Wednesday, December 10, 2025
Wednesday, December 10, 2025
Home » ഈ ചൊവ്വാഴ്ചത്തെ ഷഷ്ഠിക്ക് ഇരട്ടിഫലം ; സന്താനക്ലേശം, രോഗം, സര്‍പ്പശാപം വേഗം മാറ്റാം

ഈ ചൊവ്വാഴ്ചത്തെ ഷഷ്ഠിക്ക് ഇരട്ടിഫലം ; സന്താനക്ലേശം, രോഗം, സര്‍പ്പശാപം വേഗം മാറ്റാം

by NeramAdmin
0 comments

ഡോ. രാജേഷ് പുല്ലാട്ടിൽ

ഒരു വര്‍ഷം കൊണ്ട് 12 ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്ന സുബ്രഹ്മണ്യ ഭക്തർ ഷഷ്ഠി ആചരണം ആരംഭിക്കുന്ന ഷഷ്ഠിയാണ് വൃശ്ചികത്തിലെ ഷഷ്ഠി. ശൂരസംഹാരം നടന്ന തുലാമാസത്തിലെ സ്കന്ദഷഷ്ഠി കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട ഷഷ്ഠിവ്രതമാണ് വൃശ്ചികത്തിലെ കുമാരഷഷ്ഠി.

പാർവതി ദേവിക്ക് സർപ്പ രൂപം വെടിഞ്ഞ മകനെ തിരിച്ചു കിട്ടിയ ദിവസമാണ് വൃശ്ചികത്തിലെ ഷഷ്ഠിയത്രേ. ആ ഐതിഹ്യം ഇങ്ങനെ: ഓങ്കാരത്തിന്റെ അര്‍ത്ഥമറിയാത്ത ബ്രഹ്മാവിനെ സുബ്രഹ്മണ്യന്‍ തടവിലാക്കി. പിന്നീട് ശ്രീ പരമേശ്വരന്റെ ഉപദേശപ്രകാരം കുമാരന്‍ ബ്രഹ്മാവിനെ മോചിപ്പിച്ചു. ബ്രഹ്മാവിനെ കാരാഗൃഹത്തിലടച്ചത് ബ്രഹ്മഹത്യാപാപത്തിന് കാരണമായി. പ്രായശ്ചിത്തമായി സ്‌കന്ദന്‍ സര്‍പ്പരൂപിയായി സഞ്ചരിക്കുവാന്‍ തുടങ്ങി. പുത്രന്റെ ദോഷങ്ങള്‍ ശമിക്കാന്‍ പാര്‍വതീദേവി ഭഗവാൻ പരമേശ്വരന്റെ ഉപദേശപ്രകാരം ഒന്‍പതു വര്‍ഷം കൊണ്ട് 108 ഷഷ്ഠിവ്രതം അനുഷ്ഠിച്ചു. അതേ തുടർന്ന് സര്‍പ്പരൂപിയായ സുബ്രഹ്മണ്യന്‍ വിഷ്ണുഭഗവാന്റെ സ്പര്‍ശനത്താല്‍ സ്വരൂപത്തിലേക്ക് തിരിച്ചെത്തി. ഒരു
വൃശ്ചികമാസത്തിലെ ഷഷ്ഠിനാളില്‍ കര്‍ണാടകയിലെ സുബ്രഹ്മണ്യത്ത് വച്ചാണ് ഇപ്രകാരം സംഭവിച്ചതെന്നാണ് ഐതിഹ്യം. തന്മൂലം സര്‍പ്പശാപം, മഹാരോഗങ്ങള്‍, സന്തതിദുഃഖം, ത്വക് രോഗങ്ങൾ മുതലായവയില്‍ നിന്ന് മോചനം ലഭിക്കുവാന്‍ ഭക്തര്‍ കുമാര ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നു. പാപമോചനമാണ് വൃശ്ചികത്തിലെ ഷഷ്ഠി അനുഷ്ഠാനം കൊണ്ടുള്ള ഏറ്റവും പ്രധാനഫലം. 2022 നവംബർ 29 ചൊവ്വാഴ്ചയാണ് കുമാര ഷഷ്ഠി. സുബ്രഹ്മണ്യ ആരാധനയ്ക്ക് വിശേഷമായ ചൊവ്വാഴ്ച വരുന്നതിനാൽ ഈ വൃശ്ചിക ഷഷ്ഠിക്ക് അമിത പ്രാധാന്യം ഉണ്ട്.

സുബ്രഹ്മണ്യന്റെയും ദേവസേനയുടെയും വിവാഹം നടന്ന ദിവസം എന്ന ഐതിഹ്യവും വൃശ്ചികത്തിലെ ഷഷ്ഠിയെ സംബന്ധിച്ച് പ്രചാരത്തിലുണ്ട്. ശൂരാസുര നിഗ്രഹത്തിൽ സംതൃപ്തനായ ഇന്ദ്രൻ മകളായ ദേവസേനയെ സ്വീകരിച്ച് വിവാഹം കഴിക്കാൻ കുമാരസ്വാമിയോട് പ്രാർത്ഥിച്ചു. മാർഗശീർഷ ഷഷ്ഠി ദിവസം കുമാര പർവതത്തിൽ വച്ച് ദിവ്യ വിവാഹം നടന്നു. അതുകൊണ്ടാണത്രേ വൃശ്ചിക മാസത്തിലെ ഷഷ്ഠിക്ക് വലിയ പ്രാധാന്യം കൈവന്നത്. തെലുങ്കാന, ആന്ധ്രാപ്രദേശ്, കർണ്ണാടക, നേപ്പാൾ വടക്കേയിന്ത്യയിലെ ചില സ്ഥലങ്ങൾ എന്നിവിടങ്ങിൽ മാർഗശീർഷത്തിലാണ് സകന്ദഷഷ്ഠി ആചരിക്കുന്നത്.

സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കാവുന്ന ഏറ്റവും ഉത്തമമായ വ്രതമാണ് ഷഷ്ഠിവ്രതം. വെളുത്ത പക്ഷത്തിലെ ഷഷ്ഠിയാണ് വ്രതത്തിന് സ്വീകരിക്കുന്നത്. വ്രതം അനുഷ്ഠിക്കുന്നവര്‍ പഞ്ചമിനാൾ ഉപവസിക്കണം. ഷഷ്ഠിനാളില്‍ പ്രഭാതസ്‌നാനം, ക്ഷേത്രദര്‍ശനം എന്നിവ ചെയ്യുകയും വേണം. ഷഷ്ഠി ദിവസം ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന നിവേദ്യം ഭക്ഷിച്ചാണ് പാരണ വിടുക. വാര്‍ഷിക ഷഷ്ഠിവ്രതം നോൽക്കുന്നവര്‍ക്ക് ഏതെങ്കിലും കാരണവശാല്‍ മാസ ഷഷ്ഠി വ്രതത്തിന്
തടസം നേരിട്ടാല്‍ അടുത്ത കാര്‍ത്തിക ദിവസം വ്രതം നോറ്റാൽ പരിഹാരമാകും.

അഭിഷേകപ്രിയനാണ് സുബ്രഹ്മണ്യന്‍. പാല്‍, പനിനീര്‍, എണ്ണ, നെയ്യ്, തൈര്, പഞ്ചാമൃതം, ഇളനീര്‍, ഭസ്മം എന്നിവ കൊണ്ടാണ് അഭിഷേകം നടത്തുന്നത്. പഴം, കല്‍ക്കണ്ടം, നെയ്യ്, ശര്‍ക്കര, മുന്തിരി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന നിവേദ്യമാണ് പഞ്ചാമൃതം. ഈ അഞ്ചു വസ്തുക്കള്‍ പഞ്ചഭൂതതത്ത്വങ്ങളെ പ്രതിനിധീകരിക്കുന്നു. ആഗ്രഹസാഫല്യമാണ് പഞ്ചാമൃതാഭിഷേകത്തിന്റെ ഫലം. പനിനീര്‍ കൊണ്ട് അഭിഷേകം നടത്തിയാല്‍ മനഃസുഖം, പാല്‍, നെയ്യ്, ഇളനീര്‍ എന്നിവ കൊണ്ട് അഭിഷേകം നടത്തിയാല്‍ ശരീരസുഖം ലഭിക്കും. എണ്ണ അഭിഷേകം രോഗനാശത്തിനും, ഭസ്മാഭിഷേകം നടത്തിയാല്‍ പാപനാശവും, തൈര് അഭിഷേകം സന്താനലാഭവും നൽകും. അഗ്‌നിസ്വരൂപനാണ് കുജന്‍. അതുകൊണ്ടു സുബ്രഹ്മണ്യക്ഷേത്രത്തില്‍ ദീപം തെളിക്കുക, എണ്ണസമര്‍പ്പിക്കുക, നെയ്‌വിളക്ക് നടത്തുക മുതലായവ കുജദോഷ പരിഹാരത്തിനുള്ള ഉത്തമ മാര്‍ഗ്ഗങ്ങളാണ്

ALSO READ

ഡോ. രാജേഷ് പുല്ലാട്ടിൽ,

+91 9895502025

Story Summary: Significance of Kumara Shashti in Vrichikam

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?