Wednesday, December 10, 2025
Wednesday, December 10, 2025
Home » ചെങ്ങന്നൂരമ്മയ്ക്ക് ഈ വർഷത്തെ ആദ്യ തൃപ്പൂത്ത്; ഇനി 12 ദിവസം ഹരിദ്ര പുഷ്പാഞ്ജലി

ചെങ്ങന്നൂരമ്മയ്ക്ക് ഈ വർഷത്തെ ആദ്യ തൃപ്പൂത്ത്; ഇനി 12 ദിവസം ഹരിദ്ര പുഷ്പാഞ്ജലി

by NeramAdmin
0 comments

പി.എം. ബിനുകുമാർ

ചെങ്ങന്നൂരമ്മ ഇക്കഴിഞ്ഞ ദിവസം തൃപ്പൂത്തായി. 2022 ആഗസ്റ്റ് 31 ബുധനാഴ്ചയാണ് തൃപ്പൂത്താറാട്ട്. പുതിയ മലയാളവർഷത്തിലെ, കൊല്ലവർഷം 1198 ആദ്യത്തെ തൃപ്പൂത്തായതിനാൽ അതിവിശേഷകരമാണ്. മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത ഒരു ചടങ്ങാണ് തൃപ്പൂത്താറാട്ട്.

ചെങ്ങന്നൂർ ഭഗവതിയുടെ പ്രതിഷ്ഠ രജസ്വലയാകുന്നു എന്നതാണ് ഈ വിശേഷാല്‍ ആഘോഷത്തിന്റെ അടിസ്ഥാനം. വര്‍ഷത്തില്‍ പലതവണ ചെങ്ങന്നൂരമ്മ
തൃപ്പൂത്താകും. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മലയാള വര്‍ഷത്തിലെ ആദ്യ തൃപ്പൂത്ത് നടന്നത്. ബുധനാഴ്ച വിനായക ചതുർത്ഥി ദിവസം ആറാട്ടുകടവില്‍ വച്ചാണ് തൃപ്പൂത്താറാട്ട് നടക്കും. തൃപ്പൂത്താറാട്ട് ദിവസം മുതല്‍ 12 ദിവസം വരെ മാത്രം ചെയ്യാനാകുന്ന ഒരു ഇഷ്ടവഴിപാട് ചെങ്ങന്നൂരമ്മയ്ക്കുണ്ട് : ഹരിദ്ര പുഷ്പാഞ്ജലി. 2022
സെപ്തംബർ 12 വരെ ഇത്തവണ ഇത് നടത്താം. ഈ സമയത്ത് ക്ഷേത്രത്തില്‍ ദര്‍ശനവും വഴിപാടും നടത്തുന്നത് വലിയ ഫലസിദ്ധി നല്‍കും. മംഗല്യഭാഗ്യം ലഭിക്കുന്നതിനും ബാധോപദ്രവങ്ങള്‍, ദാമ്പത്യ ക്ലേശങ്ങള്‍ എന്നിവ ശമിക്കുന്നതിനും ചെങ്ങന്നൂർ ക്ഷേത്ര ദര്‍ശനം നടത്തി വഴിപാട് കഴിക്കുന്നത് ഏറെ ഫലപ്രദമാണ്.

ശിവപാര്‍വതിമാർ ഒരു ശ്രീ കോവിലിൽ
ഒറ്റ ശ്രീകോവിലില്‍ ശിവപാര്‍വതി പ്രതിഷ്ഠയുള്ള ദിവ്യ സന്നിധിയാണ് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം. കിഴക്കുവശത്ത് ശ്രീ പരമേശ്വരനെയും പടിഞ്ഞാറ് വശത്ത് ശ്രീപാര്‍വതിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ശിവനാണ് പ്രധാന മൂര്‍ത്തിയെങ്കിലും പാര്‍വതിക്കാണ് പ്രാധാന്യം. 28 ദേവതകളുടെ പ്രതിഷ്ഠയുള്ള മതിലകത്ത് ശിവന് കിഴക്കോട്ടും ഭഗവതിക്ക് പടിഞ്ഞാറോട്ടും ദര്‍ശനം. ദേവീ വിഗ്രഹം പഞ്ചലോഹ നിര്‍മ്മിതമാണ്. ദിവസവും നിര്‍മ്മാല്യം മാറ്റുന്ന അവസരത്തില്‍ മേല്‍ശാന്തി ദേവിയുടെ ഉടയാടയില്‍ രജസ്വലയായതിന്റെ അടയാളം ശ്രദ്ധിക്കും. അതിന്റെ പാടുകണ്ടാല്‍ മൂന്നു നാളത്തേക്ക് പടിഞ്ഞാറേ നട അടച്ചിട്ട് ബലിബിംബത്തില്‍ ഭഗവതീ ചൈതന്യം മാറ്റിയിരുത്തും. നാലാംദിവസം രാവിലെ ദേവിയെ മിത്രപ്പുഴക്കടവിൽ ആറാട്ടിന് എഴുന്നള്ളിക്കും. സാധാരണ ആറാട്ടുകളുടെ അതേ ചടങ്ങുകളാണ് തൃപ്പൂത്താറാട്ടിനുമുള്ളത്. ആറാട്ട് കഴിഞ്ഞ് പമ്പയുടെ കരയിലെ കുളിപ്പുരയിലേക്ക് ദേവിയെ എഴുന്നെള്ളിച്ച് ഇരുത്തും. ക്ഷേത്രത്തിലേക്കുള്ള തിരിച്ച് എഴുന്നള്ളത്തും ആര്‍ഭാടത്തോടെയാണ്. തിരിച്ചെഴുന്നള്ളുന്ന ദേവിയെ സ്വീകരിക്കാന്‍ ചെങ്ങന്നൂരപ്പന്‍ ആനക്കൊട്ടിലേക്ക് എഴുന്നള്ളും. കൂട്ടിയെഴുന്നള്ളിപ്പുകള്‍ക്കു ശേഷം പടിഞ്ഞാറേ നട വഴി ദേവിയെ അകത്തേക്കും അതിന് ശേഷം തേവരെ പ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴക്കേ നടവഴിയും അകത്തേക്കും തിരിച്ചെഴുന്നള്ളിക്കുന്നു.

നാലാം ദിവസം തൃപ്പൂത്താറാട്ട്
ക്ഷേത്രത്തോളം തന്നെ പഴക്കമുണ്ട് തൃപ്പൂത്താറാട്ടിന്.
വഞ്ഞുപ്പുഴ തമ്പുരാന്റെ നേതൃത്വത്തില്‍ ആദ്യം ക്ഷേത്ര പ്രതിഷ്ഠ കഴിഞ്ഞ് ഏതാനും ആഴ്ചകളായപ്പോള്‍ ദേവി ഋതുവായി. ഒരു ദിവസം പൂജാരി ദേവിയെ ഉടുപ്പിച്ചിരുന്ന വസ്ത്രത്തില്‍ രജസ് കാണുകയും അക്കാര്യം സ്വകാര്യമായി കഴകക്കാരനായ വാര്യരോട് പറയുകയും ചെയ്തു. വാര്യര്‍ ഇക്കാര്യം ദേവസ്വക്കാരെ അറിയിച്ചു. അവർ ഉടയാടപൊതിഞ്ഞ് വഞ്ഞിപ്പുഴ മഠത്തില്‍ കൊണ്ടുപോയി വലിയ തമ്പുരാട്ടിയെ കാണിച്ചു. തമ്പുരാട്ടി അത് ദേവി ഋതുവായതിന്റെ ലക്ഷണമാണെന്ന് പറഞ്ഞു. എങ്കിലും താഴമണ്‍ മഠത്തിലെ അന്തര്‍ജ്ജനത്തെക്കൂടി കാണിക്കാൻ ആവശ്യപ്പെട്ടു. അന്തര്‍ജ്ജനവും ഉടയാട പരിശോധിച്ച ശേഷം ഋതുവായ ലക്ഷണമാണെന്ന് വിധിച്ചു. തുടർന്ന് തന്ത്രിയായ താഴമണ്‍ പോറ്റി ഭഗവതീ ചൈത്യനം മൂലവിഗ്രഹത്തില്‍ നിന്നും ആവാഹിച്ച് വായുകോണിലുള്ള മുറിയിലേക്ക് മാറ്റി; ശ്രീകോവില്‍ അടച്ചു. പിന്നെ മൂന്നുദിവസത്തേക്ക് ഭഗവതിക്ക് പൂജ, ദീപാരാധന എന്നിവ എഴുന്നള്ളിച്ച് ഇരുത്തിയ സ്ഥാനത്ത് ആയിരുന്നു. നാലാം ദിവസം രാവിലെ ദേവിയെ തൃപ്പൂത്താറാട്ടിന് അതായത് ഋതുസ്നാനം ചെയ്യുന്നതിന് പിടിയാന പുറത്തുകയറ്റി പമ്പാനദിയുടെ കൈവഴിയായ മിത്രപ്പുഴക്കടവിലേക്ക് കൊണ്ടുപോയി. അതിനു ശേഷം അന്തര്‍ജ്ജനങ്ങളുടെ ഋതുസ്നാന വിധിയനുസരിച്ച് ആറാടിച്ച് പുണ്യാഹം, പൂജ ഇവ ചെയ്ത് എഴുന്നള്ളിച്ചു. ആ എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ പതിവ് ശീവേലിയോടൊപ്പം ശിവനെയും എഴുന്നള്ളിച്ചു. പിന്നെ രണ്ട് എഴുന്നള്ളത്തും കൂടി മൂന്ന് പ്രദക്ഷിണം ചെയ്ത് ശിവനെ ശിവന്റെ ശ്രീകോവിലിലേക്കും ദേവിയെ ദേവിയുടെ ശ്രീകോവിലിലേക്കും എഴുന്നള്ളിച്ചു. പിന്നീട് വര്‍ഷത്തില്‍ പല തവണ ദേവി തൃപ്പൂത്താക്കുകയും മുന്‍പ് പറഞ്ഞ വിധത്തിലുള്ള ചടങ്ങുകള്‍ നടത്തുകയും ചെയ്തു. ആദ്യം തൃപ്പൂത്തായപ്പോള്‍ ചെയ്ത അതേ ചടങ്ങുകളാണ് ഇപ്പോഴും നടക്കുന്നത്. എല്ലാ ദിവസവും പൂജാരിയും കഴകക്കാരനും ദേവിയെ ചാര്‍ത്തിയ ഉടയാട പരിശോധിക്കുന്നു. എന്തെങ്കിലും സംശയം തോന്നിയാല്‍ അക്കാര്യം താഴമണ്‍ മഠത്തിലെ അന്തര്‍ജ്ജനങ്ങളെ അറിയിക്കും. കാര്യങ്ങള്‍ അന്തിമമായി തീരുമാനിക്കുന്നത് അവടുത്തെ അന്തര്‍ജ്ജനങ്ങളാണ്. ബ്രിട്ടീഷ് റസിഡന്റ് ആയിരുന്ന കേണൽ മൺറോ സായിപ്പിന്റെ പേരിലാണ് ഈ തൃപ്പൂത്തിന്റെ ചെലവുകൾ.

പി.എം. ബിനുകുമാർ, +91-9447694053

ALSO READ

Story Summary: Chengannur Mahadeva Temple : The rare menstruation festival ( Thripputhu Aratt) for Bhagavati

Copyright 2022 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?