Wednesday, December 10, 2025
Wednesday, December 10, 2025
Home » ഗുരുവായൂരപ്പനെ കണികണ്ടാൽ ഒരു വർഷം സമൃദ്ധി; 2:45 മുതൽ ഒരു മണിക്കൂർ വിഷുക്കണി

ഗുരുവായൂരപ്പനെ കണികണ്ടാൽ ഒരു വർഷം സമൃദ്ധി; 2:45 മുതൽ ഒരു മണിക്കൂർ വിഷുക്കണി

by NeramAdmin
0 comments

മംഗള ഗൗരി
കണ്ണിനു പൊൻകണിയായ ശ്രീ ഗുരുവായൂരപ്പന്റെ വിഷുക്കണി ഏപ്രിൽ 15 തീയതി പുലർച്ചെ 2:45 മുതൽ 3:45 വരെയുണ്ടാകും. തലേന്ന് അത്താഴപൂജയ്ക്കു ശേഷം ശ്രീലകത്തും ക്ഷേത്ര മുഖമണ്ഡപത്തിലും വിഷുക്കണി ഒരുക്കും. മേൽശാന്തി ശിവകരൻ നമ്പൂതിരി ആദ്യം ഗുരുവായൂരപ്പനെ കണി കാണിക്കും. അതിനു ശേഷം ഭക്തർക്ക് ശ്രീലകത്തെ വിഷുക്കണി ദർശനം ലഭിക്കും. ഒരു മണിക്കൂറോളം നീളുന്ന വിഷുക്കണി ദർശന ശേഷം 3: 45 ന് തൈലാഭിഷേകം, വാകച്ചാർത്ത് തുടങ്ങിയ പതിവ് ചടങ്ങുകൾ ക്ഷേത്രത്തിൽ നടക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് മേളത്തോടെ കാഴ്ച ശീവേലിയും രാത്രിയിൽ വിഷുവിളക്കെഴുന്നള്ളിപ്പും ഉണ്ടാകും.

ഗുരുവായൂരപ്പനെ കണി കണാൻ കഴിഞ്ഞാൽ വർഷം മുഴുവനും ഐശ്വര്യവും സമൃദ്ധിയും നിലനിൽക്കും എന്നാണ് വിശ്വാസം. ഇത് കാരണം അഭൂതപൂർവ്വമായ തിരക്കാണ് വിഷുപ്പുലരിയിൽ ഗുരുവായൂരിൽ. ഈ ദിവസം ഉദയ സൂര്യ രശ്മികൾ നേരിട്ട് ഗുരുവായൂരപ്പന്റെ പാദത്തിൽ പതിക്കുന്ന വിധത്തിലാണ് ക്ഷേത്ര നിർമ്മിതി. കിഴക്കെ വാതിലിലൂടെ കടന്നു വരുന്ന സൂര്യരശ്മികൾ ഗർഭഗൃഹത്തിന്റെ വാതിലും കടന്ന് ബിംബത്തിൽ തട്ടും വിധത്തിലാണ് വാസ്തുവിദ്യ സജ്ജീകരണം. രാവണന്റെ ആജ്ഞ ഭയന്ന് സൂര്യഭഗവാൻ ശ്രീലകത്ത് നേരെ ഉദിക്കാറില്ലായിരുന്നു. രാവണവധം കഴിഞ്ഞ് പിറ്റേ ദിവസം വിഷു മുതലാണത്രെ സൂര്യൻ ശ്രീലങ്കക്കു നേരെ ഉദിച്ചു തുടങ്ങിയത് എന്ന് ഐതിഹ്യം.

ശീവേലിക്ക് എഴുന്നള്ളിക്കുന്ന ഭഗവാൻ്റെ തിടമ്പിനൊപ്പം മുഖമണ്ഡപത്തിൽ തലേന്ന് ഒരുക്കുന്ന വിഷുക്കണിക്ക് ഓട്ടുരുളിയിൽ ആദ്യം സമർപ്പിക്കുന്നത് ഭഗവാൻ്റെ ദിവ്യാഭരണമെന്ന് കരുതുന്ന കണികൊന്ന പൂവാണ്. വെള്ളരിക്ക, ചക്ക, മാങ്ങ, അഷ്ടമംഗലം എന്നിവയും ഒരുക്കും. പുലർച്ചെ വിഷുക്കണിയിലെ നാളികേര മുറിയിൽ അരിക്കിഴി വച്ച് നെയ്യൊഴിച്ച് തിരി കത്തിക്കും. കണി കാണുന്നവർക്ക് ഭഗവാൻ്റെ പ്രഭ ലഭിക്കാനാണിത്. ഇതിന് മുന്നിൽ മൂന്ന് തട്ട് വിളക്ക് വച്ച് അഞ്ചു തിരിയിട്ട് കത്തിക്കും. 2:45 നാണ് കണി തിടമ്പിനൊപ്പം പുറത്തേക്ക് വയ്ക്കുക. സൂര്യോദയത്തിന് മുമ്പായി വേണം കണി കാണാൻ. വിഷുപ്പുലരിയിൽ സൂര്യനെ കണി കാണാൻ പാടില്ല എന്നാണ് പരമ്പരാഗത വിശ്വാസം. വിഷുവും ശ്രീകൃഷ്ണ ഭഗവാനുമായി അഭേദ്യമായ ബന്ധമാണുള്ളത്. ഇതിന് പിന്നില്‍ ഒരു ഐതിഹ്യം തന്നെയുണ്ട്. കണ്ണന്റെ ബാല്യത്തില്‍ ഒരു ഗോപസ്ത്രീ ശ്രീകൃഷ്ണന് ഒരു സ്വര്‍ണ്ണ അരഞ്ഞാണം സമ്മാനമായി കൊടുത്തു. ഉണ്ണിക്കണ്ണന്‍ അത് അരയില്‍ കെട്ടി ഭംഗി ആസ്വദിച്ചത് യശോദയ്ക്കത്ര പിടിച്ചില്ല.

മാതൃസഹജമായ സ്വാര്‍ത്ഥതയാല്‍ തന്റെ കുഞ്ഞിന് ആരുടെയും പാരിതോഷികം വേണ്ടെന്ന് പറയുകയും ആ സ്വര്‍ണ്ണ അരഞ്ഞാണം അഴിച്ച് വലിച്ചെറിയുകയും ചെയ്തു. ഒരു കൊന്ന മരക്കൊമ്പിലാണ് അത് ചെന്ന് വീണത്. അത്ഭുതമെന്നേ പറയേണ്ടൂ അത് അവിടെ വീണതും കൊന്ന പൂവിട്ടു. ആയിരക്കണക്കിന് പൂക്കളോടെ കാറ്റിലുലഞ്ഞു. അന്നു മുതല്‍ കൊന്നപ്പൂ ശ്രീകൃഷ്ണന് ഏറ്റവും പ്രിയങ്കരമായ പുഷ്പമായിത്തീർന്നു. ശ്രീകൃഷ്ണ പ്രധാനമായ വിഷുവിന് അതിനാലാണ് കൊന്നപ്പൂ ഒഴിവാക്കാനാകാത്തതായത്.

Story Summary: Vishu kani Darshan celebrations in Guruvayoor Temple : 2023


ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?