Wednesday, December 10, 2025
Wednesday, December 10, 2025
Home » ദുരിതങ്ങളെല്ലാം അകറ്റി നിർത്തുംഗുരുദേവന്റെ ചിദംബരാഷ്ടകം

ദുരിതങ്ങളെല്ലാം അകറ്റി നിർത്തും
ഗുരുദേവന്റെ ചിദംബരാഷ്ടകം

by NeramAdmin
0 comments

മംഗള ഗൗരി
അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ കഴിഞ്ഞ് ശ്രീ നാരായണ ഗുരുദേവൻ പലസ്ഥലങ്ങളിലും പല രൂപത്തിലുള്ള ശിവപ്രതിഷ്ഠകൾ നടത്തി. അതിനിടയിൽ രചിച്ചതായി കണക്കാക്കുന്ന ശിവസ്തുതിയാണ് ചിദംബരാഷ്ടകം. ഭക്തിയും വൈരാഗ്യവും ജ്ഞാനവും വളർത്താൻ സഹായിക്കുന്ന ഈ സ്തുതിക്ക് ഭക്തരെ ഭഗവച്ചിന്തയിൽ അലിയിച്ചു ചേർക്കാനുളള കഴിവ് അപാരമാണ്. ഇത് നിത്യവും പാരായണം ചെയ്ത് ശിവഭജനം നടത്തിയാൽ ദുരിതങ്ങളെല്ലാം അകലും. ഭക്തി ഭാവസാന്ദ്രതയും ശബ്ദ സൗകുമാര്യവും ഒത്തിണങ്ങിയ ഈ കൃതി സാക്ഷാൽ ചിദംബരേശ്വരനെ സ്തുതിക്കുന്നതായിട്ടാണ് സങ്കല്പം. ചിദംബരമഹത്വം പാടി പുകഴ്ത്തുന്ന എട്ട് പദ്യങ്ങൾ അടങ്ങിയ രചനയാണിത്. അംബരം എന്ന പദത്തിന്റെ അർത്ഥം ആകാശം എന്നാണ്. അതിനാൽ ഈ അഷ്ടകം
ഇഷ്ടദേവനായ ശിവനെയും ആ മൂർത്തി പ്രതിനിധാനം ചെയ്യുന്ന പരമാത്മാവിനെയും സ്തുതിക്കുന്നു. ഇതിലെ എല്ലാ പദ്യങ്ങളും ചിദംബര വർണ്ണനയാണ്. 1888 ലാണ് ഗുരുദേവൻ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്. അതിന് ശേഷമാകണം ഈ രചന നിർവഹിച്ചതെന്ന് ഗുരുദേവ കൃതികൾക്ക് സ്വർഗ്ഗീയകാന്തി പകർന്ന വ്യാഖ്യാനം രചിച്ച പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ അഭിപ്രായപ്പെടുന്നു.
പ്രഭാതത്തിലും പ്രദോഷത്തിലും ഈശ്വരവന്ദന ശേഷം ചിദംബരാഷ്ടകം ജപിക്കുന്നത് ശുഭകരമായിരിക്കും. ഇത്തവണ ഗുരുദേവ ജയന്തി ചിദംബരാഷ്ടകം ജപിച്ച് നമുക്ക് സാർത്ഥകമാക്കാം. 2021 സെപ്തംബർ 10 നാണ് ഗുരുവിന്റെ നൂറ്റിയറുപത്തിയെട്ടാം ജയന്തി നാടെങ്ങും ഭക്തിപുരസരം ആഘോഷിക്കുന്നത് :

ചിദംബരാഷ്ടകം
ബ്രഹ്മമുഖാമരവന്ദിതലിങ്ഗം
ജന്മജരാമരണാന്തകലിങ്ഗം
കര്‍മ്മനിവാരണ കൗശലലിങ്ഗം
തന്മൃദു പാതു ചിദംബരലിങഗം.

കല്പകമൂലപ്രതിഷ്ഠിതലിങ്ഗം
ദര്‍പ്പകനാശയുധിഷ്ഠിരലിങ്ഗം
കുപ്രകൃതിപ്രകാരാന്തകലിങ്ഗം
തന്മൃദു പാതു ചിദംബരലിങ്ഗം.

സ്ക്ന്ദഗണേശ്വരകല്പിതലിങ്ഗം
കിന്നരചാരണഗായകലിങ്ഗം
പന്നഗഭൂഷണപാവനലിങ്ഗം
തന്മൃദു പാതു ചിദംബരലിങ്ഗം.

സ‍ാംബസദാശിവശങ്കരലിങ്ഗം
കാമ്യവരപ്രദകോമളലിങ്ഗം
സാമ്യവിഹീനസുമാനസലിങ്ഗം
തന്മൃദു പാതു ചിദംബരലിങ്ഗം.

കലിമലകാനനപാവകലിങ്ഗം
സലിലതരംഗവിഭൂഷണലിങ്ഗം
പലിതപതംഗപ്രദീപകലിങ്ഗം
തന്‍മൃദു പാതു ചിദംബരലിങ്ഗം.

ALSO READ

അഷ്ടതനുപ്രതിഭാസുരലിങ്ഗം
വിഷ്ടപനാഥവികസ്വരലിങ്ഗം
ശിഷ്ടജനാവനശീലിതലിങ്ഗം
തന്മൃദു പാതു ചിദംബരലിങ്ഗം.

അന്തകമര്‍ദ്ദനബന്ധുരലിങ്ഗം
കൃന്തിതകാമകളേബരലിങ്ഗം
ജന്തുഹൃദിസ്ഥിതജീവകലിങ്ഗം
തന്മൃദു പാതു ചിദംബരലിങ്ഗം.

പുഷ്ടധിയസ്സു ചിദംബരലിങ്ഗം
ദൃഷ്ടമിദം മനസാനുപഠന്തി
അഷ്ടകമേതദവാങ്മനസീയം
അഷ്ടതനും പ്രതി യാന്തി നരാസ്‌തേ

ചിദംബരാഷ്ടകം അർത്ഥം

1
ബ്രഹ്മാവ് തുടങ്ങി എല്ലാ ദേവന്മാരാലും ഉപാസിക്കുന്ന, ജന്മം, ജര, മരണം തുടങ്ങിയ ജീവിത ദുഃഖങ്ങൾ അവസാനിപ്പിക്കുന്ന കർമ്മവാസനകൾ നശിപ്പിക്കുന്ന ചിദംബരവാസിയായ ശിവൻ നമ്മെ രക്ഷിക്കട്ടെ എന്നാണ് ആദ്യ പദ്യത്തിലെ പ്രാർത്ഥന.
2
കല്പവൃക്ഷച്ചുവട്ടിലിരുന്ന് എല്ലാവരുടെയും സങ്കല്പങ്ങൾ സഫലമാക്കുന്ന, കാമനെ നശിപ്പിച്ച, ഉപാസകരുടെ കാമ ഗർവത്തെ ശമിപ്പിക്കുന്ന ദുഷ്ട അസുരക്കുട്ടത്തെ ഒതുക്കിയ, ഭക്തരുടെ ഉള്ളിലുള്ള എല്ലാ ദുർവാസനകളും ഒഴിച്ചു മാറ്റാൻ കഴിവുള്ള, കരുണാനിധിയായ ചിദംബരത്തുള്ള ശിവൻ നമ്മെ രക്ഷിക്കട്ടെ എന്നാണ് രണ്ടാമത്തെ പ്രാർത്ഥന.
3
സുബ്രഹ്മണ്യനും ഗണപതിക്കും ജന്മമേകിയ, ബുദ്ധി, അഹങ്കാരം എന്നിവയ്ക്ക് ആശ്രയമായ, കിന്നരന്മാരും ചാരണന്മാരും സ്തുതിക്കുന്ന സർപ്പങ്ങളെ ആയുധമാക്കിയ സുഷ്മന തുടങ്ങിയ നാഡികളിൽ പ്രകാശിക്കുന്ന ചിദംബര ശിവൻ നമ്മെ രക്ഷിക്കട്ടെ എന്നാണ് മൂന്നാമത്തെ പദ്യത്തിലെ പ്രാർത്ഥന.
4
ദേവിയുടെ കൂടെ എപ്പോഴും മംഗള മൂർത്തിയായി എല്ലാവർക്കും ഇഷ്ട വരങ്ങൾ നൽകി അനുഗ്രഹിക്കുന്ന, സുന്ദരമൂർത്തിയായ അളവില്ലാത്ത വിധം സജ്ജന ഹൃദയങ്ങളിൽ തെളിയുന്ന ചിദംബരേശൻ നമ്മെ രക്ഷിക്കട്ടെ എന്ന് നാലാം പദ്യത്തിൽ പ്രാർത്ഥിക്കുന്നു.
5
കലികാല ദോഷങ്ങൾ തീർക്കുന്ന, കാടിനെ എരിച്ചു ചാമ്പലാക്കുന്ന അഗ്നിയായി ശോഭിക്കുന്ന ഗംഗാതരംഗങ്ങളെ കമനീയമായി ശിരസിൽ അണിയുന്ന സയാഹ്ന സൂര്യനെപ്പോലെ അരുണിമയാർന്ന ലോകത്തെ പ്രകാശിപ്പിക്കുന്ന ചിദംബര ശിവൻ നമ്മെ രക്ഷിക്കട്ടെ എന്ന് അഞ്ചാം പദ്യത്തിൽ പ്രാർത്ഥിക്കുന്നു.
6
എട്ടു മൂർത്തികളോട് കൂടിയ ഭക്തർക്ക് കാണാനാകും വിധം വിളങ്ങുന്ന ലോകനാഥനായ , സർവവ്യാപിയായ , സജ്ജനങ്ങളെ കാത്തു രക്ഷിക്കുന്ന കരുണാനിധിയായ ചിദംബരേശൻ നമ്മെ രക്ഷിക്കട്ടെ എന്ന് ആറാം പദ്യത്തിൽ പ്രാർത്ഥിക്കുന്നു.
7
കാലനെ കൊന്ന് ഭക്തനെ രക്ഷിച്ച് ഭക്കർക്ക് പ്രിയങ്കരനായി മാറിയ , കാമനെ ദഹിപ്പിച്ച ജീവികളുടെ ഹൃദയത്തിൽ സ്ഥിതി ചെയ്ത് അവയെ ജീവിപ്പിക്കുന്ന കരുണാനിധിയായ ചിദംബരത്തുള്ള ശിവൻ നമ്മെ രക്ഷിക്കട്ടെ എന്നാണ് ഏഴാമത്തെ പ്രാർത്ഥന.
8
വിവേകമതികളായ ആരെല്ലാമാണോ ഇങ്ങനെ ചിദംബരമൂർത്തിയായ ശിവനെ സങ്കല്പിച്ച് വാക്കിനും മനസിനും അതീതമായ സത്യത്തെ വിവരിക്കുന്ന എട്ട് പദ്യങ്ങളടങ്ങിയ ഈ ശിവസ്തുതി നിത്യവും ഉരുവിടുന്നത് അവർ അഷ്ടമൂർത്തിയായ ശിവനെ പ്രാപിക്കുന്നു.

മംഗള ഗൗരി

Story Summary: Lyrics and Divinity Of Chidambarashtakam by Sree Narayana Guru

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?