Thursday, December 11, 2025
Thursday, December 11, 2025
Home » സര്‍വൈശ്വര്യ സിദ്ധിക്കും കുടുംബാഭിവൃദ്ധിക്കുംദേവിക്ക് കുങ്കുമാര്‍ച്ചന, കുങ്കുമാഭിഷേകം

സര്‍വൈശ്വര്യ സിദ്ധിക്കും കുടുംബാഭിവൃദ്ധിക്കും
ദേവിക്ക് കുങ്കുമാര്‍ച്ചന, കുങ്കുമാഭിഷേകം

by NeramAdmin
0 comments

മംഗള ഗൗരി
ദേവീതത്ത്വ പ്രതീകമാണ്‌ കുങ്കുമം. യഥാർത്ഥ കുങ്കുമം നിർമ്മിക്കുന്നത് കുങ്കുമപ്പൂവ് ഉണക്കിപ്പൊടിച്ചാണ്. കാശ്മീരിലും മറ്റുമുള്ള കുങ്കുമപ്പാടങ്ങളിൽ നിന്നുമാണ് കുങ്കുമപ്പൂ ശേഖരിച്ച് ഉണക്കിപ്പൊടിച്ച് കുങ്കുമമാക്കുക. എന്നാൽ നമ്മൾ ധരിക്കുന്ന കുങ്കുമം മ‍ഞ്ഞള്‍പൊടിയും ചെറുനാരങ്ങാ നീരും പപ്പടക്കാരവും ആലവും ചേർത്ത് തയ്യാറാക്കുന്നതാണ്. കടകളില്‍ നിന്നും ലഭിക്കുന്ന ഈ കുങ്കുമം നല്ലതാകണമെന്നില്ല. കളര്‍പൊടികള്‍ പലതും ചേർത്ത് നിർമ്മിക്കുന്നതാകും പലപ്പോഴും ലഭിക്കുക.

നെറ്റിക്കു നടുവിലോ, പുരിക മദ്ധ്യത്തിലോ ആണ് കുങ്കുമം തൊടുന്നത്. സ്ഥൂലമായ ആത്മാവില്‍ സൂക്ഷ്മ ബിന്ദുരൂപത്തില്‍ സ്ഥിതിചെയ്ത് എല്ലാറ്റിനേയും നയിക്കുന്ന ശക്തിയെ സൂചിപ്പിക്കാനാണ് കുങ്കുമം ഒരു ചെറിയ വൃത്താകൃതിയില്‍ തൊടുന്നത്. സിന്ദൂരം എന്നും കുങ്കുമത്തെ പറയുന്നു. നടുവിരല്‍ കൊണ്ടാണ് കുങ്കുമം തൊടേണ്ടത്. ഹിന്ദുക്കൾ സ്ത്രീ സുമംഗലിയായതിന്റെ അടയാളമായിട്ടാണ് സിന്ദൂരത്തെ കാണുന്നത്. വധുക്കൾ കഴുത്തിൽ ധരിക്കുന്ന താലി അവരുടെ ശക്തിയായും ശരീരത്തിന്റ ഭാഗമായും പൂജനീയമായും കണക്കാക്കുന്നു. അതുപോലെതന്നെയാണ് സിന്ദൂരവും. ഒരു വിവാഹിതയുടെ ഭര്‍ത്താവിന്റെ ആയുസ്സും വിജയവും ആരോഗ്യവും അവൾ സീമന്തരേഖയിൽ ചാര്‍ത്തുന്ന സിന്ദൂരത്തില്‍ ആണെന്നാണ് പരമ്പരാഗത ഹൈന്ദവ വിശ്വാസം. ജീവിതാവസാനം വരെ കാത്തുസൂക്ഷിക്കേണ്ട ബന്ധത്തിന്റെ പവിത്ര പ്രതീകമായ താലി പോലെ തന്നെ ദിവ്യമാണ് അവൾക്ക് തിരുനെറ്റിയിലെ സിന്ദൂരം. കുങ്കുമം പുരുഷന്മാരും ധരിക്കാറുണ്ട്. ക്ഷേത്രങ്ങളില്‍ അർച്ചന ചെയ്ത സിന്ദൂരമാണ് പ്രസാദമായി വാങ്ങി സൂക്ഷിച്ച് വച്ച് ധരിക്കുന്നത്. ദേവീ ക്ഷേത്രങ്ങളിൽ നിന്നും ഗണപതി ക്ഷേത്രങ്ങളിൽ നിന്നുമാണ് കുങ്കുമപ്രസാദം പ്രധാനമായി ലഭിക്കുക. മൂകാംബികാ ദേവിയുടെ കുങ്കുമ പ്രസാദം ശേഖരിച്ച് വച്ച് നിത്യവും ധരിക്കുന്ന പ്രമുഖർ ധാരാളമുണ്ട്. നെറ്റിയില്‍ ആര്‍ക്കും തിലകമണിയാം. വിവാഹിതകൾ മാത്രമേ സീമന്തരേഖയില്‍ കുങ്കുമം അണിയാറുള്ളൂ.
കുങ്കുമം ചന്ദനത്തിൽ ചേര്‍ത്ത് തൊടുന്നത് വൈഷ്ണവ രീതിയാണ്. കുങ്കുമം ഭസ്മവും ചേര്‍ത്ത് തൊടുന്നതാണ് ശിവശക്തി പ്രതീകം. കുങ്കുമം ഭസ്മവും ചന്ദനവും ചേര്‍ത്തു തൊടുന്നത് ത്രിപുര സുന്ദരി സൂചകമാകുന്നു.
ചന്ദ്രന്‍, ചൊവ്വ, ശുക്രന്‍, കേതു ദശകളില്‍ പതിവായി കുങ്കുമപ്പൊട്ട് ധരിക്കുന്നത് നല്ലതാണ്. ഈ ഗ്രഹങ്ങളുടെ അധിദേവതകളുടെ മന്ത്രങ്ങള്‍ ജപിച്ചു കൊണ്ട്‌ വേണം തിലകം ധരിക്കേണ്ടത്. ഈ ഗ്രഹങ്ങളുടെ ദേവതകളുടെ ക്ഷേത്രങ്ങളിൽ കുങ്കുമാര്‍ച്ചന, കുങ്കുമാഭിഷേകം എന്നിവ നടത്തി ആ കുങ്കുമം കൊണ്ടും നിത്യേന തിലകമണിയാം. ചന്ദ്രന് ദുര്‍ഗ്ഗയും ചൊവ്വയ്ക്ക്‌ ഭദ്രയും, ശുക്രന് ലക്ഷ്മിയും, കേതുവിന് ചാമുണ്ഡിയുമാണ് അധിദേവതമാർ.

കര്‍മതടസ്സം ഒഴിവാക്കാനും സര്‍വൈശ്വര്യ സിദ്ധിക്കും കുടുംബാഭിവൃദ്ധിക്കും ദേവിക്ക് കുങ്കുമാര്‍ച്ചന നടത്താം. മംഗല്യതടസ്സം മാറുന്നതിനും ഈ വഴിപാട് ജന്മനക്ഷത്ര ദിവസമോ ചൊവ്വ, വെള്ളി ദിവസങ്ങളിലോ നടത്തുന്നത് വളരെ ഉത്തമമാണ്. വിധിപ്രകാരം പേരും നാളും ചൊല്ലി കുങ്കുമാര്‍ച്ചന നടത്തിയാല്‍ ദൃഷ്ടിദോഷം, ശത്രുശല്യം മുതലായവ ഒഴിഞ്ഞ് ജീവിതാഭിവൃദ്ധി കൈവരും.

അല്പം ശ്രമിച്ചാൽ നല്ല കുങ്കുമം വീട്ടില്‍ തന്നെ ഒരുക്കി പൂജിച്ച് ധരിക്കാം. മഞ്ഞൾ (500 ഗ്രാം) ആലം (5 ഗ്രാം ), പപ്പടക്കാരം (75ഗ്രാം) എന്നിവ നന്നായി പൊടിക്കണം. അതിലേക്ക് 350 മില്ലീലിറ്റർ ചെറുനാരങ്ങാ നീര് ചേര്‍ത്ത് നന്നായി കൈകൊണ്ട് പത്തു മിനുട്ടോളം ഇളക്കി യോജിപ്പിക്കണം. അപ്പോഴേക്കും മിശ്രിതത്തിന് ചുവപ്പ് നിറമാകും. ഇത് വാഴയിലയിൽ നിരത്തി തണലില്‍ വച്ച് ഉണക്കണം. ഇപ്രകാരം ഏഴ് ദിവസം ഉണക്കണം. നന്നായി ഉണങ്ങിക്കഴിയുമ്പോള്‍ പൊടിച്ച് കിട്ടുന്ന വിശിഷ്ട കുങ്കുമം ക്ഷേത്രത്തിൽ നൽകി പൂജിച്ച് എന്നും ധരിക്കുക.

Story Summary: Significance and Benefits of doing Kumkum Archana or Worshipping Goddess with Kumkumam


ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?