Wednesday, December 10, 2025
Wednesday, December 10, 2025
Home » നിര്‍മ്മാല്യ ദര്‍ശനം സര്‍വ്വാഭീഷ്ടദായകം;ഗുരുവായൂരിലും ശ്രീകണ്ഠേശ്വരത്തും അതിവിശിഷ്ടം

നിര്‍മ്മാല്യ ദര്‍ശനം സര്‍വ്വാഭീഷ്ടദായകം;
ഗുരുവായൂരിലും ശ്രീകണ്ഠേശ്വരത്തും അതിവിശിഷ്ടം

by NeramAdmin
0 comments

മംഗള ഗൗരി
നിത്യവും ക്ഷേത്രങ്ങളിൽ ആദ്യമായി നടത്തപ്പെടുന്ന സുപ്രധാന ചടങ്ങാണ് നിർമ്മാല്യ ദർശനം. വിഗ്രഹത്തിൽ തലേന്ന് ചാർത്തിയ ഹാരങ്ങളും പുഷ്പങ്ങളും എടുത്തു മാറ്റുന്നതിന് മുന്നേയുള്ള ദർശനമാണിത്. സ്നാനാദികർമ്മങ്ങൾ നിർവ്വഹിച്ച ശേഷം ശാന്തിക്കാരൻ മന്ത്രജപങ്ങളോടെ ശ്രീകോവിൽ നടതുറന്ന് നിർമ്മാല്യ ദർശനത്തിന് ഭക്തർക്ക് അവസരം നൽകുന്നു. അതിവിശിഷ്ടവും സര്‍വ്വാഭീഷ്ടപ്രദായകവുമാണ് നിർമ്മാല്യ ദർശനം എന്ന് വിശ്വസിക്കുന്നു. നിർമ്മാല്യ ദര്‍ശന ശേഷം തലേദിവസത്തെ ആടയാഭരണങ്ങൾ ഭഗവൽ വിഗ്രഹത്തിൽ നിന്ന് മാറ്റുമ്പോൾ പൂർണ്ണബിംബ തേജസ്സ് ഭക്തർക്ക് ലഭിക്കും.

പൂജയിൽ ദേവന് അല്ലെങ്കിൽ ദേവതയ്ക്ക് സമർപ്പിച്ച പൂവും നിവേദ്യങ്ങളും ഈ സമർപ്പണത്തിലൂടെ പരിശുദ്ധമായത് എന്നാണ് നിർമ്മാല്യത്തിന് അർത്ഥം. നിർമ്മാല്യസമയത്ത്‌ ക്ഷേത്ര വിഗ്രഹത്തിൽ നിന്നുള്ള ഊര്‍ജ്ജ പ്രസരണം ഇരട്ടിയാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ നിർമ്മാല്യദർശനം ഏറെ പുണ്യദായകമാണ്. ഗുരുവായൂർ , തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രങ്ങളിലെ നിർമ്മാല്യദർശനം ഏറെ പ്രശസ്തമാണ്.

നിർമ്മാല്യദർശനം കഴിഞ്ഞ് നല്ലെണ്ണകൊണ്ട് അഭിഷേകം ചെയ്ത് വാകപ്പൊടിയോ പയറുപൊടിയോ ഉപയോഗിച്ച് എണ്ണമെഴുക്ക് ബിംബത്തിൽ നിന്ന് നീക്കം ചെയ്യും. ഈ സമയത്തുടനീളം നാമങ്ങൾ ജപിച്ചുകൊണ്ടുള്ള ഭഗവൽ ദർശനം സർവൈശ്വര്യങ്ങളും നൽകും. ഗുരുവായൂരിൽ പുലർച്ചെ 3 മുതൽ 3.20 വരെയാണ് നിർമ്മാല്യദർശനം. തലേന്നു ചാർത്തിയ അലങ്കാരങ്ങളോടെ വിരാജിക്കുന്ന ഗുരുവായൂരപ്പ വിഗ്രഹം ദർശിച്ച് നിർവൃതി നേടുന്നതിന് ഈ നേരത്ത് എന്നും വലിയ ഭക്തജനത്തിരക്കാണ്.

സാധാരണ വെളുപ്പിന് 3 മണി കഴിഞ്ഞാണ് ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ ശ്രീകോവിൽ നട തുറക്കുന്നത്. പുലര്‍ച്ചെ മൂന്നിന് ശംഖനാദം മുഴങ്ങുമ്പോൾ തിരുനട തുറക്കുന്ന ചടങ്ങിന് സമാരംഭമാകും. കുത്തുവിളക്കിന്റെ അകമ്പടിയോടെ മേല്‍ശാന്തി ശ്രീകോവിൽ പ്രദക്ഷിണം ചെയ്ത് സോപാനത്തില്‍ സാഷ്ടാംഗം പ്രണമിക്കും. പിന്നെ പടിക്കെട്ടില്‍ തീര്‍ത്ഥം തളിച്ച് സോപാനത്തിലെ നിലവിളക്ക് തെളിക്കും. കര്‍പ്പൂരം കത്തിച്ച് മണിമുഴക്കി ശ്രീകോവിൽ തുറക്കും. മാലയിട്ട്, നോമ്പ് നോറ്റ്, ശരണം വിളികളോടെ മലകയറി കാനനവാസനിൽ അഭയം തേടി ജീവിതദുരിതമകറ്റാൻ എത്തുന്ന ഭക്തര്‍ക്ക് അപ്പോൾ മുതൽ പുണ്യദർശനം ലഭിക്കും. ഇതിനിടെ ശ്രീകോവിലിലെ നെയ് വിളക്ക് നിര കൊളുത്തി നിര്‍മ്മാല്യ ദര്‍ശനം ആരംഭിക്കും. നിര്‍മ്മാല്യത്തിന് വിളക്കു വച്ച് നമസ്‌ക്കരിച്ച് മേല്‍ശാന്തി പുറത്തിറങ്ങും; ഉപദേവതകളുടെ നടകള്‍ തുറന്ന് വിളക്കു കൊളുത്തി തിരിച്ചു വന്നിട്ട് തന്ത്രിയും മേല്‍ശാന്തിയും കുടി നിര്‍മ്മാല്യം നീക്കം ചെയ്യും.

തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തെ നിർമ്മാല്യ ദർശനം പ്രസിദ്ധമാണ്. 41 ദിവസം വെളുപ്പിന് ഇവിടെ നിർമ്മാല്യം തൊഴുതാൽ നടക്കാത്തതായി ഒന്നുമില്ലെന്നാണ് ഭക്തരുടെ വിശ്വാസം. ഈ നിർമ്മാല്യ ദർശനത്തിന് വളരെ ദൂരെ സ്ഥലങ്ങളിൽ നിന്നു വരെ ഭക്തർ ഇവിടെ എത്തി ഭജനം പാർക്കാറുണ്ട്. ഏറ്റുമാന്നൂർ ക്ഷേത്രത്തിൽ 12 ദിവസം മുടങ്ങാതെ നിർമ്മാല്യ ദർശനം നടത്തിയാൽ അഭീഷ്ടങ്ങൾ സാധിക്കുമെന്ന് അനുഭവസ്ഥർ പറയുന്നു. ആദിത്യഗ്രഹ ദോഷം മാറുന്നതിന് നിർമ്മാല്യം തൊഴുന്നത് ഉത്തമമാണ്.

നിർമ്മാല്യദര്‍ശനം പാടില്ലാത്ത ഒരു ക്ഷേത്രം കേരളത്തിൽ ഉണ്ട് . കണ്ണൂർ ജില്ലയിലെ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം. കംസവധ ശേഷമുള്ള ശ്രീകൃഷ്ണൻ ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. കംസവധം കഴിഞ്ഞ് രൗദ്രഭാവത്തിൽ ഉള്ള ശ്രീകൃഷ്ണനായതിനാൽ ശ്രീകോവിൽ നട തുറക്കും മുമ്പേ തിടപ്പള്ളി തുറന്ന് നിവേദ്യം തയ്യാക്കി കയ്യിൽ നേദ്യവും പിടിച്ചു വേണം മേൽശാന്തി നട തുറക്കേണ്ടത്.

ALSO READ

നിർമ്മാല്യം തൊട്ടാൽ കൈ നനയ്ക്കാതെ മറ്റ് യാതൊരു വസ്തുക്കളിലും തൊടരുത്. ദേവീ ദേവന്മാർക്ക് പ്രത്യേകം നിർമ്മാല്യധാരികളുണ്ട്. ദേവന്റെ ഉച്ഛിഷ്ടം ഭക്ഷിക്കുന്നവരാണ് ഈ നിർമ്മാല്യഭുക്കുകൾ എന്ന് സങ്കല്പിക്കപ്പെടുന്നു. ദേവപൂജ കഴിഞ്ഞ് നിർമ്മാല്യം ഈ നിർമ്മാല്യ ധാരികളുടെ ബിംബത്തിൽ അർപ്പിക്കും. ഓരോ മൂർത്തിക്കും നിർമ്മാല്യധാരിയുണ്ട്: ഗണപതി ഭഗവാന് കുംഭോദരനാണ് നിർമ്മാല്യധാരി. വിഷ്ണുവിന് വിഷ്വക്സേനൻ, ശിവന് ചണ്ഡേശ്വരൻ, ശാസ്താവിന് ഘോഷപതി, ദുർഗ്ഗയ്ക്ക് മുണ്ഡിനി, സുബ്രഹ്മണ്യന് ധൂർത്തസേനൻ, പാർവതിക്ക് സുഭഗ, സൂര്യ ഭഗവാന് തേജശ്ചണ്ഡൻ, ഭദ്രകാളിക്ക് പ്രോംശേഷിക, സരസ്വതിക്ക് മതി, ലക്ഷ്മിക്ക് ധൃതി എന്നിവരാണ് നിർമ്മാല്യധാരികൾ.

Story Summary: Significance of Nirmalya Dershanam


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?