Wednesday, December 10, 2025
Wednesday, December 10, 2025
Home » ആധിവ്യാധികളും ദാരിദ്ര്യദുഃഖവുംതീർക്കും യോഗിനി ഏകാദശി

ആധിവ്യാധികളും ദാരിദ്ര്യദുഃഖവുംതീർക്കും യോഗിനി ഏകാദശി

by NeramAdmin
0 comments

ദേവൻ
ജ്യേഷ്ഠ / ആഷാഢ മാസം കൃഷ്ണ പക്ഷത്തിലാണ് യോഗനീ ഏകാദശി അനുഷ്ഠിക്കുന്നത്. ഇടവം / മിഥുനം മാസത്തിൽ യോഗിനീ ഏകാദശി വ്രതം അനുഷ്ഠിച്ചാൽ ദാരിദ്ര്യദുഃഖം മാറുമെന്നും രോഗശമനം ഉണ്ടാകുമെന്നും തീരാവ്യാധികളും ആധികളും ശമിക്കുമെന്നും സംസാര ദുഃഖശമനം ഉണ്ടാകുമെന്നുമാണ് വിശ്വാസം. ഈ ദിവസം വ്രതാനുഷ്ഠാനത്തോടൊപ്പം അന്നദാനം നടത്തുന്നത് ശ്രേയസ്‌കരമാണ്.
വിഷ്ണുപ്രീതിയിലൂടെ കുടുംബത്തിന്റെ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന വ്രതമാണ് ഏകാദശി വ്രതം. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഈ വ്രതം. ഇഹലോകത്തു സുഖവും പരലോകത്ത് വിഷ്ണു സായൂജ്യമായ മോക്ഷവുമാണ് ഏകാദശി വ്രതഫലം.

ഏകാദശി ഒരിക്കൽ
2023 ജൂൺ 13 ചൊവ്വാഴ്ച
ഏകാദശി വ്രതം
2023 ജൂൺ 14 ബുധനാഴ്ച
ഹരിവാസര സമയം
2023 ജൂൺ 14 ബുധനാഴ്ച പുലർച്ചെ 3 മണി
മുതൽ പകൽ 2:46 മണി വരെ

പാരണ സമയം (വ്രതം വീടുന്ന സമയം)
2023 ജൂൺ 15 വ്യാഴാഴ്ച രാവിലെ 05:45 മുതൽ 08:25 വരെ
ഏകാദശി തിഥി ആരംഭം
2023 ജൂൺ 13 ചൊവ്വാഴ്ച രാവിലെ 09:29 മുതൽ
ഏകാദശി തിഥി അവസാനം
2023 ജൂൺ 14 ബുധനാഴ്ച രാവിലെ 08:48 വരെ
വ്രതാനുഷ്ഠാനം
ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കലൂണേ പാടുളളു. അന്ന് അരിയാഹാരം ഒരിക്കൽ മാത്രമെന്നാണ് വിധി. ചിലർ അരിക്ക് പകരം ഗോതമ്പ് കഞ്ഞി, പായസം, പഴം, പുഴുക്ക് അങ്ങനെ അന്നേദിവസം മൃഷ്ടാന്നഭോജനം നടത്താറുണ്ട്. ഇത് പാടില്ല.

മലയാളികളുടെ പ്രധാനഭക്ഷണം അരിയായതിനാലാണ് ഒരുനേരം അരിയാഹാരം എന്ന നിഷ്കർഷത തന്നെ വച്ചിരിക്കുന്നത്. അതായത് ഒരുനേരം മാത്രം ഭക്ഷണം എന്നാണ് വിധി. അന്ന് രാത്രിയിൽ വെറും നിലത്ത് കിടന്ന് ഉറങ്ങാൻ കഴിയുന്നവർ അങ്ങനെ ചെയ്താൽ നന്ന്. എണ്ണതേച്ചുള്ള കുളിക്കരുത്. ബ്രഹ്മചര്യം പാലിക്കണം.
ലഹരി, താംബൂലാദികൾ എന്നിവ പാടില്ല. മൗനവ്രതം ആചരിക്കുന്നത് നല്ലതാണ്.

ഏകാദശി നാൾ പൂർണ ഉപവാസം അനുഷ്ഠിക്കണം. പൂർണ ഉപവാസം കഴിയാത്തവർ ഒരു നേരം പഴങ്ങൾ ഉപയോഗിക്കാം. ഏകാദശിദിവസം മുഴുവൻ ഉണർന്നിരിക്കണം. ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയത്തെ ഹരിവാസരം എന്നാണു പറയുക. ഏകാദശീവ്രത കാലത്തിലെ പ്രധാന ഭാഗമാണു ഹരിവാസര സമയം. അപ്പോൾ ഭക്ഷണവും ഉറക്കവും പാടില്ല. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്.
ഏകാദശി ദിവസം പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വിഷ്ണു ക്ഷേത്ര ദർശനമോ അഥവാ വിഷ്ണുവിന്റെ അവതാര മൂർത്തികളുടെ ക്ഷേത്ര ദർശനമോ നടത്തി ഭാഗ്യസൂക്തം, വിഷ്ണുസൂക്തം, പുരുഷ സൂക്തം ഇവ കൊണ്ടുളള അര്‍ച്ചന നടത്തുകയും ചെയ്യുക. അന്നേ ദിവസം മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക. വിഷ്ണുസഹസ്രനാമം ചൊല്ല‌ുന്നത് ഉത്തമം. കഴുകി വൃത്തിയാക്കിയ വസ്ത്രം ധരിക്കുക. ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക.
ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം മലരും/ഉണക്കലരിയും തുളസിയിലയും, അല്പം ചന്ദനവും ഇട്ട തീർത്ഥം ഭഗവത് സ്മരണയോടെ സേവിച്ച് പാരണ വിടുക. ദ്വാദശി ദിവസവും ഒരു നേരത്തെ ഭക്ഷണമാണ് ഉത്തമം. കഴിയാത്തവർക്ക് പതിവ് ഭക്ഷണം കഴിക്കാം.

ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരില്ല. വിഷ്ണു പ്രീതിക്കും അതിലൂടെ മോക്ഷത്തിനും ‌ഏറ്റവും ഉത്തമ മാർഗ്ഗമാണ് ഏകാദശി വ്രതം. ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടു കൂടി വ്രതമനുഷ്ഠിച്ചാൽ മാത്രമേ പൂർണ്ണഫലം ലഭിക്കൂ. ജാതകവശാൽ വ്യാഴം അനുകൂലം അല്ലാത്തവർക്ക് ദോഷകാഠിന്യം കുറയ്ക്കാൻ ഈ വ്രതം ഉത്തമമാണ്.

ALSO READ

ഏകാദശി ദിവസം തുളസി നനയ്ക്കുന്നതും
തുളസിത്തറയ്ക്കു പ്രദക്ഷിണം വെച്ച് തൊഴുന്നതും നന്ന്. തുളസിക്കു ചുറ്റും മൂന്ന് പ്രദക്ഷിണമാണ് വെയ്ക്കേണ്ടത്. പ്രദക്ഷിണം ചെയ്യുമ്പോൾ ഈ മന്ത്രം ചൊല്ലുക:

പ്രസീദ തുളസീദേവി
പ്രസീത ഹരിവല്ലഭേ
ക്ഷീരോദ മഥനോ‌ദ്ഭുതേ
തുള‌സീ ത്വം നമാമ്യഹം

  • ദേവൻ

Story Summary: Significance of Yogini Ekadashi on month of Edavam/ Midhunam


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?