Wednesday, December 10, 2025
Wednesday, December 10, 2025
Home » അന്നഭ രോഗങ്ങൾ ശമിപ്പിക്കും അന്നകര ശ്രീ അന്നപൂർണ്ണേശ്വരി

അന്നഭ രോഗങ്ങൾ ശമിപ്പിക്കും അന്നകര ശ്രീ അന്നപൂർണ്ണേശ്വരി

by NeramAdmin
0 comments

ജോക്സി ജോസഫ്
കുലശേഖര പരമ്പരയിലെ രണ്ടാം ചക്രവർത്തിയായ രാജശേഖര വർമ്മയുടെ കാലത്തോളം പഴക്കമുണ്ട് അന്നകര ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിന്. മാധവാചാര്യരുടെ ശങ്കരവിജയത്തിലും ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയിലും രാജശേഖരവർമ്മയെപ്പറ്റി പരാമർശമുണ്ട്. അതിനാൽ അദ്ദേഹം ശങ്കരാചാര്യരുടെ സമകാലികനായിരുന്നുവെന്ന് അനുമാനിക്കുന്നു. തിരുവഞ്ചിക്കുളത്ത് ബാല്യം ചിലവഴിച്ച ഇദ്ദേഹത്തിന്റെ കാലം ക്രി.വ. 820 – 844 എന്ന് കരുതുന്നു. കൊല്ലവർഷം ആരംഭിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്.

സ്വപ്ന ദർശനത്തിൽ അന്നപൂർണ്ണേശ്വരി

നെൽവയലുകളിൽ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ ദേശമാണ് അന്നകര. തൃശ്ശൂർ പറപ്പൂർ ചാവക്കാട് വഴി ക്ഷേത്രത്തിലെത്താം. ചേരരാജാവിന് ലഭിച്ച ഒരു സ്വപ്നദർശനമാണ് ഈ പ്രതിഷ്ഠയ്ക്ക് കാരണമായത്. അത്തായ പഷ്ണിക്കാരുണ്ടോ? എന്ന് ഒരു സ്ത്രീ ചോദിക്കുന്നതായിരുന്നു സ്വപ്ന ദർശനം. ഇതിനെ വിശകലനം നടത്തിയാണ് അന്നപൂർണ്ണേശ്വരി പ്രതിഷ്ഠ നടത്തിയത്. അന്നുമുതൽ ദേശം അന്നകരയായി മാറി.

അവസാന ചേരമാൻ പെരുമാൾ രാജാധികാരം ഉപേക്ഷിച്ചപ്പോൾ തൻ്റെ അംഗരക്ഷകനും പള്ളിയുറക്ക സംരക്ഷകനുമായിരുന്ന ഉള്ളനാട് കാരണവർക്ക് ക്ഷേത്രത്തിന്റെ അവകാശം നൽകി. ശിഷ്ടകാലം സാമൂതിരിയെ സേവിക്കാനും കൽപ്പിച്ചു. ആയുധഭ്യാസ കളരികളുടെ ചുമതല സാമൂതിരി ഉള്ളനാട് പണിക്കർക്ക് നൽകി. സാമൂതിരി രാജവിസ്തൃതി വർദ്ധിപ്പിച്ചപ്പോൾ വർഷങ്ങൾ കഴിഞ്ഞ് ചാവക്കാടിനടുത്ത് വെങ്കിടങ്ങിൽ ഉള്ളനാട്ടു തറവാട്ടുകാർ താമസം മാറി. പുന്നത്തൂർ രാജാവിനെ അടിയറവ് പറയിപ്പിച്ച ശേഷം സാമൂതിരി ഗുരുവായൂർ ക്ഷേത്രത്തിന്റെ നടത്തിപ്പും ഉള്ളനാട് പണിക്കരെ ഏൽപ്പിച്ചു. ഇക്കാലത്താണ് രണ്ടിടത്തും ചുമർചിത്രങ്ങൾ വരച്ചത്.

ഗ്രാമത്തെ രക്ഷിച്ച ശാസ്താവ്

4 നൂറ്റാണ്ടുകൾക്ക് മുമ്പിവിടം കൊടുംവനമായിരുന്നു . അപ്രതീക്ഷിതമായി കാട്ടുതീ പടർന്നു പിടിച്ചപ്പോൾ ഗ്രാമത്തെ രക്ഷിക്കാൻ ഭക്തർ ശാസ്താവിനെ വിളിച്ചപേക്ഷിച്ചു. അഗ്നി പെട്ടന്നാണ് അപ്രത്യക്ഷമായത്. തുടർന്ന് ക്ഷേത്രത്തിൽ ശാസ്താവിൻ്റ പ്രതിഷ്ഠ നടത്തി. വർഷന്തോറും അഞ്ചാം ഓണ ദിവസം നാട്ടുകാർ ശാസ്താവിന് 7 വലം വച്ച് നാടിനെ രക്ഷിച്ചതിന് നന്ദി പറയുന്ന പതിവ് ഇപ്പോഴുമുണ്ട്. തുടർന്ന് നാളികേരം ഉടച്ച് കാണിക്ക സമർപ്പിക്കും. ക്ഷേത്ര ഉപപ്രതിഷ്ഠയാണ് ശാസ്താവ്.

ALSO READ

പൗർണ്ണമി പൂജ സൗഭാഗ്യമേകും
വിഷ്ണുവിന് ചതുർബാഹു വിഗ്രഹമാണെങ്കിലും ലക്ഷ്മിസമ്മേതനായ ശാന്ത സ്വഭാവമുള്ള നരസിംഹ സങ്കൽപ്പത്തിലാണ് പ്രതിഷ്ഠ. അന്നപൂർണ്ണേശ്വരി ദേവി ശംഖ്, താമര, അന്നപാത്രം, കരണ്ടി എന്നിവ ധരിച്ച് 4 കൈകളോടുകൂടിയ ഒരു സങ്കല്പവും ചില ശില്പങ്ങളിൽ കാണുന്നുണ്ട്. ഏവർക്കും ആഹാരം നൽകുന്ന ദേവിയാണ് അന്നപൂർണ്ണ. ശാകംഭരിയാണ് സമാനമായ മറ്റൊരു ശക്തിരൂപം. കാശി (വാരണാസി) അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവന്ന പ്രതിഷ്ഠയാണ് ഇതെന്നും പറയുന്നു. അന്നപൂർണ്ണേശ്വരിയുടെ ഇടത് ഭാഗത്ത് ഗണപതി പ്രതിഷ്ഠ. പടിഞ്ഞാറോട്ടാണ് ദർശനം. പൂർണ്ണകായ ശിലാവിഗ്രഹമാണ്. പൗർണ്ണമി പൂജയാണ് ഭഗവതി ക്ഷേത്രത്തിലെ വിശേഷം. പൗർണ്ണമി പൂജ നടത്തുന്നത് സർവ സൗഭാഗ്യങ്ങൾക്കും ഉത്തമമാണ്.

ശ്രീകൃഷ്ണൻ കോക്കൂർ തേവർ

അന്നകരയുടെ അയൽഗ്രാമത്തിൽ ഒരിക്കൽ പ്രളയം ഉണ്ടായപ്പോൾ അവിടുത്തെ ശ്രീകൃഷ്ണ ഭഗവാനെ ഈ തൃക്കുലശേഖരപുരം ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. ഈ ശ്രീകൃഷ്ണനെ കോക്കൂർ തേവർ എന്ന് വിളിച്ചു. ഇതോടൊപ്പം മഹാദേവനെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. കോക്കൂർ തേവരും മഹാദേവനും മഹാവിഷ്ണുവും ഒന്നിച്ചു വാഴുന്ന ഇവിടെ മൂവർക്കും മൂന്ന് ശ്രീ കോവിലുകളുണ്ട്. നാലമ്പലവും നമസ്കാര മണ്ഡപവും തുല്യ പ്രാധാന്യത്തോടെ കൂടിയുള്ള ക്ഷേത്രം കൃഷ്ണന് വട്ടക്കോവിലും അന്നപൂർണ്ണേശ്വരിക്ക് ദീർഘചതുരത്തിലുള്ള ഇരട്ട ശ്രീലകവും വിഷ്ണുവിന് ചതുരാകൃതിയിലുള്ള ശ്രീലകവുമാണ്. ക്ഷേത്രത്തിനു പുറകിലായി വിശാലമായ കുളവുമുണ്ട്‌.

കുംഭത്തിലെ ഉത്രട്ടാതിക്ക് പൂരാഘോഷം

കുംഭമാസത്തിലെ ഉത്രട്ടാതിക്കാണ് ഭഗവതിയുടെ പ്രതിഷ്ഠാദിനമായ പൂരാഘോഷം. എല്ലാ ദേവതകൾക്കും പണ്ട് പ്രത്യേകം ഉത്സവമുണ്ടായിരുന്നതായി പറയുന്നു. പൂരാഘോഷം ഒരു ദിവസമേ ഉള്ളെങ്കിലും ശിവരാത്രി മുതൽ ആഘോഷം തുടങ്ങുന്നു. ആന എഴുന്നള്ളിപ്പും കാവടിയാട്ടവും പൂരത്തെ പ്രഭാപൂരമാക്കുന്നു. മഹാവിഷ്ണുവിൻ്റെ വലതുഭാഗത്ത് ഭഗവതിയും ഇടതു ഭാഗത്ത് തേവരുമായാണ് എഴുന്നുള്ളുന്നത്. പ്രസാദ ഊട്ട് പ്രധാനമാണ്. ഭഗവതിയുടെ നടയിൽ കുഞ്ഞുങ്ങൾക്ക് ചോറ് കൊടുക്കുന്നത് സവിശേഷമായി കരുതുന്നു.


അന്നഭ രോഗങ്ങൾ ശമിക്കുന്നതിന് ക്ഷേത്ര പ്രസാദം അഭികാമ്യമാണ്. അഷ്ടമിരോഹിണി, വൈശാഖമാസം എന്നിവയാണ് വിഷ്ണുവിനും കൃഷ്ണനും പ്രധാനം. വിഷ്ണുവിന് എല്ലാ മാസവും തിരുവോണ പൂജ നടക്കും. ആനയൂട്ട്, വിനായക ചതുർത്ഥി , ശിവരാത്രി, കർക്കടക വാവ് എന്നിവയും കൊണ്ടാടുന്നു. തിരുമധുരം, പട്ട് ചാർത്തൽ, കേശാദിപാദം വരെ വെള്ളപുഷ്പമാല (ഒറ്റ മാല) ചാർത്തൽ എന്നിവയാണ് ദേവിയുടെ പ്രധാന വഴിപാടുകൾ. വൃശ്ചികം ഒന്നുമുതൽ 41 ദിവസമാണ് ഭക്തർ വഴിപാടായി നടത്തുന്ന ചുറ്റുവിളക്ക്. വൃശ്ചികം 11ന് ക്ഷേത്രത്തിൽ ലക്ഷദീപാർച്ചന സമർപ്പണമുണ്ട്.

ശ്രീലകത്ത് പ്രവേശിക്കുന്നവർ അന്നപൂർണ്ണേശ്വരിയോട് സർവ്വ ഐശ്വര്യത്തിനായി ഈ ജപം ഉരുവിടണം.

അന്നപൂർണേ സദാപൂർണേ
ശങ്കരപ്രാണവല്ലഭേ
ജ്ഞാനവൈരാഗ്യസിദ്ധ്യർഥം
ഭിക്ഷാം ദേഹി നമോസ്തുതേ.

ജോക്സി ജോസഫ് ,

+91 9495074921

Story Summary: History and Significance of Thrikulashekarapuram, Annakara Sri Annapoorneswari Temple

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?