വേദാഗ്നി അരുൺ സൂര്യഗായത്രി
ഇന്ന് 2023 ഡിസംബർ 14, 1199 വൃശ്ചികം 28, വ്യാഴാഴ്ച നാരായണീയ ദിനമായി ആചരിക്കുന്നു. നാരായണീയം എന്ന ശ്രേഷ്ഠ കൃതിയെയും അതിന്റെ കർത്താവായ മേൽപ്പത്തൂർ നാരായണഭട്ടതിരിയെയും ആദരിക്കാനാണ് എല്ലാ വർഷവും വൃശ്ചികം 28 നാരായണീയദിനമായി ആചരിക്കുന്നത്.
ശ്രീമദ് ഭാഗവതത്തെ ആസ്പദമാക്കിയാണ് പണ്ഡിതശ്രേഷ്ഠനായ നാരായണ ഭട്ടതിരി പ്രസിദ്ധമായ നാരായണീയം എന്ന സംസ്കൃത കാവ്യം രചിച്ചത്.
പന്ത്രണ്ട് സ്കന്ധങ്ങളും പതിനായിരം ശ്ലോകങ്ങളുമടങ്ങിയ ഭാഗവതം –
നൂറു ദശകങ്ങളിലും ആയിരത്തി മുപ്പത്തിനാലു ശ്ലോകങ്ങളിലുമായി ഭാഗവതത്തിന്റെ സത്ത മുഴുവൻ ഉൾക്കൊള്ളിച്ചതാണ് നാരായണീയം.
EE.1560-ൽ നാരായണ ഭട്ടതിരി ഭൂജാതനായി. അച്ഛൻ മാതൃദത്ത ഭട്ടതിരി തികഞ്ഞ പണ്ഡിതനായിരുന്നു. മീമാംസാപാണ്ഡിത്യത്തിനു പേരുകേട്ട പയ്യൂരില്ലം ആയിരുന്നു അമ്മാത്ത്
ബാല്യത്തിൽ പിതാവിൽനിന്ന് മീമാംസാദി വിദ്യ അഭ്യസിച്ച നാരായണൻ, മാധവൻ എന്ന ഗുരുവിൽ നിന്ന് ഋഗ്വേദവും, ജ്യേഷ്ഠൻ ദാമോദര ഭട്ടതിരിയിൽനിന്ന് തർക്കശാസ്ത്രവും പഠിച്ചു. പിന്നീട് മഹാപണ്ഡിതനായ തൃക്കണ്ടിയൂർ അച്യുതപിഷാരടിയുടെ കീഴിൽ ഉപരിപഠനം.
ALSO READ
തന്റെ പ്രിയപ്പെട്ട ഗുരുവായ അച്യുതപ്പിഷാരടി പക്ഷവാതം പിടിപെട്ട് കിടപ്പിലായപ്പോൾ അദ്ദേഹത്തിന്റെ വേദന കാണാൻ കഴിയാതെ ‘കർമ്മവിപാകദാനസ്വീകാരം’ എന്ന സിദ്ധിയിലൂടെ ഭട്ടതിരി വാതരോഗത്തെ തന്റെ ശരീരത്തിലാക്കി ഗുരുവിന്റെ കഷ്ടത അകറ്റി. അപ്പോൾ കേവലം ഇരുപത്തിയാറു വയസ്സ് പോലും അദ്ദേഹത്തിനുണ്ടായിരുന്നില്ല.
ഭട്ടതിരിയുടെ അസുഖം ചികിത്സിച്ചു ഭേദമാക്കാൻ കഴിയാതെ വന്നതോടെ ഭാഷാ പിതാവായ എഴുത്തച്ഛന്റെ “മത്സ്യം തൊട്ടു കൂട്ടുക” എന്ന ഉപദേശത്തിന്റെ ആന്തരികാർത്ഥം ഉൾക്കൊണ്ട്, ഗുരുവായൂർ ക്ഷേത്രത്തിൽ പോയി ഭജനമിരുന്നു ഭഗവാൻ വിഷ്ണുവിന്റെ മത്സ്യാവതാരം മുതലുള്ള ദശാവതാരം മനസ്സിൽ കണ്ട് ഓരോ ദശകം വീതം ദിവസവും ചമച്ചു ചൊല്ലി ഭഗവാനു സമർപ്പിച്ചുകൊണ്ടിരുന്നു.ക്രമേണ രോഗത്തിന്റെ കാഠിന്യം കുറഞ്ഞുവന്നു.
നാരായണീയം പൂർണമാക്കി ഭഗവാനു സമർപ്പിച്ചതോടെ നൂറാം ദിവസം വാതരോഗം നിശ്ശേഷം ശമിക്കുകയും ചെയ്തു.
നൂറാം ദശകത്തിൽ മഹാവിഷ്ണുവിന്റെ പാദാദികേശ വർണ്ണന നൽകുന്നു. ശ്ലോകം പൂർത്തിയാക്കിയ ദിവസം അദ്ദേഹത്തിന് വേണുഗോപാല രൂപത്തിൽ ഭഗവാൻ ദർശനം നൽകിയതായും പറയുന്നു. ഇരുപത്തിഏഴ് വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിനു.
പിന്നീട് കൊച്ചി, ചെമ്പകശ്ശേരി സാമൂതിരി രാജാക്കന്മാരുടെ ആസ്ഥാനപണ്ഡിത സ്ഥാനം വഹിക്കുകയും എൺപത്തിയാറു വയസ്സു വരെ അരോഗദൃഢഗാത്രനായി ജീവിക്കുകയും ചെയ്തു.
“നാരായണീയം” എന്ന മഹാകാവ്യം ഭഗവാന് സമർപ്പിച്ച വൃശ്ചികം ഇരുപത്തിയെട്ടു എല്ലാ വർഷവും “നാരായണീയദിന”മായി ആചരിച്ചു വരുന്നു.
രോഗങ്ങൾ മാറുന്നതിനും മോക്ഷപ്രാപ്തിക്കും ഐശ്വര്യത്തിനും ഗുരുവായൂരപ്പന്റെ അനുഗ്രഹത്തിനും നാരായണീയം പാരായണം ചെയ്യുന്നത് ഉത്തമം ആയി കരുതിപ്പോരുന്നു.
ആചാര്യ ബ്രഹ്മശ്രീ.
വേദാഗ്നി അരുൺ സൂര്യഗായത്രി,
+91 94473 84985