Thursday, February 5, 2026
Thursday, February 5, 2026
Home » പൈങ്കുനി ഉത്രം നോറ്റാൽ ഐശ്വര്യവും സന്തോഷവുമുള്ള ജീവിതം കരഗതമാകും

പൈങ്കുനി ഉത്രം നോറ്റാൽ ഐശ്വര്യവും സന്തോഷവുമുള്ള ജീവിതം കരഗതമാകും

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്
ഒട്ടേറെ പ്രത്യേകതകളുള്ള ഒരു പുണ്യ ദിവസമാണ് മീന മാസത്തിലെ പൈങ്കുനി ഉത്രം. ശബരിമല അയ്യപ്പ സ്വാമിയുടെ അവതാരം, ശിവപാർവതിമാരുടെ തൃക്കല്യാണം സുബ്രഹ്മണ്യനും ദേവസേനയും തമ്മിലെ തിരുമണം എന്നിവ നടന്നതും ശബരിമലയിലും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലും ആറാട്ട് നടക്കുന്നതും പൈങ്കുനി ഉത്രത്തിനാണ്. പല കാരണങ്ങളാൽ വിശേഷപ്പെട്ട ഈ ദിവസം ഇത്തവണ 2023 ഏപ്രിൽ 5 നാണ്.

എട്ട് മഹാവ്രതങ്ങളിൽ ഒന്നാണ് പൈങ്കുനി ഉത്രമെന്ന് സക്ന്ദപുരാണം വിശേഷിപ്പിക്കുന്നു. സൂര്യൻ മീനം രാശിയിൽ നിൽക്കുമ്പോൾ വെളുത്തപക്ഷത്തിലെ ഉത്രം നക്ഷത്രത്തിൽ പൈങ്കുനി ഉത്രം സമാഗതമാകുന്നു. മാർച്ച് – ഏപ്രിൽ മാസങ്ങളിൽ വരുന്ന തമിഴ് മാസമാണ് പൈങ്കുനി. പൗർണ്ണമിയും ഉത്രം നക്ഷത്രവും ഒത്തുവരുന്ന അല്ലെങ്കിൽ അടുത്തുവരുന്ന ഈ ദിവസം വളരെയേറെ വിശേഷമാണ്. മുരുക ഭക്തർ തമിഴ്നാട്ടിൽ സവിശേഷ പ്രാധാന്യത്തോടെയാണ് ഈ ദിനം ആഘോഷിക്കുന്നത്.

ഹിമവൽ പുത്രിയായ പാർവതീ ദേവി, തപസ് മുടക്കി ശിവനെ സ്വന്തമാക്കിയ ഈ ദിവസം കല്യാണവ്രതം എന്ന പേരിലാണ് പ്രസിദ്ധം. സുബ്രഹ്മണ്യൻ ദേവസേനയെ പരിണയിച്ച ദിവസമായതിനാലാണ് തെന്നിന്ത്യയിൽ ഈ ദിവസം ഏറെ പവിത്രമായത്. കേരളത്തിൽ വിവിധ തരത്തിലാണ് പൈങ്കുനി ഉത്രം വിശേഷമാകുന്നത്. അയ്യപ്പന്റെ ജന്മദിനം ആയതിനാൽ ശബരിമല ആറാട്ട് പൈങ്കുനി ഉത്രത്തിനാണ്. ഇതിനൊപ്പം ഇവിടുത്തെ എല്ലാ മുരുക ക്ഷേത്രങ്ങളിലും പൈങ്കുനി ഉത്രം പ്രധാനമാണ്.

പഴനിയിൽ 10 ദിവസത്തെ ഉത്സവം പൈങ്കുനി ഉത്രം വരുന്ന സമയത്താണ്. അന്നാണ് അവിടുത്തെ തേരോട്ടം. തലേന്ന് പൂരത്തിനാണ് പഴനിയാണ്ടവന് തിരുമണം. തിരുച്ചെന്തൂരിൽ ശ്രീമുരുകനും വള്ളിയും തമ്മിലും തിരുപ്രം കുണ്ഡത്ത് സുബ്രഹ്മണ്യനും ദേവസേനയും തമ്മിലുമുള്ള തിരുമണം ആഘോഷിക്കുന്നത് ഈ ദിവസമാണ്. അങ്ങനെ പലതരത്തിൽ പ്രധാനപ്പെട്ട ഈ ദിവസം പൂർണ്ണമായ ചിട്ടകളോടെ, ഉപവാസത്തോടെ വ്രതമെടുത്താൽ മനോരഥങ്ങൾ സഫലാകുമെന്ന കാര്യം തീർച്ചയാണ്.

പൈങ്കുനി ഉത്രവ്രതത്തിന് തലേദിവസം മുതല്‍ മത്സ്യമാംസാദികൾ വര്‍ജ്ജിച്ച് ലഘുഭക്ഷണം കഴിക്കണം. വ്രതദിവസം രാവിലെ കുളിച്ച് ശുദ്ധി വരുത്തിയ ശേഷം സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം നടത്തണം. ദർശന വേളയിലും പ്രദക്ഷിണം ചെയ്യുമ്പോഴും ഓം വചത്ഭുവേ നമഃ എന്ന സുബ്രഹ്മണ്യ മൂലമന്ത്രം നിരന്തരം ജപിക്കണം. തിരിച്ച് വീട്ടിലെത്തി സുബ്രഹ്മണ്യ സ്തോത്രം പാരായണം ചെയ്യണം. പകല്‍ ഉറങ്ങരുത്. വൈകിട്ട് വീണ്ടും കുളിച്ച് സുബ്രഹ്മണ്യ ക്ഷേത്രദര്‍ശനം നടത്തണം. പിറ്റേന്ന് രാവിലെ കുളിച്ച് വ്രതനിഷ്ഠയോടെ ക്ഷേത്രത്തിലെത്തി മുരുക ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ച് പാരണമീട്ടാം.
വിവാഹം നടക്കാതെ വിഷമിക്കുന്നവരും ദാമ്പത്യ വിഷമങ്ങളും സന്താനങ്ങൾ കാരണം സങ്കടം അനുഭവിക്കുന്നവരും പൈങ്കുനി ഉത്രം വ്രതം അനുഷ്ഠിച്ച് സുബ്രഹ്മണ്യപ്രീതി നേടിയാല്‍ എല്ലാ ദുരിതങ്ങളും അകലും. ഐശ്വര്യവും സന്തോഷവുമുള്ള ജീവിതം, സന്താനങ്ങൾക്ക് ശ്രേയസ്, സന്താനഭാഗ്യം, കാര്യവിജയം, മംഗല്യഭാഗ്യം, പ്രണയ സാഫല്യം തുടങ്ങിയവ ലഭിക്കും. ജീവിതത്തിൽ ബന്ധങ്ങളുടെ പ്രാധാന്യവും മൂല്യവും വിളബരം ചെയ്യുന്ന ദിവസമായി പൈങ്കുനി ഉത്രത്തെ കണക്കാക്കാം.

കല്യാണ വ്രതമെടുത്തിട്ടാണ് വിഷ്ണു ഭഗവാന് ലക്ഷ്മി ദേവിയെയും ബ്രഹ്മദേവന് സരസ്വതിയെയും വള്ളിക്കും ദേവസേനയ്ക്കും മുരുകനെയും സീതയ്ക്ക് രാമനെയും ജാംബവതിക്ക് ശ്രീകൃഷ്ണനെയും അഗസ്ത്യന് ലോപമുദ്രയെയും ഇന്ദ്രന് ഇന്ദ്രാണിയെയും ലഭിച്ചതെന്ന് പുരാണങ്ങൾ പറയുന്നു.

ALSO READ

ഓരോ ആഗ്രഹസാഫല്യത്തിനും പൈങ്കുനി ഉത്രത്തിന് ശ്രീമുരുകനെ ഭജിക്കുന്നവർ ഇനി പറയുന്ന മന്ത്രങ്ങൾ 108 തവണ വീതം ജപിക്കുന്നത് നല്ലതാണ്.

ദാമ്പത്യ വിജയം: ഓം വചത്ഭുവേ നമഃ
ആയുർബലം: ഓം സനൽക്കുമാരായ നമഃ
ഭാഗ്യവർദ്ധന: ഓം നീലകണ്ഠാത്മജായ നമഃ
കർമ്മവിജയം: ഓം കുമാരായ നമഃ
രോഗശാന്തി : മയൂര വാഹനായ നമഃ
വിദ്യാ ഗുണം : ഓം വിശാഖായ നമഃ

ജ്യോതിഷരത്നം വേണു മഹാദേവ്

  • 91 9847475559


Story Summary: Significance of Panguni Uthiram

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?