Wednesday, December 10, 2025
Wednesday, December 10, 2025
Home » ലളിതാപഞ്ചമി ശത്രുദോഷം അകറ്റി ആഗ്രഹങ്ങളെല്ലാം സഫലമാകും

ലളിതാപഞ്ചമി ശത്രുദോഷം അകറ്റി ആഗ്രഹങ്ങളെല്ലാം സഫലമാകും

by NeramAdmin
0 comments

അശോകൻ ഇറവങ്കര
നവരാത്രിയിലെ അഞ്ചാമത്തെ തിഥിയിലാണ് ഭക്തർ
ലളിതാപഞ്ചമി ആചരിക്കുന്നത്. അന്ന് ഉപാസനയും
ഉപവാസവും അനുഷ്ഠിച്ചാൽ എല്ലാവിധ ശത്രുദോഷവും
ശമിക്കും. അറിവും വിവേകവും ഐശ്വര്യവും ലഭിക്കും.
ആഗ്രഹങ്ങളെല്ലാം സഫലമാകും. ഉപവാസമടക്കമുള്ള
നിഷ്ഠകൾ പാലിച്ചു വേണം ലളിതാ വ്രതമെടുക്കാൻ.
ലളിതാപഞ്ചമിയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിന്റെ
സംഗ്രഹം ഇങ്ങനെ: സതീവിയോഗ ശേഷം തപസ്സിലായ ശിവനെ അതിൽ നിന്നും ഉണർത്താൻ കാമൻ പുഷ്പബാണം എയ്തു. തപസ്സിൽ നിന്ന് ഉണർന്ന ശിവന്റെ കോപാഗ്നിയിൽ എരിഞ്ഞു ചാമ്പലായ കാമന്റെ ചുടലഭസ്മം കൊണ്ട് ചിത്രസേനൻ ഒരു മനുഷ്യരൂപം തീർത്തു. ആ രൂപത്തെ ശിവൻ നോക്കിയപ്പോൾ അതിന് ജീവനുണ്ടായി. അറുപതിനായിരം വർഷം ആയുസ്സ് നൽകി ആ രൂപത്തെ അനുഗ്രഹിച്ചു. ഭണ്ഡാസുരൻ എന്ന്
അവൻ അറിയപ്പെട്ടു. വരബലത്താൽ ലോകത്തെ മുഴുവൻ അവൻ ദ്രോഹിച്ചു. അത്യുഗ്രബലശാലിയായ ഭണ്ഡനെ നശിപ്പിക്കണമെങ്കിൽ അതു മഹാദേവിക്കു മാത്രമേ സാധ്യമാകൂവെന്ന് ദേവന്മാർ തിരിച്ചറിഞ്ഞു. അതിനായി ഇന്ദ്രാദിദേവതകൾ മഹായാഗം ആരംഭിച്ചു. 64 യോഗിനി ദേവതകളുടെ പൂജയോടെയുള്ള യജ്ഞം ആണ് മഹായാഗം. എന്നിട്ടും ദേവി പ്രത്യക്ഷയായില്ല. പരിഭ്രാന്തരായി തീർന്ന ദേവന്മാർ ആത്മാഹുതി ചെയ്യാൻ തീരുമാനിച്ചു. അപ്പോൾ അഗ്നികുണ്ഡത്തിൽ നിന്ന് സർവ്വ തേജസ്സുകളെയും അതിശയിപ്പിക്കുന്നതും, കോടി സൂര്യന്മാരെപ്പോലെ ജ്വലിക്കുന്നതും കോടി ചന്ദ്രന്മാരെ പോലെ ശീതള സുന്ദരവുമായ ഒരു തേജോ രാശി ഉയർന്നു വന്നു. ആ പ്രകാശമദ്ധ്യത്തിൽ ചക്രാകൃതിയിൽ ഒരു പ്രഭാവലയം രൂപമെടുത്തു. ആ പ്രഭാവലയത്തിനുള്ളിൽ ലളിതാംബിക പ്രത്യക്ഷയായ ദിവസമാണ് ലളിതാപഞ്ചമി എന്ന് കരുതുന്നു. ഭണ്ഡാസുരവധവും ലോകക്ഷേമവും ആയിരുന്നു ദേവിയുടെ അവതാര ലക്ഷ്യം. അസുരനെ എതിരിടാനായി അനവധി ദേവതകൾ ലളിതാദേവിയിൽ നിന്നുതന്നെ ദേവിയുടെ അംശങ്ങളായി പുറത്തു വന്നു. ആയിരം ആദിത്യന്മാരുടെ തേജസ്സുള്ള കാമേശ്വരാസ്ത്രം കൊണ്ട് ഭണ്ഡാസുരനെ ദേവി നിഷ്ക്കരുണം വധിച്ചു.
കാമദേവന്റെ വെണ്ണീറിൽ നിന്നും ജനിച്ച ഭണ്ഡാസുരൻ വീണ്ടും ചാമ്പലായി. ദേവന്മാരുടെ അപേക്ഷ പ്രകാരം ദേവി കാമനെ പുനർജീവിപ്പിച്ചു. ദേഹം ഇല്ലാത്തവനായി. അനംഗനെ കർത്തവ്യം നിർവഹിക്കാൻ അനുഗ്രഹിച്ചു.
കാമൻ പുനർജനിച്ച ശേഷം പാർവതി പരമേശ്വരന്മാരുടെ വിവാഹം നടന്നു. അവരുടെ പുത്രനായി പിറന്ന ഷണ്മുഖൻ താരകാസുരനെ വധിച്ചു. അങ്ങനെ ലളിതാംബികയുടെ അവതാരം കൊണ്ട് ദേവകാര്യം വിജയകരമായിത്തീർന്നു. എങ്കിലും ദേവിയുടെ സാന്നിദ്ധ്യം ഭൂമിയിൽ വേണമെന്ന ബ്രഹ്മാവിന്റെ അഭ്യർത്ഥനപ്രകാരം ലളിതാംബികയുടെ അംശത്തിൽ നിന്നുള്ള മഹാഗൗരിയെ കാഞ്ചിയിലെ ദേവീ ബിംബത്തിൽ പ്രവേശിപ്പിച്ചിട്ട് ശ്രീ ലളിതാംബിക അപ്രത്യക്ഷയായി. കാഞ്ചിയിൽ ഭഗവതി കാമാക്ഷിയായി കുടികൊള്ളുന്നു. ഭണ്ഡാസുരനിഗ്രഹത്തിന് ദേവന്മാരുടെ യാഗാഗ്നിയിൽ നിന്നും പരാശക്തി ജ്യോതിർമയമായ ശ്രീചക്രമായിട്ടാണ് ആവിർഭവിച്ചത്. ആ ചക്രത്തിന്റെ ഉള്ളിൽ നിന്നുമാണ് ദേവീരൂപം ഉടലെടുത്തത്. അതിനാൽ ശ്രീചക്രം ദേവിയുടെ സ്വരൂപമായി ആരാധിക്കപ്പെടുന്നു.
പഞ്ചഭൂത പ്രതീകവുമാണ് ജഗദംബിക. നവരാത്രി ഉത്സവത്തിലെ സുപ്രധാനമായ ലളിതാപഞ്ചമി ദിവസം 2023 ഒക്ടോബർ 19 വ്യാഴാഴ്ചയാണ്. ഈ ദിവസം ലളിതാ സഹസ്രനാമം, ലളിതാ ത്രിശതി, ലളിതോപാഖ്യാനം എന്നിവ ഈ ദിവസം പരായണം ചെയ്യുന്നത് ഉത്തമമാണ്.

Story Summary: Significance of Lalita Panchami on
Fifth day of Navaratri

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?