Wednesday, December 10, 2025
Wednesday, December 10, 2025
Home » അന്നപൂർണ്ണേശ്വരി ശ്രീ പാർവ്വതി;അന്നദാനം സർവദോഷ പരിഹാരം

അന്നപൂർണ്ണേശ്വരി ശ്രീ പാർവ്വതി;അന്നദാനം സർവദോഷ പരിഹാരം

by NeramAdmin
0 comments

മംഗള ഗൗരി
ശ്രീ മഹാദേവൻ ഭഗവാനാണെങ്കിലും ഭിക്ഷ യാചിച്ചു കിട്ടുന്ന ഭക്ഷണം കൊണ്ടാണ് ഭാര്യയെയും മക്കളെയും പോറ്റിയിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം ശിവൻ കൊണ്ടുവന്ന ആഹാരം സുബ്രഹ്മണ്യന്റെ വാഹനമായ മയിലും ഗണപതിയുടെ വാഹനമായ എലിയും ചേർന്ന് സൂത്രത്തിൽ തട്ടിയെടുത്ത് കഴിച്ചു കളഞ്ഞു. അതിനാൽ പാർവ്വതിക്കും മക്കൾക്കും അന്ന് പട്ടിണി കിടക്കേണ്ടി വന്നു. ഈ സമയത്ത് കൈലാസത്തിൽ എത്തിയ നാരദമുനി ശിവനോട് രഹസ്യമായി പറഞ്ഞു: ഭർത്താവും കുഞ്ഞുങ്ങളും പട്ടിണി കിടക്കേണ്ടി വരുന്നത് ഭാര്യയുടെ കുഴപ്പം കൊണ്ടാണ്. അവർക്ക് ഐശ്വര്യം ഇല്ലാത്തത് കൊണ്ടാണ്. കേട്ടപ്പോൾ അത് ശരിയാണെന്ന് തോന്നിയ ശിവൻ ആ നിമിഷം മുതൽ പാർവ്വതിയോട് മിണ്ടാതായി.

എന്നിട്ട് അപ്പോൾ തന്നെ ഇതേ നാരദൻ പാർവ്വതിയോട് രഹസ്യമായി പറഞ്ഞു. ഒരു ജോലിയുമില്ലാതെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ഈ ഭർത്താവിന്റെ കൂടെ ദേവിയല്ലാതെ മറ്റാരെങ്കിലും പൊറുക്കുമോ? ഇത് കേട്ടതും പാർവ്വതി മക്കളെയും കൂട്ടി പിതാവായ ഹിമവാന്റെ അടുത്തേക്ക് പുറപ്പെട്ടു. സംഗതി പ്രശ്‌നം ആകുമെന്ന് കരുതിയ നാരദൻ പാർവ്വതിയെ വഴിയിൽ വച്ച് തടഞ്ഞു. എന്നിട്ട് പട്ടിണി ഉണ്ടാകാതിരിക്കാൻ ഒരു വഴിയും പറഞ്ഞു കൊടുത്തു. അതിരാവിലെ ശിവനെക്കാൾ നേരത്തെ ഉണർന്ന് ശിവൻ പോകാറുള്ള എല്ലാ സ്ഥലങ്ങളിലും പോയി ഭിക്ഷയാചിക്കുക.

പാർവ്വതി പിറ്റേന്ന് നാരദൻ പറഞ്ഞതു പോലെ ചെയ്തു. അന്ന് ശിവൻ ഭിക്ഷാടനത്തിനു പോയെങ്കിലും എങ്ങു നിന്നും ഒന്നും കിട്ടിയില്ല. ശൂന്യമായ ഭിക്ഷാപാത്രവുമായി വീട്ടിൽ തിരിച്ചെത്തിയ ശിവന് പാർവ്വതി വയറുനിറയെ ആഹാരം കൊടുത്തു. മൃഷ്ടാന്നമുണ്ട് സന്തുഷ്ടനായ ശിവൻ പാർവ്വതിയെ ആലിംഗനം ചെയ്തു. അപ്പോൾ അവർ ഒന്നായി. അങ്ങനെ ശിവൻ അർദ്ധനാരീശ്വരനും അന്നുമുതൽ ശ്രീ പാർവ്വതി അന്നപൂർണ്ണേശ്വരിയുമായി.

അന്നദാനമാണ് ലോകത്തിൽ വച്ച് ഏറ്റവും വലിയ ദാനം എന്ന് ശിവപുരാണത്തിൽ പറയുന്നുണ്ട്. ഇതിനെ പ്രകീർത്തിച്ച് ശങ്കരാചാര്യ സ്വാമി രചിച്ച സ്തുതിയാണ് അന്നപൂർണ്ണേശ്വരീ സ്തോത്രം. ഇത് പതിവായി നിത്യവും ജപിക്കുന്നതും സാധുജനങ്ങൾക്ക് ആഹാരം നൽകുന്നതും ഏറ്റവും വലിയ പുണ്യമായി കരുതുന്നു.

അന്നദാനമാഹാത്മ്യം പത്മപുരാണത്തിലും പറയുന്നുണ്ട്. മറ്റ് ദാനങ്ങൾക്കൊന്നിനും തന്നെ അന്നദാനത്തിന്റെ പതിനാറിലൊന്നു പോലും മേന്മയില്ല. അന്നദാതാവിനെ പിതൃ സ്ഥാനീയനായും വാഴ്ത്തുന്നു. വിശന്നു വലഞ്ഞ ഒരാള്‍ക്ക് അന്നം ലഭിക്കുമ്പോഴുണ്ടാകുന്ന ആശ്വാസവും തൃപ്തിയും അന്നദാതാവിന് അനുഗ്രഹമായി മാറുന്നു. മറ്റേതൊരു ദാനം കൊണ്ടും വാങ്ങുന്ന ആളിന് സമ്പൂര്‍ണ്ണ തൃപ്തി വരണമെന്നില്ല. ഭൂമി, വസ്ത്രം, സ്വര്‍ണ്ണം അങ്ങനെ എന്തു കൊടുത്താലും വാങ്ങുന്നയാളിന് കുറച്ചു കൂടി കിട്ടിയാല്‍ അതും വാങ്ങും. അന്നമാകട്ടെ ഭക്ഷിച്ച് വയറു നിറഞ്ഞു കഴിഞ്ഞാല്‍ നാം മതി, മതി എന്നു പറയും. അവിടെ അന്നദാനത്തിലൂടെ ദാനം ഏറ്റുവാങ്ങിയ ആളിന് പൂര്‍ണ്ണ സംതൃപ്തിയാണുണ്ടാകുന്നത്. ഇത് മറ്റൊരുദാനം കൊണ്ടും സിദ്ധിക്കുന്നില്ല.

സ്‌നേഹത്തോടെയും സന്തോഷത്തോടെയും വേണം അന്നം കൊടുക്കേണ്ടതും സ്വീകരിക്കേണ്ടതുമെന്ന് ശ്രുതികളിൽ നിഷ്‌കര്‍ഷിക്കുന്നു. അങ്ങനെയെങ്കില്‍ മാത്രമേ ഫലസിദ്ധിയുമുണ്ടാകൂ. പിറന്നാള്‍ തുടങ്ങിയ വിശേഷദിവസങ്ങളില്‍ അന്നദാനം നടത്തുന്നത് ചെലവേറിയ ഹോമ കർമ്മങ്ങള്‍ നടത്തുന്നതിനേക്കാള്‍ ചെലവു കുറഞ്ഞതും ഉത്തമവുമായ ദോഷ പരിഹാരവും ആണ്.

ALSO READ

മൂലമന്ത്രം
ഓം ഹ്രീം ശ്രീം നമോ ഭഗവതി മാഹേശ്വരി
അന്നപൂർണ്ണേ സ്വാഹാ

അന്നപൂർണ്ണേശ്വരി ധ്യാനം

തപ്തസ്വർണ്ണ നിഭാശശാങ്കമുകുടാ
രത്ന പ്രഭാ ഭാസുര
നാനാവസ്ത്ര വിരാജിതാ ത്രിണയനാ
ഭ്രൂമീരാമാഭ്യാം യുതാ
ദർവ്വീഹാടക ഭാജനം ച ദധതീ
രമ്യോച്ച പീനസ്തനീം
നൃത്യന്തം ശിവമാകലയ്യമുദിതാ
ധ്യേയാന്നപൂർണ്ണേശ്വരി

അന്നപൂർണ്ണേശ്വരി സ്തോത്രം

നിത്യാനന്ദകരി വരാഭയകരി സൗന്ദര്യരത്നാകരി
നിര്‍ദ്ധൂതാഖിലഘോരപാപനകരി പ്രത്യക്ഷ മാഹേശ്വരി
പ്രലേയാചലവംശപാവനകരി കാശീപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി

നാനാരത്നവിചിത്രഭൂഷണകരി ഹേമാംബരാഡംബരി
മുക്താഹരവിലംബമാനവിലസദ് വക്ഷോജകുംഭാന്തരി
കാശ്മീരാഗരുവാസിതാ രുചികരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

യോഗാനന്ദകരി രിപുക്ഷയകരി ധര്‍മ്മാര്‍ത്ഥനിഷ്ഠാകരി
ചന്ദ്രാര്‍ക്കാനലഭാസമാനലഹരി ത്രൈലോക്യരക്ഷാകരി
സർവൈശ്വര്യകരി തപ:ഫലകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

കൈലാസാചലകന്ദരാലയകരി ഗൗരി ഉമാശങ്കരി
കൗമാരി നിഗമാര്‍ത്ഥഗോചരകരി ഓംകാര ബീജാക്ഷരി
മോക്ഷദ്വാരകവാടപാടനകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ദൃശ്യാദൃശ്യ വിഭൂതിവാഹനകരി ബ്രഹ്മാണ്ഡഭാണ്ഡോദരി
ലീലാനാടകസൂത്രഖേലനകരി വിജ്ഞാനദീപാങ്കുരി
ശ്രീവിശ്വേശമന: പ്രസാദനകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി

ആദിക്ഷാന്തസമസ്ത വര്‍ണ്ണനകരി ശംഭോസ്‌ത്രിഭാവാകരി
കാശ്മീരാ ത്രിപുരേശ്വരി ത്രിണയനി വിശ്വേശ്വരി ശർവരി
കാമാകാംക്ഷകരി ജനോദയകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി
ഉർവീ സര്‍വജനേശ്വരി ജയകരി മാതാ കൃപാസാഗരി
നാരി നീലസമാനകുന്തളധരി നിത്യാന്നദാനേശ്വരി
സര്‍വാനന്ദകരി സദാശുഭകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ദേവി സര്‍വവിചിത്രരത്നരുചിരാ ദാക്ഷായണി സുന്ദരീ
വാമാ സ്വാദുപയോധരാ പ്രിയകരി സൗഭാഗ്യ മാഹേശ്വരി
ഭക്താഭീഷ്ടകരി സദാശുഭകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ചന്ദ്രാര്‍‌ക്കാനലകോടികോടിസദൃശേ ചന്ദ്രാംശുബിംബാധരി
ചന്ദ്രാര്‍ക്കാഗ്നിസമാനകുണ്ഡലധരി ചന്ദ്രാര്‍ക്കവര്‍‌ണ്ണേശ്വരി
മാലപുസ്തകപാശസാങ്കുശധരി കാശീപുരാധീശ്വരി
ഭിക്ഷാം ദേഹി കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ക്ഷത്രത്രാണകരി മഹാഭയകരി മാതാ കൃപാസാഗരി
സാക്ഷാന്മോക്ഷകരി സദാശിവകരീ വിശ്വേശ്വരീ ശ്രീധരി
ദക്ഷാക്രന്ദകരി നിരാമയകരി കാശിപുരാധീശ്വരി
ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍‌ണ്ണേശ്വരി

അന്നപൂര്‍‌ണ്ണേ സദാപൂര്‍‌ണ്ണേ ശങ്കരപ്രാണവല്ലഭേ
ജ്ഞാന വൈരാഗ്യസിദ്ധ്യര്‍ത്ഥം ഭിക്ഷാം ദേഹി ച പാര്‍വതി
മാതാ ച പാര്‍വതി ദേവി പിതാ ദേവോ മഹേശ്വരഃ
ബാന്ധവഃ ശിവഭക്താശ്ച സ്വദേശോ ഭുവനത്രയം

Story Summary: Annadanam, The sacred tradition of offering food and the significance of Annapoorna Devi in Hindu Mythology

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?