Wednesday, December 10, 2025
Wednesday, December 10, 2025
Home » ദാമ്പത്യ ഭദ്രത, വിവാഹം, കർമ്മ വിജയം ;ബുധനാഴ്ച ഐശ്വര്യത്തിന്റെ നട തുറപ്പ്

ദാമ്പത്യ ഭദ്രത, വിവാഹം, കർമ്മ വിജയം ;ബുധനാഴ്ച ഐശ്വര്യത്തിന്റെ നട തുറപ്പ്

by NeramAdmin
0 comments

പി എം ബിനുകുമാർ
12 ദിവസത്തെ ദർശനത്തിന് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവ്വതീ ദേവിയുടെ തിരുനട 2023 ഡിസംബർ 27 ബുധനാഴ്ച തുറക്കും. ധനു മാസത്തിലെ തിരുവാതിരയ്ക്ക് വർഷത്തിൽ ഒരു തവണ 12 ദിവസം മാത്രം ദേവീദർശനം ലഭിക്കുന്ന ഈ പുണ്യ സന്നിധി ആലുവയിലാണ്.

സാധാരണ ക്ഷേത്രങ്ങളിലേത് പോലെ എല്ലാ ദിവസവും തുറന്ന് പൂജയും നിവേദ്യവും നടത്തുന്ന സന്നിധിയാണ് തിരുവൈരാണിക്കുളം എങ്കിലും പാർവ്വതീദേവിയുടെ തിരുനട വർഷംതോറും ഒരിക്കൽ മാത്രമാണ് തുറക്കുക. അല്ലാത്ത ദിവസങ്ങളിലും ദേവി മഹാദേവനോടൊപ്പം ഉണ്ട് എന്ന സങ്കല്പത്തിലാണ് പൂജകൾ. പരമശിവന്റെ വലതുതുടയിൽ പാർവ്വതീദേവിയും ദേവിയുടെ വലത്തെ കയ്യിൽ ഒക്കത്ത് അടക്കിപ്പിടിച്ച് ഉണ്ണിഗണപതിയും ഇരിക്കുന്ന പ്രതിഷ്ഠാ സങ്കൽപ്പത്തിലാണ് നിത്യ പൂജകൾ. ഭാര്യയോടും മകനോടുമൊപ്പം സന്തോഷപൂർവ്വം കിഴക്ക് ദർശനമായി ദേവൻ ഇരിക്കുന്ന എന്നതാണ് സങ്കല്പം. അതിനാൽ ഭഗവാന് പ്രസന്നത വർദ്ധിക്കുന്നു.

12 ദിവസം ദർശനം നൽകുന്ന ദേവിയുടെ നടയിൽ മറ്റ് ദിവസങ്ങളിൽ ബിംബ പൂജയില്ലെങ്കിലും എന്നും അവിടെ മഞ്ഞളഭിഷേകം നടത്തുന്നുണ്ട്. അമ്മയുടെ വിഗ്രഹം ദാരുബിംബമായതിനാൽ കഴുകാൻ പാടില്ല. നട തുറന്നാൽ മഞ്ഞളഭിഷേകമില്ല. വർഷത്തിൽ 12 ദിവസം ഭക്തർക്ക് അനുഗ്രഹം കൊടുക്കാൻ ഈ നടയിൽ ഭഗവതി വരുന്നു എന്നാണ് വിശ്വാസം. അതുവരെയും, അതുകഴിഞ്ഞും ഭഗവതി പ്രധാന ശ്രീകോവിലിൽ ശിവന്റെ കൂടെയുണ്ട്. ദേവിയുടെ ഒക്കത്തിരിക്കുന്ന ഉണ്ണിഗണപതിക്കും വലിയ പ്രാധാന്യം ക്ഷേത്രത്തിലുണ്ട്.

നട തുറപ്പുവേളയിൽ ഭഗവതിക്ക് പ്രത്യേക പൂജകളുണ്ട്. ഭഗവതി പടിഞ്ഞാറ് എഴുന്നള്ളി പ്രത്യേകമായി മാറി ഇരിക്കുകയാണ്. ബാക്കിയുള്ള ദിവസങ്ങളിലൊക്കെ ശിവനൊപ്പം ഒന്നിച്ചാണ് പൂജ. മഞ്ഞൾപ്പൊടി മാറ്റി സർവ്വാഭരണ വിഭൂഷിതയായി എല്ലാ അലങ്കാരങ്ങളോടും കൂടി, സാരിയുടുപ്പിച്ചാണ് നട തുറപ്പുസമയത്ത് ദേവിയെ അണിയിച്ചൊരുക്കുന്നത്. വസ്ത്രധാരണത്തിന് അങ്ങനെ പ്രത്യേകതയൊന്നുമില്ല എങ്കിലും തിങ്കളാഴ്ച വെള്ള സാരി, ചൊവ്വ, വെള്ളി ദിവസങ്ങളിൽ ചുവന്ന വസ്ത്രങ്ങൾ, ബുധനും വ്യാഴവും മഞ്ഞയോ പച്ചയോ ഉടുപ്പിക്കും. പണ്ട് സ്ത്രീകൾ ധരിച്ചിരുന്ന ആഭരണങ്ങൾ ഈ വേളയിൽ അണിയിക്കും. ചെറുതാലി, താലിക്കൂട്ടം, കുഴലുമോതിരം, അങ്ങനെ അനവധി ആഭരണങ്ങളുണ്ട്. ഏറ്റവും പ്രധാനം ചെറുതാലിയാണ്.

നടതുറപ്പിന് ശ്രീ പാർവ്വതിയെയും മഹാദേവനെയും തൊഴുത് പ്രാർത്ഥിച്ചാൽ ദാമ്പത്യ ദുരിതങ്ങളെല്ലാം അവസാനിക്കും. വിവാഹ തടസങ്ങൾ അകന്ന് മംഗല്യഭാഗ്യം ലഭിക്കും. സന്താനദുരിതം തീരും. ഇഷ്ട സന്താനലബ്ധിയുണ്ടാകും. സന്തോഷവും ഐശ്വര്യവും ലഭിക്കും. നെടുമംഗല്യം, തൊഴിൽ മേന്മ എന്നിവയാണ് മറ്റ് ഗുണഫലങ്ങൾ. ഇവിടെ നെയ് വിളക്കേ കത്തിക്കൂ. ശ്രീകോവലിനുള്ളിൽ ശിവന് നെയ് ഒഴിച്ച് പിൻവിളക്ക്
തെളിക്കുന്നത് വളരെ പ്രധാനമാണ്. വിവാഹം നടക്കാൻ ചുവന്ന പട്ട് നടയ്ക്കൽ വയ്ക്കുന്നതാണ് പതിവ്. ഗണവസ്ത്രം രണ്ട് തോർത്ത് (കൂടിയത് 4 തോർത്തുമാവാം) നടയിൽ വയ്ക്കാം. വാൽക്കണ്ണാടി സമർപ്പിക്കാം. വിവാഹം കഴിഞ്ഞെങ്കിൽ പട്ടും താലിയും അമ്മയുടെ നടയിൽ വയ്ക്കാം. പിന്നെ, സമൃദ്ധിക്കും മറ്റും സെറ്റ് സാരി, സെറ്റ് മുണ്ട് എന്നിവ അമ്മയ്ക്ക് സമർപ്പിക്കാം. ഐകമത്യ പുഷ്പാഞ്ജലി നടത്താം. ഇത് വിശേഷമാണ്. ഭാഗ്യസൂക്തം, പുരുഷസൂക്തം ഇതെല്ലാം നടത്താം. സന്താനങ്ങളുടെ ക്ഷേമകാര്യങ്ങൾക്കായി പുരുഷസൂക്തം നടത്തണം. കുട്ടികളുണ്ടാകാൻ തൊട്ടിൽ വയ്ക്കുന്നതാണ് വഴിപാട്.

രോഗങ്ങൾ ശമിക്കുന്നതിനും ആയുരാരോഗ്യത്തിനും ശ്രീമഹാദേവന് നടത്തുന്ന അർച്ചനയാണ് സർവ്വ രോഗശമന മന്ത്രാർച്ചന. പറ സമർപ്പണം ഒരു പ്രധാന വഴിപാടാണ്. കുടംബ ഐശ്വര്യത്തിനാണ് മഞ്ഞൾപ്പറ. മഞ്ഞളിന് വലിയ പ്രാധാന്യമാണ്. നിറച്ചുകഴിഞ്ഞ് കിട്ടുന്ന മഞ്ഞൾക്കഷണം വീട്ടിൽ കൊണ്ടുപോയി ശുദ്ധമായി വയ്ക്കണം. ഭഗവതിക്ക് ഏറ്റവും പ്രധാന വഴിപാടാണ് ഇത്. അരി, നെല്ല്, അഞ്ചുപറ മലര്, പൂവ് ഇതിൽ ഏതും നിറയ്ക്കാം. പക്ഷേ, ഏറ്റവും പ്രധാനം മഞ്ഞളാണ്. എള്ള് പറ രോഗശമനത്തിനും രോഗങ്ങൾ വരാതിരിക്കാനും നല്ലതാണ്.

ALSO READ

കാര്യസിദ്ധിക്കായും കുടുംബ ഐശ്വര്യത്തിനുമാണ് തളിക നിവേദ്യം. സതീദേവിയുടെ തിരുനാളിലാണ് തളിക നിവേദ്യത്തിന് പ്രാധാന്യം. സതീദേവിയുടെ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തിരുവൈരാണിക്കുളമാണ്. സതീദേവിയും പാർവ്വതീദേവിയും ഒന്നിച്ചു വാണരുളുന്ന ക്ഷേത്രവും ഇതു തന്നെ. നട തുറപ്പ് സമയത്ത് സതീദേവിയുടെ നടയിൽ തളികനിവേദ്യം നടത്തി പ്രാർത്ഥിച്ചാൽ മംഗല്യ ഭാഗ്യവും കുടുംബഭദ്രതയും ഐശ്വര്യവും ആഗ്രഹ സാഫല്യവും കൈവരും. ശ്രീപാർവ്വതീദേവീനട തുറക്കുന്ന 12 ദിവസവും അഭൂതപൂർവമായ തിരക്ക് അനുഭവപ്പെടാറുണ്ട്. ഇത് കണക്കിലെടുത്ത് ഭക്തർക്ക് സുഗമമായ ദർശനത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ നേരം ഓൺലൈനിനോട് പറഞ്ഞു.

ഇവിടുത്തെ പ്രധാന വഴിപാടുകൾ: അന്നദാനം, അർച്ചന, ശ്രീവിദ്യാ മന്ത്രപുഷ്പാഞ്ജലി, മൃത്യുഞ്ജയ പുഷ്പാഞ്ജലി, ഭാഗ്യസൂക്ത പുഷ്പാഞ്ജലി, സ്വയം വരപുഷ്പാഞ്ജലി, ധാര, താലി, പട്ട്, പുടവ, ഇണപ്പുടവ, മഞ്ഞൾപ്പൊടി, വാൽക്കണ്ണാടി, തൊട്ടിൽ, എണ്ണവിളക്ക്, നെയ് വിളക്ക്, അരവണ പ്രസാദം, ആൾരൂപം, എള്ളുപറ, മഞ്ഞൾപറ, നെൽപ്പറ, അരിപ്പറ, മലർപ്പറ, ചുറ്റുവിളക്ക്, വേളി ഓത്ത്, ഉമാമഹേശ്വരപൂജ, തളിക നിവേദ്യം, കളഭാഭിഷേകം, സർവ്വരോഗ ശമന മന്ത്രാർച്ചന.

പി എം ബിനുകുമാർ

+91 9447694053

Story Summary: Thiruviranikkulam Mahadeva Temple Sree Parvati Nada Thurappu Festival 2023


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?