Wednesday, December 10, 2025
Wednesday, December 10, 2025
Home » ഈ മൂന്ന് ദിവ്യ നാമങ്ങൾ ഒറ്റമൂലി; സർവരോഗഹരം, സർവാഭീഷ്ടദായകം

ഈ മൂന്ന് ദിവ്യ നാമങ്ങൾ ഒറ്റമൂലി; സർവരോഗഹരം, സർവാഭീഷ്ടദായകം

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്
വിഷ്ണു ഭഗവാനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട മന്ത്രങ്ങളിൽ ഒന്നാണ് നാമത്രയമന്ത്രം. അച്യുതാനന്ത ഗോവിന്ദ നാമോച്ചാരണ ഭേഷജാത് നശ്യന്തി സകലാ രോഗാ: സത്യം സത്യം വദാമ്യഹം എന്നാണ് ആചാര്യമതം. അച്യുത, അനന്ത, ഗോവിന്ദ
എന്നീ മൂന്ന് ദിവ്യ നാമങ്ങൾ ഒരു മരുന്നാണ് എന്ന് സാരം. എല്ലാ അസുഖങ്ങളും ഈ നാമോച്ചാരണത്തിനാൽ ഇല്ലാതെയാകുന്നു എന്നത് സത്യമാണ്, സത്യമാണ് എന്ന് ഉറപ്പിച്ച് പറയുന്നു വേദവ്യാസ മഹർഷി.
നാമത്രയം എന്ന് അറിയപ്പെടുന്ന ഈ മന്ത്രം വിഷ്ണു ഭഗവാന് വിശേഷകരമായ എകാദശി ദിനത്തിലും വൈശാഖ മാസം മുഴുവനും ജപിക്കുന്നത് വളരെയേറെ ശ്രേയസ്കരമാണ്. ഓം അച്യുതായ നമഃ, ഓം അനന്തായ നമഃ, ഓം ഗോവിന്ദായ നമഃ എന്നീ മന്ത്രങ്ങൾ നിത്യവും 108 തവണ ചൊല്ലുന്നത് സർവരോഗഹരവും സർവാഭീഷ്ടദായകവുമാണ്. ആപദോദ്ധാരണ സ്തോത്രം വ്യക്തമാക്കുന്നത് അച്യുത, അനന്ത, ഗോവിന്ദായ എന്നീ വിഷ്ണു നാമത്രയം ആപത്തുകളിൽ നിന്നും മോചനം നേടാനുള്ള ഒരു ഒറ്റമൂലികയാണ് എന്നാണ്.

അച്യുതൻ, അനന്തൻ, ഗോവിന്ദൻ എന്നീ നാമങ്ങൾ മൂന്നും വിഷ്ണു ഭഗവാൻ തന്നെയാണ്. അച്യുതൻ നാശമില്ലത്തവനാണ് ; വികാരരഹിതനാണ് ; സത്, ചിത്ത്, ആനന്ദമാണ്. ജനിക്കുക, ജീവിക്കുക, വളരുക, മാറ്റങ്ങൾ വരുത്തുക, ക്ഷയിക്കുക, നശിക്കുക എന്നീ ച്യുതികൾ ഒന്നും ഇല്ലാതെ ഭൂമിയെ താങ്ങുന്നത് വിഷ്ണു ഭഗവാനാണ്. സൃഷ്ടികർത്താവായ ബ്രഹ്മാവ് മുതൽ എല്ലാത്തിനും നാശമുണ്ടെങ്കിലും ദേഹിക്ക് ഒരു സ്ഥിതി വ്യത്യാസവുമില്ല. ശാശ്വതമായത് അച്യുതൻ മാത്രമാണ്. ഇങ്ങനെയുള്ള സ്ഥിര ചൈതന്യത്തെയാണ് നാമത്രയ മന്ത്രത്തിൽ ആദ്യം വന്ദിക്കുന്നത്.

അടുത്തതായി അനന്തനെ നമിക്കുന്നു. ജഗത്ത് മുഴുവൻ വ്യാപിച്ചിരിക്കുന്നവനും, എല്ലാ സൃഷ്ടികളിലും ആത്മാവായിരിക്കുന്നവനും നിത്യനും, ദേശം, കാലം എന്നിവകൾ കൊണ്ട് അളക്കാൻ കഴിയാത്തവനും ആയതിനാൽ വിഷ്ണു ഭഗവാൻ അനന്തനാണ്. ഭൂതം, വർത്തമാനം, ഭാവി എന്നീ മൂന്ന് കാലങ്ങളിലും ഒരു പോലെ ഉള്ളതിനാൽ കാലം ഭഗവാനെ ബാധിക്കുന്നില്ല. സർവവ്യാപിയായതിനാൽ ദേശവും എല്ലാമെല്ലാം ആയതിനാൽ വസ്തു നിർദ്ദേശവും ഇല്ല. നാശമില്ലാത്ത, നിത്യനായതിനാൽ അവസാനം എത്താൻ ആർക്കും സാധിക്കാതതിനാൽ അനന്തൻ ആകുന്നു.

ഭൂമിയെ ഉദ്ധരിച്ചവനാണ് ഗോവിന്ദൻ. വാക്കുകളെ രക്ഷിച്ചവനും പശുക്കളെ സംരക്ഷിച്ചവനും, വാക്കിന് ശക്തിയായി വർത്തിക്കുന്നവനുമാണ് ഗോവിന്ദൻ.
ഗൗ എന്നാൽ വാക്ക് എന്നു വിളിക്കുന്നു. അതിനാലാണ് ഗോവിന്ദൻ വാക്കുകൾക്ക് ശക്തി പകരുന്നവനാകുന്നത്. ഈ മൂന്ന് മന്ത്രങ്ങളും ചേരുന്നതാണ് നാമത്രയം. ഉപാസനകൾക്ക് മാത്രമല്ല പൂജകളിലും നമത്രയമന്ത്രം വിശേഷമാണ് എന്ന് ആചാര്യന്മാർ പറയുന്നു.

ജ്യോതിഷരത്നം വേണു മഹാദേവ്, +91 8921709017

Summary : Namathraya Mantra For Curing illnesses

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?