Wednesday, December 10, 2025
Wednesday, December 10, 2025
Home » കൈവിരലുകളുടെ ആകൃതിയിൽ നിന്നറിയാം കരളിലെ അനുരാഗം

കൈവിരലുകളുടെ ആകൃതിയിൽ നിന്നറിയാം കരളിലെ അനുരാഗം

by NeramAdmin
0 comments

എം നന്ദകുമാർ , റിട്ട. ഐ എസ്
കൊടുത്ത് മേടിക്കേണ്ട ഒന്നാണ് സ്‌നേഹം. സ്‌നേഹമില്ലാത്ത വരണ്ട ഒരു ദാമ്പത്യത്തെക്കുറിച്ച് ആലോചിക്കാന്‍ തന്നെ പ്രയാസം. പക്ഷേ അത്തരത്തിലുള്ള ബന്ധങ്ങളാണ് സമൂഹത്തില്‍ കൂടുതലും. രേഖാശാസ്ത്രം നന്നായി പഠിച്ചിട്ടുള്ള ഒരാൾക്ക് തന്റെ മുമ്പിലെത്തുന്ന കൈകള്‍ കാണുന്ന മാത്രയില്‍ത്തന്നെ വിവാഹസന്നദ്ധതയും വിവാഹാനന്തരജീവിതത്തിലെ സ്‌നേഹലാളനാ പ്രവണതകളും കണ്ണുകള്‍ക്കു മുമ്പില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തെളിയും. നാലു ദശകത്തിലെ ഹസ്തരേഖാശാസ്ത്രരംഗത്തെ അനുഭവങ്ങളാണ് എന്നെ ഇങ്ങനെ എഴുതാന്‍ പ്രേരിപ്പിക്കുന്നത്.

എന്നാൽ കൈവിരലുകളുടെ ആകൃതിയിൽ നിന്ന് കരളിലെ അനുരാഗം അറിയാൻ കഴിയുമെന്ന കാര്യം എത്രപേര്‍ക്കറിയാം?
കൈയുടെ ആകൃതിയും വിരലുകളുടെ പ്രത്യേകതയും മറ്റുള്ളവരുമായുള്ള അടുപ്പത്തെ നിശ്ചയിക്കുന്ന ഒരു പ്രധാന ഘടകമാണ്. സന്തോഷവും സന്താപവും ഇല്ലായ്മയും വല്ലായ്മയും പൊല്ലായ്മയുമൊക്കെ പ്രകാശിപ്പിക്കുന്ന കാര്യത്തില്‍ കൈവിരലുകളുടെ പങ്ക് വളരെ വലുതാണ്. പ്രധാനമായും നാലു തരം കൈവിരലുകളാണ് പൊതുവേ കൂടുതലും കാണുന്നത്.
1 – കോണാകൃതി വിരലുകൾ 2 – സൂച്യാഗ്ര വിരലുകൾ , 3 – ചതുരാകൃതി വിരലുകൾ , 4 – ചട്ടുകാകൃതി വിരലുകൾ.

കോണാകൃതി വിരലുകൾ
(Conic Shape of Finger)

കോണാകൃതി വിരലുകളുള്ളവര്‍ക്ക് ഭാവനാസമ്പന്നത ഉണ്ടാകും എന്ന മെച്ചമുണ്ട്. പക്ഷേ ഇവർ എടുത്തുചാട്ടക്കാരാണ്. പ്രണയത്തിലേര്‍പ്പെടുന്ന അതേ വേഗത്തില്‍ അതില്‍നിന്ന് ഊരാനും അവര്‍ക്കു കഴിയും. ഇക്കൂട്ടർ കനിവിന്റെ കേദാരങ്ങളാണ്. മനസ്സലിവ് ഉള്ളവരാണെങ്കിലും ഞാന്‍ കണ്ടിട്ടുള്ള കോണാകൃതി വിരലുകളുള്ള സ്ത്രീപുരുഷന്മാരില്‍ ഏറിയ കൂറും ഒന്നില്‍ക്കൂടുതല്‍ പ്രണയ ബന്ധങ്ങൾ ഒരേസമയം പുലര്‍ത്തുന്നതില്‍ വിരുതരാണ്. ഓരോ പുരുഷനോടും സ്ത്രീയോടും ഇവർ കാണിക്കുന്ന ആത്മാര്‍ത്ഥത നമ്മെ അമ്പരപ്പിക്കും.

സൂച്യാഗ്ര ആകൃതി വിരലുകൾ
(Pointed Shape of Finger)

കൂര്‍ത്ത വിരലുകളുള്ളവര്‍ (സൂച്യഗ്രഹസ്തം) ശരിക്കും പ്രണയലോലുപരാണ്. പക്ഷേ സ്വന്തം ഭാവനകളുടെ തടവറകളിലാണിവര്‍. യാഥാര്‍ത്ഥ്യവുമായി ഒട്ടും പൊരുത്തമില്ലാതെ സ്വപ്നലോകത്ത് വിഹരിക്കുന്ന മൃദുലഹൃദയര്‍ക്ക് യാഥാര്‍ത്ഥ്യങ്ങളെ നേരിടാനുള്ള തന്റേടം പ്രായേണ കുറവായിരിക്കും. അര്‍ദ്ധ നിമീലിതമോ, വിടര്‍ന്നതോ ആയ കണ്ണുകളുമായിട്ടേ സൂചിവിരലുള്ളവരെ കാണാന്‍ പറ്റുകയുള്ളൂ. സ്വപ്നമുറങ്ങുന്ന മിഴികളുള്ള ഇവര്‍ക്ക് പരുക്കന്‍ കൈത്തലമാണെങ്കില്‍ രക്ഷപ്പെടും. മൃദുവായ കൈത്തലമാണെങ്കില്‍ കാത്തിരുന്നു കാണുക.

ALSO READ

ചതുരാകൃതി വിരലുകൾ
(Square Shape of Finger)

ചതുരാകൃതി വിരലുകളുള്ളവർ സമ്പ്രദായക്കാരാണ്. ഇവർക്ക് പുതുമകള്‍ സ്വീകാര്യമല്ല. നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു വ്യത്യസ്തതയും അവന്റെ/അവളുടെ സ്‌നേഹത്തിലോ/അടുപ്പത്തിലോ കാണുകയില്ല.

ചട്ടുകാകൃതി വിരലുകൾ
(Spatulated Shape of Finger)

ചട്ടുകാകൃതി വിരലുകാര്‍ കണ്ണും മൂക്കുമില്ലാതെ പ്രണയിക്കുന്നവരാണ്. പക്ഷേ ‘വണ്‍വേ ട്രാഫിക്’ പ്രണയമാണെന്ന് മനസ്സിലാക്കിയാല്‍ പിന്തിരിയാന്‍ ഒട്ടും മടിയില്ലാത്തവരാണിവര്‍. ഇവർക്ക് ശൃംഗരിക്കാനുള്ള വ്യഗ്രത ഏറും. പുതിയ പുതിയ പൂക്കളിലേക്ക് ചേക്കേറാനുള്ള വ്യഗ്രത അധികമാണവര്‍ക്ക്.

ഹസ്തരേഖാ ശാസ്ത്രത്തിലെ ഒരു ഭാഗമാണ്
വിരലാകൃതി വായന. ഹൃദയ ബന്ധങ്ങളും വ്യക്തിത്വവും ആണ് ഇതിലൂടെ അനാവരണം ചെയ്യുന്നത്. വിരൽ ആകൃതി, നീളം, വിരലുകളിലെ രേഖകൾ എന്നിവകൾ പരിശോധിച്ചാണ് വ്യക്തിയുടെ വിവാഹം, പ്രണയം,
കർമ്മം തുടങ്ങിയ കാര്യങ്ങളിലെ വിധി അനാവരണം ചെയ്യുന്നത്. എന്നാൽ വിധി കൈയ്യിലെഴുതി വച്ചിട്ടുണ്ട് എന്ന് പറഞ്ഞ് വിധിയെ പഴിച്ച് ഒന്നും ചെയ്യാതെ അലസരായി മാറരുത്ത്. സ്വന്തം കർത്തവ്യം അതീവ ശ്രദ്ധയോടെ നിറവേറ്റി സദാ ജാഗരൂകരായി കഴിയുക.

എം. നന്ദകുമാർ , റിട്ട. ഐ എ എസ്
മൊബൈൽ : 91 94 97836666

(റിട്ട. ഐ എ എസ് ഉദ്യോഗസ്ഥനും പ്രസംഗകനും
ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും മികച്ച അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും
ഹസ്തരേഖാ ശാസ്ത്രത്തിലും മഹാപണ്ഡിതനുമായ എം.നന്ദകുമാറുമായി വീഡിയോ കൺസൾട്ടേഷൻ
നടത്താൻ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

Story Summary: Palmistry – Shape of fingers which covers things related to heart and personality

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?