Wednesday, December 10, 2025
Wednesday, December 10, 2025
Home » കന്നിയിലെ ആയില്യത്തിന് സർപ്പപ്രീതി നേടിയാൽധനം, ദാമ്പത്യസുഖം, സന്താന സൗഖ്യം, രോഗമുക്തി

കന്നിയിലെ ആയില്യത്തിന് സർപ്പപ്രീതി നേടിയാൽ
ധനം, ദാമ്പത്യസുഖം, സന്താന സൗഖ്യം, രോഗമുക്തി

by NeramAdmin
0 comments

മംഗള ഗൗരി
പ്രത്യക്ഷദൈവമായ നാഗദേവതകളെ ആരാധനയിലൂടെ പ്രീതിപ്പെടുത്താൻ ഏറ്റവും ഉത്തമദിവസമാണ് കന്നിയിലെ ആയില്യം. ഈ ദിവസം നാഗപൂജകളും വഴിപാടുകളും നടത്തി സർപ്പപ്രീതി നേടിയാൽ ധനലാഭം, ദാമ്പത്യസുഖം, സന്താനസൗഖ്യം, ഗർഭാശയ രോഗമുക്തി, ആരോഗ്യ വർദ്ധനവ്, ദീർഘായുസ്‌, ത്വക്‌രോഗ ശമനം തുടങ്ങി എല്ലാ വിധ ഐശ്വര്യങ്ങളും ലഭിക്കും.

ആയില്യം സർപ്പദേവതകളുടെ ജന്മനക്ഷത്രമായാണ് സങ്കല്പിക്കുന്നത്. കന്നിയിലെ ആയില്യം നാഗരാജാവിന്റെ അവതാരദിനമായി കണക്കാക്കുന്നു. അതുകൊണ്ടാണ് കന്നിയിലെ ആയില്യം സുപ്രധാനമാകുന്നത്. മാസന്തോറും ആയില്യത്തിന് സർപ്പപ്രീതിക്കായി നാഗപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ നൂറും പാലും, സർപ്പബലി തുടങ്ങിയവ നടത്താറുണ്ട്. നാഗരാജ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനം മണ്ണാറശ്ശാല നാഗരാജക്ഷേത്രമാണ്. വെട്ടിക്കോട്, പാമ്പുമേക്കാവ് എന്നിവ മറ്റ് പ്രധാന ക്ഷേത്രങ്ങളാണ്.

വെട്ടിക്കോട് ശ്രീ നാഗരാജ സ്വാമി ക്ഷേത്രം
ആലപ്പുഴ ജില്ലയിൽ കായംകുളം – പുനലൂർ പാതയിലെ കറ്റാനത്തിനടുത്ത് സ്ഥിതിചെയ്യുന്ന സർപ്പ ക്ഷേത്രമാണ് വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം. കേരളത്തിലെ ആദ്യ നാഗരാജ ക്ഷേത്രം ഇതാണെന്ന് വിശ്വസിക്കുന്നു.
നാഗരാജാവായ അനന്തൻ അതായത് ശേഷനാഗമാണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ. അഷ്ടനാഗങ്ങളിൽ ജ്യേഷ്ഠനും ശ്രേഷ്ഠനുമായ അനന്തഭഗവാനെ തനത് രൂപത്തിലാണ് പ്രതിഷ്ഠിച്ച് ആരാധിക്കുന്നത്. വെട്ടിക്കോട് നാഗരാജാവ് ബ്രഹ്മ, വിഷ്ണു, മഹേശ്വര തേജസ്സുകളുടെ സമൂർത്തരൂപമാണ്.

പരമശിവനോടൊപ്പം അഷ്ടനാഗങ്ങളെയും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. നിലവറയും തേവാരപ്പുരയുമാണ് മുഖ്യ ആരാധനകേന്ദ്രങ്ങൾ. അതുകൊണ്ടു തന്നെ ഭക്തർ തേവാരപ്പുരയിലും നിലവറയിലും തൊഴുന്ന ആചാരമുണ്ട്. ഇവിടെ നാഗരാജാവിനെ പരശുരാമൻ പ്രതിഷ്ഠിച്ച് ഒരു ബ്രാഹ്മണകുടുംബത്തിന് പൂജയ്ക്ക് അധികാരം നൽകി
എന്ന് വിശ്വസിക്കുന്നു.

പുണർതം, പൂയം, ആയില്യം മഹോത്സവം
കന്നിമാസത്തിലെ “വെട്ടിക്കോട് ആയില്യം” ഇവിടുത്തെ പ്രസിദ്ധമായ ഉത്സവമാണ്. 2022 സെപ്തംബർ 20, 21, 22 തീയതികളിലാണ് ഇത്തവണത്തെ പുണർതം, പൂയം, ആയില്യം മഹോത്സവം.പൂയത്തിന് നാഗരാജവിന്റെയും നാഗയക്ഷിയുടെയും ദീപാരാധന ദർശിക്കുന്നത് പുണ്യകരമാണ്. ഇത് തൊഴുതാൽ നാഗദോഷങ്ങൾ ശമിക്കും. ആയില്യം നാളിലെ നിർമ്മാല്യദർശനം അതീവ ശ്രേഷ്ഠമാണ്. അന്ന്, സെപ്തംബർ 22 ന് ഉച്ചയ്ക്ക് 3 മണിക്കാണ് സർവ്വാലങ്കാര വിഭൂഷിതനായ നാഗാരാജാവിനെ വാദ്യമേളങ്ങളോടെ നിലവറയിലേക്ക് ആനയിക്കുന്ന ആയില്യം എഴുന്നള്ളത്ത്. നിലവറയിലെ പൂജകൾക്കുശേഷം തിരിച്ചെഴുന്നള്ളിക്കും. പുള്ളവൻ പാട്ടിന്റെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെയും ക്ഷേത്രത്തിൽ വലംവച്ച ശേഷം അകത്തേക്ക് വരും. ഈ എഴുന്നള്ളത്ത് ദർശനം രാഹു ദോഷം ശമിപ്പിക്കും, വിഷഭയം ഒഴിവാക്കും. സന്ധ്യയോടെ ഏറെ വിശേഷപ്പെട്ട സർപ്പബലി നടക്കും. വെട്ടിക്കോട്ടെ വിഗ്രഹത്തിൽ ആടിയ എണ്ണ ത്വക്ക് രോഗങ്ങൾക്കും മറ്റ് മാറാരോഗങ്ങൾക്കും ഔഷധമാണെന്ന് പറയുന്നു. ഇവിടെ ഭജനമിരുന്നാൽ സർപ്പശാപദോഷങ്ങൾ പൂർണ്ണമായി അകലും.

മണ്ണ് വെട്ടിക്കൂട്ടി അനന്തനെ പ്രതിഷ്ഠിച്ചു
പരശുരാമൻ മണ്ണ് വെട്ടിക്കൂട്ടി അനന്തനെ പ്രതിഷ്ഠിച്ചു എന്നും അതിനാൽ വെട്ടിക്കോട് എന്ന് പേരു ലഭിച്ചു എന്നുമാണ് ഐതിഹ്യം. ആദ്യത്തെ നാഗരാജാ ക്ഷേത്രം ആയതിനാൽ ക്ഷേത്രത്തിന് ആദിമൂലം എന്നും പേരുണ്ട്. മഹാവിഷ്ണുവിന്റെ ശയനവും വിഷ്ണുസർപ്പവും ആയ അനന്തനെ ആദ്യന്തമില്ലാത്ത പ്രപഞ്ചത്തിന്റെ പ്രതീകമായി താന്ത്രികർ വിശ്വസിക്കുന്നു.

ALSO READ

ക്ഷേത്രത്തിലെത്താൻ
കായംകുളം – അടൂർ വഴിയിൽ കറ്റാനത്ത് നിന്ന് മൂന്ന് കിലോമീറ്റർ അടൂർ ഭാഗത്തേക്ക് പോയാൽ വെട്ടിക്കോട് കവലയായി. അവിടെനിന്ന് 200 മീറ്റർ പോയാൽ ക്ഷേത്രം.
തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിൽ നിന്ന് ദേശീയപാത വഴി വരുന്നവർ കായംകുളം ബസ് സ്റ്റേഷനിൽ നിന്ന് പുനലൂർ ഭാഗത്തേക്കുള്ള റോഡിലൂടെ 11 കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്താം. എം.സി. റോഡിലൂടെ വന്നാൽ അടൂർ ബസ് സ്റ്റേഷനിൽ നിന്ന് കായംകുളം, പുനലൂർ വഴിയേ 17 കിലോമീറ്റർ പടിഞ്ഞാറോട്ട് പോയാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം.

ക്ഷേത്രത്തിന്റെ വിലാസം
ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജ സ്വാമി ക്ഷേത്രം, വെട്ടിക്കോട് പി.ഓ., പള്ളിക്കൽ, ആലപ്പുഴ – 690503.

മംഗള ഗൗരി
Story Summary: Significance of Vettikkodu Aayilyam


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?