Wednesday, December 10, 2025
Wednesday, December 10, 2025
Home » വിരാട് സങ്കല്പമറിഞ്ഞ് ഭഗവാനെ നമിച്ചാൽദു:ഖങ്ങൾ മാറി ജീവിതം സാര്‍ത്ഥകമാകും

വിരാട് സങ്കല്പമറിഞ്ഞ് ഭഗവാനെ നമിച്ചാൽ
ദു:ഖങ്ങൾ മാറി ജീവിതം സാര്‍ത്ഥകമാകും

by NeramAdmin
0 comments

പ്രൊഫ. ദേശികം രഘുനാഥൻ
ശ്രീ മഹാവിഷ്ണുവിനെ ആരാധിക്കുന്നവര്‍ ഭഗവാന്റെ വിരാട് സങ്കല്‍പ്പം അറിഞ്ഞിരിക്കണം. സൂര്യമണ്ഡലമോ അഗ്‌നിമണ്ഡലമോ ആണ് സങ്കല്‍പ്പത്തില്‍ ലക്ഷ്മീപതീശ്വരന്റെ പൂജാസ്ഥാനം. മന്ത്രദീക്ഷ എന്നത് തത്വത്തില്‍ അന്ത:കരണ ശുദ്ധിയാണ്. ഭഗവത് പൂജ എന്നത് സര്‍വ്വ പാപവും നശിപ്പിക്കുന്ന കര്‍മ്മമാണ്.
സമ്പൂര്‍ണ്ണ ഐശ്വര്യം, ധര്‍മ്മം, യശസ്‌, ലക്ഷ്മി, ജ്ഞാനം, വൈരാഗ്യം എന്നീ ആറെണ്ണമാണ് മഹാവിഷ്ണുവിന്റെ ലീലാ കമലമെന്ന് അറിയപ്പെടുന്നത്. ഇതാണ് ഭഗവാൻ തൃക്കൈയ്യില്‍ ധരിച്ചിരിക്കുന്നത്.

ഇവിടെ വൈകുണ്ഠത്തെ വെണ്‍കൊറ്റ കുടയായും ധര്‍മ്മത്തെ ചാമരമായും യശസിനെ ആലവട്ടമായും ധരിച്ചിരിക്കുന്നു. ഗരുഢന്‍ മൂന്ന് വേദങ്ങളാണ്. ലക്ഷ്മി ഭഗവതി ആത്മശക്തിയാണ്. ഭഗവാന്റെ പാര്‍ഷദനായ വിഷ്വക് സേനന്‍ ആഗമമാണ്. അണിമ – മഹിമ തുടങ്ങിയ അഷ്ടസിദ്ധികളാണ് നന്ദ, സുനന്ദാദികളായ അഷ്ടദ്വാര പാലകര്‍.

ഭഗവാന്‍ സ്വയം വാസുദേവന്‍, സങ്കര്‍ഷണന്‍, പ്രദ്യുമ്‌നന്‍, അനിരുദ്ധന്‍, എന്നീ ചതുര്‍മൂര്‍ത്തി സ്വരൂപനാണ്. ഭഗവാന്‍ ജാഗ്രത്തില്‍ വിശ്വനാണ് . സ്വപ്നാവസ്ഥയില്‍ തൈജസനും സുഷുപ്ത്യാവസ്ഥയില്‍ പ്രാജ്ഞനുമായി നിലകൊള്ളുന്നു. നമുക്ക് ആകെ മൂന്ന്‍ അവസ്ഥകളുണ്ട്. ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നിവ.

ഉണര്‍ന്നിരുന്നു ബാഹ്യ ഇന്ദ്രീയങ്ങളിലൂടെ പ്രപഞ്ചത്തെ അനുഭവിക്കുന്നതാണ് ജാഗ്രത്. ജാഗ്രദനുഭവങ്ങളില്‍ പെട്ട് നില്‍ക്കുന്ന ജീവബോധമാണ് വിശ്വന്‍. ഉറക്കത്തില്‍ പുതിയൊരു പ്രപഞ്ചത്തെ സങ്കല്‍പ്പിച്ചു അകമേ അനുഭവപ്പെടുന്നതാണ് സ്വപ്നം. സ്വപ്നാനുഭവങ്ങളില്‍ പെട്ട് നില്‍ക്കുന്ന ജീവബോധമാണ് തൈജസന്‍. പ്രപഞ്ചാനുഭവം മുഴുവന്‍ ലയിച്ചു മറഞ്ഞ് ഇതിനെല്ലാം കാരണരൂപമായ ഒരു മറയുടെ പിന്നില്‍ ഒളിഞ്ഞിരുന്നു സുഖം മാത്രം അനുഭവപ്പെടുന്നതാണ് സുഷുപ്തി. സുഷുപ്തിയില്‍ അകപ്പെട്ട് സുഖിക്കുന്ന ജീവബോധമാണ് പ്രാജ്ഞന്‍. ഈ മുന്നവസ്ഥകളും ബോധതലത്തില്‍ ഉണ്ടായി മറയുന്നവയാണ്. ഒന്ന് അനുഭവപ്പെടുമ്പോള്‍ മറ്റ് രണ്ടുമില്ല. അതുകൊണ്ട് അവ ഉണ്ടെന്ന് തോന്നുന്ന വെറും ഭ്രമാനുഭവങ്ങളാണ്. അവയെല്ലാം തന്നെ ആത്മാവില്‍ അവിദ്യ ഉണ്ടാക്കുന്ന കല്പനകളാണ്. ഈ സങ്കല്പങ്ങളെ എല്ലാം ബോധപൂര്‍വ്വം (ജാഗ്രത്തില്‍) ഒഴിച്ചു മാറ്റാമെങ്കില്‍ മുന്നവസ്ഥകള്‍ക്കുമപ്പുറം നാലാമതായ തുരീയാവസ്ഥ അനുഭവപ്പെടും. സര്‍വ്വസാക്ഷികളായ ഭഗവത് ഭാവമാണ് തുരീയന്‍. ഇത് വേദങ്ങളുടെ മൂലസ്വരൂപമാണ്.

ഗോവിന്ദ , ഗോപാല നാമത്തില്‍ ഗോവിന്ദ മംഗളവും, ഗോപാല ജീവമുക്തിയും നല്‍കുന്നു. അതാണ്‌ ശുദ്ധ ആനന്ദാനുഭവമായ ബ്രഹ്മം. ഇതുതന്നെ സാക്ഷാത്ക്കാരം അഥവാ മോക്ഷം. ഇതിലുപരി എല്ലാ പ്രാണികളുടെയും ആത്മാവ് വിഷ്ണുവാണ്; ആദികര്‍ത്താവായ ശ്രീഹരിയാണ്. ശ്രീഹരി തന്നെയാണ് സൂര്യനായി ഭവിച്ച സൂര്യനാരായണന്‍. അതുകൊണ്ടാണ് സകല വൈദിക ക്രിയകള്‍ക്കും ആധാരമായി സൂര്യഭഗവാന്‍ മാറിയത്.
ശ്രീമദ് ഭാഗവത പുരാണത്തില്‍ സര്‍വ്വപാപഹാരിയായ ശ്രീഹരി ഭഗവാന്റെ സങ്കീര്‍ത്തനമാണുള്ളത്. ഇതില്‍ ബ്രഹ്മതത്ത്വവും മറ്റ് പുരാണത്തേക്കാള്‍ തന്മയമായി അവതരിപ്പിച്ചിരിക്കുന്നു.

വിരാട് ഭാവിയായ വിഷ്ണു ഭഗവാനെ, വീഴുമ്പോഴും വേക്കുമ്പോഴും, എപ്പോഴും ഹരയേന എന്നു ജപിക്കുക. ആ നമിക്കല്‍ സര്‍വ്വപാപങ്ങളെയും അകറ്റും. സൂര്യന്‍ ഇരുട്ടിനെയും കാറ്റ് മേഘത്തെയും എങ്ങനെ മാറ്റുമോ അതുപോലെ ഭഗവാന്‍ മര്‍ത്യദു:ഖം മാറ്റും. സനാതനനും സര്‍വവ്യാപിയും ആയ ഭഗവാന്റെ നാമ – ലീലഗുണ സ്മരണയും പ്രാര്‍ത്ഥനയും ജീവിതം സാര്‍ത്ഥകമാക്കും. ഭഗവാന്റെ പരിശുദ്ധമായ യശസ്സിനെ ഗാനം ചെയ്തിട്ടുള്ള ഭാഗവതം അങ്ങേയറ്റം രമണീയമാണ്; സ്വാദിഷ്ടമാണ്; നവ നവോന്മേഷശാലിദായകിയായ ഔഷധിയാണ്. ഭാഗവത സമ്പര്‍ക്കം നമുക്ക് വിരക്തിയും സദാപരമാനന്ദാനുഭൂതിയും നല്‍കും. നിര്‍മ്മല ഹൃദയന്‍ ഭഗവത് സമീപത്തും ദുഷ്ട ഹൃദയര്‍ പിശാചിന്റെ സമീപത്തുമാണ് ജീവിക്കുക എന്ന് ചൊല്ലുണ്ടല്ലോ.
ഭഗവാന്റെ ഓരോ ലീലയും അര്‍ത്ഥവത്തും ആനന്ദദായകവുമാണ്. ഭാഗവതത്തെ ആശ്രയിക്കുന്നവര്‍ ശ്രീപദം പൂകും എന്നതില്‍ സംശയമില്ല. സകല ഉപനിഷത്തുകളുടെ സാരം ബ്രഹ്മമാണ്. ആത്മാവിന്റെ ഏകത്വരൂപമായ പരബ്രഹ്മമാണ് വിരാട് രൂപിയായ ശ്രീനാരായണന്‍. അത് തന്നെയാണ് ശ്രീഭാഗവത ഇതിവൃത്തം. അതിനെ ആശ്രയിക്കുന്നവര്‍ ധന്യരാണ്. സുകൃതികളാണ്.

ALSO READ

പ്രൊഫ. ദേശികം രഘുനാഥൻ,

  • 91 8078022068)
    Story Summary: Significance and Explanation of Lord Maha Vishnu Virad from ( Lord Vishnu Virat Swaroopa )

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?