മിലുള്ള ബന്ധവും രക്ഷിതാക്കളുമായുളള ബന്ധവും സുഹൃദ്ബന്ധങ്ങളുമെല്ലാം വളരെയേറെ വെല്ലുവിളികൾ നിറഞ്ഞതാണ്. ജ്യോതിഷപരമായി നോക്കിയാൽ ഇത്തരം കുഴപ്പങ്ങൾക്കെല്ലാം കാരണം ഗ്രഹങ്ങളുടെ പ്രതികൂല സ്വാധീനമാണ്. ഇതിൽ നിന്നും പുറത്ത് വരാനുള്ള മാർഗ്ഗം ഭക്തി വിശ്വാസപൂർവമുള്ള പ്രാർത്ഥന, ക്ഷേത്ര ദർശനം, മന്ത്രജപം, വ്രതാനുഷ്ഠാനം, വഴിപാടുകൾ, പൂജകൾ ഹോമങ്ങൾ ഇവയെല്ലാമാണ്.

എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്ന വേദങ്ങളിൽ കലഹങ്ങളും അഭിപ്രായ ഭിന്നതയും വിദ്വേഷവും ഒഴിവാക്കി പരസ്പര ധാരണ, സ്വരച്ചേർച്ച, സ്നേഹം ഇവ വളർത്തി ജീവിതം സന്തോഷകരമാക്കാൻ പറഞ്ഞിരിക്കുന്ന മന്ത്രമാണ് ഐക്യമത്യ സൂക്തം. ഋഗ് വേദത്തിലെ അവസാനത്തെ നാല് മന്ത്രങ്ങളാണ് ഐക്യമത്യ സൂക്തം എന്ന പേരിൽ അറിയപ്പെടുന്നത്. ഇത് പതിവായി ജപിച്ചാൽ വളരെ വേഗം ഫലസിദ്ധി കിട്ടും. അതിന് സാധിക്കുന്നില്ലെങ്കിൽ ക്ഷേത്രത്തിൽ ഐക്യമത്യ സൂക്തം കൊണ്ട് അർച്ചന, ഹോമം എന്നിവ ചെയ്താൽ പിണങ്ങിപ്പിരിഞ്ഞ ദമ്പതികൾ തമ്മിൽ ഒന്നിക്കും, അഭിപ്രായ ഭിന്നതകൾ പരിഹരിക്കും. എത്ര രൂക്ഷമായ കുടംബ കലഹവും ശമിക്കും. ബിസിനസ് പങ്കാളികൾ തമ്മിലുള്ള ഭിന്നതകൾ വേഗം മാറും. കമിതാക്കളുടെ സൗന്ദര്യപ്പിണക്കം ഒഴിവാകും. മേലുദ്യോസ്ഥരുമായും സഹപ്രവർത്തകർ തമ്മിൽ അഭിപ്രായ ഐക്യമുണ്ടാകും.
സമൂഹമധ്യത്തിൽ സ്വാധീനം ഉണ്ടാക്കാനും യശസിനും ധനസമൃദ്ധിക്കും ഈ വേദ മന്ത്രജപം ഗുണകരമാണ്. നഷ്ടമായ ശാന്തിയും സമാധാനവും ജീവിതത്തിൽ തിരിച്ചു കൊണ്ടുവരാൻ കഴിയും. എത് മൂർത്തിയുടെ ക്ഷേത്രത്തിലും ഐക്യമത്യ സൂക്തം ജപിക്കാം. അർച്ചന നടത്താം. . എല്ലാ ദേവതകൾക്കും പ്രിയങ്കരമായ ഈ സൂക്തം 2 നേരവും ജപിക്കാമെങ്കിലും രാവിലെയാണ് കൂടുതൽ പ്രധാനം.

ഐക്യമത്യസൂക്ത പുഷ്പാഞ്ജലി ക്ഷേത്രത്തിൻ നടത്തുമ്പോൾ അകന്നു കഴിയുന്ന ദമ്പതികൾ / കമിതാക്കൾ രണ്ടുപേരുടെയും പേരും നാളും പറഞ്ഞ്
നടത്താറുണ്ട്. അതിൽ തെറ്റൊന്നുമില്ല. എന്നാൽ രണ്ടു പേരുടെയും പേരിൽ നടത്തണം എന്ന് നിർബന്ധവുമില്ല. ആരാണോ ആവശ്യക്കാർ അവരുടെ പേരും നാളും പറഞ്ഞ് നടത്തിയാൽ മതി. പക്ഷേ ഐക്യമത്യസൂക്തപുഷ്പാഞ്ജലി നടത്തുന്നവർ വഴിപാടിനൊപ്പം ശക്തമായി പ്രാർത്ഥിക്കണം. ആരുമായുള്ള കലഹമാണോ മാറേണ്ടത് അത് സങ്കല്പിച്ച് നന്നായി പ്രാർത്ഥിക്കണം. ഐക്യമത്യസൂക്ത പുഷ്പാഞ്ജലി 7 അല്ലെങ്കിൽ 12 തവണ ചെയ്യുമ്പോൾ തന്നെ ഫലം കാണാറുണ്ട്. ഇത് നടത്തുന്നതിന് പ്രത്യേക ദിവസമൊന്നും പറയുന്നില്ല; ഏത് ദിവസവും നടത്താം. എങ്കിലും നടത്തുന്ന ക്ഷേത്രത്തിലെ പ്രധാന ദിവസം നോക്കി ചെയ്യുന്നത് കൂടുതൽ നന്നാകും. ഗണപതി ക്ഷേത്രത്തിലാണെങ്കിൽ വെളളി, ദേവീ ക്ഷേത്രത്തിലാണെങ്കിൽ ചൊവ്വ, വെളളി, വിഷ്ണു ക്ഷേത്രത്തിൽ വ്യാഴം, ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ബുധൻ, ശിവ ക്ഷേത്രത്തിൽ ഞായർ, തിങ്കൾ അയ്യപ്പനാണെങ്കിൽ ശനി, മുരുകക്ഷേത്രത്തിലാണെങ്കിൽ ചൊവ്വ – ഇങ്ങനെ ഐക്യമത്യസൂക്ത പുഷ്പാഞ്ജലി നടത്താം.


ഐകമത്യ സൂക്തം

1
ഓം സംസമിദ്യുവസേ
വൃഷന്നഗ്നേ വിശ്വാന്യര്യ ആ
ഇളസ്വദേ സമിധ്യസേ
സ നോ വസൂന്യാ ഭര

ALSO READ

2
സം ഗച്ഛധ്വം സം വദധ്വം
സം വോ മനാംസി ജാനതാം
ദേവാ ഭാഗം യഥാ പൂർവ്വേ
സഞ്ജാനാനാ ഉപാസതേ

3
സമാനോ മന്ത്ര: സമിതി:
സമാനീ സമാനം മന: സഹ
ചിത്തമേഷാം
സമാനം മന്ത്രമഭി മന്ത്രയേ വ:
സമാനേന വോ ഹവിഷാ
ജൂഹോമീ

4
സമാനീ വ ആകൂതി:
സമാനാ ഹൃദയാനി വ:
സമാനമസ്തു
വോ മനോ യഥാ
വ: സുസഹാസതി

അർത്ഥം :

1
(എല്ലാ നൻമകളും ഐശ്വര്യങ്ങളും ചൊരിയുന്ന ഭഗവാനേ,അവിടുത്തെ പ്രകാശം നാൾക്കു നാൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നൂ. അവിടുന്ന് ഞങ്ങൾക്ക് എല്ലാ സമ്പൽസമൃദ്ധിയും ഐശ്വര്യവും തന്ന് അനുഗ്രഹിക്കണേ)

2
(എല്ലാവരും ഒന്നിച്ച് ചേരുവിൻ, പരസ്പരം ആശയ വിനിമയം നടത്തി സംസാരിക്കുവിൻ, മനസ്സ് തമ്മിൽ നല്ല പോലെ അറിയുവിൻ, ദേവൻമാർ പണ്ടു കാലത്ത് അവരുടെ പങ്കുകൾ ശരിക്കും മനസിലാക്കി എങ്ങനെ ആണോ പരസ്പരം സഹകരിച്ചു പ്രവർത്തിച്ചത് അതുപോലെ പ്രവർത്തിക്കുവിൻ)

3
(നിങ്ങളുടെ മന്ത്രം ഒന്നായിരിക്കട്ടെ, നിങ്ങൾക്ക് ഒരേ സഭ ഉണ്ടാകട്ടെ, നിങ്ങളുടെ വികാര വിചാരങ്ങൾ ഒന്നായി തീരട്ടെ, നിങ്ങൾക്ക് ഒരേ മന്ത്രത്തെ ഉപദേശിച്ചു തരുന്നൂ. അതേ പോലെ തന്ന് ഒരേ ഹവിസിനേയും ഹോമിക്കുന്നൂ)

4
(നിങ്ങളുടെ അഭിപ്രായങ്ങളും ഹൃദയങ്ങളും മനസുകളും ഒന്നായിത്തീരട്ടെ. അതുപോലെ നിങ്ങളുടെ സമ്മേളനങ്ങളും ശോഭനങ്ങളാകട്ടെ)

  • മംഗള ഗൗരി

Story Summary: Aikamathya Sooktham With Lyrics and Meaning


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?