Wednesday, December 10, 2025
Wednesday, December 10, 2025
Home » സമ്പദ് സമൃദ്ധിയും ഐശ്വര്യവും നിറയാൻശ്രീവല്ലഭ ക്ഷേത്രത്തിൽ പാള നമസ്കാരം

സമ്പദ് സമൃദ്ധിയും ഐശ്വര്യവും നിറയാൻശ്രീവല്ലഭ ക്ഷേത്രത്തിൽ പാള നമസ്കാരം

by NeramAdmin
0 comments

മംഗള ഗൗരി
കുടുംബത്തിൽ സമ്പദ് സമൃദ്ധിയും ഐശ്വര്യവും വന്ന് നിറയുന്നതിന് തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ മാത്രം ആചരിക്കുന്ന ഒരു പ്രത്യേക തരം വഴിപാടാണ് പാളനമസ്കാരം. മാസങ്ങൾക്ക് മുൻപ് തീയതി ബുക്ക് ചെയ്തിട്ടാണ് ഇപ്പോൾ ഈ വഴിപാട് നടത്തുന്നത്.

എന്നും ഉച്ചപൂജയ്ക്ക് ഭഗവാന് വിശിഷ്ടമായ സദ്യയാണ് നേദിക്കുന്നത്. ചോറ്, പരിപ്പ്, ഉപ്പേരി, തൃപ്പുളി, എരിമല്ലരി, വാഴയ്ക്കാ മെഴുക്കുപുരട്ടി, ഇഞ്ചിത്തൈര്, ഉപ്പുമാങ്ങ എന്നീ വിഭവങ്ങളടങ്ങിയ ഉച്ചയൂണ് വെള്ളിത്തളികയിൽ ഭഗവാന് നേദിക്കുന്നു. പാലട, പാൽ പായസം തുടങ്ങിയ പ്രഥമനുകളും ഉണ്ടാകും. പണ്ട് ക്ഷേത്ര പ്രതിഷ്ഠയ്ക്ക് കാരണമായിത്തീർന്ന കാൽകഴുകിച്ചൂട്ടിന് ചംക്രോത്തമ്മ ബ്രഹ്മചാരിക്ക് നൽകിയ വിഭവസമൃദ്ധമായ സദ്യയെ പിൻതുടർന്നുള്ളതാണ് ഈ നിവേദ്യം. ആ ഐതിഹ്യം ഇങ്ങനെ: സുദർശന മൂർത്തിയും ശ്രീവല്ലഭ മൂർത്തിയും അവതരിക്കും മുൻപ് ഇവിടം മല്ലികാ വനം കാടായിരുന്നു. തുകലൻ എന്ന അസുരന്റെ ദ്രോഹങ്ങൾ കാരണം മിക്ക മനുഷ്യരും ഇവിടെ നിന്നും പലായനം ചെയ്തു. അവനെ ഭയന്ന് ആരും തന്നെ മല്ലികാ വനം വഴി വരാതെയായി. ഏകാദശി നോറ്റ ചംക്രോത്തമ്മ എന്ന ഭക്തയ്ക്ക് ദ്വാദശി നാളിൽ കാൽ കഴുകിച്ചൂട്ടാൻ അത് കാരണം ഒരു ബ്രഹ്മചാരിയെ കിട്ടാതെ വന്നു. വ്രതഭംഗം വരുമല്ലോ എന്ന് വിഷമിച്ച ചംക്രോത്തമ്മയെ അനുഗ്രഹിക്കാൻ ഒടുവിൽ വിഷ്ണു ഭഗവാൻ തന്നെ ബ്രഹ്മചാരിയായി പ്രത്യക്ഷപ്പെട്ടു. ചംക്രോത്തമ്മയുടെ കഴുകിച്ചൂട്ടിന് ഇരിക്കും മുൻപ് അടുത്തുള്ള നദിയിൽ കുളിക്കാൻ പോയ ബ്രഹ്മചാരി തുകലനെ തന്റെ കൈയ്യിലുണ്ടായിരുന്ന ദണ്ഡ് ചക്രമാക്കി മാറ്റി, അതുകൊണ്ട് വധിച്ച് ആ നാടിനെ രക്ഷിച്ചു. തുടർന്ന് ചംക്രോത്തമ്മയുടെയും മറ്റും ആഗ്രഹം മാനിച്ച് ആ ശ്രീ ചക്രത്തെ നിത്യവും വണങ്ങാൻ ഭഗവാൻ സൗകര്യം ചെയ്തു. അതിനു വേണ്ട ചെലവുകൾക്കായി തന്റെ സ്വത്തുക്കൾ ചംക്രോത്തമ്മ ദാനം ചെയ്തു. അങ്ങനെ ശ്രീവല്ലഭന് മുന്നേ തന്നെ സുദർശന മൂർത്തി ഇവിടെ പ്രതിഷ്ഠിതനായി എന്ന് ഐതിഹ്യം പറയുന്നു.

കാൽകഴുകിച്ചൂട്ടിന് ചംക്രോത്തമ്മ വിളമ്പിയ സദ്യ നന്നേ രുചിച്ചതിനാൽ അതിനെ അനുസ്മരിപ്പിക്കുന്ന സദ്യ ആണ് നിത്യേന ഉച്ചയ്ക്ക് ഭഗവാന് വേണ്ടി ഒരുക്കുന്നത്. പടറ്റിപ്പഴ നിവേദ്യവും ഭഗവാന് പ്രിയങ്കരമാണ്. അതിനാൽ പന്തീരായിരം പടറ്റിപ്പഴ നിവേദ്യം നേർച്ചയായി ധാരാളം പേർ നടത്തുന്നു. സുദർശന ചക്രം സ്ഥാപിച്ച ദിനം മുതൽ പാളയിലാണ് നിവേദ്യം സമർപ്പിച്ചിരുന്നത്. കോട്ടിയ പാളകളിൽ ചോറും കറികളും വെള്ളവും പകർന്ന് നിവേദിച്ച ചടങ്ങ് പ്രതീകാത്മകമായി മാറിയിരിക്കുന്നു.

ശങ്കരമംഗലത്ത് മനയിൽ ദ്വാദശി ഊണിനെത്തിയ വാമനമൂർത്തിയായ ബ്രഹ്മചാരിക്ക് ശങ്കരമംഗലത്തമ്മ അതായത് ചംക്രോത്തമ്മ പാളയിലായിരുന്നു ഊണ് വിളമ്പിയത്. ആ സമയത്ത് ലക്ഷ്മീദേവി ഗൃഹസ്താശ്രമ വേഷം സ്വീകരിച്ച് വന്ന് ബ്രഹ്മചാരിക്ക് തൃപ്പൂളി വിളമ്പി എന്ന് ഐതിഹ്യമുണ്ട്. ഇതിനെ മുൻനിർത്തിയുള്ള ചടങ്ങാണ് പാള സമസ്ക്കാരം. ആ ചടങ്ങ് ഇപ്രകാരമാണ്: ശ്രീ വല്ലഭമൂർത്തിയുടെ പൂജ കഴിഞ്ഞ് ഉച്ചയ്ക്ക് നിവേദ്യം ശ്രീകോവിലിനുള്ളിലേക്ക് എഴുന്നള്ളിച്ചു കഴിയുമ്പോൾ കീഴ്ശാന്തി പൂവും ചന്ദനവും തീർത്ഥവുമെടുത്ത്, കിഴക്കേ മണ്ഡപത്തിൽ നമസ്കാരത്തിനിരിക്കുന്ന ബ്രഹ്മചാരിയുടെ കാൽ കഴുകിച്ച് പൂവും ചന്ദനവും നൽകുന്നു. വിഷ്വക്സേനൻ്റെ വടക്കുവശത്തുള്ള ശാലയിൽ ആവണിപ്പലകയിട്ട് ബ്രഹ്മചാരിയെ ദൈവിക ഭാവത്തിൽ ഇരുത്തി കമുകിൻ പാളയിൽ ചോറ്, ഉപ്പുമാങ്ങ, ഇഞ്ചിതൈര്, തൃപ്പുളി, എരിശ്ശേരി, പരിപ്പ്, വറുത്ത ഉപ്പേരി, മെഴുക്ക് പുരട്ടി, വെള്ള വഴുതനങ്ങയോ, ചേനയോ കൊണ്ടുള്ളത് തുടങ്ങിയ വിഭവങ്ങൾ നൽകി നമസ്ക്കാരം തുടങ്ങിയതിനു ശേഷം മാത്രമാണ് ശ്രീ വല്ലഭ സ്വാമിക്കുള്ള നിവേദ്യ പൂജ പൂർത്തിയാക്കുന്നത്. ഈ നിവേദ്യം വഴിപാടുകാർക്ക് പ്രസാദമായി നൽകുന്നു.

മംഗള ഗൗരി

Story Summary: Significance of the special ritulistic offering, Pala Namaskaram at Sree Vallabhbha Temple, Thiruvalla

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?