Wednesday, December 10, 2025
Wednesday, December 10, 2025
Home » അപൂർവം ഈ മുപ്പെട്ടു തിങ്കൾ പ്രദോഷം;ശിവഭജനം നടത്തിയാൽ ഇരട്ടിഫലം

അപൂർവം ഈ മുപ്പെട്ടു തിങ്കൾ പ്രദോഷം;ശിവഭജനം നടത്തിയാൽ ഇരട്ടിഫലം

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്
തിങ്കളാഴ്ചകളും ത്രയോദശി തിഥികളിൽ വരുന്ന പ്രദോഷം ദിനങ്ങളും ശ്രീപരമേശ്വര പ്രീതിനേടാന്‍ ഏറ്റവും നല്ല ദിവസങ്ങളാണ്. അതില്‍ത്തന്നെ പ്രധാനമാണ് അപൂർവമായി ഒത്തുവരുന്ന തിങ്കൾ പ്രദോഷവും ശനി പ്രദോഷവും. എന്നാൽ 2023 ഏപ്രിൽ 17 ന് വരുന്ന തിങ്കൾ പ്രദോഷത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അന്ന് മുപ്പെട്ട് തിങ്കളാണ്. അങ്ങനെ മേട മാസത്തിലെ ആദ്യ തിങ്കളാഴ്ച വരുന്ന ഈ പ്രദോഷം സർവശ്രേഷ്ഠവും അത്യപൂർവവുമായി മാറുന്നു. അതിനാൽ ഈ മുപ്പെട്ട് തിങ്കൾ പ്രദോഷ വ്രതം ഭക്തിപൂർവം ആചരിച്ചാൽ ഇരട്ടി ഫലം ലഭിക്കുമെന്ന് മാത്രമല്ല എല്ലാ സൗഭാഗ്യങ്ങളും അതിവേഗം കരഗതമാകുകയും ചെയ്യും. സമ്പത്ത്, സന്താന സൗഭാഗ്യം, ഐശ്വര്യം, സത്കീര്‍ത്തി, പാപമുക്തി, ആയുരാരോഗ്യം, ദാരിദ്ര്യദുഃഖശമനം എന്നിവയെല്ലാം പ്രദോഷ വ്രതാചരണ ഫലങ്ങളാണ്. ദശാദോഷങ്ങൾ, ജാതകദോഷങ്ങൾ എന്നിവ അനുഭവിക്കുന്നവരുടെ ദുരിത കാഠിന്യം കുറയ്ക്കാനും പ്രദോഷ വ്രതാനുഷ്ഠാനം ഉത്തമമത്രേ.

ശിവപാര്‍വതിമാര്‍ ഏറ്റവും പ്രസന്നരാകുന്ന ത്രയോദശി തിഥി പ്രദോഷ സന്ധ്യയിലെ ശിവക്ഷേത്ര ദര്‍ശനം ഏറെ പുണ്യകരമാണ്. ഈ ദിവസം വ്രതം അനുഷ്ഠിക്കാന്‍ സാധിക്കാത്തവര്‍ അന്ന് ശിവക്ഷേത്രദര്‍ശനം നടത്തി കഴിവിനൊത്ത വഴിപാട് നടത്തിയാൽ പോലും എല്ലാവിധ ഐശ്വര്യവും ലഭിക്കും. ക്ഷേത്ര ദര്‍ശനം നടത്തുന്നതിന് ഒപ്പം ശിവഭജനം കൂടി നടത്തിയാല്‍ സന്താനലാഭം, ആയുരാരോഗ്യം, സന്തുഷ്ട കുടുംബ ജീവിതം എന്നിവ കരഗതമാകും. അന്ന് ശിവപുരാണം പാരായണം ചെയ്യുന്നത് അതിവിശേഷമാണ്. കഴിയുന്നത്ര തവണ ഓം നമഃ ശിവായ മന്ത്രം ജപിക്കണം. ശിവ അഷ്ടോത്തരം ശിവപഞ്ചാക്ഷരി സ്‌തോത്രം, ശിവസഹസ്രനാമം, ശിവാഷ്ടകം എന്നിവയും പ്രദോഷ ദിവസം ജപിക്കുന്നത് നല്ലതാണ്. പ്രദോഷ സന്ധ്യയില്‍ പാര്‍വ്വതി ദേവിയെ പീഠത്തില്‍ ഇരുത്തി ശിവന്‍ നൃത്തം ചെയ്യും. ഈ സമയത്ത് സകല ദേവതകളും സന്നിഹിതരായി ശിവനെ ഭജിക്കുന്നുവെന്നാണ് പ്രദോഷ വ്രതത്തെപ്പറ്റിയുള്ള ഒരു വിശ്വാസം.

ഈ ദിവസം വിധി പ്രകാരം വ്രതമനുഷ്ഠിക്കുന്നതിലൂടെ സകലപാപങ്ങളും നശിക്കും. വ്രതമെടുക്കുന്നവര്‍ പ്രദോഷത്തിന്റെ തലേന്ന് ഒരു നേരമേ അരിയാഹാരം കഴിക്കാവൂ. പ്രദോഷനാൾ രാവിലെ ശിവക്ഷേത്രദര്‍ശനം നടത്തി കൂവളത്തിലകൊണ്ട് അര്‍ച്ചന, കൂവളമാല സമര്‍പ്പണം, പിന്‍വിളക്ക്, ജലധാര എന്നിവ നടത്തുക. പകല്‍ മുഴുവന്‍ ഉപവാസിക്കുന്നത് വളരെ നല്ലത്. അതിനു കഴിയാത്തവര്‍ക്ക് ഉച്ചയ്ക്ക് ക്ഷേത്രത്തില്‍ നിന്നുള്ള നേദ്യച്ചോറ് കഴിക്കാം. സന്ധ്യയ്ക്ക് മുന്‍പായി കുളിച്ച് ശിവക്ഷേത്രദര്‍ശനം നടത്തി പ്രദോഷപൂജ, ദീപാരാധന ഇവയില്‍ പങ്കുകൊള്ളുക. ഭഗവാന് കരിക്ക് നേദിച്ച് അതിലെ ജലം കഴിക്കുക. അവിലോ, മലരോ, പഴമോ കഴിച്ച് ഉപവാസം അവസാനിപ്പിക്കാം. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തില്‍ നിന്നുള്ള പ്രസാദം കഴിക്കണം. ദിവസം മുഴുവൻ പഞ്ചാക്ഷരീ ജപം ഉത്തമം.

കൃഷ്ണപക്ഷവും ശനിയാഴ്ചയും കൂടി വരുന്ന പ്രദോഷത്തിന് കൂടുതല്‍ വൈശിഷ്ട്യമുണ്ട്. ആദിത്യദശ അനുഭവിക്കുന്നവര്‍ പ്രദോഷ വ്രതമനുഷ്ടിക്കുന്നത് കൂടുതല്‍ ഐശ്വര്യപ്രദമായിരിക്കും. ജാതകത്തില്‍ ഇഷ്ടദേവതയെ സൂചിപ്പിക്കുന്ന ഗ്രഹം ആദിത്യനായി വരുന്നവര്‍ പതിവായി പ്രദോഷവ്രതം അനുഷ്ഠിക്കുന്നത് ഐശ്വര്യപ്രദവും കൂടുതല്‍ ഫലപ്രദവുമായിരിക്കും.

ശിവ അഷ്ടോത്തരം കേൾക്കാം:

https://youtu.be/H-wlRVqPY-M

ALSO READ

ജ്യോതിഷരത്നം വേണു മഹാദേവ്
+91 89217 09017

Summary : Significance of Muppettu Thinkal Pradosha Vritham

Attachments area
Preview YouTube video ശിവ അഷ്ടോത്തരം | Shiva Ashtothram | ആരെയും രക്ഷിക്കുന്ന ശിവ മന്ത്രം | Mantra For Success and Peace

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?