Wednesday, December 10, 2025
Wednesday, December 10, 2025
Home » നവരാത്രിയുടെ ആദ്യ 7 ദിവസങ്ങളിൽ ദേവീമാഹാത്മ്യം വായിച്ചാൽ ഐശ്വര്യം

നവരാത്രിയുടെ ആദ്യ 7 ദിവസങ്ങളിൽ ദേവീമാഹാത്മ്യം വായിച്ചാൽ ഐശ്വര്യം

by NeramAdmin
0 comments

തരവത്ത് ശങ്കരനുണ്ണി

ദേവീമാഹാത്മ്യം പാരായണം ചെയ്യാൻ ചില വിശേഷ ദിവസങ്ങൾ ആചാര്യന്മാർ കല്പിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം ആശ്വനിമാസ നവരാത്രിയുടെ ആദ്യത്തെ ഏഴുദിവസങ്ങളാണ്. ഇത്തവണ നവരാത്രി ആരംഭം 2023 ഒക്ടോബർ 15 ഞായറാഴ്ചയായതിനാൽ അന്ന് മുതൽ അടുത്ത ശനിയാഴ്ച വരെ 7 ദിവസം ദേവീമാഹാത്മ്യം പാരായണത്തിന് ഏറ്റവും ഉത്തമാണ്. തുലാമാസത്തിൽ കറുത്തപക്ഷ അഷ്ടമി മുതൽ ദീപാവലിയോട് ചേർന്നു വരുന്ന ചതുർദ്ദശി വരെയുള്ള ഏഴ് ദിവസങ്ങളും ഇതിന് പ്രധാനപ്പെട്ടതാണ്. 2023 നവംബർ 5 മുതൽ 11 വരെയാണ് ഈ 7 ദിവസങ്ങൾ. വൃശ്ചിക മാസത്തിൽ ചതയം മുതൽ കാർത്തിക വരെ, ധനുവിൽ അശ്വതി മുതൽ ദേവിയുടെ ജന്മനക്ഷത്രമായ പുണർതം വരെ, കുംഭത്തിൽ രോഹിണി മുതൽ മകംവരെ, കർക്കടകം ഒന്നു മുതൽ ഏഴുവരെ, ഇങ്ങനെ വിശേഷ അവസരങ്ങളിലെല്ലാം 7 നാൾ തുടർച്ചയായി പാരായണം ചെയ്താൽ സവിശേഷ ഫലം ലഭിക്കും. സാധാരണയായി ഞായർ മുതൽ ശനി വരെ ഏഴുദിവസങ്ങളിലായി പാരായണം ചെയ്യുന്ന രീതിയാണ് പ്രചാരം നേടിയിട്ടുള്ളത്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ദേവീസ്തുതി നടത്താം എന്ന നേട്ടം കൂടി ഈ രീതിക്കുണ്ട്. കുടുംബത്തെ ബാധിച്ച കടുത്ത മാരണങ്ങൾ നീങ്ങാൻ 41 ആഴ്ച കൊണ്ട് 41 തവണ വായിച്ച് പൂർത്തിയാക്കുന്ന രീതിയുമുണ്ട്.

ദാരിദ്ര്യനാശം, ശത്രുക്കളുടെ ഉപദ്രവം, ബാധോപദ്രവ ശാന്തി എന്നിവയ്ക്ക് മാത്രമല്ല ഭർത്തൃ – സന്താന – വിദ്യാ ലാഭത്തിനും തൊഴിൽലബ്ധിക്കും ദേവീമാഹാത്മ്യ പാരായണം ഉത്തമമാണ്. കുടുംബഐശ്വര്യത്തിന് 11-ാം അദ്ധ്യായം പാരായണം വിശേഷമാണ്. മരണസമയത്ത് ദേവീമാഹാത്മ്യം പാരായണം ചെയ്താൽ ജീവന്മുക്തി ലഭിക്കും എന്ന് പറയുന്നു. ശ്രാദ്ധദിവസത്തെ പാരായണം പിതൃക്കളെ പ്രസാദിപ്പിക്കും. ഏതു സമയവും വായിക്കാം. എങ്കിലും സായംസന്ധ്യാസമയമാണ് ഉത്തമം. തിഥികളിൽ അഷ്ടമി, നവമി, ചതുർദ്ദശി, വാവ് എന്നിവയും നക്ഷത്രങ്ങളിൽ കാർത്തിക, പുണർതം, മകം എന്നിവയും വാരങ്ങളിൽ ചൊവ്വയും വെള്ളിയും പാരായണത്തിന് ശ്രേഷ്ഠം. കുളിച്ച് നല്ലവസ്ത്രം ധരിച്ച് ദേവീ ക്ഷേത്രത്തിലോ പൂജാമുറിയിലോ ദേവിയുടെ ചിത്രം അലങ്കരിച്ച് അഞ്ചു തിരിയിട്ട് നെയ്യൊഴിച്ച് കത്തിച്ച നിലവിളക്കിന് മുന്നിൽ കിഴക്കോട്ടോ വടക്കോട്ടോ ദർശനമായിരുന്ന് പാരായണം ചെയ്യുന്നതിന്റെ ഫലസിദ്ധി വളരെ വിശേഷമാണ്.

പാരായണത്തിന് മുമ്പ് ദേവിയുടെ നവാക്ഷരീമന്ത്രം
തുടർച്ചയായി ജപിച്ചു കൊണ്ടിരിക്കണം. നവാക്ഷരി
30 തവണ ജപിച്ചാൽ ഐശ്വര്യസിദ്ധി, 27 ആയാൽ സർവ്വാർത്ഥ സിദ്ധി, 54 ആയാൽ കാമ്യകർമ്മ സാഫല്യം, 108 തവണ ആയാൽ സർവ്വാഭീഷ്ടസിദ്ധി എന്ന് ഫലം പറയുന്നു. ഉത്തമകാര്യങ്ങൾക്ക് മോതിരവിരലും തള്ളവിരലും ചേർത്ത് ജപിക്കണം. ഉച്ചാടനാദികൾക്ക് ചൂണ്ടുവിരലും തള്ളവിരലും ചേർത്താണ് ജപിക്കൽ.
നവാക്ഷരീ മന്ത്രം ജപിക്കുമ്പോൾ ജപമാല ഉപയോഗിക്കുന്നത് നല്ലതാണ്. നടുവിരലിൽ മാല ചേർത്ത് തള്ളവിരൽ ഉപയോഗിച്ച് ഓരോരേ മണികളായി തള്ളിനീക്കി ജപിക്കുന്നതാണ് ഉത്തമം. പാരായണം ചെയ്യുന്നതിന് വെറും തറയിലിരിക്കരുത്. പുൽപായ, പലക ഇവ ഉപയോഗിക്കാം.

നവാക്ഷരീ മന്ത്രം ജപിക്കുന്നതിനു മുമ്പ് അൽപസമയം ദേവീ ഉപാസന ചെയ്യുന്നതും ദേവീമാഹാത്മ്യ പാരായണം കഴിഞ്ഞ് അൽപ സമയം ദേവീരൂപം ധ്യാനിച്ചിരിക്കുന്നതും നല്ലതാണ്. ചുവന്ന താമര, നന്ദ്യാർവട്ടം, മന്ദാരം, വെള്ളത്താമര, അശോകപ്പൂ, ദശപുഷ്പങ്ങൾ തുടങ്ങിയ ശാക്തേയപുഷ്പങ്ങളേതും ദേവീപൂജയ്ക്ക് ഉപയോഗിക്കാം. വിഗ്രഹമോ ചിത്രമോ ഇല്ലെങ്കിൽ നിലവിളക്കിനെ ദേവിയായി സങ്കൽപ്പിച്ച് പൂജിക്കാം.

നവാക്ഷരീമന്ത്രം
ഓം ഐം ഹ്രീം ക്‌ളീം ചാമുണ്ഡായെവിച്ചെ നമഃ

ALSO READ

ആദ്യദിവസം ഒന്നാമദ്ധ്യായം, രണ്ടാംദിവസം മൂന്ന് അദ്ധ്യായങ്ങൾ, മൂന്നാംദിവസം ഒമ്പത് അദ്ധ്യായങ്ങൾ എന്ന ക്രമത്തിൽ പൂർത്തിയാക്കാം. ഇതിനെക്കാൾ ഉത്തമം ഏഴുദിവസം കൊണ്ട് പാരായണം പൂർത്തിയാക്കുന്നതാണ്. ഒന്നാംദിവസം ഒന്നാമദ്ധ്യായം, രണ്ടാംദിവസം രണ്ട് അദ്ധ്യായങ്ങൾ, മൂന്നാംനാൾ ഒരദ്ധ്യായം, നാലാംദിവസം നാലദ്ധ്യായങ്ങൾ, അഞ്ചാം ദിവസം രണ്ടദ്ധ്യായങ്ങൾ, ആറാംദിവസം ഒരദ്ധ്യായം, ഏഴാംദിവസം രണ്ടദ്ധ്യായങ്ങൾ എന്ന ക്രമത്തിൽ പാരായണം ചെയ്യുന്ന പദ്ധതിയാണിത്. ദേവീമാഹാത്മ്യം പാരായണം ചെയ്താൽ ജീവിതത്തിൽ നേരിടുന്ന എല്ലാത്തരം വിഷമങ്ങളും പരിഹരിക്കപ്പെടും എന്നത്
പരമ്പരാഗതമായ വിശ്വാസവും ലക്ഷക്കണക്കിന് ആളാകളുടെ അനുഭവവുമാണ്.

വീട്ടിൽ സൂക്ഷിക്കേണ്ട അഷ്ടമംഗല വസ്തുക്കളിൽ ഒന്നാണ് ദേവീമാഹാത്മ്യം. ഈ പുണ്യഗ്രന്ഥം സൂക്ഷിക്കുന്ന വീട്ടിൽ എപ്പോഴും ദേവിയുടെ സാന്നിദ്ധ്യമുണ്ടാകും. ആ വീടിന് ഒരു രക്ഷയായി ദേവിയുണ്ടാകും. മാർക്കണ്‌ഡേയ പുരാണത്തിൽ ദുർഗ്ഗാസപ്തശതി എന്ന പേരിലുള്ള 700 ശ്ലോകങ്ങളാണ് മന്ത്രരൂപത്തിൽ ദേവീമാഹാത്മ്യമായത്. 13 അദ്ധ്യായങ്ങൾ വരുന്ന ഈ ദിവ്യഗ്രന്ഥം മലയാളത്തിന് സുപരിചിതമാക്കിയത് തുഞ്ചത്താചാര്യനാണ്. നിഷ്ഠ ഉള്ളവർക്ക് ഒരേ ഇരുപ്പിൽ വായിച്ച് തീർക്കാം. എന്നാൽ ഒരു ദിവസം കൊണ്ട് പൂർണ്ണമായി പാരായണം ചെയ്ത് പൂർത്തിയാക്കണമെന്ന് ആചാര്യന്മാർ കല്പിക്കുന്നില്ല.

  • തരവത്ത് ശങ്കരനുണ്ണി,
    +91 7391833565

Story Summary: Significance of Devi Mahatmyam
the sacred text

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?