Wednesday, December 10, 2025
Wednesday, December 10, 2025
Home » ആവണി അവിട്ടം ഹയഗ്രീവജയന്തി;ശ്രീകൃഷ്ണപ്രീതിക്ക് ഉത്തമ ദിവസം

ആവണി അവിട്ടം ഹയഗ്രീവജയന്തി;
ശ്രീകൃഷ്ണപ്രീതിക്ക് ഉത്തമ ദിവസം

by NeramAdmin
0 comments

ജോതിഷി പ്രഭാ സീന സി.പി
ശ്രീകൃഷ്ണ ജയന്തിക്ക് തൊട്ടു മുൻപ് വരുന്ന പൗര്‍ണ്ണമി നാളാണ് ആവണി അവിട്ടം. ഹയഗ്രീവ ജയന്തി, രക്ഷാബന്ധൻ എന്നിങ്ങനെയും ആചരിക്കുന്ന ഈ ദിവസം മഹാവിഷ്ണുവിനെയും ശ്രീകൃഷ്ണസ്വാമിയെയും പ്രീതിപ്പെടുത്താൻ ഉത്തമമാണ്.

ബ്രാഹ്മണർക്ക് ഏറ്റവും പ്രാധാന്യമേറിയ ആവണി അവിട്ടം. എല്ലാവരുടെയും ഉള്ളിൽ കുടികൊള്ളുന്നത്
ഒരേ ചൈതന്യമാണ് എന്ന സത്യം തിരിച്ചറിഞ്ഞ് ലോക നന്മയ്ക്കും ക്ഷേമത്തിനും ധർമ്മാനുഷ്ഠാനങ്ങൾ നടത്തി
ബ്രാഹ്മണൻ നിലകൊള്ളുന്നു. സുസ്ഥിരമായ പ്രപഞ്ച നിലനില്‍പ്പിന് ആധാരം ധര്‍മ്മമാണ്. അതിന്റെ സംരക്ഷണത്തിന് നില കൊള്ളുന്ന ബ്രാഹ്മണർ ആറു കർമ്മങ്ങൾ അനുഷ്ഠിക്കണം; അദ്ധ്യയനം, അദ്ധ്യാപനം, യജനം, യാജനം, ദാനം, പ്രതിഗ്രഹം.

ഈ കർമ്മാനുഷ്ഠാനങ്ങൾക്ക് അറിയാതെ പോലും സംഭവിക്കുന്ന മുല്യച്യുതിക്ക് പരിഹാരമായി ബ്രാഹ്മണര്‍ ആവണി നാളിൽ പൂണൂല്‍ മാറ്റി പുതിയ പൂണൂല്‍ ധരിക്കുന്നു. പൂര്‍വ്വിക ഋഷിമാരെ സ്മരിച്ച് അര്‍ഘ്യം ചെയ്യുന്നു . ഇതിലൂടെ അതുവരെ സംഭവിച്ച കർമ്മച്യുതി ഇല്ലാതാവുന്നു. ഈ ദിവസം വേദോച്ചാരണവും മന്ത്രോച്ചാരണവും നടത്തുന്നത് വളരെ ശുഭകരമാണ്. ബ്രാഹ്മണ യുവാക്കള്‍ വേദ പഠനം തുടങ്ങുന്നതും ആദ്യമായി പൂണൂല്‍ ധരിക്കുന്നതും ആവണി അവിട്ടം നാളിൽ തന്നെയാണ്.

സൃഷ്ടിയുടെ ആരംഭത്തില്‍ ബ്രഹ്മചൈതന്യം ജ്ഞാനമായി പ്രകടമായതാണ് വേദം. ബ്രഹ്മാവിന്റെ ഹൃദയത്തിൽ ആണ് വേദം പ്രകടമായത്. ഒരിക്കൽ ബ്രഹ്മാവിന് വേദങ്ങളുടെ സൂക്ഷിപ്പുകാരൻ ഞാനാണെന്ന അഹന്തയുണ്ടായി. ആ അഹങ്കാരം തീർക്കാൻ ഭഗവാൻ രണ്ട് അസുരന്മാരിൽ പ്രേരണ ശക്തിയായി. അവർ ബ്രഹ്മാവിൽ നിന്നും വേദങ്ങള്‍ മോഷ്ടിച്ചു. അഹങ്കാരം തീർന്ന ബ്രഹ്മാവ് വേദത്തെ വീണ്ടെടുക്കാൻ ഭഗവാനെ അഭയം പ്രാപിച്ചു. ഭഗവാൻ ഹയഗ്രീവനായി അവതാരം കൈക്കൊണ്ട് വേദങ്ങള്‍ വീണ്ടെടുത്തു. ആ ദിവസമാണ് ആവണി അവിട്ടം എന്നും ഐതിഹ്യമുണ്ട്. ഈ ദിവസം ഹയഗ്രീവജയന്തിയായും അറിയപ്പെടുന്നു. ഹയഗ്രീവൻ വേദത്തെ വീണ്ടെടുത്ത ഈ ദിനത്തിൽ പൂണൂല്‍ ധരിക്കുന്നതോടെ വിജ്ഞാനത്തിന്‍റെ അകക്കണ്ണ് തുറക്കുന്നു എന്ന് സങ്കല്‍പ്പം. ആവണി അവിട്ടം വളരെ വിപുലമായാണ് ബ്രാഹ്മണ ഗൃഹങ്ങളിൽ ആചരിക്കുന്നത്. സ്ത്രീകളും കുട്ടികളും പുതുവസ്ത്രങ്ങളും, ആടയാഭരണങ്ങളും അണിയുന്നു. വിഭവ സമൃദ്ധമായ സദ്യയും പലഹാരങ്ങളും ഒരുക്കുന്നു. ഇങ്ങനെ ആചരിച്ചാൽ സർവ്വൈശ്വര്യങ്ങളും ലഭിക്കും എന്നാണ് വിശ്വാസം.

ഈ ദിവസം തന്നെയാണ് രാഖി അഥവാ രക്ഷാബന്ധൻ ആചരിക്കുന്നത്. അതിന്റെ ഐതിഹ്യം ഇങ്ങനെ: ധർമ്മപുത്രരുടെ രാജസൂയ ദിവസം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് ദ്രൗപതി അണിഞ്ഞ വിശിഷ്ടമായ പട്ടുസാരിയാണ് . രാജസൂയ വേദിയിൽ വച്ച് ശിശുപാലൻ ശ്രീകൃഷണ ഭഗവാനെ അധിക്ഷേപിച്ചപ്പോൾ ഭഗവാൻ സുദർശനചക്രത്താൽ ശിശുപാലനെ വധിച്ചു. അതിനിടെ ചക്രത്തിൽ തട്ടി ശ്രീകൃഷ്ണന്റെ മണിബന്ധം മുറിഞ്ഞു. ഏവരും മുറിവ് കെട്ടാൻ തുണി അന്വേഷിക്കാൻ തുടങ്ങി. ദ്രൗപതി മറ്റൊന്നും ചിന്തിക്കാതെ സ്വന്തം പട്ടുസാരി കീറി മണിബന്ധത്തില്‍ കെട്ടി. ദ്രൗപതിയുടെ കറയറ്റ സ്നേഹം കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. ഇനിയുള്ള കാലം മുഴുവനും ദ്രൗപതിയുടെ സംരക്ഷണം സഹോദരനായ തന്റെ ചുമതലയാണെന്ന് ഭഗവാൻ പറഞ്ഞു. ഈ സംഭവത്തിന്റെ പ്രതീകമായാണ് ഇപ്പോൾ രാഖി ബന്ധനം വളരെ പവിത്രമായ ഒരു ആചാരമാണ് രക്ഷാബന്ധൻ അഥവാ രാഖി. സഹോദരി രക്ഷാബന്ധന ദിവസം രക്ഷാസൂത്രവും മധുരപലഹാരങ്ങളും, ദീപവും വച്ച താലവുമായി സഹോദരനെ സമീപിച്ച്, ദീപം ഉഴിഞ്ഞ്, തിലകം ചാർത്തി, മധുരപലഹാരങ്ങൾ നൽകി, ദീർഘായുസ്സിനും നന്മയ്ക്കും വേണ്ടി പ്രാർത്ഥിച്ച് കൈയിൽ വർണനൂലുകളാൽ നിർമ്മിച്ച സുന്ദരമായ രക്ഷാസൂത്രം കെട്ടികൊടുക്കുന്നു. സഹോദരൻ ആജീവാനന്തം അവളെ സംരക്ഷിച്ച് പരിപാലിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. സഹോദരിക്ക് പാരിതോഷികങ്ങൾ നൽകുകയും ചെയ്യുന്നു.
ജോതിഷി പ്രഭാ സീന സി.പി
+91 9961 442256, 989511 2028

Story Summary: Significance of Avani Avittam

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?