Wednesday, December 10, 2025
Wednesday, December 10, 2025
Home » മൂകാംബികയിൽ വിദ്യാരംഭം കുറിച്ചാൽ സർവകാര്യവിജയം

മൂകാംബികയിൽ വിദ്യാരംഭം കുറിച്ചാൽ സർവകാര്യവിജയം

by NeramAdmin
0 comments

പി ഹരികൃഷ്ണൻ

ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സരസ്വതി ക്ഷേത്രങ്ങളിൽ ഒന്നായി പ്രകീർത്തിക്കപ്പെടുന്ന കൊല്ലൂർ
മൂകാംബികാ ക്ഷേത്രം നവരാത്രി ആഘോഷത്തിന് ഒരുങ്ങി. കന്നിമാസത്തിലെ വെളുത്തപക്ഷത്തിലെ പ്രഥമ മുതൽ നവമി വരെ നീണ്ടുനിൽക്കുന്ന 9 ദിവസങ്ങളാണ് നവരാത്രി എന്ന പേരിൽ ആഘോഷിക്കുന്നത്.

കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ 9 ദിവസങ്ങളും പ്രധാനമാണെങ്കിലും ഏറ്റവും വിശേഷം ഒമ്പതാം ദിനമായ മഹാനവമിയിലെ പുഷ്പരഥോത്സവവും വിജയദശമി നാളിലെ വിദ്യാരംഭവുമാണ്. സകല കലാദേവതയായ
മൂകാംബികയ്ക്കു മുന്നിൽ നടത്തുന്ന അരങ്ങേറ്റങ്ങൾ പുണ്യകരമായി കണക്കാക്കപ്പെടുന്നു. അതിനാൽ ഈ
ദിവസം അനേകം കലാപരിപാടികൾ അമ്മയുടെ മുന്നിൽ അരങ്ങേറും. ഇവിടെ വിദ്യാരംഭം കുറിച്ചാൽ സർവകാര്യ
വിജയമാണ് ഫലം. ലക്ഷക്കണക്കിന് ആളുകളുടെ അനുഭവമാണിത്.

വിദ്യാവിജയം സിദ്ധിക്കാനും കലാസാഹിത്യരംഗത്ത് ശോഭിക്കുന്നതിനും ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ
വർഷവും മൂകാംബികയിൽ എത്തിചേരുന്നത്. അതിൽ ഏറ്റവും കൂടുതൽ ഭക്തരെത്തുന്നത് നവരാത്രിയിലാണ്. ഇക്കാലത്ത് വിദ്യാരംഭത്തിനും മറ്റും ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ എത്തുന്നത്. ക്ഷേത്രത്തിന്റെ മുൻവശത്താണ് സരസ്വതി മണ്ഡപം സ്ഥിതി ചെയ്യുന്നത്. ഇവിടെ വച്ചാണ് വിദ്യാരംഭം നടത്തുന്നത്. ക്ഷേത്രത്തിന്റെ സമീപത്തുകൂടി ഒഴുകുന്ന സൗപർണ്ണികയിൽ സ്‌നാനം ചെയ്ത് ദർശനം നടത്തുന്നത് സുകൃതമായി കരുതുന്നു.

ആശ്വിനമാസത്തിലെ പ്രഥമദിവസം രാവിലെ നടക്കുന്ന കലശസ്ഥാപനത്തോടെയാണ് നവരാത്രി ആഘോഷം തുടങ്ങുക. സുവാസിനി പൂജ, ചണ്ഡികാഹോമം എന്നിവ അതോടെ കേരളത്തിൽ നിന്നടക്കം ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലേക്ക് ഒഴുകും. തുടർന്നുള്ള വിജയദശമി വരെയുള്ള ദിവസങ്ങളിൽ വിശേഷാൽ പൂജകളും വഴിപാടുകളും നടക്കുന്നു. മഹാനവമി നാളിൽ ക്ഷേത്രത്തിൽ രാവിലെ മഹാചണ്ഡികാഹോമവും സുവാസിനിപൂജയും വൈകിട്ട് രഥോത്സവവും നടക്കും. ഭക്തരെല്ലാം തൊഴുതിറങ്ങിയശേഷം രാത്രി വൈകി മാത്രമേ അന്ന് നടയടയ്ക്കുകയുള്ളു. വിജയദശമിനാൾ രാവിലെ ആയിരക്കണക്കിന് കുരുന്നുകൾ അമ്മയുടെ സന്നിധിയിൽ ആദ്യാക്ഷരം കുറിക്കും. അന്ന് വൈകിട്ട് നടക്കുന്ന വിജയയാത്രയോടെ നവരാത്രി ആഘോഷം
സമാപിക്കും. തിരക്ക് വകവെക്കാതെ കേരളത്തിൽ നിന്ന് ഉൾപ്പെടെ ലക്ഷക്കണക്കിന് ഭക്തരാണ് നവരാത്രിക്ക്
ഇവിടെ എത്തുന്നത്.

കർണ്ണാടകയിലെ ഉഡുപ്പി ജില്ലയിൽ കൊല്ലൂർ എന്ന സ്ഥലത്താണ് മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോലമഹർഷി തപസ്സു ചെയ്ത സ്ഥലമായതുകൊണ്ട് കോലാപുരമെന്ന് പ്രസിദ്ധമായി. അതു പിന്നീട് കൊല്ലൂർ ആയിത്തീർന്നു. കംഹൻ എന്നൊരു അസുരൻ മഹാസിദ്ധികൾ സിദ്ധിക്കുന്നതിനായി ശിവനെ തപസ്‌ ചെയ്തു. വരബലം സിദ്ധിച്ചാൽ കംഹാസുരൻ അജയ്യൻ ആകുമെന്ന് മനസ്സിലാക്കിയ പരാശക്തി അവനെ മൂകനാക്കിത്തീർത്തു. അങ്ങനെ അവൻ മൂകാസുരൻ എന്നറിയപ്പെടാൻ തുടങ്ങി. തുടർന്ന് ദേവി ഘോരയുദ്ധം ചെയ്ത് മൂകാസുരനെ വധിച്ചു. അങ്ങനെ ദേവിക്ക് മൂകാംബിക എന്ന പേരുണ്ടായി വന്നു. മനുഷ്യമനസ്സിനെ അജ്ഞാനത്തിന്റെയും അന്ധകാരത്തിന്റെയും പ്രതീകമാണ് മൂകാസുരൻ. അജ്ഞാനത്തെ ഇല്ലാതാക്കി ജ്ഞാനത്തെ പ്രദാനം ചെയ്യുന്നതുകൊണ്ടും മൂകാംബിക എന്ന നാമം അന്യർത്ഥമാണ്.

ALSO READ

മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവരുടെ ഐക്യരൂപിണിയായാണ് മൂകാംബിക അധിവസിക്കുന്നത്. ക്ഷേത്രത്തിൽ നിത്യവും 5 പൂജകൾ ഉണ്ട്. ഇവിടുത്തെ പൂജാവിധികൾ ചിട്ടപ്പെടുത്തിയത് ശങ്കരാചാര്യ സ്വാമികൾ ആണെന്ന് കരുതുന്നു. ഇടവ മാസത്തിലെ കറുത്തവാവ് കഴിഞ്ഞുവരുന്ന അഷ്ടമിയിലാണ് ദേവി മൂകാസുരനെ വധിക്കാനായി അവതരിച്ചത്. അതിനാൽ അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളുണ്ട്. മീനമാസത്തിലെ ശുക്ലപക്ഷത്തിലെ ഉത്രം മുതൽ 9 ദിവസമാണ് ക്ഷേത്ര ഉത്സവം. അതിന്റെ എട്ടാം ദിവസമാണ് രഥോത്സവം നടക്കുന്നത്. മൂകാംബികാ ക്ഷേത്രത്തിന്റെ മൂലസ്ഥാനം കുടജാദ്രിയിലാണെന്നാണത്രേ. ദക്ഷിണഭാരതത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥമാണ് കുടജാദ്രി. കൊല്ലൂർ മൂകാംബികയിൽ നിന്ന് 42 കിലോമീറ്ററുണ്ട് കുടജാദ്രിക്ക്. ശങ്കരാചാര്യർ തപസ്‌ ചെയ്ത സർവ്വജ്ഞപീഠം ഇവിടെ ദർശിക്കാം. സർവ്വജ്ഞപീഠത്തിൽ നിന്നും ദുർഘടമായ പാതയിലൂടെ ഒരു കി.മീറ്റർ സഞ്ചരിച്ചാൽ ചിത്രമൂലയിൽ എത്തിച്ചേരാം; ഇവിടെ നിന്നാണ് സൗപർണ്ണികാനദി ഉത്ഭവിക്കുന്നത്.

മൂകാംബികാ ക്ഷേത്രത്തിൽ എത്തിച്ചേരുന്നവർക്ക് താമസിക്കാനായി ക്ഷേത്രം വക ഗസ്റ്റ് ഹൗസുകളും സ്വകാര്യഹോട്ടലുകളും ലഭ്യമാണ്. കേരളത്തിൽ നിന്നും പോകുന്നവർക്ക് ബൈന്ദൂരിലോ മംഗലാപുരത്തോ ഇറങ്ങി മൂകാംബികയിൽ എത്താം. കൊങ്കൺ വഴിയുള്ള ചില ട്രെയിനുകൾക്ക് ബൈന്ദൂരിൽ സ്‌റ്റോപ്പുണ്ട്. അവിടെ നിന്ന് 40 കി.മീ സഞ്ചരിച്ചാൽ മൂകാംബികയിൽ എത്താം. മംഗലാപുരത്തു നിന്നും 4 മണിക്കൂർ റോഡ് മാർഗ്ഗം സഞ്ചരിച്ചാൽ മൂകാംബികയിൽ എത്തിച്ചേരാം.

Story Summary : Kollur Mookambika Temple is gearing for Navarathri (Navratri) Festival 2023.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?