Wednesday, December 10, 2025
Wednesday, December 10, 2025
Home » തിരുവട്ടാർ ആദികേശവന് 418 വർഷ ശേഷം കുംഭാഭിഷേകം; ലക്ഷം പേർക്ക് ദർശനം

തിരുവട്ടാർ ആദികേശവന് 418 വർഷ ശേഷം കുംഭാഭിഷേകം; ലക്ഷം പേർക്ക് ദർശനം

by NeramAdmin
0 comments

പി എം ബിനുകുമാർ
നൂറ്റാണ്ടുകളുടെ പഴക്കമുള്ള തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രം 418 വർഷത്തിന് ശേഷം കുംഭാഭിഷേകത്തിന് ഒരുങ്ങി. സാക്ഷാൽ ശ്രീപത്മനാഭ സ്വാമിയുടെ ജ്യേഷ്ഠൻ ആദി കേശവപെരുമാളിന്റെ വിഗ്രഹ പുന:പ്രതിഷ്ഠാ ചടങ്ങുകൾ ക്ഷേത്രത്തിൽ നടക്കുകയാണ്. 2022 ജൂലൈ 6 ന് രാവിലെ 5.10നും 5.50നും മദ്ധ്യേ കുംഭാഭിഷേക ചടങ്ങുകൾ നടക്കും. നവീകരണ കലശവും കൊടിമര പ്രതിഷ്ഠയുമാണ് കുംഭാഭിഷേക ഭാഗമായി നടക്കുക. ഒരാഴ്ച നീണ്ടു നിൽകുന്ന ഇതിന്റെ ചടങ്ങുകൾ ബുധനാഴ്ച ആരംഭിച്ചു. ജൂലൈ 6 ന് ഒരുലക്ഷം പേർക്ക് ക്ഷേത്രത്തിൽ ദർശനം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര മാനേജർ മോഹനകുമാർ പറഞ്ഞു.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മാതൃകയിലുള്ള മഹാക്ഷേത്രമാണ് കന്യാകുമാരി ജില്ലയിലെ തക്കല തിരുവട്ടാർ ആദികേശവക്ഷേത്രം. അനന്തന്റെ മുകളിൽ യോഗനിദ്രയിൽ ശയിക്കുന്ന മഹാവിഷ്ണു തന്നെയാണ് പ്രധാനപ്രതിഷ്ഠ. തിരുവിതാംകൂർ രാജവംശത്തിന്റെ ഉപാസനാ മൂർത്തിയായിരുന്നു തിരുവട്ടാർ കേശവൻ. സംസ്ഥാന പുനർവിഭജന ശേഷമാണ് തമിഴ്‌നാട്ടിലായത്. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ എന്നപോലെ മൂന്നു വാതിലിലൂടെ വേണം ഇവിടെയും ദർശനം നേടാൻ. യാതൊരുവന്റെ നാഭിയിൽ നിന്നാണോ ലോകസൃഷ്ടിക്ക് കാരണമായിത്തീർന്ന പദ്മം ഉദ്ഭവിച്ചത് ആ ദേവനെയാണ് പദ്മനാഭൻ എന്നു പറയുന്നത്. ആ സങ്കല്പത്തിലുള്ള പ്രതിഷ്ഠ തന്നെയാണ് തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലും ഉള്ളത്. ഇവിടെ ഭഗവാന്റെ നാഭിയിൽ ഉയർന്നു നിൽക്കുന്ന പദ്മത്തെയും അതിന്റെ മുകളിൽ ബ്രഹ്മാവിനെയും ദർശിക്കാൻ സാധിക്കും. എന്നാൽ തിരുവട്ടാർ ആദികേശവ ക്ഷേത്രത്തിൽ ഭഗവാന്റെ നാഭിയിൽ പദ്മം ഇല്ല അതിന്റെ കാരണം ഇപ്രകാരമാണ് പണ്ട് ബ്രഹ്മാവ് ഒരു യാഗം നടത്തി. ആ യാഗത്തെ തടസപ്പെടുത്താൻ ശ്രമിച്ച കേശവൻ എന്ന അസുരനെ വിഷ്ണുഭഗവാൻ ബന്ധിക്കുകയും പിന്നീട് ആദിശേഷന്റെ മുകളിൽ യോഗനിദ്രയെ പ്രാപിക്കുകയും ചെയ്തു കേശവനെ ബന്ധിച്ച് ആദിശേഷന്റെ മുകളിൽ യോഗനിദ്രയെ പ്രാപിച്ച് കിടക്കുന്നതുകൊണ്ടാണത്രേ ആദികേശവക്ഷേത്രം എന്ന പേര് ലഭിച്ചത്. 108 വൈഷ്ണവ തിരുപ്പതികളിൽ ഒന്നാണ് തിരുവട്ടാർ ആദികേശവക്ഷേത്രം.

തിരുവട്ടാർ ആദികേശവപെരുമാൾക്ഷേത്രത്തിൽ സ്ഥാപിക്കാൻ പോകുന്ന സ്വർണ്ണ കൊടിമര പറകൾ

 

തിരുവനന്തപുരത്തു നിന്ന് 51 കിലോമീറ്റർ തെക്ക് കന്യാകുമാരി ജില്ലയിൽ തക്കലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തമിഴ്നാട് ദേവസ്വത്തിന്റെ കീഴിലുളള ഈ ക്ഷേത്രത്തിൽ 2014 ൽ തുടങ്ങിയ നവീകരണ പ്രവർത്തനങ്ങൾക്ക് ഏഴ് കോടി രൂപ ചെലവായി.
തിരുവനന്തപുരം – നാഗർകോവിൽ ദേശീയപാതയിൽ മാർത്താണ്ഡത്തുനിന്ന് കുലശേഖരം പോകുന്ന വഴിയിൽ തിരുവട്ടാർ ഡിപ്പോയ്‌ക്ക് സമീപമാണ് ക്ഷേത്രം.

പി എം ബിനുകുമാർ

+91 9447694053

Story Summary: Thiruvattar Adikeshava Perumal Temple ready for Kumbhabishekam after 418 years

ALSO READ


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?