Wednesday, December 10, 2025
Wednesday, December 10, 2025
Home » ആറ്റുകാൽ പൊങ്കാല: കുത്തിയോട്ടത്തിന് 743 ബാലന്മാർ പള്ളിപ്പണം വച്ച് വ്രതം തുടങ്ങി

ആറ്റുകാൽ പൊങ്കാല: കുത്തിയോട്ടത്തിന് 743 ബാലന്മാർ പള്ളിപ്പണം വച്ച് വ്രതം തുടങ്ങി

by NeramAdmin
0 comments

ജ്യോതിഷരത്‌നം വേണു മഹാദേവ്
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ചുള്ള സുപ്രധാനമായ വഴിപാടുകളിൽ ഒന്നായ കുത്തിയോട്ട വ്രതാരംഭത്തിന് മൂന്നാം ഉത്സവ ദിവസമായ ബുധനാഴ്ച രാവിലെ തുടക്കം കുറിച്ചു. 743 ബാലന്മാരാണ് ഇക്കുറി കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നത്. 12 വയസ്സിൽ തഴെയുള്ള ഈ ബാലന്മാർ രാവിലെ 9.20ന് കുത്തിയോട്ട വ്രതം തുടങ്ങി. മഹിഷാസുര മർദിനിയുടെ മുറിവേറ്റ ഭടന്മാരായാണ് ഈ കുത്തിയോട്ട ബാലന്മാരെ സങ്കൽപിക്കുന്നത്. രാവിലെ പന്തീരടി പൂജകൾക്ക് ശേഷമാണ് കുത്തിയോട്ട വ്രതം തുടങ്ങുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. ഒൻപതാം
ഉത്സവ നാളായ പൊങ്കാല ദിവസമാണ് കുത്തിയോട്ട വഴിപാട്. അതുവരെയുളള 7 നാൾ കുത്തിയോട്ട നേർച്ചക്കാരായ ബാലന്മാർ വ്രതം നോറ്റ് ക്ഷേത്രത്തിൽ തന്നെ കഴിയും. കുത്തിയോട്ടം നടത്തുന്ന ബാലന്മാർ ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറനോടെ ക്ഷേത്ര നടയിൽ നിൽക്കും. മേൽശാന്തിയോട് ‘ഞാൻ പള്ളിപലകയിൽ പള്ളിപ്പണം അർപ്പിക്കട്ടെ’ എന്നു ചോദിക്കുകയും ‘അർപ്പിച്ചുകൊള്ളൂ’ എന്ന് അദ്ദേഹം മറുപടി പറയുകയും, ഏഴ് വെള്ളി നാണയങ്ങൾ പള്ളി പലകയിൽ സമർപ്പിച്ച് നമസ്‌കരിക്കുകയും ചെയ്യുന്നു. മേൽശാന്തിയിൽ നിന്നും പ്രസാദം സ്വീകരിച്ച് വന്ദിക്കുന്നു. പള്ളിപ്പണ സമർപ്പണ ശേഷം ക്ഷേത്രപ്രദക്ഷിണവും, നമസ്‌കാരവും നടത്തും. അഞ്ച് പ്രദക്ഷിണം ചെയ്യുന്നു. ആദ്യ നാൾ 3 നമസ്‌കാരം നടക്കും. ഏഴു ദിവസം കൊണ്ട് തിരുമുമ്പിൽ 1008 നമസ്‌കാരം ഓരോ കുത്തിയോട്ട ബാലന്മാരും നടത്തണം എന്നാണ് വിധി. കുത്തിയോട്ട നേർച്ചക്കാർ കർശനമായ ചിട്ടകൾ പാലിക്കേണ്ടതാണ്. ഏഴ് ദിവസം ക്ഷേത്രത്തിൽ താമസിക്കുന്ന കുട്ടികളെ ദിവസവും വന്നുകാണാൻ മാതാപിതാക്കൾക്ക് അനുവാദമുണ്ട്. എന്നാൽ പുറത്തുനിന്നുള്ള ആഹാരം കൊടുക്കാനും അവരെ സ്പർശിക്കാനും പാടില്ല. ദിവസവും അഞ്ചുനേരത്തെ കുളി ഉണ്ട്. മൂന്നുനേരത്തെ കുളിയിൽ തല തോർത്തരുത്. ദിനചര്യ മാറ്റത്തിലൊന്നും നേർച്ചക്കുട്ടികൾക്ക് അസുഖങ്ങളോ മറ്റ് വിഷമങ്ങളോ ഉണ്ടാകാറില്ല.

കുത്തിയോട്ട ദിവസം കുട്ടികൾ പട്ടുടുത്ത് കിരീടംവച്ച് കണ്ണെഴുതി പൊട്ടുകുത്തി അണിഞ്ഞൊരുങ്ങും. ഈ കുട്ടികളെ അഞ്ചു പേരടങ്ങിയ സംഘമായി തിരിച്ച് ഓരോ സംഘത്തിനും നിശ്ചയിച്ചിട്ടുള്ള താളമേളങ്ങളോടെ അമ്മയുടെ തിരുമുമ്പിലെത്തിക്കുമ്പോൾ അവർ പ്രദക്ഷിണം വച്ചുതൊഴുത് പൂച്ചെണ്ടുമായെത്തും.

ശേഷം ബാലന്മാരെ ചൂരൽ കുത്തുന്നു. വെള്ളിയിലുണ്ടാക്കിയ ചെറിയ ഒരുതരം കൊളുത്തുകൾ വാരിയെല്ലിന് താഴെ കുത്തുന്നതാണ് ഈ ചടങ്ങ്. ചൂരൽ കുത്തു കഴിഞ്ഞ് ദേവീപ്രസാദമായ പൂമാലയും ചാർത്തി, പൊങ്കാല നാളിലെ ആറ്റുകാലമ്മയുടെ പുറത്തെഴുന്നള്ളത്തിന് ഇവർ അകമ്പടി സേവിക്കും. മഹിഷാസുരമർദ്ദിനിയായ ജഗദംബയുടെ മുറിവേറ്റ ഭടന്മാരായിട്ടാണ് ബാലന്മാരെ സങ്കൽപ്പിക്കുന്നത്. ഘോഷയാത്ര കഴിഞ്ഞ് തിരികെ വന്ന് ചൂരലഴിക്കും വരെ ഇവർ ഭഗവതിയുടെ ഭടന്മാരാണ്. വഴി നീളെ സ്വീകരണം ഏറ്റുവാങ്ങി മണക്കാട് ശ്രീധർമ്മ ശാസ്ത്രാക്ഷേത്രത്തിൽ എത്തി അവിടെ കുറച്ചു വിശ്രമിച്ച് ഇറക്കി പൂജയും മറ്റ് വിശേഷാൽ പൂജകളും നടത്തി തിരികെ ആറ്റുകാൽ ക്ഷേത്രത്തിലെത്തുന്നു. അപ്പോഴേക്കും രാത്രി 11 മണിയാകും. എഴുന്നള്ളത്ത് ക്ഷേത്രത്തിൽ പ്രവേശിച്ച് പ്രത്യേക ദീപാരാധന നടത്തും. അമ്മയുടെ ശക്തി ആവാഹിച്ച് തിടമ്പ് ശിരസ്സിലേറ്റി വന്ന കൊമ്പനാന 3 തവണ അമ്മേ….. എന്ന ശബ്ദമുണ്ടാക്കി നമസ്‌കരിക്കുന്നത് ആറ്റുകാലിലെ പ്രത്യേകതയാണ്. അതുവരെ വ്രതശുദ്ധിയോടെ അമ്മയുടെ തിരുമുമ്പിൽ കഴിഞ്ഞ ബാലന്മാർ ക്രമപ്രകാരം ചൂരൽ അഴിച്ച് വ്രതം പൂർത്തിയാക്കുന്നു.

ജ്യോതിഷരത്‌നം വേണു മഹാദേവ്
+91 8921709017

Story Summary : Attukal Ponkala 2023 : Significance of observing Kuthiyotta Vritham

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?