Wednesday, December 10, 2025
Wednesday, December 10, 2025
Home » തിങ്കളാഴ്ച ജനിച്ചാൽ ജീവിതം അസ്ഥിരം; മറ്റ് ദിവസങ്ങളിൽ ഫലം ഇങ്ങനെ

തിങ്കളാഴ്ച ജനിച്ചാൽ ജീവിതം അസ്ഥിരം; മറ്റ് ദിവസങ്ങളിൽ ഫലം ഇങ്ങനെ

by NeramAdmin
0 comments

എസ്. ശ്രീനിവാസ് അയ്യര്‍

ഞായറാഴ്ച ജനിച്ചാൽ അധികാര പ്രിയം

ഞായറാഴ്ച ജനിച്ചാല്‍ സൂര്യന്റെ സ്വാധീനം വ്യക്തിത്വത്തില്‍ നിറയും. പൊതുവേ അധികാരത്തെ ഇഷ്ടപ്പെടും. പിതൃഭക്തരായിരിക്കും. സര്‍ക്കാറിൽ അല്ലെങ്കിൽ പൊതുമേഖലയില്‍ ജോലി ലഭിക്കാനുള്ള സാധ്യത കൂടും. പുരോഗമന ചിന്ത, സത്വരമായ പ്രവര്‍ത്തന ശീലം എന്നിവയും പ്രതീക്ഷിക്കാം. ചുവപ്പ് രാശിയുള്ള കണ്ണുകള്‍, അവയവപ്പൊരുത്തം എന്നിവയും ഭവിക്കാം. അനുയായികളുണ്ടാവും. നേതൃഗുണം ജന്മ സിദ്ധമായിരിക്കും. ശിവഭക്തരായിരിക്കും. മേടം, ചിങ്ങം എന്നീ മലയാളമാസങ്ങളിലെ ഞായറാഴ്ചകളിലും കാര്‍ത്തിക, ഉത്രം, ഉത്രാടം എന്നീ നക്ഷത്രങ്ങളിലും ഞായറാഴ്ച സൂര്യോദയം മുതലുള്ള 1,8,15,22 എന്നീ മണിക്കൂറുകളിലും ജനിച്ചാല്‍ ആ വ്യക്തിയെ ഒരു ‘സൂര്യ മനുഷ്യന്‍’ എന്ന് വിളിക്കാവുന്നതാണ്.

തിങ്കളാഴ്ച ജനിച്ചാൽ ഉയര്‍ച്ചതാഴ്ചകള്‍

തിങ്കളാഴ്ച ജനിക്കുന്നവരില്‍ ചന്ദ്രന്റെ ഗ്രഹപരമായ സവിശേഷതകള്‍ ഏറിയിരിക്കും. ജീവിതത്തെ സ്‌നേഹിക്കുന്നവരാവും. ഉയര്‍ച്ചതാഴ്ച്ചകള്‍ കൊണ്ട് ജീവിതം എപ്പോഴും അസ്ഥിരമായിരിക്കും. കൃഷി, കച്ചവടം എന്നിവയില്‍ ശോഭിക്കും. സുഖലോലുപത, ഭക്ഷണത്തോട് പ്രിയം, ഭോഗാസക്തി, കലാവാസന എന്നിവയുള്ളവരാവും. ദേവീഭക്തിയുണ്ടാവും. പൗര്‍ണമിയിലും തിങ്കളാഴ്ച രാവിലെ ഉദയം മുതലുള്ള 1,8,15,22 എന്നീ മണിക്കൂറുകളിലും രോഹിണി, അത്തം, തിരുവോണം എന്നീ നക്ഷത്രങ്ങളിലും ജനിച്ചാല്‍ അവരെ ‘ചന്ദ്ര മനുഷ്യര്‍’ എന്ന് പറയാന്‍ കഴിയും.

ചൊവ്വാഴ്ച ജനിച്ചാൽ നിത്യ താരുണ്യം

ALSO READ

ചൊവ്വാഴ്ച ജനിക്കുന്നവര്‍ നിത്യ താരുണ്യമുളളവരാവും. ശരീരത്തിലും മനസ്സിലും അത് പ്രതിഫലിക്കും. തന്റേടം കൊണ്ട് എതിരാളികളെ നിഷ്പ്രഭരാക്കും. ക്ഷോഭം വാക്കിലും നോക്കിലും നിറയും. ചടുലപ്രകൃതം മറ്റൊരു പ്രത്യേകത. പോലീസ്, പട്ടാളം, രസതന്ത്രം, ലബോറട്ടറി, വൈദ്യം, ഫാര്‍മസി, അഗ്‌നി, വൈദ്യുതി മുതലായ വകുപ്പുകളില്‍ ജോലി ചെയ്യുവാന്‍ ഇടയുണ്ട്. സാഹസികരായിരിക്കും. സൂര്യോദയം തൊട്ട് 1,8,15,22 മണിക്കൂറുകളിലും മേടം, വൃശ്ചികം എന്നീ ലഗ്‌നങ്ങളിലും മകയിരം, ചിത്തിര, അവിട്ടം എന്നീ നാളുകളിലും ജനിച്ചാല്‍ ചൊവ്വയുടെ പ്രഭാവം വ്യക്തിത്വത്തില്‍ ശക്തമായിരിക്കും. സുബ്രഹ്മണ്യന്‍/ ഭദ്രകാളി/ ശാക്തേയ മൂര്‍ത്തികള്‍ എന്നിവരുടെ ഭക്തരായിരിക്കും.

ബുധനാഴ്ച ജനിച്ചാൽ ബുദ്ധിശക്തി

ബുധനാഴ്ച ജനിക്കുന്നവരില്‍ ബുദ്ധി, യുക്തിവിചാരം, പാണ്ഡിത്യം, ഗണിതത്തോടുള്ള ഇഷ്ടം, സാഹിത്യവാസന, ശില്പ ചാതുര്യം, പ്രഭാഷണ വൈഭവം എന്നിവയുണ്ടാവും. ജ്യോതിഷത്തില്‍ ജ്ഞാനികളാവും. അവതാര വിഷ്ണുമൂര്‍ത്തികളെ ഉപാസിക്കും. ബുധനാഴ്ചയും ആയില്യം, തൃക്കേട്ട, രേവതി എന്നിവയിലൊരു നക്ഷത്രവും കന്നി, മിഥുനം എന്നിവയിലൊരു ലഗ്‌നവും ഒത്തുവന്നാല്‍ ബുധപ്രഭാവം ശക്തമായിരിക്കും. ബുധനാഴ്ച ഉദയം മുതലുള്ള 1,8,15,22 എന്നീ മണിക്കൂറുകളില്‍ ജനിച്ചാലും ബുധന്റെ സ്വാധീനം കാണാനാവും.

വ്യാഴാഴ്ച ജനിച്ചാൽ ഈശ്വരാധീനം

വ്യാഴാഴ്ച ജനിക്കുന്നവര്‍ പൊതുവേ ഗുരുത്വവും ഈശ്വരാധീനവും ഉള്ളവരായിരിക്കും. അവരില്‍ ഭൗതിക ചിന്തകള്‍ക്ക് തുല്യമായി ആത്മീയചിന്തകളും ഇടം പിടിക്കും. സമാദരണീയമായിരിക്കും അവരുടെ കര്‍മ്മ രംഗവും പ്രവര്‍ത്തന മേഖലയും. ഗുണങ്ങളില്‍ സാത്വികതയോട് ഏറ്റവും അടുത്ത് നില്‍ക്കുന്നവരാവും. കറകളഞ്ഞ ഈശ്വരഭക്തി പുലര്‍ത്തും. വികാരവിചാരങ്ങളുടെ സന്തുലനം മറ്റൊരു സിദ്ധിയാണ്. വ്യാഴാഴ്ച സൂര്യോദയം മുതല്‍ 1,8,15,22 മണിക്കൂറുകള്‍ വ്യാഴഹോരാവേളയാണ്. അപ്പോള്‍ ജനിച്ചാലും വ്യാഴമഹിമ സ്വഭാവത്തില്‍ നിറയും. പുണര്‍തം, വിശാഖം, പൂരുരുട്ടാതി നക്ഷത്രങ്ങള്‍ വ്യാഴാഴ്ച ഒത്തുവന്നാലും ജനിച്ചാലും ഇതു പറയാം. ധനു, മീനം ലഗ്‌നങ്ങളുമായി ചേര്‍ന്നാലും വ്യാഴവ്യക്തിത്വം സ്പഷ്ടമായിരിക്കും.

വെള്ളിയാഴ്ച ജനിച്ചാല്‍ പ്രണയം തുടികൊട്ടും

വെള്ളിയാഴ്ച ജനിച്ചാല്‍ ലൗകികാസക്തിയേറും. പ്രണയഭാവങ്ങള്‍ മനസ്സിലെന്നും തുടികൊട്ടും. സുഖത്തില്‍, വിനോദത്തില്‍, ഭോഗത്തില്‍ താത്പര്യമേറും. കലകളില്‍ നിറഞ്ഞ കഴിവും അറിവും ഉണ്ടായിരിക്കും. ഉയര്‍ന്ന സൗന്ദര്യബോധത്താല്‍ അനുഗൃഹീതരായിരിക്കും. ദേവീഭക്തി പുലര്‍ത്തും. അദ്ധ്യാപനം, കച്ചവടം, കലാപരമായ തൊഴിലുകള്‍ എന്നിവയില്‍ ശോഭിക്കും. വെള്ളിയാഴ്ചയും തുലാം, ഇടവം എന്നീ ലഗ്‌നങ്ങളും ഭരണി, പൂരം, പൂരാടം എന്നീ നക്ഷത്രങ്ങളും ഒത്തുവരുമ്പോള്‍ ജനിച്ചാല്‍ ശുക്രവ്യക്തിത്വം ഉച്ചസ്ഥായിയിലെത്തും. സൂര്യോദയം മുതല്‍ 1,8,15,22 മണിക്കൂറുകള്‍ ശുക്രഹോരാവേളകള്‍. ആ സമയത്ത് ജനിച്ചാലും ശുക്രന്റെ ഗ്രഹപരമായ പ്രത്യേകതകള്‍ മാനുഷിക വശങ്ങളോടെ പ്രകടമാവും.

ശനിയാഴ്ച ജനിച്ചാല്‍ പുരോഗതി പതുക്കെ

ശനിയാഴ്ച ജനിച്ചാല്‍ ദുരിതങ്ങളുടെ ദണ്ഡകാരണ്യം കടക്കേണ്ടിവരും. ദീനവും ദാരിദ്ര്യവും ജീവിതത്തെ പിന്നിലേക്ക് വലിക്കും. വിഷാദചിന്തകള്‍, ക്രൂര മനസ്സ്, ആലസ്യം, കഠിനാധ്വാനം, രോഗങ്ങള്‍ എന്നിവ ജീവിതത്തിന്റെ ഭാഗമാകും. പുരോഗതി പതുക്കെയാവും. നേട്ടങ്ങളധികവും വാര്‍ധക്യത്തിലായിരിക്കും. എന്നാലും കരളുറപ്പും മനസ്സുറപ്പും കൈവിടില്ല. ശനിയാഴ്ച ഉദയം മുതല്‍ 1,8,15,22 മണിക്കൂറികളില്‍ ജനിച്ചാല്‍ ശനി സ്വാധീനം ഏറും. മകരം, കുംഭം എന്നിവ ലഗ്‌നമായി ശനിയാഴ്ച ജനിച്ചാലും, പൂയം, അനിഴം, ഉത്തൃട്ടാതി എന്നീ നക്ഷത്രങ്ങള്‍ ചേര്‍ന്നുവരുന്ന ശനിയാഴ്ച ജനിച്ചാലും ഈ ഫലങ്ങള്‍ പറയാം. ശാസ്താവ്, ഉഗ്രമൂര്‍ത്തികള്‍, ശൈവദേവതകള്‍ എന്നിവരെ ഭജിക്കുന്നതില്‍ താത്പര്യമേറും.

സാമാന്യ ഫലങ്ങളാണിവ. ഞാൻ രചിച്ച നക്ഷത്ര പുസ്തകങ്ങളില്‍ ഇത് വിശദീകരിച്ചിട്ടുണ്ട്.

എസ്. ശ്രീനിവാസ് അയ്യര്‍,

+91 98460 23343
അവനി പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം
(കൂടുതല്‍ വായിക്കാൻ ക്ലിക്ക് ചെയ്യുക…https://avanipublicationstvm.blogspot.com )

Story Summary: Personality predictions based on the day of birth

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?