Wednesday, December 10, 2025
Wednesday, December 10, 2025
Home » ശത്രുദോഷവും ദാരിദ്ര്യവും അകറ്റി ഭാഗ്യവും ഐശ്വര്യവും നൽകും രാജരാജേശ്വരി

ശത്രുദോഷവും ദാരിദ്ര്യവും അകറ്റി ഭാഗ്യവും ഐശ്വര്യവും നൽകും രാജരാജേശ്വരി

by NeramAdmin
0 comments

സരസ്വതി ജെ. കുറുപ്പ്
ശത്രുദോഷവും ദാരിദ്ര്യവുമകറ്റി എല്ലാ ഐശ്വര്യങ്ങളും നൽകുന്നതിന് ആദിപരാശക്തിയായ രാജരാജേശ്വരിക്ക് സമാനമായി മറ്റൊരു മൂർത്തിയില്ല. ത്രിപുരസുന്ദരിയാണ് രാജരാജേശ്വരി. ലളിതാംബിക, ജഗദംബിക, ശ്രീവിദ്യ, കോമേശ്വരി എന്നെല്ലാം അറിയപ്പെടുന്ന ദേവി ശിവന്റെ ശക്തിയാണ്. ശത്രുദോഷം, ദുരിത ദു:ഖങ്ങൾ, ദാരിദ്ര്യം എന്നിവ കാരണം വിഷമിക്കുന്നവർ രാജരാജേശ്വരിയെ പ്രീതിപ്പെടുത്തിയാൽ അതിൽ നിന്നും അതിവേഗം മുക്തി നേടാം. ഭദ്രകാളി, ദുർഗ്ഗാപ്രീതി നേടുന്നതും ഉത്തമമായ ശത്രുദോഷ പരിഹാര കർമ്മമാണ്.

ഒരാൾക്ക് മറ്റൊരാളോട് തോന്നുന്ന മാനസികമായ വിദ്വേഷത്തിലൂടെയാണ് ശത്രുദോഷം തുടങ്ങുന്നത്. ഇത് കടുത്ത ശത്രുതയായി മാറുമ്പോൾ എതിരാളിയെ നശിപ്പിക്കാൻ ചില ദുഷ്ടർ ക്ഷുദ്രം, ആഭിചാരം തുടങ്ങിയ നീച കർമ്മങ്ങൾ ചെയ്യും. മറ്റ് ചിലർ കൗളാചാരപ്രകാരം രൗദ്രദേവതാ സങ്കല്പത്തിൽ ശത്രുവിന് ദോഷം വരണമെന്ന് വിളിച്ചപേക്ഷിക്കും. അതിനു വേണ്ടി അവർ ആ ദേവതയ്ക്ക് ഇഷ്ടമുള്ള നേർച്ചകളും നടത്താറുണ്ട്. എങ്കിലും ക്ഷുദ്രവും ആഭിചാരവും ചെയ്യുമ്പോഴാണ് കടുത്ത ദോഷങ്ങൾ ബാധിക്കുന്നത്. പൊതുവേ ഇങ്ങനെ ആണെങ്കിലും എല്ലാ ആഭിചാര കർമ്മങ്ങൾക്കും ദോഷം സംഭവിക്കാറില്ല.

ആരെ ഉദ്ദേശിച്ചാണോ ആഭിചാരം ചെയ്യുന്നത് അവർക്ക് ഉത്തമമായ ദശാകാലവും ശക്തമായ ദെൈവാധീനവും ഉള്ള സമയമാണെങ്കിൽ ഏന്ത് ക്ഷുദ്രം ചെയ്താലും അത് ബാധിക്കില്ല. മാനസികമായും ശാരീരികമായും വ്യക്തി ദുർബ്ബലരോ ചപലരോ ആകപ്പെടുന്ന അവസ്ഥയിലാണ് ശത്രുദോഷം തീവ്രമായി ബാധിക്കുക. ആര് എത്ര കടുത്ത ക്ഷുദ്രം ചെയ്താലും ദോഷസമയമല്ലെങ്കിൽ ഒന്നും ബാധിക്കില്ലെന്ന് ചുരുക്കം. ഇനി ശത്രുദോഷം ബാധിച്ചാൽ തന്നെ ദേവീ ഉപാസനയിലൂടെ അതിനെ മറികടക്കാം.

കടുത്ത ശത്രുദോഷ മുക്തിക്ക് രാജരാജേശ്വരി ദേവിയെ പ്രീതിപ്പെടുത്താൻ 48 ദിവസം വ്രതമെടുക്കുന്ന ഒരു പ്രത്യേക അനുഷ്ഠാന പദ്ധതിയുണ്ട്. ഈ 48 ദിവസവും രാവിലെ 6 മണിക്ക് മുൻപ് കുളിച്ച് ശരീരശുദ്ധിയോടെ, മന:ശുദ്ധിയോടെ പൂജാമുറിയിലിരുന്ന് രാജരാജേശ്വരി ദേവിയെ പ്രാർത്ഥിക്കണം. ദേവിയുടെ ചിത്രത്തിൽ മാല ചാർത്തി അതിന് മുന്നിൽ വിളക്കും ചന്ദനത്തിരിയും കത്തിച്ചു വച്ച് വേണം പ്രാർത്ഥന. ഈ ദിവസങ്ങളിൽ മത്സ്യമാംസാദികൾ, മദ്യം, ലഹരി വസ്തുക്കൾ എന്നിവ ഉപയോഗിക്കരുത്. ഏത് പൂജാമുറിയിൽ പ്രാർത്ഥന തുടങ്ങുന്നുവോ ആ പൂജാമുറിയിൽ തന്നെ 48 ദിവസവും പൂജ തുടരണം. ദിവസവും രണ്ടുനേരം പൂജ നടത്തി പ്രാർത്ഥിക്കണം. ഇങ്ങനെ ചെയ്താൽ കടുത്ത ആഭിചാര പ്രയോഗ ദോഷങ്ങൾ വരെ അകന്നുപോകും. മാത്രമല്ല ഐശ്വര്യവും വശ്യശക്തിയുമുണ്ടാവും. ഭാഗ്യം, ഐശ്വര്യം, സമ്പൽസമൃദ്ധി, സർവ്വകാര്യവിജയം എന്നിവയാണ് രാജരാജേശ്വരി പ്രീതിയുടെ ഫലം. ലളിതാ സഹസ്രനാമം, ദേവീ ഭാഗവതം, സൗന്ദര്യ ലഹരിയിലെ ശ്ലോകങ്ങൾ, ദുർഗ്ഗാ അഷ്ടോത്തരം, ലളിത ത്രിശതി തുടങ്ങിയവയാണ് രാജരാജേശ്വരിയെ പൂജിക്കുമ്പോൾ ജപിക്കേണ്ടത്.

  • സരസ്വതി ജെ. കുറുപ്പ്

Story Summary: Rajarajeshwari Worshipping for removing enemies and poverty

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?