Wednesday, December 10, 2025
Wednesday, December 10, 2025
Home » ഇവർ ഭദ്രകാളി ധ്യാനവും മൂലമന്ത്രവും ജപിച്ചാൽ ആഗ്രഹങ്ങളെല്ലാം സാധിക്കും

ഇവർ ഭദ്രകാളി ധ്യാനവും മൂലമന്ത്രവും ജപിച്ചാൽ ആഗ്രഹങ്ങളെല്ലാം സാധിക്കും

by NeramAdmin
0 comments

ജ്യോതിഷരത്നം വേണുമഹാദേവ്
ദു:ഖനാശിനിയായ, ദുർഗ്ഗതികളെല്ലാം ഇല്ലാതാകുന്ന ദുർഗ്ഗാ ഭഗവതിക്ക് മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ മൂന്ന് ഭാവങ്ങളുണ്ട്. കർമ്മം ചെയ്യാനുള്ള ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകങ്ങളാണ് ഈ ഭാവങ്ങൾ. ദേഹം തമാല നീലയാകുമ്പോൾ ദേവി മഹാകാളിയാകും. കണ്ണും മുഖവും വസ്ത്രവും അലങ്കാരങ്ങളും ചെമ്പരത്തിപ്പൂ പോലെ ചുവപ്പണിയുമ്പോൾ മഹാലക്ഷ്മിയാകും. ദേഹവും വസ്ത്രവും അലങ്കാരങ്ങളും മുല്ലപ്പൂ പോലെ വെളുത്തിരിക്കുമ്പോൾ ദേവി മഹാസരസ്വതിയാകും.

പ്രാണപ്രേയസിയായ സതീദേവി അച്ഛനായ ദക്ഷന്റെ അവഹേളനത്തിൽ മനം നൊന്ത് യാഗശാലയിലെ കനലിൽ ആത്മാഹൂതി ചെയ്തപ്പോൾ സംഹാരരുദ്രനായ ശിവൻ ജടപിടിച്ച് നിലത്തടിച്ചു. ആ ക്രോധാഗ്‌നിയിൽ നിന്ന് വീരഭദ്രനൊപ്പം ഭദ്രകാളിയും ആവിർഭവിച്ചു എന്നാണ് ഒരു ഐതിഹ്യം.

ആദിപരാശക്തിയുടെ ഉഗ്രരൂപമായും ദാരികനെ വധിക്കാൻ ശിവന്റെ തൃക്കണ്ണിൽ നിന്നും രൂപമെടുത്ത ശിവപുത്രിയായും ഭക്തവത്സലയായ കാളിയെ ആരാധിക്കുന്നുണ്ട്.

ശ്രീ മഹാരുദ്രന്റെ നേത്രങ്ങളിൽ നിന്നും ജന്മമെടുത്ത രക്തബീജൻ എന്ന അസുരനെ സംഹരിക്കുവാൻ രൂപമെടുത്ത ഘോരരൂപയുമാണ് ഐതിഹ്യങ്ങളിൽ ഭദ്രകാളി.

ഇങ്ങനെ അനേകരൂപ ഭാവങ്ങളിൽ ഭക്തരുടെ മനസ്സുകളിൽ നിറയുന്ന കാളി അർഹിക്കുന്നവർക്ക് ചൊരിയുന്ന അനുഗ്രഹ വർഷത്തിന് കണക്കില്ല. ചിലപ്പോൾ അമ്മ ഭയങ്കര രൂപിണിയായി ദംഷ്ട്രകൾ കാട്ടി ചിരിച്ചു കൊണ്ട് വരും. വെള്ളപ്പുരികക്കൊടികൾ ഇളക്കി കണ്ണുമിഴിച്ചും ദീർഘശ്വാസം ചെയ്തും വരും. ശൂരയായും അഹങ്കാരിയായും നീർമാതള ദലങ്ങളുടെ കാന്തിയോടെ മുന്നിലെത്തും.

അത്ഭുതരൂപിണിയായി ചെമ്പട്ടുടുത്തു വരും. ചെഞ്ചോരചിന്തുന്ന പച്ച മാംസം ഭക്ഷിച്ചും വരും. കടും ചുമപ്പുള്ള ചോരയൊലിക്കുന്ന തലയോട്ടികൾ കോർത്ത മാല ധരിച്ചും ഭക്തമാനസങ്ങളിലെത്തും ദംഷ്ട്രകളുള്ള ചുണ്ടുകൾ, അടക്കാനാവാത്ത ദേഷ്യം കൊണ്ട് ചുവന്ന് ജ്വലിക്കുന്ന കണ്ണുകൾ, നീണ്ട തലമുടിയുടെ അറ്റം വരെ ചെങ്കുറിക്കൂട്ട് ,
കയ്യിൽ ശൂലവും ദണ്ഡും. പിശാചുക്കളാണ് കാളിയെ സേവിക്കുവാൻ ചുറ്റിലുമുള്ളത്. ഈ പിശാചുക്കളുടെ ചുമലിൽ കയറ്റി പ്രപഞ്ചമാകെയുള്ള ദുഷ്ടരെ സംഹരിച്ച് ശിഷ്ടരെ എപ്പോഴും രക്ഷിക്കുന്ന ഭദ്രകാളിയാണ് ഒരർത്ഥത്തിൽ മലയാളത്തിന്റെ പരദേവത. കാരണം കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കപ്പെടുന്ന മൂർത്തിയാണ് കാളി. ഇവിടെ ഏറ്റവും കൂടുതൽ ക്ഷേത്രങ്ങളുള്ളത് ഭദ്രകാളിക്കാണ്.

ALSO READ

കുടുംബദേവതയായി കാളിയെ പൂജിക്കുന്നവർ, ഇടവം, കർക്കടകം, കന്നി, വൃശ്ചികം, മകരം, മീനം രാശികളിൽ ചൊവ്വ നിൽക്കുന്നവർ, ചൊവ്വ ദോഷമുള്ളവർ, മീനക്കൂറിൽ ജനിച്ചവർ, ചൊവ്വ ഒൻപതിൽ നിൽക്കുന്നവർ ചന്ദ്രബലമില്ലാതെ വൃശ്ചികക്കുറിൽ ജനിച്ചവർ, ചൊവ്വ ദശയിലുള്ള അശ്വതി, കാർത്തിക, ഉത്രം, ഉത്രാടം, മകം, മൂലം, പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രക്കാർ, ഭരണി, പുണർതം, ആയില്യം, പൂരം, വിശാഖം, തൃക്കേട്ട, പൂരാടം, പൂരുരുട്ടാതി, രേവതി നക്ഷതങ്ങളിൽ ജനിച്ചവർ, പതിവായി ഭദ്രകാളിയെ ആരാധിക്കുന്നവർ എന്നിവർക്ക് കാളീപ്രീതി ക്ഷിപ്രഫലം നൽകും. ഇവർ നിത്യവും ഭദ്രകാളിയുടെ ധ്യാനവും മൂലമന്ത്രവും ജപിച്ചാൽ ആഗ്രഹങ്ങളെല്ലാം സാധിക്കും. പെട്ടെന്നുള്ള ഫലസിദ്ധിക്ക് രാവിലെയും വൈകിട്ടും 108 തവണ വീതം ജപിക്കുക. ഒപ്പം കാളിയുടെ പ്രാർത്ഥനാ മന്ത്രങ്ങൾ ജപിക്കുന്നതും നല്ലതാണ്.

ധ്യാനം
ഓം കാളീം മേഘസമപ്രഭാം
ത്രിനയനാം
വേതാള കണ്ഠസ്ഥിതാം ഖഡ്ഗ
ഖേടകപാല ദാരിക ശിരഃ കൃത്വാ
കരാഗ്രേഷു ച
ഭൂതപ്രേത പിശാചമാതൃ സവിതാം
മുണ്ഡസ്രജാലംകൃതാം
വന്ദേ ദുഷ്ടമസൂരികാദി
വിപദാം സംഹാരിണീമീശ്വരീം

മൂലമന്ത്രം
ഓം ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യൈ നമഃ

പ്രാർത്ഥനാ മന്ത്രങ്ങൾ
1
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ
2
മൂലമന്ത്രം നമസ്തുഭ്യം നമസ്തുഭ്യം സുരേശ്വരി
ഭദ്രകാളി നമസ്തുഭ്യം നമസ്തുഭ്യം ദയാനിധേ

ജ്യോതിഷരത്നം വേണുമഹാദേവ്, +91 9847475559

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?