Wednesday, December 10, 2025
Wednesday, December 10, 2025
Home » സന്താനഭാഗ്യം, ധനം, കീർത്തി, ആരോഗ്യം;ഈ ശനി പ്രദോഷം നോറ്റാൽ ഇരട്ടിഫലം

സന്താനഭാഗ്യം, ധനം, കീർത്തി, ആരോഗ്യം;
ഈ ശനി പ്രദോഷം നോറ്റാൽ ഇരട്ടിഫലം

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്
ഭഗവാൻ ശ്രീ പരമേശ്വരന് ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസങ്ങളിൽ ഒന്നായ ശനി പ്രദോഷം ഈ ശനിയാഴ്ച സമാഗതമാകുന്നു. കറുത്തപക്ഷത്തിലും വെളുത്ത പക്ഷത്തിലും ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പ്രദോഷ വ്രതദിനമായി കണക്കാക്കുന്നത്. 2023 മാർച്ച് 4 ന് ശനിയാഴ്ചയാണ് കുംഭ മാസത്തിലെ ശുക്ലപക്ഷ പ്രദോഷ ദിനം ആചരിക്കുന്നത്. ഈ ദിവസം ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽ സമ്പൽ സമൃദ്ധി, സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, കീർത്തി എന്നിവയെല്ലാമാണ് ഫലം. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്ന് ശിവക്ഷേത്രദർശനം നടത്തി സ്വന്തം കഴിവിനൊത്ത വഴിപാടുകൾ നടത്തി പ്രാർത്ഥിക്കുന്നത് വിശിഷ്ടമാണ്.
സാധാരണ പ്രദോഷവ്രതം അനുഷ്ഠിക്കുന്നതിനേക്കാള്‍ ഇരട്ടിഫലം നൽകുന്നതാണ് ശനി പ്രദോഷമെന്ന് വിശ്വസിക്കുന്നു. പുണ്യ കർമ്മങ്ങൾ ചെയ്യുന്നതിന് ഏറെ
ഉത്തമമായ ദിനമാണിത്. ജാതകദോഷം, ഗ്രഹദോഷം, ദശാദോഷം, ശനി ദോഷംഎന്നിവയാൽ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക്‌ പ്രദോഷം നോറ്റാൽ ശാന്തി ലഭിക്കുന്നതാണ്‌. കറുത്തപക്ഷത്തെ ശനി പ്രദോഷം, മൗനവ്രതത്തോടെ ആചരിക്കുന്നത് ഉല്‍ക്കൃഷ്‌ടമാണ്‌. അതുപോലെ പ്രധാനപ്പെട്ടതാണ്‌ തിങ്കള്‍ പ്രദോഷവും. കുടുംബസുഖം, ഭാര്യ ഭര്‍ത്തൃ സുഖം, സന്താനലാഭം, ആരോഗ്യം എന്നിവമാത്രമല്ല ബ്രഹ്‌മഹത്യാപാപങ്ങള്‍ പോലും ഒഴിഞ്ഞുപോയി മനഃശാന്തിയുണ്ടാകും.

ഓം നമഃ ശിവായ ജപിക്കുക
ത്രയോദശി തിഥി പ്രദോഷ വേളയിൽ പാർ‌വതീദേവിയുടെ സാന്നിധ്യത്തിൽ ശിവഭഗവാൻ നടരാജനായി നൃത്തം ചെയ്യുമത്രേ. ഈ സന്ദർഭത്തിൽ എല്ലാ ദേവീദേവന്മാരും സന്നിഹിതരാകും. അതിനാൽ പ്രദോഷ നോറ്റാൽ എല്ലാ ദേവതകളുടെയും അനുഗ്രഹം ലഭിക്കും എന്ന് കരുതുന്നു. ഈ സമയത്ത് ശിവഭജനം നടത്തുന്നതും കൂവളത്തില കൊണ്ട് അർച്ചന നടത്തുന്നതും സർവ മംഗളകരമാണ്. സന്തുഷ്ട കുടുംബജീവിതം, ധനം, സന്താനം, സദ്കീർത്തി, ആരോഗ്യം എന്നിവ ഇത് വഴി ലഭിക്കുമെന്ന് ശിവപുരാണം പറയുന്നു. പ്രദോഷ വേളയിൽ എവിടെയായിരുന്നാലും കഴിയുന്നത്ര ഓം നമഃ ശിവായ ജപിക്കുന്നത് ഉത്തമമാണ്. ഈ സമയത്ത് വിനോദങ്ങളിൽ ഏർപ്പെടുക, ഭക്ഷണം കഴിക്കുക, പാകം ചെയ്യുക എന്നിവയൊന്നും പാടില്ല.

വ്രതാനുഷ്ഠാനം
പ്രദോഷ ദിനത്തിന്റെ തലേന്ന് ഒരിക്കലെടുത്ത് വ്രതം തുടങ്ങണം. പ്രദോഷ നാൾ രാവിലെ പഞ്ചാക്ഷരീ ജപത്തോടെ ശിവക്ഷേത്ര ദർശനം നടത്തി കൂവളയില കൊണ്ട് അർച്ചന, കൂവളമാല സമർപ്പണം, പിൻ വിളക്ക് ജലധാര എന്നിവ നടത്തണം. പകൽ മുഴുവൻ ഉപവാസം നല്ലത്. അതിനു കഴിയാത്തവർക്ക് ഉച്ചയ്ക്ക് മാത്രം ഊണ്
കഴിക്കാം. പഞ്ചാക്ഷരീസ്തോത്രം, ശിവസഹസ്രനാമം, ശിവ അഷ്ടോത്തരം, ശിവപുരാണം ഇവ ഭക്തിപൂർവ്വം ചൊല്ലുക. പാരായണം ചെയ്യണം. സന്ധ്യയ്ക്ക് മുൻപായി കുളിച്ച് ശിവക്ഷേത്രദർശനം നടത്തി പ്രദോഷപൂജ, ദീപാരാധന എന്നിവയിൽ പങ്കുകൊള്ളുക. ഭഗവാന് കരിക്ക് നേദിച്ച് അതിലെ ജലം സേവിക്കുക. അവിലോ , മലരോ, പഴമോ കഴിച്ച് ഉപവാസമവസാനിപ്പിക്കാം. ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തിൽ നിന്നുള്ള ചോറു വാങ്ങി കഴിക്കാവുന്നതാണ്.

ശിവപഞ്ചാക്ഷരി സ്തോത്രം

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരായായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ നകാരായ നമഃ ശിവായ

മന്ദാകിനീസലില ചന്ദന ചര്‍ച്ചിതായ
നന്ദീശ്വരപ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ മകാരായ നമഃ ശിവായ

ALSO READ

ശിവായ ഗൗരീവദനാരവിന്ദ
സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ
തസ്മൈ ശികാരായ നമഃ ശിവായ

വസിഷ്ഠകുംഭോത്ഭവ ഗൗതമാര്യ
മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ
തസ്മൈ വകാരായ നമഃ ശിവായ

യക്ഷസ്വരൂപായ ജഡാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യകാരായ നമഃ ശിവായ

ജ്യോതിഷരത്നം വേണു മഹാദേവ്
+91 8921709017

Story Summary: Significance of Shani Pradoshm
observation on 2023 March 4


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?