Thursday, December 11, 2025
Thursday, December 11, 2025
Home » വൈക്കത്തപ്പന് പ്രാതലും അത്താഴഊട്ടും നടത്തിയാൽ അഭീഷ്ടങ്ങൾ സാധിക്കാം

വൈക്കത്തപ്പന് പ്രാതലും അത്താഴഊട്ടും നടത്തിയാൽ അഭീഷ്ടങ്ങൾ സാധിക്കാം

by NeramAdmin
0 comments

സദാനന്ദന്‍ എസ്
രാവിലെ ദക്ഷിണാമൂര്‍ത്തി, ഉച്ചയ്ക്ക് കിരാതമൂര്‍ത്തി, വൈകിട്ട് പാര്‍വ്വതീ സമ്മേത സാംബശിവൻ – ഇങ്ങനെ നിത്യവും 3 ഭാവങ്ങളിലാണ് വൈക്കത്തപ്പനെ സങ്കല്പിച്ച് പൂജിക്കുന്നത്. അതിനാൽ ദക്ഷിണകാശി എന്ന് അറിയപ്പെടുന്ന വൈക്കം മഹാദേവക്ഷേത്രത്തില്‍ പ്രഭാതത്തിൽ ദര്‍ശനം നടത്തി പ്രാർത്ഥിച്ചാല്‍ വിദ്യ, ജ്ഞാനം എന്നിവയും, ഉച്ചയ്ക്ക് ദര്‍ശനം നടത്തിയാല്‍ കാര്യവിജയവും, വൈകിട്ട് ദര്‍ശനം നടത്തിയാല്‍ കുടുംബക്ഷേമം, അഭീഷ്ടസിദ്ധി, മോക്ഷപ്രാപ്തി ഇവ ഫലമാണ്.

പ്രധാന വഴിപാട് പ്രാതല്‍
നിരവധി സവിശേഷതകള്‍ ഉള്ള മഹാക്ഷേത്രമാണിത്. വൈക്കത്തപ്പന്റെ ഏറ്റവും പ്രധാനപ്പെട്ട വഴിപാട് പ്രാതല്‍ എന്ന പേരിൽ പ്രസിദ്ധമായ വിഭവ സമൃദ്ധമായമായ സദ്യയാണ്. ഇവിടെ ക്ഷേത്രദര്‍ശനത്തിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് വൈക്കത്തപ്പന്റെ പ്രാതല്‍ ഒരു നേരത്തെ വിശപ്പടക്കാനുള്ള അന്നമല്ല. അത് ദിവ്യമായ അത്ഭുതശക്തിയുള്ള ഒരു ഔഷധം കൂടിയാണ്. വേദജപം, ഉത്സവം മുതലായ അനുഷ്ഠാനങ്ങള്‍ക്കൊപ്പം താന്ത്രിക വിധിപ്രകാരം അനുശാസിക്കുന്ന നിര്‍ബന്ധ കര്‍മ്മം കൂടിയാണ് അന്നദാനം. നിത്യം, നൈമത്തികം, കാമ്യം, വിമലം എന്നിങ്ങനെ അന്നദാനം നാലുവിധമുണ്ട്.

അന്നദാനത്തിന്റെ മഹത്വം വ്യക്തമാക്കുന്ന ഒരു കഥ പുരാണത്തിലുണ്ട് : പഞ്ചപാണ്ഡവര്‍ക്ക് ഹസ്തിനപുരം തിരിച്ചുകിട്ടിയതിന് ശേഷം സന്തോഷസൂചകമായി രാജസൂയയാഗം നടത്തി. യാഗസമാപ്തിയില്‍ ധാരാളം ദാനധര്‍മ്മാദികളും ചെയ്യുകയുണ്ടായി. ആ കൂട്ടത്തില്‍ നാലുവിധ അന്നദാനം ഉണ്ടായിരുന്നു. അത് ഇപ്രകാരം:

  1. നിത്യം: പ്രതിഫലവും ആഗ്രഹങ്ങള്‍ ഒന്നും പ്രതീക്ഷിക്കാതെ നിത്യവും സാധുക്കള്‍ക്ക് അന്നദാനം കൊടുക്കുന്നത് നിത്യ അന്നദാനം.
  2. നൈമത്തികം: മുജ്ജന്മദോഷപരിഹാരാര്‍ത്ഥം പിതൃദോഷം, സര്‍പ്പദോഷം, ശാപദോഷം എന്നിവയില്‍ നിന്നും മുക്തി നേടുന്നതിന് നടത്തുന്നത് നൈമത്തിക അന്നദാനം.
  3. കാമ്യം: ഇഹലോകകാര്യസിദ്ധിക്ക് വേണ്ടി സമ്പത്ത്, വിദ്യാഭ്യാസം, തൊഴില്‍, വിവാഹം, രോഗദുരിതങ്ങളില്‍ നിന്നും പരിഹാരം എന്നിവയ്ക്ക് നടത്തുന്ന അന്നദാനം കാമ്യ അന്നദാനം.
  4. വിമലം: ദേവപ്രീതി ഉദ്ദേശിച്ച് മാത്രം ഉത്തമരും ദാനാര്‍ഹരുമായ ബ്രാഹ്‌മണര്‍ക്ക് നല്‍കുന്നത് വിമലം അന്നദാനം.

സര്‍വ്വോല്‍കൃഷ്ടം അന്നദാനം
ദാനങ്ങളില്‍ സര്‍വ്വോല്‍കൃഷ്ടമായത് അന്നദാനമാണ്. മനുഷ്യജാതിക്ക് മാത്രമല്ല പക്ഷി, പ്രാണി, മൃഗാദികള്‍ക്കും
ദാനം ആവാമെന്നും പാപനിവൃത്തിക്കും പുണ്യവഴിക്കും
മാത്രമല്ല സര്‍വ്വസമ്പല്‍സമൃദ്ധിക്കും അന്നദാനം ഉത്തമം
എന്നും ആചാര്യ വിധിയുണ്ട്. ബ്രഹ്‌മജ്ഞാനിയാണ് ബ്രാഹ്‌മണന്‍. അതായത് എല്ലവരിലും എല്ലാ ജീവികളിലും ബ്രഹ്‌മത്തെ കാണാന്‍ കഴിയുന്നവന്‍ എന്നര്‍ത്ഥം. അജ്ഞാനത്തിന്റെ സൃഷ്ടികളായ ഭേദചിന്തകള്‍ നീക്കി പണ്ഡിതാസമദര്‍ശിനാ എന്നാണ് പ്രമാണം.
ഏതൊന്ന് ചെയ്യുന്നുവോ അത് ഈശ്വരാര്‍പ്പിതമായി, നിഷ്‌കാമമായി ചെയ്യണം എന്ന് ഭഗവത്ഗീത പറയുന്നു. വൈക്കത്തപ്പന്‍ അന്നദാനപ്രഭുവും ദാരിദ്ര്യ ദുഃഖങ്ങൾ
നശിപ്പിക്കുന്നവനുമാണ്. നിരവധി പ്രമുഖ വ്യക്തികള്‍ സ്വജീവിതാനുഭവങ്ങളില്‍ ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.
വൈക്കം ക്ഷേത്രത്തിലെ അന്നദാന മഹാത്മ്യം ഏറെ പ്രസിദ്ധമായതിനാല്‍ ശ്രീവൈക്കത്തപ്പന്‍ അന്നദാനപ്രഭു എന്നും അറിയപ്പെടുന്നു.

ക്ഷേത്രത്തിലെ അതിവിശാലമായ ഊട്ടുപുരയില്‍ എല്ലാദിവസവും ഉച്ചപൂജയ്ക്ക് ശേഷം വിഭവസമൃദ്ധമായ പ്രാതല്‍ നടത്തപ്പെടുന്നു. പ്രാതല്‍ നടക്കുമ്പോള്‍ ഭഗവാന്‍ മനുഷ്യവേഷത്തില്‍ ഭക്തന്മാരുടെ ഇടയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നു എന്നാണ് വിശ്വാസം. വിഭവങ്ങള്‍ തയ്യാറാക്കുന്നതിനുള്ള അവകാശം വൈക്കത്തെ മുട്ടസ്സ് നമ്പൂതിരി മന കുടുംബത്തിനാണ്. പ്രാതലിന് കറിക്ക് നുറുക്കു മുതല്‍ സദ്യയ്ക്ക് സാധനങ്ങള്‍ തയ്യാറാക്കി കൊടുക്കുന്നതിനുള്ള അവകാശം വൈക്കത്തെ 16 നായര്‍ കുടുംബക്കാര്‍ക്കാണ്. പ്രാതല്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നതിലും വിളമ്പുന്നതിലും വലിയ ഭക്തിയും ആദരവും ശ്രദ്ധയും ഉണ്ടാകും.

അത്താഴഊട്ട് കാര്യസിദ്ധിക്ക്
പണ്ട് ക്ഷേത്രത്തില്‍ നടത്തിപ്പോന്ന മറ്റൊരു വഴിപാടാണ് അത്താഴഊട്ട്. വൈക്കത്തപ്പന്റെ അത്താഴ ശ്രീബലി കഴിഞ്ഞ് ഭഗവാന്റെ പ്രതിനിധി ആയ ഒരാള്‍ കോലുവിളക്കുമായി കിഴക്കേ ഗോപുരനടയില്‍ ചെന്ന് 3 തവണ അത്താഴപ്പട്ടിണിക്കാര്‍ ആരെങ്കിലും ഉണ്ടോ എന്ന് വിളിച്ചു ചോദിക്കും. അതിന് ശേഷം ഗോപുരവാതില്‍ ഒരു ഭാഗം അടയ്ക്കും. ശേഷം അത്താഴക്കഞ്ഞി വിളമ്പി നല്‍കുകയും ചെയ്യുന്നു.

ALSO READ

ക്ഷേത്രപ്രവേശന വിളംബരം നടന്നതിനുശേഷം അത്താഴഊട്ട് നിന്ന് പോയി. ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് അത്താഴഊട്ട് വീണ്ടും ആരംഭിച്ചിട്ടുണ്ട്. രാത്രി അത്താഴ ശ്രീബലി കഴിഞ്ഞ് ഊട്ടുപുരയില്‍ അത്താഴഊട്ട് നടക്കും. ഭക്തർക്ക് ഇത് വഴിപാടായി നടത്താവുന്നതാണ്.

ഉന്നതവിദ്യാഭ്യാസ ലബ്ധി, ജോലി, വിവാഹം തുടങ്ങി നിരവധി അഭീഷ്ടകാര്യസിദ്ധികള്‍ക്കും പിറന്നാളിനും
മുന്‍ജന്മപാപശാന്തി ലഭിക്കാനും മാറാവ്യാധികളില്‍ നിന്ന് ആശ്വാസം നേടാനുമാണ് ഈ വഴിപാട് നടത്തുന്നത്. അന്നദാനപ്രഭു വൈക്കത്തപ്പന്റെയും അന്നപൂര്‍ണ്ണേശ്വരി ശ്രീപാര്‍വ്വതീദേവിയുടെയും അനുഗ്രഹം ലഭിച്ചാല്‍ അഭീഷ്ടകാര്യങ്ങളെല്ലാം നിറവേറുമെന്നാണ് വിശ്വാസം.
പ്രാതല്‍ വഴിപാട് നടത്തുന്ന ഭക്തർ കുടുംബസമേതം പ്രാതല്‍ സമയത്ത് ക്ഷേത്രമതിലിനുള്ളില്‍ ശിവനാമം ജപിച്ച് പ്രദക്ഷിണം വയ്ക്കണമെന്നാണ് ചട്ടം.

വൈക്കത്തഷ്ടമി ഡിസംബർ 5 ന്
വൈക്കത്തപ്പന്റെ മഹോത്സവം വൃശ്ചികത്തിലെ വൈക്കത്തഷ്ടമിയാണ് . കുംഭാഷ്ടമി (മാശി അഷ്ടമി), ശിവരാത്രി, തിരുവാതിര എന്നിവയാണ് മറ്റ് പ്രധാന ഉത്സവങ്ങൾ. 2023 ഡിസംബർ 5 നാണ് വൈക്കത്തഷ്ടമി . അടുത്ത ദിവസമാണ് ആറാട്ട്. മാസന്തോറും വൈക്കത്തപ്പന്‍ സംഗീതസേവാസംഘം നടരാജമണ്ഡപത്തിൽ നടത്തുന്ന തിരുവാതിര സംഗീതസേവയില്‍ ദേശഭേദമില്ലാതെ ധാരാളം പ്രശസ്ത കലാകാരന്മാര്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നു. കലാപരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് 9388873373 എന്ന മൊബൈൽ
നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. പ്രാതല്‍, അത്താഴഊട്ട് മറ്റ് വഴിപാടുകള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്ന ഭക്തർ
വൈക്കം ക്ഷേത്രഓഫീസുമായി ബന്ധപ്പെടണം. ഫോൺ:
04829 215 812

സദാനന്ദന്‍ എസ് , + 91 9744727929

Story Summary: Vaikom Sree Mahadeva Temple: Importance of Prathal and Athazha oottu vazhipadu


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?