Wednesday, December 10, 2025
Wednesday, December 10, 2025
Home » അനർത്ഥങ്ങളും ദുരിതങ്ങളും മാറ്റാൻ ഗുരു പൂർണ്ണിമ ബുധനാഴ്ച

അനർത്ഥങ്ങളും ദുരിതങ്ങളും മാറ്റാൻ ഗുരു പൂർണ്ണിമ ബുധനാഴ്ച

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

പ്രത്യക്ഷ ദൈവങ്ങളായ മാതാപിതാക്കൾ കഴിഞ്ഞാൽ ആദ്യം ഗുരുവും പിന്നീട് ദൈവവും എന്നാണ് വേദവിചാരം. ദൈവത്തെക്കുറിച്ച് ആദ്യം പറഞ്ഞു തന്നത് ഗുരുവാണ്. ഗുരുമുഖത്താണ് ഈശ്വരശക്തി ആവിർഭജിച്ചത്. അതിനാൽ ഗുരു ഈശ്വരതുല്യനാകുന്നു. ഏത് വിദ്യ അഭ്യസിക്കുന്നതിനും ഗുരുവിന്റെ അനുഗ്രഹം വേണം. ജീവിതപഠനമായാലും വേദപഠനമായാലും കലയായാലും എല്ലാത്തിനും ഗുരു വേണം. ഗുരുവിൽ നിന്നും തുടങ്ങുക എന്നാൽ അറിവിൽ നിന്ന് ആരംഭിക്കുക എന്ന് അർത്ഥം. ഭാരതം അറിവിന്റെ ദേവന്മാരായി കണക്കാക്കുന്നത് ശിവാംശമായ ദക്ഷിണാമൂർത്തിയെയും വിഷ്ണു ചൈതന്യമായ വേദവ്യാസനെയുമാണ്. ഋഷീശ്വരന്മാരുടെ പരമ്പര തേടിപ്പോയാൽ ആ ചങ്ങല അവസാനിക്കുക വേദവ്യാസനിലാണ്. 18 പുരാണങ്ങളും അതിലുപരി ശ്രീമദ്ഭാഗവതവും ലോകത്തിന് നൽകിയ മഹർഷിവര്യൻ അവതാരമെടുത്ത ദിവസമാണ് ആഷാഢത്തിലെ പൗർണ്ണമിയായ ഗുരുപൂർണ്ണിമ അഥവാ വ്യാസപൂർണ്ണിമ.

വ്യാസഗുരുവിന്റെ അനുഗ്രഹം നേടിയാൽ എല്ലാ വിദ്യയും സിദ്ധിക്കും. എല്ലാ ദോഷങ്ങളും അകന്ന് ഐശ്വര്യം വരും. ഗുരുവിന്റെ ഇഷ്ടവും പ്രീതിയും ലഭിച്ചാൽ വിഷ്ണുവിന്റെ അനുഗ്രഹം സിദ്ധിക്കും. ത്രിമൂർത്തികളും കുടികൊള്ളുന്ന ഗുരുവിൽ പരബ്രഹ്മത്തെ ദർശിക്കാം. ഗുരു ഒരേ സമയം രക്ഷിതാവും ശിക്ഷകനുമാണ്. ഗുരു കടാക്ഷമുണ്ടെങ്കിൽ ലക്ഷം ദോഷങ്ങൾ വരെ ഒഴിഞ്ഞു പോകും. അതിനാൽ
വിദ്യ പൂർണ്ണമാകാൻ, പരമാചാര്യന്മാരെ വന്ദിച്ചു കൊണ്ട് ഈ വ്യാസപൂർണ്ണിമ മംഗളകരമായി തുടങ്ങാം:

ഗുരു വന്ദനമന്ത്രം
ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു
ഗുരുർ ദേവോ മഹേശ്വരാ
ഗുരു സാക്ഷാത് പരബ്രഹ്മാ
തസ്മൈ ശ്രീ ഗുരവേ നമഃ

അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ചില തെറ്റുകൾ പലപ്പോഴും ഗുരുനിന്ദയ്ക്ക് കാരണമാകാറുണ്ട്. അതിന്റെ ഫലമായി ഗുരുവിന്റെ വിപ്രതിപത്തിയുണ്ടാകാം. കഠിനമായ ദോഷങ്ങളിൽ ഒന്നാണ് ഗുരുശാപം. ഇതിന്റെ ഫലമായി പല അനർത്ഥങ്ങളുമുണ്ടാകാം. അത്തരത്തിൽ കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്ക് ഗുരുപ്രീതിയും ഈശ്വരാനുഗ്രഹവും നേടാൻ പറ്റിയ ദിവസവുമാണിത്; ജൂലൈ 13, 1197 മിഥുനം 29 ബുധനാഴ്ച ഗുരുപൂർണ്ണിമ.

ഏത് വിദ്യ പഠിച്ചവരും അതാത് മേഖലയിലെ ഗുരുവിനെ കണ്ട് വ്യാസപൂർണ്ണിമ ദിവസം അനുഗ്രഹം വാങ്ങണം.

ALSO READ

ഈ ദിവസം ഗുരുവിനെ വണങ്ങുന്നവരുടെ ദോഷങ്ങൾ അകലും. ഐശ്വര്യവും സമൃദ്ധി കൈവരും. ശത്രുദോഷം, ദൃഷ്ടിദോഷം, ശാപദുരിതം എന്നിവയെല്ലാം മാറും. അന്നും തലേന്നും മത്സ്യവും മാംസവും മൈഥുനവും ത്യജിക്കണം. തലേന്ന് രാത്രി പഴവും ലഘുഭക്ഷണവും ആകാം. ഗുരുപൂർണ്ണിമ ദിവസം വിഷ്ണുവിനെ സ്മരിച്ച് വിളക്ക് കൊളുത്തി പ്രാർത്ഥിക്കണം. തലേന്ന് ഉറങ്ങും മുൻപ് ഇനി പറയുന്ന അഷ്ടാക്ഷരീ മന്ത്രവും ദ്വാദശാക്ഷരീ മന്ത്രവും കഴിയുന്നത്ര ജപിക്കണം.

അഷ്ടാക്ഷരീ മന്ത്രം
ഓം നമോ നാരായണായ
ദ്വാദശാക്ഷരീ മന്ത്രം
ഓം നമോ ഭഗവതേ വാസുദേവായ

ഗുരുപൂർണ്ണിമയ്ക്ക് താഴെ പറയുന്ന മന്ത്രം കഴിയുന്നത്ര ജപിക്കണം. ശ്രീപരമേശ്വരന്റെയും വിഷ്ണുവിന്റെയും അവതാരങ്ങളായ ദക്ഷിണാമൂർത്തിയുടെയും വേദവ്യാസന്റെയും മാത്രമല്ല നിത്യജീവിതത്തിലെ എല്ലാ ഗുരുക്കന്മാരുടെയും അനുഗ്രഹം സിദ്ധിക്കുന്നതിന് ഈ പ്രാർത്ഥന സഹായിക്കും:

ഓം നമോ ഭഗവതേ
വ്യാസായ വ്യാസരൂപായ
വിശ്വബ്രഹ്മണേ നമഃ

ഓം വിഷ്ണവേ നമഃ

ഓം നമോ വിശ്വരൂപായ
വിശ്വായ വിശ്വാത്മനേ നമഃ

ഓം നമഃ ശിവായ

ഓം നമോ ഭഗവതേ
കേശവായ മാധവായ
മധുസൂദനായ ശ്രീം നമഃ

ഗുരുപൂർണ്ണിമ ദിവസം ചില മന്ത്രജപങ്ങൾ ആരംഭിക്കുന്നതിന് ഉത്തമമാണ്:

1
വേദവ്യാസ മൂലമന്ത്രം
ഓം വ്യാംവേദവ്യാസായ നമഃ എന്നതാണ് വേദവ്യാസന്റെ മൂലമന്ത്രം. ഗുരുപൂർണ്ണിമദിവസം ഈ മന്ത്രം 1008 പ്രാവശ്യം ജപിക്കുക. തുടർന്ന് എന്നും രാവിലെ 48 പ്രാവശ്യം ജപിക്കുകയുമാകാം. വ്രതമെടുത്താൽ നല്ലത്. ഇല്ലെങ്കിലും ദോഷമില്ല. ഐശ്വര്യസമൃദ്ധി, പാപശാന്തി എന്നിവയാണ് ഫലം.

2
പൂർണ്ണമന്ത്രം
ഓം നമോ ഭഗവതേ
വിഷ്ണവേ മധുസൂദനായ നാരായണായ ചന്ദ്രാത്മനേ വ്യാസരൂപായ പൂർണ്ണായ നമഃ

എന്ന പൂർണ്ണമന്ത്രം 36 വീതം 28 ദിവസം ജപിക്കുക. ഗുരുപൂർണ്ണിമ ദിവസം ജപം ആരംഭിക്കുക. ദാരിദ്ര്യവും കഷ്ടപ്പാടും മാറും.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി, മൊബൈൽ: +91 094-470-20655

Story Summary: Significance and Rituals of Guru Poornima

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?